Sunday, November 24, 2024
Homeസിനിമസത്യത്തെക്കാള്‍ കിംവദന്തികള്‍ക്ക് പ്രചാരം കിട്ടുന്ന കാലത്ത് ഇത്രയുമൊക്കെ നേടാന്‍ പ്രയാസമാണ്; കുറിപ്പുമായി നിത്യ മേനോന്‍.

സത്യത്തെക്കാള്‍ കിംവദന്തികള്‍ക്ക് പ്രചാരം കിട്ടുന്ന കാലത്ത് ഇത്രയുമൊക്കെ നേടാന്‍ പ്രയാസമാണ്; കുറിപ്പുമായി നിത്യ മേനോന്‍.

ഇക്കുറി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നിത്യാ മേനനാണ് നേടിയത്. ധനുഷ് നായകനായെത്തിയ തിരുചിത്രമ്പല’ത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയ താരത്തിന് നാനാദിക്കുകളില്‍ നിന്നും അഭിനന്ദനം നിറയുകയാണ്. മിത്രന്‍ ആര്‍ ജവാഹര്‍ സംവിധാനം ചെയ്ത തിരുച്ചിത്രമ്പലത്തിലൂടെ അവാര്‍ഡ് നേട്ടം കൈപ്പറ്റിയ ശേഷം ആ്ദ്യമായി നടി വികാരനിര്‍ഭരമായ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്.

തിരുചിത്രമ്പലം റിലീസ് ചെയ്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഈ പുരസ്‌കാരം തന്നെ തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് നിത്യ മേനോന്‍ കുറിച്ചു. ‘തിരുചിത്രമ്പല’ത്തിന് കിട്ടുന്ന ഓരോ അംഗീകാരവും അതില്‍ ഒപ്പം അഭിനയിച്ച ഭാരതിരാജ, പ്രകാശ് രാജ്, ധനുഷ് എന്നിവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. പുരസ്‌കാരം നേടിയപ്പോള്‍ തന്നെ വിളിച്ച് അനുമോദിച്ചവര്‍ക്കും അകലെയിരുന്ന് തന്നെ ആശീര്‍വദിക്കുന്നവര്‍ക്കും തന്നെ സ്‌നേഹിക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്ന് നിത്യ പറയുന്നു. ഈ സന്തോഷവേളയില്‍ തിരുച്ചിത്രമ്പലത്തിലെ സഹതാരങ്ങളെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവരോടൊപ്പം വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുന്നു എന്ന് നിത്യ മേനോന്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ:

തിരുച്ചിത്രമ്പലത്തിന് ഇന്ന് 2 വയസ്സ്. നമുക്കെല്ലാവര്‍ക്കും ഇന്ന് കണ്ടുമുട്ടാന്‍ കഴിഞ്ഞില്ലെങ്കിലും എന്നെ സംബന്ധിച്ച് ഇന്ന് ഒരു ആഘോഷ ദിവസമാണ്. ഈ സിനിമയിലൂടെ എന്റെ ആദ്യത്തെ ദേശീയ അവാര്‍ഡ് എന്നെ തേടിയെത്തിയത് കാവ്യാത്മകമായ ഒരു അനുഭവമാണ്. എന്നെ വിളിച്ചവര്‍ക്കും, സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നവര്‍ക്കും, വിളിച്ചിട്ട് സംസാരിക്കാന്‍ പോലും കഴിയാതെ വന്നവര്‍ക്കും നന്ദി. ഹൃദയത്തില്‍ എന്നോട് വളരെയധികം സ്‌നേഹമുള്ള ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, വളരെ അകലെനിന്ന് എന്നെ അനുഗ്രഹിക്കുന്ന, ഞാന്‍ വിജയിച്ചു കാണണമെന്ന് എപ്പോഴും തീവ്രമായി ആഗ്രഹിക്കുന്ന എല്ലാവരോടും നന്ദി. സ്വയം ജയിച്ചതുപോലെയാണ് നിങ്ങളില്‍ പലരും കരുതുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആളുകള്‍ വ്യക്തിപരമായി എന്നെ ഇത്രയേറെ ചേര്‍ത്തുപിടിക്കുന്നത് എന്തൊരു അനുഗ്രഹമാണ്.

ഈ സിനിമയെ അംഗീകരിച്ച് എനിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയതിന് 2024 ലെ ദേശീയ അവാര്‍ഡുകളുടെ പ്രാദേശിക, കേന്ദ്ര ജൂറിക്ക് നന്ദി അറിയിക്കുന്നു. പുറമേക്ക് ലളിതമായി തോന്നുന്ന പ്രകടനങ്ങള്‍ പോലും ചെയ്യാന്‍ അത്ര എളുപ്പമല്ലെന്നും ഇതും ഏറ്റവും മികച്ച കലാസൃഷ്ടിയാണെന്ന് അംഗീകരിച്ചതിനും നന്ദി.

ഒരു നല്ല പ്രകടനം ശരീരഭാരം കുറയ്ക്കലോ വര്‍ധിപ്പിക്കലോ പ്രോസ്‌തെറ്റിക്‌സ് ഉപയോഗിക്കലോ അല്ലെങ്കില്‍ ശാരീരികമായി പരിവര്‍ത്തനം വരുത്തുകയോ മാത്രമല്ല. അതെല്ലാം ഒരു കലാസൃഷ്ടിയുടെ പൂര്ണതയ്ക്ക് അത്യാവശ്യമാണെങ്കിലും അത് മാത്രമല്ല മികച്ച കലാപ്രകടനം. ഇത് തെളിയിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ എന്നെ സഹായിച്ചു. തിരുച്ചിത്രമ്പലത്തിന് നമ്മില്‍ ആര്‍ക്കെങ്കിലും ലഭിക്കുന്ന ഏത് അവാര്‍ഡും നമ്മള്‍ നാലുപേര്‍ക്കും തുല്യമായി പങ്കിടും. കാരണം, സിനിമയുടെ മൊത്തത്തിലുള്ള പ്രകടനത്തിന് മുന്‍നിര അഭിനേതാക്കളായ നിങ്ങളും തുല്യമായി സംഭാവന ചെയ്തിട്ടുണ്ട്. ഭാരതിരാജ സാര്‍, പ്രകാശ് രാജ് സര്‍, ധനുഷ് എന്നിവരോടൊപ്പം എന്റെ നാലിലൊന്നു പ്രകടനവും ചേര്‍ന്നതാണ് ഈ സിനിമയുടെ വിജയം എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. എന്റെ കഴിവിനെ പ്രചോദിപ്പിച്ചതിന് നന്ദി. സത്യത്തേക്കാള്‍ കൂടുതല്‍ കിംവദന്തികള്‍ക്ക് പ്രചാരം കിട്ടുന്ന കാലത്ത് ഇത്രയുമൊക്കെ നേടാന്‍ പ്രയാസമാണ്. നമ്മള്‍ ഒന്നിച്ചുള്ള കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുന്നു.നിത്യ മേനോന്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments