മത്തി അഥവാ ചാളയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മറൈന്‍ ഓമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി. ധാരാളം ധാതുക്കള്‍ അടങ്ങിയ ഒന്നാണ് മത്തി. അയേണ്‍, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്തി കഴിക്കുന്നത് ധമനികളിലും മറ്റും ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ള മത്തി കഴിയ്ക്കുന്നത് രോഗങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലെ വൈറ്റമിന്‍ ബി 12 കാര്‍ഡിയാക് പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്.
മത്തിയിലടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ധാരാളം പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ മത്തി ശീലമാക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതില്‍ വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കോളോറെക്ടല്‍ ക്യാന്‍സര്‍ തടയാന്‍ ഇതുകൊണ്ടു സാധിയ്ക്കും.
അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മത്തി. ഇത് ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കും. 50 കഴിഞ്ഞവരില്‍ മക്യൂലര്‍ ഡീജെനറേഷന്‍ എന്നൊരു അവസ്ഥ കാണപ്പെടാറുണ്ട്. കണ്ണിന്റെ കാഴ്ച വര്‍ഷം തോറും കുറയുന്നതാണ് ഇത്. ഇതിനെ ചെറുക്കാന്‍ മത്തി നല്ലതാണ്. ഇവ കറി വച്ചോ എണ്ണ ചേര്‍ക്കാതെ പാകം ചെയ്‌തോ കഴിയ്ക്കുന്നതാണ് കൂടുതല്‍ പ്രയോജനം നല്‍കുക.