Sunday, December 22, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 11 | വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 11 | വ്യാഴം

കപിൽ ശങ്കർ

🔹താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും, വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നും വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔹പാനൂരില്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ബോംബ് നിര്‍മിക്കാനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ ഷിജാല്‍, ഷബിന്‍ ലാല്‍ എന്നിവരാണ് കല്ലിക്കണ്ടിയില്‍ നിന്ന് ബോംബ് നിര്‍മാണ വസ്തുക്കള്‍ വാങ്ങിയതെന്നും വ്യക്തമായി. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നതില്‍ അന്വേഷണം നടക്കുകയാണ്. പ്രതിപ്പട്ടികയിലെ ഡിവൈഎഫ്ഐ ഭാരവാഹികള്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

🔹തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൂടാതെ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത് വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്, എക്സൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

🔹കോട്ടയം വിജയപുരത്ത് ഇടതു സ്ഥാനാര്‍ഥിയായ തോമസ് ചാഴിക്കാടന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മേറ്റിന്റെ നിര്‍ദേശം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നും, ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം പര്യടനത്തിനു പോകാനുമാണ് നിര്‍ദ്ദേശം നല്‍കിയത്. മെമ്പര്‍ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്റെ വിശദീകരണം. എന്നാല്‍ നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം തന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

🔹കോഴിക്കോട് നാദാപുരം മുടവന്തേരിയില്‍ ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീ പടര്‍ന്ന് സ്ഫോടനം. സ്ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുടവന്തേരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീപടര്‍ന്ന് സ്ഫോടനം ഉണ്ടായത്.

🔹തൃശൂര്‍ കുന്നംകുളത്ത് സ്‌കൂളിന് സമീപം സ്ഫോടക വസ്തു പിടിച്ചെടുത്തു. കുഴി മിന്നലിനോട് സാമ്യമുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയത്. പാടത്ത് ഉണ്ടായിരുന്ന സ്ഫോടക വസ്തു മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്‌കൂളിന് സമീപത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിച്ചു. കുന്നംകുളം പൊലീസും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. സ്ഫോടക വസ്തു എങ്ങനെ ഇവിടെ എത്തിയെന്നതില്‍ ദുരൂഹത തുടരുകയാണ്.

🔹ചാലക്കുടി പരിയാരത്ത് ഓണ്‍ലൈനില്‍ വാങ്ങിയ മോട്ടോര്‍ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിന്റെ മകന്‍ രാജീവ് മരിച്ചു. ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔹ജമ്മു കശ്മീരിലെ പുല്‍വാമയിലെ ഫ്രാസിപൊരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഇന്ന് പുലര്‍ച്ചെയോടെ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുല്‍വാമയിലെ അര്‍ഷിപൊരയിലാണ് ഏറ്റുമുട്ടല്‍ ആദ്യം ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഉടന്‍ തന്നെ തിരിച്ചടിച്ചുവെന്നും പൊലീസ് അറിയിച്ചു.

🔹ഹരിയാനയിലെ നര്‍നോളില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വര്‍ഷം മുമ്പ് 2018ല്‍ സ്‌കൂള്‍ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന.

🔹കോഴിക്കോട്: പയ്യോളിയില്‍ ഒന്നരവയുള്ള കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയിൽ താഴെ അയിഷ ഷിയ ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

🔹ചാലക്കുടി പരിയാരത്ത് ഓൺലൈനിൽ വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിൻ്റെ മകൻ രാജീവ് മരിച്ചു. ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

🔹ഐപിഎല്ലിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 76 റണ്‍സെടുത്ത റിയാന്‍ പരാഗിന്റേയും 68 റണ്‍സെടുത്ത സഞ്ജു സാസംസണിന്റേയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 72 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും അവസാന ഓവറുകളില്‍ കത്തിക്കയറിയ രാഹുല്‍ തെവാട്ടിയ- റാഷിദ് ഖാന്‍ സഖ്യത്തിന്റേയും കരുത്തില്‍ വിജയലക്ഷ്യത്തിലെത്തി.

🔹ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം നിര്‍മിക്കാന്‍ ടൊവിനോ തോമസ്. ‘മരണമാസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. നവാഗതനായ ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയുടെ കഥയില്‍ ശിവപ്രസാദും സിജുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ടോവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments