ഒമ്പതാം ക്ലാസ്സിലെ അന്നത്തെ വേദപാഠക്ലാസ്സ് എടുത്തത്
ഗീവർഗീസ് അച്ചനായിരുന്നു. ക്രിസ്മസ് കാലമായതുകൊണ്ട് മംഗളവാർത്തയും
ഉണ്ണിയേശുവിന്റെ ജനനവും മറ്റുമായി കഥകളിലൂടെ ക്ലാസ് മുന്നേറി. മാതാവിനോട് ഗബ്രിയേൽ ദൂതൻ മംഗളവാർത്ത അറിയിച്ചപ്പോൾ മറിയം ഗബ്രിയേലിനോട് ചോദിക്കുന്നു.
“ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ.”
ഇതുകേട്ടപ്പോൾ പിൻനിരയിലിരുന്ന തോമ്മാക്കുട്ടിക്ക് ഒരു സംശയം.
അല്ലേലും പണ്ടേ തോമ്മാക്കുട്ടിമാർ സംശയാലുക്കളാണല്ലോ. അച്ചനെ ബാക്കി പറയാൻ സമ്മതിക്കാതെ ചാടിയെണീറ്റ് ഒരു ചോദ്യം.
“അല്ലച്ചോ അപ്പോൾ മാതാവും യൗസേപ്പിതാവും തമ്മിലുള്ള കല്യാണം ഉറപ്പിച്ചതല്ലേ? പിന്നെന്നാ മാതാവ് പുരുഷനെ അറിയുന്നില്ലെന്നു പറഞ്ഞത്?”
തോമ്മാക്കുട്ടിക്ക് ശരിക്കും മാതാവ് അപ്പറഞ്ഞതിന്റെ ഗുട്ടൻസ് പിടികിട്ടിയിരുന്നില്ല. നിഷ്കളങ്കമായ ഒരു സംശയമായിരുന്നതിനാൽ അച്ചന് ഉത്തരം മുട്ടി.
“അതുപിന്നെ…നിശ്ചയം കഴിഞ്ഞതല്ലേയുള്ളൂ.”
“ അച്ചോ അപ്പോൾ മാതാവിന് യൗസേപ്പിതാവിനെ അറിയാല്ലോ. അല്ലേലും കെട്ടാൻ പോകുന്ന ആളെ നിശ്ചയം കഴിഞ്ഞാൽ അറിയത്തില്ല എന്നു പറഞ്ഞാൽഎങ്ങനെയാ?”
അച്ചനാകെ കുഴങ്ങി.
തോമ്മാക്കുട്ടിയോടൊപ്പം മറ്റു പത്തുപതിനെട്ടു കുട്ടികളും അച്ചന്റെ മുഖത്തേയ്ക്ക് ആകാംഷയോടെ നോക്കിയിരുന്നു.
“അതേ മാതാവിന് വിവരമുണ്ടായിരുന്നതുകൊണ്ടു ചോദിച്ചതാ, നിനക്ക് വിവരമില്ലാത്തേന് ഞാനെന്നാ ചെയ്യാനാ. ഇരിയ്യടാ അവിടെ.”
പാവം തോമ്മാക്കുട്ടി ഠപ്പേന്നു ബെഞ്ചിലേയ്ക്കിരുന്നു. വിവരമില്ലാത്ത തോമ്മാക്കുട്ടിയെനോക്കി അടുത്തിരിക്കുന്ന സ്റ്റനിസ്ലാവോസും
ഗർവാസീസും ഊറിച്ചിരിക്കുന്നത് കണ്ടു.
ഇനിയും ഇമ്മാതിരി ചോദ്യങ്ങൾ വന്നാലോയെന്നു പേടിച്ചാകും മംഗലവാർത്തയെ അവിടെവിട്ടിട്ട് അച്ചൻ പാഠപുസ്തകത്തിലേയ്ക്ക് തിരിഞ്ഞു.
വർഷങ്ങൾ കടന്നുപോയി. തോമ്മാക്കുട്ടി ഗൾഫിൽ പോയി പത്തു പുത്തനൊക്കെയുണ്ടാക്കി ക്രിസ്മസിന് അവധിക്ക് വന്നു. ക്രിസ്മസല്ലേ മിന്നിച്ചേക്കാം എന്നുകരുതി കാശിറക്കി ആ ഇടവകയിൽ ആരും അതുവരെ നിർമ്മിച്ചിട്ടല്ലാത്ത തരം പുൽക്കൂട് ഉണ്ടാക്കി. വിവിധയിനം അലങ്കാര ബൾബുകളും വാങ്ങി അലങ്കരിച്ചു.
പുൽക്കൂട് കണ്ടാൽ ഉണ്ണീശോയ്ക്ക് തന്റെ പുൽക്കൂട്ടിൽ ഒന്നുകൂടി വന്നുപിറക്കാൻ തോന്നണം എന്നതായിരുന്നു തോമ്മാക്കുട്ടിയുടെ ഒരിത്.
ഏതായാലും ഏറ്റവും നല്ല പുൽക്കൂടിനു സമ്മാനവുമുണ്ടെന്നു പള്ളിയിൽ നിന്ന് അറിയിപ്പും വന്നു. തോമ്മാക്കുട്ടിയുടെ പുൽക്കൂടിനെപ്പറ്റി കേട്ടറിഞ്ഞു ഇടവകയിലെ പുരുഷാരങ്ങളെല്ലാം കരോളിന് ഹാജർ. അതുവരെയും മടിപിടിച്ചിരുന്നവർ വരെ ഈ അത്ഭുത പുൽക്കൂട് കാണാനായി കരോളിന് പോയി.
എല്ലാവരും പുൽക്കൂടിനു ചുറ്റും നിന്ന് അഭിപ്രായങ്ങളും മറ്റും പറഞ്ഞു അതിശയിച്ചുനിൽക്കെ ഗർവാസീസാണത് കണ്ടുപിടിച്ചത്. പുൽക്കൂട്ടിൽ ജലധാരയ്ക്ക്ക് സമീപമുള്ള ഒരു ബൾബ് കത്തുന്നില്ല. തോമ്മാക്കുട്ടി വന്നു പരിശോധിച്ചു. അതിൽ എന്തൊക്കെയോ സൂത്രപ്പണികൾ ചെയ്തു. ആ സെറ്റ് ബൾബിന്റെ കണക്ഷൻ കൊടുത്തതും പിന്നെ അവിടെയെന്താണ് നടന്നതെന്ന് തോമ്മാക്കുട്ടിക്കോ കാഴ്ചക്കാർക്കോ മനസിലായില്ല. എല്ലാവരും ചിതറിയോടി.
ഇരുട്ടിൽ ഓടിയവർ എവിടെയൊക്കെയോ ഉരുണ്ടുപിരണ്ടു വീണ് ചില്ലറ പരിക്കും പറ്റി.
എല്ലാമൊന്ന് ശാന്തമായി. വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു. മാർക്കിടാനായി പേപ്പറും പേനയുമായി നിന്ന യൂത്തന്മാർ അവരുടെ പേനയും പേപ്പറുമൊക്കെ കാമുകിൻ തോട്ടത്തിൽ നിന്നും തപ്പിയെടുത്തു കൊണ്ടുവന്നു.
കരോൾ സംഘം കൂടെക്കൊണ്ടുവന്ന പെട്രോമാക്സ് മുറ്റത്തെ പുൽക്കൂടിരുന്ന സ്ഥലത്തേക്ക് ആരോ ഉയർത്തിപ്പിടിച്ചു. അവിടെ, കരിഞ്ഞുപോയ ഉണ്ണീശോയും യൗസേപ്പിതാവും മാതാവും പരിവാരങ്ങളും ചാരത്തിൽ തലയുയർത്തി നിൽക്കുന്നു.. അങ്ങനെ ഒന്നാം സ്ഥാനം കിട്ടുമെന്നുറപ്പിച്ച പുൽക്കൂടിന്റെ ഗതികണ്ടു ഇതിന് എത്രമാർക്ക് കൊടുക്കണമെന്നു ശങ്കിച്ചു യൂത്തന്മാർ പരസ്പരം നോക്കി. അപ്പോൾ ചമ്മിയ മുഖത്തോടെ എല്ലാവർക്കും കേക്ക് മുറിച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു
പാവം തോമ്മാക്കുട്ടി.