Sunday, December 22, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 15 | തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 15 | തിങ്കൾ

കപിൽ ശങ്കർ

🔹ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വനിതാ സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രകടനപത്രികയില്‍ റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ച് വര്‍ഷവും സൗജന്യമായി നല്‍കുമെന്നും പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമെന്നുമുള്ള വാഗ്ദാനങ്ങളുണ്ട്. ഇന്ത്യയെ രാജ്യാന്തര നിര്‍മാണ ഹബ്ബാക്കും, 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, ഏക സിവില്‍ കോഡ് നടപ്പാക്കും, എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈന്‍ വഴി നല്‍കും, ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും, ദരിദ്ര വിഭാഗങ്ങള്‍ക്ക് 3 കോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കും, മുദ്ര ലോണ്‍ തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തും, 6ജി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ട് വയ്ക്കുന്നുണ്ട്.

🔹രാഹുല്‍ ഗാന്ധിയുടെ ദാരിദ്ര്യ നിര്‍മാര്‍ജന വാഗ്ദാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചുവെന്നും ഈ കൊട്ടാരം മാന്ത്രികന്‍ ഇത്രയും വര്‍ഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് രാജ്യം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔹ബിജെപിയുടെ പ്രകടന പത്രികയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതെയുള്ളതാണ് ബിജെപിയുടെ പ്രകടന പത്രികയെന്നും അതിന്റെ പേര് ക്ഷമാപണ പത്രം എന്നാക്കി മാറ്റണമെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ബിജെപി പ്രകടനപത്രികയില്‍ കാണാനില്ലെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ഗാന്ധി മോദി ദളിതരോടും ആദിവാസികളോടും കര്‍ഷകരോടും യുവാക്കളോടും മാപ്പ് പറയണമെന്നും ഇത്തവണ മോദിയുടെ തന്ത്രത്തില്‍ യുവാക്കള്‍ വീഴില്ലെന്നും പ്രതികരിച്ചു. താങ്ങുവില നിയമമാക്കുന്നതിനെ കുറിച്ചോ കര്‍ഷകരെ കടത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനോ കുറിച്ച് വാഗ്ദാനമില്ലെന്ന് കര്‍ഷക നേതാവ് സര്‍വണ്‍ സിങ് പന്ദേറും കുറ്റപ്പെടുത്തി.

🔹പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കൊച്ചിയിലെത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് മോദി കൊച്ചിയില്‍ വിമാനമിറങ്ങിയത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി ഇന്ന് രാവിലെ ഹെലിക്കോപ്ടറില്‍ തൃശ്ശൂരിലേക്ക് തിരിക്കും. തൃശ്ശൂര്‍ കുന്ദംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് മോദിയെത്തുക. രാവിലെ 11-നാണ് കുന്ദംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തും.
ഇന്ന് എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ 9 മുതല്‍ 11 മണിവരെ ആയിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

🔹തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശില്ലെന്നു പറഞ്ഞ് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കൈയിലുള്ളത് ചെലവഴിക്കുകയായിരുന്നു ഇതുവരെ. അതു തീര്‍ന്നു. കൂടെ പ്രചാരണത്തിന് വരുന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പോലും ഇപ്പോള്‍ കാശില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. പ്രധാന മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഇതുവരെ പ്രചാരണത്തില്‍ ഏറ്റവും കുറവ് തുക ചെലവാക്കിയത് രാജ്മോഹന്‍ ഉണ്ണിത്താനാണ്.

🔹താന്‍ ബിജെപിയില്‍ ചേരാനുള്ള ഒരു പ്രധാന കാരണം മോദിയാണെന്നും അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാന്‍ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പത്മജ വേണുഗോപാല്‍. ഇക്കുറി കേരളത്തില്‍ 4 താമരയെങ്കിലും വിരിയുമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാകുമെന്നും പത്മജ നേരത്തെ കൊച്ചിയില്‍ പറഞ്ഞിരുന്നു.

🔹വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ട് പേരെയും മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

🔹പാലക്കാട് കാങ്ങാട്ടുപടി സ്വദേശി പ്രിവിയയെ (30) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപത്ത് കണ്ടെത്തിയ ജഡത്തിന് സമീപത്തായി ഇരുചക്രവാഹനവും കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പട്ടാമ്പി പൊലീസ്. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. യുവതിയെ ആക്രമിച്ചത് തൃത്താല ആലൂര്‍ സ്വദേശിയായ സന്തോഷാണെന്ന് വ്യക്തമായി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയില്‍ എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതില്‍ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമെന്നും പൊലീസ് സംശയിക്കുന്നു.

🔹അടിമാലി കുരിയന്‍സ് പടിയില്‍ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിം വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെജെ അലക്സ്, കവിത എന്നിവരെയാണ് പാലക്കാട് നിന്ന് പൊലീസ് പിടികൂടിയത്. കവര്‍ച്ചാ ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത്.

🔹പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം മോഷ്ടിച്ചു. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്.

🔹ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും വിഷയം പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. അതേസമയം ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.

🔹ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ അജ്ഞാതരായ അക്രമികള്‍ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് പറഞ്ഞു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സല്‍മാന്‍ ഖാന്‍ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.

🔹മുംബൈ: കഴുത്തിൽ കുട്ടി ധരിച്ചിരുന്ന ക്യൂആർ കോഡിന്‍റെ ലോക്കറ്റ് സഹായിച്ചപ്പോള്‍ കാണാതായ കുട്ടി സുരക്ഷിതമായി മാതാപിതാക്കളുമായി വീണ്ടും ഒന്നുചേര്‍ന്നു. വിനായക് കോലിയെ (12) വ്യാഴാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ വർളി മേഖലയിൽ കാണാതായതെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതോടെ കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം അന്വേഷണം ആരംഭിച്ചു. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് ഒരു സിറ്റി ബസ് കണ്ടക്ടറിൽ നിന്ന് ടീമിന് ഒരു കോൾ ലഭിക്കുന്നത്.

🔹ഒമാനിലെ ശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണ നിരക്ക് 12 ആയി ഉയര്‍ന്നത്.

🔹ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 47 പന്തില്‍ 89 റണ്‍സ് നേടിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ മികവില്‍ 4.2 ഓവര്‍ ബാക്കി നില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.
ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുംബൈ ഇന്ത്യന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 69 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്ക വാദിന്റേയും 66 റണ്‍സെടുത്ത ശിവം ദുബെയുടേയും അവസാന നാല് ബോളില്‍ 20 റണ്‍സെടുത്ത ധോണിയുടേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ 65 പന്തില്‍ 105 റണ്‍സെടുത്തെങ്കിലും ചെന്നൈയുടെ പേസര്‍ മതീഷ പതിരാന നാല് വിക്കറ്റുമായി കൊടുങ്കാറ്റായതോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

🔹നടന്‍ നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയാവാന്‍ നയന്‍താര. ‘ഡിയര്‍ സ്റ്റുഡന്‍സ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. എന്നാല്‍ നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രമാണ് നിവിന്‍ പോളിയുടെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. വിഷു റിലീസായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിന്റെ തിരിച്ചു വരവായാണ് ഏവരും ചിത്രത്തെ കണക്കാകുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments