Thursday, December 26, 2024
Homeഅമേരിക്കട്രംപ് അധികാരത്തിൽ വന്ന് ചൈന വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിനാൽ,ആപ്പിൾ കമ്പനി ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം ഇരട്ടിപ്പിക്കുന്നു

ട്രംപ് അധികാരത്തിൽ വന്ന് ചൈന വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിനാൽ,ആപ്പിൾ കമ്പനി ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം ഇരട്ടിപ്പിക്കുന്നു

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഡൊണാൾഡ് ട്രംപ് ഉയർന്ന നികുതി ചുമത്തുമെന്ന ആശങ്കയ്ക്കിടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം ഇരട്ടിപ്പിക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നു. 30 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനം ഇന്ത്യയിൽ കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ 15-16 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 മുതൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞിരുന്നത്. ട്രംപ് അധികാരത്തിൽ വന്നതോടെ ചൈന വിരുദ്ധ നയങ്ങൾ ശക്തമായി നടപ്പിലാക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ തവണ പ്രസിഡൻ്റായപ്പോഴും ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേലെ ഉയർന്ന താരിഫ് ചുമത്തിയിരുന്നു. സമാനമായ നിലപാട് ഇത്തവണയും അദ്ദേഹം സ്വീകരിച്ചേക്കുമെന്നത് പ്രധാന കമ്പനികളെയെല്ലാം മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിൽ നയതന്ത്ര – പ്രതിരോധ മേഖലകളിൽ സൗഹൃദം ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ട്രംപിൻ്റെ കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിലെ നിലപാട് ഇന്ത്യയെ സംബന്ധിച്ച് പല തരത്തിൽ പ്രയാസമാണെങ്കിലും കൂടുതൽ നേട്ടം ട്രംപ് അധികാരത്തിലെത്തിയതോടെ ഇന്ത്യ പ്രതീക്ഷിക്കുന്നു.

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ട്രംപ് നികുതി വർധിപ്പിച്ചാൽ അത് ആപ്പിൾ ഐഫോണുകൾക്ക് അടക്കം തിരിച്ചടിയാണ്. ആപ്പിൾ ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിച്ചാൽ, 2 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും. ഐഫോൺ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ പങ്കാളിത്തം 14 ശതമാനത്തിൽ നിന്ന് 26 ശതമാനമായി ഉയരുകയും ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ആപ്പിൾ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. അതേസമയം ആപ്പിളിന് ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന നിലയിൽ നയം മാറ്റങ്ങൾക്ക് കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ, ഉൽപ്പാദനം വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലേക്ക് പോകാനും സാധ്യതയുണ്ട്. സെപ്തംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 201 ബില്യൺ ഡോളറിൻ്റെ ഐഫോൺ ആണ് ആപ്പിൾ വിറ്റത്. കമ്പനിയുടെ ആകെ വിറ്റുവരവ് 391 കോടിയായിരുന്നു. ഇതിൽ പാതിയും ഐ ഫോണിൽ നിന്നായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments