ഫിലഡൽഫിയ: വേൾഡ് മലയാളീ കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് ജൂൺ എട്ടാം തീയതി, ശനിയാഴ്ച മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ വിവിധ പരിപാടികളോടെ സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് ഹാളിൽ വച്ച് നടത്തുകയുണ്ടായി. വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗം വൈകിട്ട് അഞ്ചു മണി മുതൽ ആറുമണി വരെയും വിവിധ ആർട്ടിസ്റ്റുകളെ കോർത്തിണക്കികൊണ്ടുള്ള കലാപരിപാടികൾക്കു അഞ്ചു മണി മുതൽ ഒൻപത് മണി വരെയും വേദി സാക്ഷിയായി.
കേരളാ അമലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിന്റെ ഡയറക്ടർ Rev. Fr. വാൾട്ടർ തെലാപ്പിള്ളി മുഖ്യ അതിഥിയായിരുന്നു. ടാനി കോശി ഈശ്വര പ്രാർത്ഥനയും സംഗീത ആൻ തോമസും ആരോൺ അനിലും യഥാക്രമം അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. പ്രൊവിൻസിന്റെ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗത പ്രസംഗം നടത്തി. തുടർന്ന് മുഖ്യ അതിഥികളും ഭാരവാഹികളും ചേർന്ന് നിലവിളക്കു തെളിയിച്ചു. Rev. Fr. എം. കെ. കുര്യാക്കോസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതൃപിതൃ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വേൾഡ് മലയാളി കൗൺസിൽ ചെയ്തുവരുന്ന കാരുണ്യപ്രവർത്തനങ്ങളെ അഭിനന്ദിച്ചും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു. വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയന്റെ ജനറൽ സെക്രട്ടറി ശ്രീമാൻ അനീഷ് ജെയിംസും ഗ്ലോബലിന്റെ ജനറൽ സെക്രട്ടറി ശ്രീമാൻ പിന്റോ കണ്ണമ്പള്ളിയും തങ്ങളുടെ ആശംസാ പ്രസംഗത്തിൽ പ്രൊവിൻസിന്റെ കാരുണ്യപ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
സാമ്പത്തീകമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന കേരളത്തിലെ ഇരുപത്തിയഞ്ചു യുവതീ യുവാക്കളുടെ വിവാഹങ്ങൾ 2025ൽ നടത്തികൊടുക്കുവാൻ ഏറ്റെടുത്തിരിക്കുന്ന ഒരു വലിയ കാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രൊവിൻസ് ഈ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മുഖ്യ അഥിതിയായിരുന്ന വാൾട്ടർ തെലാപ്പിള്ളി അച്ഛൻ മാതാപിതാക്കളുടെ മൂല്യങ്ങളെക്കുറിച്ചും സമൂഹത്തിൽ നാം നന്മ ചെയ്യുന്നവരായി തീരേണ്ടതിന്റെ പ്രാധ്യാന്യത്തെകുറിച്ചും മുഖ്യ സന്ദേശത്തിൽ എടുത്തുപറഞ്ഞു. വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് ഏറ്റെടുത്തു നടത്തുന്ന നിർധനരായ 25 യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിൽ കൂടി 50 കുടുംബങ്ങളെ കരുണയുടെ പാതയിലേക്ക് നാം ബന്ധിപ്പിക്കുകയാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. പ്രൊവിൻസിന്റെ അധ്യക്ഷൻ നൈനാൻ മത്തായി പ്രൊവിൻസ് ഏറ്റെടുത്തിരിക്കുന്ന ഈ ബൃഹത് കാരുണ്യ പ്രവർത്തനത്തെക്കുറിച്ചു വളരെ വിശദമായി യോഗത്തിൽ സംസാരിച്ചു. വുമൺ ഫോറം ചെയര്മാന് ശ്രീമതി മറിയാമ്മ ജോർജ് പ്രൊവിൻസിന്റെ കഴിഞ്ഞകാല കാരുണ്യപ്രവർത്തങ്ങളെക്കുറിച്ചും മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേയെക്കുറിച്ചും വിശദീകരിച്ചു.
വേൾഡ് മലയാളീ കൌൺസിൽ വിമൻസ് ഫോറം പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററും ആയ ഷൈലാ രാജന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നർത്തകരുടെ ഡാൻസ്‌ഫെസ്റ്റും ഗായകരുടെ സംഗീത സന്ധ്യയും വേദിയെ വർണ്ണശബളമാക്കി. തന്റേതായ കൊറിയോഗ്രഫിയിൽ പ്രൊവിൻസ് ഏറ്റെടുത്തു നടത്തുന്ന സമൂഹവിവാഹത്തിന്റെ പശ്ചാത്തലത്തെ ഉൾക്കൊള്ളിച്ചുകൊണ്ടു ഷൈലാ രാജൻ സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെ ഡാൻസ് സദസ്സിനെ പുളകമണിയിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിലും പ്രസ്ഥാനങ്ങളിലും ചെയ്തിട്ടുള്ള പ്രവർത്തനമികവിന്റെ അംഗീകാരമായി Rev. Fr. എം. കെ. കുര്യാക്കോസിന് ഗുഡ് ഷെപ്പേർഡ് അവാർഡും, അറ്റോർണി ജോസഫ് എം കുന്നേലിന് കമ്മ്യൂണിറ്റി ലീഗൽ ഇമ്പാക്ട് അവാർഡും, ജോസ് ആറ്റുപുറത്തിനു കമ്മ്യൂണിറ്റി അസോസിയേഷൻ എൻറിച്ച്മെന്റ് അവാർഡും നൽകി യോഗമധ്യേ ആദരിച്ചു. കൂടാതെ പ്രൊവിൻസിന്റെ മുതിർന്ന അംഗങ്ങളായ തോമസ് ഡാനിയേലിനെയും ലീലാമ്മ വർഗീസിനെയും പൊന്നാട അണിയിച്ചു ആദരിച്ചു.
പ്രൊവിൻസിന്റെ എല്ലാ സബ് കമ്മിറ്റികളുടയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഫാദേഴ്‌സ് ആൻഡ് മദേഴ്‌സ് ഡേയുടെ ആഘോഷ പരിപാടികൾ വളരെ വിജയകരമാക്കിത്തീർത്തു. ട്രെഷറാർ തോമസ്കുട്ടി വർഗീസ് നന്ദി പറഞ്ഞു. കേരള തനിമയുടെ രുചി വിളിച്ചറിയിക്കുന്ന അത്താഴവിരുന്നോടുകൂടി ആഘോഷ പരിപാടികൾ രാത്രി പത്തുമണിയോടെ പര്യവസാനിച്ചു.