🔹വിദ്യാർത്ഥികളുടെ കടബാധ്യത നികത്തുന്നതിന് , പെൻസിൽവാനിയയിലെ തൊഴിൽദാതാക്കൾക്ക് അവരുടെ ജീവനക്കാരുടെ ട്യൂഷൻ സേവിംഗ്സ് അക്കൗണ്ടിലേക്ക് സംഭാവനകൾ നൽകിയാൽ, പെൻസിൽവാനിയ പ്രതിനിധി സഭ ബുധനാഴ്ച പാസാക്കിയ ബില്ലിന് കീഴിൽ ടാക്സ് ക്രെഡിറ്റ് ലഭിക്കും. ഏകകണ്ഠമായി പാസാക്കിയ നിയമനിർമ്മാണം ഇപ്പോൾ സംസ്ഥാന സെനറ്റിലേക്ക് പോകുന്നു, തൊഴിലുടമയുടെ മൊത്തം സംഭാവനയുടെ 25% ന് തുല്യമായ ടാക്സ് ക്രെഡിറ്റിനായി ഒരു ജീവനക്കാരൻ്റെ ട്യൂഷൻ സേവിംഗ്സ് അക്കൗണ്ടിലേക്ക് $500 വരെ സംഭാവന നൽകാൻ തൊഴിലുടമകളെ അനുവദിക്കും .
🔹ഹൂസ്റ്റണിലെ ഒരു ബാങ്ക് കൊള്ളയടിച്ചതിന് 11, 12, 16 വയസ്സ് പ്രായമുള്ള, “ലിറ്റിൽ റാസ്കലുകൾ” എന്ന് വിളിക്കപ്പെടുന്ന മൂന്ന് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി അധികൃതർ ബുധനാഴ്ച സ്ഥിരീകരിച്ചു. യുവാക്കൾ കസ്റ്റഡിയിലാണെന്നും ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിന് കേസെടുത്തിട്ടുണ്ടെന്നും ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് പറഞ്ഞു
🔹ലോകത്തിലാദ്യമായി ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവെക്കുന്നത് ഇതാദ്യമാണെന്ന് വ്യാഴാഴ്ച മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ സംഘം വ്യാഴാഴ്ച അറിയിച്ചു..
🔹കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈവരുന്ന മാര്‍ച്ച് 30-ാം തീയതി ഡസ്‌പ്ലെയിന്‍സിലുള്ള ഫീല്‍ഡ്മാന്‍ ജിമ്മില്‍ വച്ച് കൈരളി ലയണ്‍സിന്റെ മൂന്നാമത് സ്പ്രിംഗ് വോലിബോള്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. അന്തരിച്ച വോളിബോള്‍ കായികപ്രേമി ഏബ്രഹാം ടി. മാത്യുവിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് വേദിയൊരുങ്ങുന്നത്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിലധികം വോളിബോള്‍ കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.
🔹ഓർമാ ഇൻ്റർനാഷണൽ സ്പീച് കോമ്പറ്റീഷൻ രണ്ടാം റൗണ്ട് , ഭാരത മിസ്സൈൽ വനിത, ഡോ. ടെസ്സി തോമസ്, മാർച്ച് 23 ശനിയാഴ്ച്ച, ഇന്ത്യൻ സമയം വൈകുന്നേരം 6 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. മത്സരാർത്ഥികളുടെ എണ്ണം കൊണ്ടും, ക്രമീകരണ നൂതനതകൾകൊണ്ടും, അറിയപ്പെട്ടിടത്തോളം ലോകത്തിലെ, ഇത്തരത്തിൽ “സൂപ്പർ ഡ്യൂപ്പറായ” പ്രസംഗമത്സര പരിശീലനഘട്ടത്തിൻ്റെ, ഭദ്രദീപം തെളിയ്ക്കലും, ഭാരതത്തിൻ്റെ മിസ്സൈൽ വനിത, ഡോ. ടെസ്സി തോമസ് നിർവഹിക്കും.
🔹മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്‌ട്രേഷൻ കിക്കോഫിന് യോങ്കേഴ്‌സ് സെൻ്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ മാർച്ച് 10-ന് ആവേശകരമായ തുടക്കം കുറിച്ചു. അസി. വികാരി ഫാ. ജോബ്‌സൺ കോട്ടപ്പുറത്തിന്റെ മുഖ്യ കാർമ്മികത്വത്തിലും വികാരി വെരി റവ. ചെറിയാൻ നീലാങ്കൽ കോർ-എപ്പിസ്‌കോപ്പോസിൻറെ സഹകരണത്തിലും നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന മീറ്റിംഗിൽ വികാരി കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി.
🔹 ചെന്നൈ വേലാചേരിയിൽ സ്ത്രീയുടെ വീട്ടിൽ നിന്ന് വിവിധ ഇനത്തിലുള്ള 142 നായകളെ പിടികൂടി കോർപ്പറേഷൻ. നായകൾ തുടർച്ചയായി കുരയ്ക്കുന്നതായുള്ള അയൽക്കാരുടെ പരാതിയിലാണ് നടപടി. കോർപ്പറേഷനിൽ നായകളെ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ കോർപ്പറേഷന്റെ നടപടി. വേലാചേരിയിലെ ആണ്ടാൾ അവന്യൂവിലാണ് സംഭവം. ജനവാസ മേഖലയിൽ ഒരു സ്ത്രീ നിരവധി തെരുവുനായകളേയാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇവരുടെ നിരന്തരമായ ബഹളം അയൽവാസികൾക്ക് ശല്യമായതിന് പിന്നാലെയാണ് കോടതി ഇടപെടലുണ്ടാവുന്നത്. പിടിച്ചെടുത്ത തെരുവുനായകളെ കോർപ്പറേഷന്റെ വിവധ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇവയെ വാക്സിനുകൾ നൽകിയ ശേഷം വന്ധ്യകരണത്തിന് വിധേയമാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ വിശദമാക്കി. ആവശ്യമായ സാഹചര്യങ്ങളൊന്നും ഇല്ലാതെയായിരുന്നു ഇവർ നായകളെ സൂക്ഷിച്ചിരുന്നത്. വാക്സിനുകൾ അടക്കമുള്ളവ നായകൾക്ക് നൽകിയിരുന്നില്ല.
🔹പൈപ്പിൽ നിന്ന് കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് അയൽവാസി. നിസാര കാര്യത്തെ ചൊല്ലി തുടങ്ങിയ തർക്കം എത്തിയത് വാക്കേറ്റത്തിലേക്കും അടിപിടിയിലേക്കും കത്തി കുത്തിലേക്കും. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ഗർഭിണിയായ കവിതയെന്ന യുവതിയേയും ഭർത്താവിനെയുമാണ് അയൽവാസി ക്രൂരമായി ആക്രമിച്ചത്.
🔹സാങ്കേതിക തകരാർ മൂലം ലോകമെമ്പാടുമുള്ള തങ്ങളുടെ പല ഔട്ട്‌ലെറ്റുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായി ഫാസ്റ്റ് ഫുഡ് രംഗത്തെ ആഗോള ഭീമൻ മക്‌ഡൊണാൾഡ്. നിരവധി സ്‌റ്റോറുകൾ ഓർഡറുകൾ നേരിട്ടും മൊബൈൽ ഫോൺ വഴിയും എടുക്കുന്നത് നിർത്തിയിട്ടുണ്ടെന്നും അവർ ഉടൻ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കുകയാണെന്നും മക്‌ഡൊണാൾഡ് അറിയിച്ചു. ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, സിഡ്‌നി മുതലായ സ്ഥലങ്ങളിലെ മക്‌ഡൊണാൾഡിന്റെ റെസ്റ്റോറൻറുകളെല്ലാം അടച്ചു. സ്വയം പ്രവർത്തിക്കുന്ന കിയോസ്‌കുകളിലെ സേവനങ്ങളും തടസപ്പെട്ടു . ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, സിഡ്‌നി, ഫിലിപ്പീൻസ്, തായ്‌വാൻ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മക്‌ഡൊണാൾഡിന്റെ റെസ്റ്റോറന്റ് ശൃംഖലകൾ ചൈനയിലും സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടു. മക്‌ഡൊണാൾഡ്‌സിലെ സേവനങ്ങൾ നിർത്തിയതിൽ നിരാശ പ്രകടിപ്പിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പലരും പോസ്റ്റുകൾ ഷെയർ ചെയ്തു. സാങ്കേതിക തകരാർ ആഗോളതലത്തിൽ എത്ര സ്റ്റോറുകളെ ബാധിച്ചുവെന്നത് വ്യക്തമല്ല.ലോകത്തിലെ ഏറ്റവും പ്രശസ്തമായ കമ്പനികളിലൊന്നായ മക്‌ഡൊണാൾഡിന് ലോകമെമ്പാടും ഏകദേശം 40,000 റെസ്റ്റോറൻറുകളുണ്ട്. അമേരിക്കയിൽ മാത്രം 14,000 സ്റ്റോറുകൾ ഉണ്ട്. മക്ഡൊണാൾഡിന് ജപ്പാനിലുടനീളം ഏകദേശം 3,000 സ്റ്റോറുകളും ഓസ്‌ട്രേലിയയിൽ ഏകദേശം 1,000 സ്റ്റോറുകളും ഉണ്ട്.
🔹ബംഗളൂരു: കര്‍ണാടകയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 5.85 കോടി രൂപയും 21.48 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബുധനാഴ്ച കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. മാര്‍ച്ച് 16നാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. 21.48 കോടി രൂപ വില മതിക്കുന്ന 6.84 ലക്ഷം ലിറ്റര്‍ മദ്യവും 15 ലക്ഷം രൂപ വില വരുന്ന 24.3 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളും 27 കോടിയിലധികം വിലമതിക്കുന്ന ലോഹങ്ങളുമാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും പൊലീസ് സംഘങ്ങളും ചേര്‍ന്ന് പിടികൂടിയത്. ബീജാപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും വിജയപുര ജില്ലയില്‍ നിന്നുമായി 2,93,50,000 രൂപയാണ് സൈബര്‍ ഇക്കണോമിക് ആന്‍ഡ് നാര്‍ക്കോട്ടിക്‌സ് സംഘം പിടിച്ചെടുത്തത്. ബെല്ലാരി പാര്‍ലമെന്റ് മണ്ഡലത്തിലെ സിരഗുപ്പ താലൂക്കില്‍ നിന്ന് 32,92,500 രൂപയും കൊപ്പല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബന്നിക്കൊപ്പ ചെക്ക്‌പോസ്റ്റില്‍ നിന്ന് 50,00,000 രൂപയുമാണ് പിടികൂടിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
🔹കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ചുള്ള വലിയ വിളക്ക് ഭക്തി സാന്ദ്രമായി. വലിയവിളക്ക് ദേശവിളക്കായാണ് ആചരിച്ചത്. പടിഞ്ഞാറേ നട, തെക്കേനട, വടക്കേനട എന്നിവിടങ്ങളില്‍ ഒരുക്കിയ ദീപക്കാഴ്ചകള്ക്കൊപ്പം ഇത്തവണ ക്ഷേത്ര മൈതാനവും ദീപപ്രഭയാല്‍ പ്രകാശിതമായി. വൈകുന്നേരത്തോടെ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിനു ഭക്തര്‍ ദേശവിളക്ക് തെളിയിക്കാനെത്തി.
വൈകുന്നേരം ആറിന് കാഴ്ചശ്രീബലിയ്ക്കു ശേഷം ദേശവിളക്കിനു തിരുവിതാംകൂര്‍ രാജ കുടുംബാംഗം ഗൗരി ലക്ഷ്മിഭായി ഭദ്രദീപം തെളിയിച്ചു. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന് മുഖ്യാതിഥിയായി. പടിഞ്ഞാറേ നട ഭക്തജന സമിതി, ചൈതന്യ റെസിഡന്റ്സ് അസോസിയേഷന്, തിരുനക്കരക്കുന്ന് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് എന്നിവർ ദേശവിളക്കിനു നേതൃത്വം നൽകി. രാത്രി 9.30ന് നാട്യപൂര്‍ണ സ്കൂള്‍ ഓഫ് ഡാന്‍സ് നാട്യശ്രീ രാജേഷ് പാമ്പാടിയുടെ ആനന്ദ നടനം ദേശവിളക്കാഘോഷത്തിനു പൊലിമയേകി. രാത്രി 10 മുതല്‍ 12 വരെയായിരുന്നു ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്ക്. ഒമ്പതാം ഉത്സവമായ ഇന്നു പള്ളിവേട്ടയാണ്. വൈകുന്നേരം ആറിന് കാഴ്ചശ്രീബലി. 8.30ന് പാലാ സൂപ്പര്‍ ബീറ്റ്സിന്റെ ഗാനമേള.
🔹നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നും ഇതിനുപുറമെ രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം.
🔹കോഴിക്കോട് എന്‍ഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്നും ജീവനക്കാരെ അകത്തേക്ക് വിടില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഡീന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വിദ്യാര്‍ത്ഥികള്‍ രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കണമെന്നുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്
🔹വയനാട് പനവല്ലിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന പാലക്കല്‍ രാജുവിന്റെ വീടിന്റെ ജനല്‍ ജില്ലുകള്‍ തകര്‍ത്തു. ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ലൈറ്റ് ഇട്ടപ്പോളാണ് കാട്ടാന പിന്‍വാങ്ങിയത്. വളപ്പിലെ വാഴയും ആന നശിപ്പിച്ചു. വീട്ടിലെ പട്ടിക്കൂടിനും കേടുപാടുണ്ടാക്കി. പ്രദേശത്ത് കുറെ ദിവസമായി ആന ശല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
🔹കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി തളളി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വര്‍ഷമായി ജയിലാണെന്ന് ജോളി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കില്‍ ജാമ്യപേക്ഷ നല്‍കാന്‍ ആയിരുന്നു കോടതിയുടെ മറുപടി.
🔹ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ഉംറ നിര്‍വഹിക്കാനെത്തിയ മംഗലാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. റിയാദ് പ്രവിശ്യയിലെ സുല്‍ഫ എന്ന സ്ഥലത്ത് സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടാണ് മംഗലാപുരം ഉളടങ്ങാടി തോക്കൂര്‍ സ്വദേശി ഹിബ ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് റമീസ്, മക്കളായ ആരുഷ്, റാഹ എന്നിവര്‍ മരിച്ചത്.
🔹ബിഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ഏകദേശം 30 പേര്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ അനുമാനം. സ്ഥലത്ത് അടിയന്തിര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 984 കോടി ചെലവില്‍ കോസി നദിക്ക് കുറുകെ നിര്‍മാണം പുരോഗമിക്കുകയായിരുന്ന പാലമാണ് തകര്‍ന്നു വീണത്.
🔹ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കേസ്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.
🔹ഐഎസ്ആര്‍ഒ യുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ രണ്ടാം ലാന്‍ഡിങ് പരീക്ഷണവും വിജയം. കര്‍ണാടക ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ച് രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാലര കിലോമീറ്റര്‍ ഉയരത്തില്‍ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പിന്നീട് പേടകം സ്വയം ദിശ മാറ്റി ലാന്‍ഡ് ചെയ്തു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ നേരിടേണ്ടിവന്നേക്കാവുന്ന പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാന്‍ഡിങ് പരീക്ഷണങ്ങള്‍.
🔹തെരഞ്ഞെടുപ്പ് സമയത്ത് വായ തുറക്കാന്‍ പോലും തനിക്ക് ഭയം തോന്നാറുണ്ടെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. ചെന്നൈ വടപളനിയില്‍ കഴിഞ്ഞ ദിവസം ഒരു ആശുപത്രി ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രജനിയുടെ വാക്കുകള്‍. നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തും എന്നതിനാല്‍ ഈ ചടങ്ങില്‍ത്തന്നെ സംസാരിക്കാന്‍ ആദ്യം തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.
“തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മള്‍ പറയുന്ന വാക്കുകള്‍ എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടും. ഒരുപാട് ക്യാമറകള്‍ ഒരേ സമയം കാണുമ്പോള്‍ ശ്വാസം വിടാന്‍ പോലും ഭയം തോന്നും”, രജനികാന്ത് പറഞ്ഞു. ഉദ്ഘാടന പരിപാടികളില്‍ പൊതുവെ പങ്കെടുക്കാത്തതിന്‍റെ കാരണവും രജനി വിശദീകരിച്ചു. “ഏതെങ്കിലും സ്ഥാപനം ഉദ്ഘാടനം ചെയ്താല്‍ എനിക്ക് അതില്‍ നിക്ഷേപമുണ്ട് എന്ന തരത്തിലാവും പ്രചരണം”. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഡോക്ടര്‍മാരാണ് തനിക്ക് ഒരു പ്രധാന ശസ്ത്രക്രിയ നടത്തിയതെന്നും അതാണ് ഈ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ എത്തിച്ചതെന്നും രജനി പറഞ്ഞു. തന്നെ ജീവനോടെ നിലനിര്‍ത്തിയതിന് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് രജനികാന്ത് പ്രസംഗം അവസാനിപ്പിച്ചത്. അതേസമയം ടി ജെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വേട്ടൈയനാണ് രജനികാന്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന അടുത്ത ചിത്രം. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിരുവനന്തപുരത്താണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അടുത്ത ഷെഡ്യൂളിനായി രജനിയും സംഘവും വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വേട്ടൈയന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. രജനികാന്തിന്‍റെ കരിയറിലെ 171-ാം ചിത്രമായിരിക്കും അത്.
🔹മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ് ആയി. സിനിമയുെട ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രമാണ് ‘ബസൂക്ക’. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗൗതം വസുദേവ് മേനോനും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോൻ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.