Tuesday, December 3, 2024
Homeഅമേരിക്കവടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു

വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു

ടെഹ്റാൻ: വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്നുള്ള ജോലിക്കാരും മൂന്ന് പേർ ഇസ്രായേൽ പൗരന്മാരുമാണ്. ഇതിനിടെ, മെറ്റുലയിൽ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ കർഷക തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ വ്യോമാക്രമണമാണ് ഇതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

ലെബനനിൽ നിന്നുള്ള മിസൈലുകൾ മെറ്റുലയിലെ ഒരു കാർഷിക മേഖലയിൽ പതിച്ചതിന്റെ ഫലമായി വിദേശത്ത് നിന്നെത്തിയ നാല് ജോലിക്കാരും ഒരു ഇസ്രായേലി കർഷകനും ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ, ലെബനനിൽ നിന്ന് ഏകദേശം 25 റോക്കറ്റുകൾ ഉപയോ​ഗിച്ചുള്ള മറ്റൊരു ആക്രമണം വടക്കൻ ഇസ്രായേലി തുറമുഖ നഗരമായ ഹൈഫയുടെ പ്രാന്തപ്രദേശത്തുള്ള ഒലിവ് മേഖലയിൽ പതിക്കുകയും മറ്റ് രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. ഇവിടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

ഒക്ടോബർ 26ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകാനൊരുകാനൊരുങ്ങുകയാണ് ഇറാൻ. ഇസ്രായേലിനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ദേശീയ സുരക്ഷാ സമിതിയ്ക്ക് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനി നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് ഖമേനി എത്തിയതെന്നാണ് സൂചന. അമേരിക്കയിൽ പ്രസി‍ഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പ് തന്നെ ആക്രമണം നടത്താനാണ് ഇറാൻ തയ്യാറെടുക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചില നിബന്ധനകൾ അം​ഗീകരിക്കാൻ ഇസ്രായേൽ തയ്യാറായാൽ വെടിനിർത്തലിന് തങ്ങളും തയ്യാറാണെന്ന് ഹിസ്ബുല്ലയുടെ പുതിയ തലവൻ നയിം ഖസിം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇസ്രയേലിൻ്റെ സുരക്ഷാ കാബിനറ്റ് യോഗം ചേർന്നതിന് പിന്നാലെയായിരുന്നു നയിം ഖാസിമിൻ്റെ പ്രസ്താവന. അന്താരാഷ്ട്ര തലത്തിലും ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments