Thursday, November 21, 2024
Homeഅമേരിക്കട്രമ്പിസം ✍രാജു മൈലപ്രാ

ട്രമ്പിസം ✍രാജു മൈലപ്രാ

രാജു മൈലപ്രാ

അങ്ങനെ ട്രമ്പ് വിജയിച്ചു. സന്തോഷം കൊണ്ട് ഇരിക്കാൻ മേലാ- എനിക്കല്ല, എൻ്റെ പ്രിയതമ പുഷ്‌പാജിക്ക്.

എന്തുകൊണ്ടോ അവൾക്ക് കമലാ മാഡത്തിനെ അത്ര ഇഷ്ടമല്ല., ‘ ആ പെണ്ണുംപിള്ള എപ്പോഴും ഇളിച്ചുകൊണ്ടാ നടക്കുന്നത്. ഒരുമാതിരി വളിച്ച ചിരി’- അതവൾക്ക് സഹിക്കാൻ കഴിയുന്നില്ല.

കമലാ ഹാരിസ് ചിലപ്പോൾ എന്നെ നോക്കിയാണ് ചിരിക്കുന്നത് എന്നവൾക്ക് തോന്നും.

‘എന്തോന്നാ ഇത്രകണ്ട് ന്യൂസ് കാണാൻ- എഴുന്നേറ്റ് പോകരുതോ? ആ എരണം കെട്ടവളുടെ ഒരു ചിരി കാണാൻ കുത്തിയിരിക്കുന്നു’.

ഏതെങ്കിലും അല്പസ്വല്പം ചന്തമുള്ള ഒരു തരുണീ മണി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചാൽ, ഒരു സംശയദൃഷ്ടിയോടെ അവൾ എന്നെയൊന്ന് നോക്കും.- എന്നിട്ടൊരു കമന്റും.

‘ എനിക്കൊന്നും അറിയത്തില്ല എന്നാ ഇങ്ങേരുടെ വിചാരം. ഞാനത്ര പൊട്ടിയൊന്നുമല്ല അതിന് അകമ്പടിയായി അമക്കിയൊരു മുളലും.

അമേരിക്കയിൽ, മലയാളികളുടെ ഗൃഹഭരണത്തിന്റെ അവസാന വാക്ക്, സ്ത്രീകൾ ആണെങ്കിൽ തന്നെയും, നാടു ഭരിക്കുന്നത് പുരുഷന്മാരായിരിക്കണം എന്ന ചിന്താഗതിയുള്ള ധാരാളം വനിതകളുണ്ട്. അതുകൊണ്ടാണ് ദേവാലയങ്ങളിലും, മറ്റ് സംഘടനകളിലും മലയാളി പുംഗവന്മാർ കിടന്നു വിലസുന്നത്.

പറഞ്ഞുവന്നത് ട്രംമ്പ്- കമലാ മത്സരത്തിനെപ്പറ്റിയാണല്ലോ! തിരഞ്ഞെടുപ്പ് ദിവസം വോട്ടെണ്ണൽ തുടങ്ങുന്നതിനു മുമ്പ് തന്നെ, ട്രംമ്പ് വിജയിച്ചു എന്നുള്ള സന്തോഷ വാർത്ത നാട്ടിലുള്ള ബന്ധുമിത്രാദികളെയൊക്കെ വിളിച്ചറിയിച്ച് എൻ്റെ ഭാര്യ ആഹ്ളാദ പ്രകടനം നടത്തി.

ദോഷം പറയരുതല്ലോ! എനിക്കും ഒരു ചെറിയ ട്രംമ്പ് ചായ് വ് ഉണ്ടായിരുന്നു. രണ്ട് സ്ഥാനാർത്ഥികളും മെച്ചമൊന്നുമല്ല- എങ്കിലും ‘തമ്മിൽ ഭേദം തൊമ്മൻ’ എന്നൊരു ലൈൻ!

പത്തു ദിവസം മുമ്പ് തന്നെ ഞങ്ങൾ തപാൽ വഴി വോട്ട് രേഖപ്പെടുത്തി. ‘ആരു ജയിച്ചാലും നമുക്കെന്തൊ?’ എന്നൊരു നിസ്സംഗതയായിരുന്നു എനിക്ക്.

എങ്കിലും പതിവ് തെറ്റിക്കാതെ പാതിരാത്രി വരെ ഉറക്കമിളച്ചിരുന്നു ഞാൻ വാർത്ത കണ്ടു.

ഇടയ്ക്ക് ചാനലൊന്നു മാറ്റിയപ്പോൾ പാലക്കാട്ട് പൂരമടി- അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ആര് ജയിച്ചാലും തോറ്റാലും ഭരണത്തിലൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. പോലീസും, പാർട്ടിക്കാരും, ചേരി തിരിഞ്ഞ് ചീത്ത പറച്ചിലും ഉന്തും തള്ളും- അവിടെ ആരോ കള്ളപ്പണം കൊണ്ടുവന്നെന്നും, അത് വീതിച്ച് നൽകിയെന്നും, പോലീസ് വന്നപ്പോൾ കണ്ടുംവഴി ഓടിയെന്നും മറ്റുമാണ് കഥ.

അമേരിക്കയിൽ ലോക രാഷ്ട്രത്തലവന്റെ തിരഞ്ഞെടുപ്പ് നടക്കുകയാണ്. സായിപ്പ്, മദാമ്മയ്ക്കൊരു ‘ഗുഡ് നൈറ്റ്’ കിസും നൽകിയിട്ട് കൂർക്കംവലിച്ച് കിടന്ന് ഉറങ്ങുകയാണ്. ആര് ജയിച്ചാലും തോറ്റാലും പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോലിക്ക് പോയില്ലെങ്കിൽ പണി പാളിയതുതന്നെ ! ‘ഇവിടെ പാലുകാച്ചൽ, അവിടെ പുരയ്ക്ക് തീ കത്തുന്നു’

വാർത്തയിൽ ലയിച്ചിരുന്ന ഞാൻ ഇടയ്കകൊന്നു മയങ്ങിപ്പോയി. രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ, ദാ കിടക്കുന്നു നമുക്കൊരു പുതിയ പ്രസിഡന്റ്റ്- വർദ്ധിത വീര്യത്തോടെ, സാക്ഷാൽ ഡോണൾഡ് ട്രംമ്പ് വീണ്ടും അധികാരത്തിൽ-

ഇനി ലോകത്തിന്റെ ഗതി ഒന്നു മാറിമറിയും. ഇൻഡ്യ സെയ്‌ഫാണ്. നമ്മുടെ മോദിജിയും, ട്രംമ്പ് ജിയും തമ്മിൽ ചക്കരയും തേങ്ങയും പോലെയാണ്. ഒരു ‘എടാ- പോടാ’ ബന്ധമാണ് അവർ തമ്മിൽ.

ഇസ്രയേൽ എന്തു വേണ്ടാതീനം കാണിച്ചാലും ട്രംമ്പിൻ്റെ പരിപൂർണ്ണ പിന്തുണ അവർക്കുണ്ട്. അവരെ ആര് വിരട്ടിയാലും, ബൈഡൻ്റെ അപ്പച്ചനെപ്പോലെ വെറുതെ ‘ഞഞ്ഞാ പിഞ്ഞാ’ പറഞ്ഞോണ്ടിരിക്കില്ല.

ചുവന്ന ബട്ടണും, പച്ച ബട്ടണുമെല്ലാം വെളുത്ത ട്രംമ്പിൻ്റെ കറുത്ത് ബ്രീഫ് കെയ്‌സിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പോക്കണംകേട് പറഞ്ഞ് അമേരിക്കയെ ചൊറിയാൻ വന്നാൽ, ഇടംവലം നോക്കാതെ ഏതെങ്കിലും ബട്ടണമർത്തും.

വിവരവും വെള്ളിയാഴ്ചയുമൊന്നുമില്ലാത്ത കക്ഷിയാണ്- വരുംവരാഴികയൊന്നും പുള്ളിക്കൊരു പ്രശ്നമല്ല. ഏതായാലും എല്ലാവരും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.

അങ്ങിനെ അമേരിക്കയുടെ 47-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിസ്റ്റർ ഡൊണാൾഡ് ട്രംമ്പിന് അഭിനന്ദനങ്ങൾ! ആശംസകൾ!

GOD BLESS AMERICA

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments