🔹അടുത്ത വര്‍ഷം 75 വയസാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം തന്നെ ഉണ്ടാക്കിയ പാര്‍ട്ടി നിയമം അനുസരിച്ച് അടുത്ത വര്‍ഷം റിട്ടയറാകുമെന്നും ഇപ്പോള്‍ നരേന്ദ്രമോദി വോട്ട് ചോദിക്കുന്നത് അമിത് ഷായ്ക്ക് വേണ്ടിയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവി ഉടന്‍ തന്നെ ഇല്ലാതാകുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
🔹75 വയസായാല്‍ നരേന്ദ്ര മോദി വിരമിക്കുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമുള്ള അരവിന്ദ് കെജ്രിവാളിന്റെ ആരോപണം അസംബന്ധമാണെന്ന് ബിജെപി നേതാവ് രാജ്നാഥ് സിംഗ്. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും ബിജെപിയിലോ എന്‍ഡിഎയിലോ ഇക്കാര്യത്തില്‍ സംശയമില്ലെന്നും തിരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും ഉജ്ജ്വല വിജയം നേടുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
🔹മേയ് ഏഴിന് നടന്ന മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ വോട്ടിങ് ശതമാനക്കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ പോളിങ്.
🔹നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനമെന്നും ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വി.ഡി. സതീശന്റെ വിമര്‍ശനം.
🔹തൃപ്പൂണിത്തുറയില്‍ 70 വയസുള്ള അച്ഛനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ എസ്.എച്ച്.ഒയോട് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദുവും നിര്‍ദേശം നല്‍കി.
🔹കരമനയില്‍ അഖിലെന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനെ ബാലരാമപുരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
🔹ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥി ശില്പ രവി ചന്ദ്ര റെഡ്ഢിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസെടുത്തു. ഭരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്.
🔹ചെന്നൈ: തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെ പ്രശസ്തയായ നടി ബേബി ഗിരിജ (83) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ ശനിയാഴ്ച വൈകീട്ടായിരുന്നൂ അന്ത്യം.സിനിമാലോകത്ത് ബേബി ഗിരിജ എന്നറിയപ്പെട്ട പി.പി. ഗിരിജ 1951-ൽ കെ. വെമ്പു സംവിധാനം ചെയ്ത ‘ജീവിതനൗക’യിൽ നായിക ബി.എസ്. സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. അടുത്ത വർഷം ‘അച്ഛൻ’, ‘വിശപ്പിന്റെ വിളി’, ‘പ്രേമലേഖ’എന്നീ സിനിമകളിൽ അഭിനയിച്ചു. ‘അവൻ വരുന്നു’, ‘പുത്ര ധർമം’ (1954), ‘കിടപ്പാടം’ (1955) തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
🔹ഗൂഡല്ലൂർ: അയ്യൻകൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. വട്ടക്കൊല്ലി തട്ടാൻ പാറ മുരിക്കൻചേരിയിലെ വീട്ടമ്മ നാഗമ്മാൾ (72) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിന് സമീപത്തെ തൊടിയിലിറങ്ങിയ നാഗമ്മാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. തിരിഞ്ഞോടുന്നതിനിടയിൽ തുമ്പികൈ കൊണ്ട് പിടിച്ച വീട്ടമ്മയെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. നാഗമ്മാൾ തത്ക്ഷണം മരിച്ചു.
ഓടിക്കൂടിയ നാട്ടുകാർ കാട്ടാനയെ തുരത്തുകയും വനപാലകരെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം പന്തല്ലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്തരിച്ച മാടസാമിയാണ് നാഗമ്മാളുടെ ഭർത്താവ്. മക്കൾ ചന്ദ്ര, ജയലക്ഷ്മി. ആറു മാസത്തിനിടയിൽ ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ കാട്ടാന ചവിട്ടിക്കൊല്ലുന്ന ആറാമത്തെയാളാണ് നാഗമ്മാൾ.
🔹മസ്കറ്റ്: ഒരു ചക്കയ്ക്ക് എഴുപതിനായിരം ഇന്ത്യൻ രൂപ വില! ചക്ക വാങ്ങിയതാകട്ടെ ഒരു മലയാളിയും. മസ്കറ്റിലെ ചാവക്കാട്ടുകാരായ പ്രവാസികളാണ് ‘ചക്കലേല’ത്തിലൂടെ റെക്കോഡിട്ടത്.335 ഒമാനി റിയാൽ വിലയ്ക്കാണ് ഇവർ ചക്ക ലേലത്തിൽ പിടിച്ചത്. അതായത് ഏതാണ് മുക്കാൽ ലക്ഷം രൂപയോളം. ഈ തുകയ്ക്ക് മസ്കറ്റിൽ നിന്നും കേരളത്തിൽ പോയി വമ്പൻ ഒരു ചക്കയുമായി തിരിച്ചെത്താം. പക്ഷേ ലേലം വിളിയുടെ വാശിയിൽ ഇങ്ങനെയുള്ള ചിന്തകൾക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. ഒമാനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ ‘നമ്മൾ ചാവക്കാട്ടുകാരു’ടെ കുടുംബ സംഗമമായിരുന്നു ലേല വേദി. പത്ത് ഒമാനി റിയാൽ അടിസ്ഥാനവിലയിട്ടാണ് ലേലം തുടങ്ങിയത്. ആവേശം കൊടുമുടി കയറിയപ്പോൾ നാടൻ വരിക്ക ചക്കയുടെ വിലയും കത്തിക്കയറി. ഒടുവിലാണ് ഏതാണ്ട് എഴുപത്തിരണ്ടായിരം ഇന്ത്യൻ രൂപയ്ക്ക് ലേലം ഉറപ്പിച്ചത്.
ഷഹീർ ഇത്തിക്കാടാണ് മകൾ നൗറീൻ ഷഹീറിന്റെ ആഗ്രഹം നിറവേറ്റാൻ ചക്ക ലേലത്തിൽ പിടിച്ചത്. കഴിഞ്ഞ വർഷവും ഇതേ പരിപാടിയിൽ ചക്ക ലേലം സംഘടിപ്പിച്ചിരുന്നു. അന്ന് ഇരുപത്തിയയ്യായിരം ഇന്ത്യൻ രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.
🔹മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം ദുരിതത്തിലായ പ്രവാസികൾക്ക് വേണ്ടി അടിയന്തിരമായി ഇടപെടണമെന്ന് റുവി മലയാളി അസോസിയേഷൻ.വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് അവരെ ലക്ഷ്യ സ്ഥാനത് എത്തിക്കാൻ അധികാര കേന്ദ്രങ്ങൾ ഉടൻ ഇടപെടലുകൾ നടത്തണമെന്നും റുവി ആവശ്യപ്പെട്ടു. ഓമനിലും മറ്റു ജി.സി.സി. രാജ്യങ്ങളിലേയും നിരവധി പ്രവാസികളാണ് എയർ ഇന്ത്യയുടെ അനാസ്ഥ മൂലം ഈ ദുരിതത്തിൽ എത്തിയിരിക്കുന്നത്. ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി പല സ്വപ്നങ്ങളും കണ്ടു യാത്ര തിരിക്കാൻ വന്നവർക്കാണ് ഈ ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്. പലരുടെയും ജോലി വരെ നഷ്ടപെടുന്ന അവസ്ഥയാണ് ഉള്ളത്. സ്കൂൾ വെക്കേഷൻ സമയത്ത് അന്യായമായി ഫ്ലൈറ്റ് ചാർജ്ജ് വർധനവ് നടത്തുന്ന വിമാന കമ്പനികക്കെതിരെയും നടപടി എടുക്കണം.’ -റുവി ആവശ്യപ്പെട്ടു.
‘നമ്മുടെ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക സ്രോദസ്സ് ആയ പ്രവാസികളെ കൈവിടരുതെന്നും അവരെ ചേർത്തു നിർത്തണമെന്നും റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ സന്തോഷ് കമ്മറ്റി അംഗങ്ങളായ സുജിത് സുഗുണൻ, ആസിഫ്, നസീർ ,പ്രദീപ്, ഷാജഹാൻ, നീതു ജിതിൻ, സുരാജ്, എബി, ബെന്നറ്റ്, സച്ചിൻ, ഷൈജു എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
🔹ഐപിഎല്ലില്‍ ഇന്നലെ മഴ കാരണം വൈകിയാരംഭിച്ച് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നിശ്ചിത 16 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ ജയത്തോടെ ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
🔹ഹോളിവുഡിലെ ശ്രദ്ധേയമായ ഹൊറര്‍ ത്രില്ലര്‍ ഫ്രാഞ്ചൈസി എ ക്വയറ്റ് പ്ലേസ് സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സ്പിന്‍ ഓഫ് പ്രീക്വല്‍ ആണ് എ ക്വയറ്റ് പ്ലേസ്: ഡേ വണ്‍ എന്നു േപരിട്ടിരിക്കുന്ന ഈ ചിത്രം. ലുപിറ്റ ന്യോങ്കൊ, ജിമൊന്‍ ഹൊന്‍സു, ജോസഫ് ക്വിന്‍, അലക്സ് വോള്‍ഫ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സിനിമയുടെ പുതിയ ട്രെയിലര്‍ എത്തി. ഇതില്‍ ജിമൊന്‍ ഹൊന്‍സുവിന്റെ കഥാപാത്രം ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിക്കൊളാസ് കേജിനെ നായകനാക്കി ‘പിഗ്’ എന്ന ചിത്രമൊരുക്കിയ മൈക്കല്‍ സര്‍ണോസ്‌കിയാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സര്‍ണോസ്‌കിയുടേതു തന്നെ. ചിത്രം ജൂണ്‍ 28ന് തിയറ്ററുകളിലെത്തും. പാരമൗണ്ട് പിക്ചേഴ്സ് ആണ് വിതരണം. ജോണ്‍ ക്രസിന്‍സ്‌കി തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2018ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് എ ക്വയറ്റ് പ്ലേസ്. 17 മില്യന്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫിസില്‍ നിന്നും വാരിയത് 341 മില്യനാണ്. 2021ല്‍ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗവും ബോക്സ് ഓഫിസില്‍ വലിയ വിജയമായിരുന്നു. ജോണ്‍ തന്നെയായിരുന്നു രണ്ടാം ഭാഗവും സംവിധാനം ചെയ്തത്.