Friday, January 10, 2025
Homeഅമേരിക്ക" തിളക്കം കുറയാത്ത താരങ്ങൾ " (6) മുരളി .

” തിളക്കം കുറയാത്ത താരങ്ങൾ ” (6) മുരളി .

സുരേഷ് തെക്കീട്ടിൽ.

മലയാളസിനിമയിലെ കറകളഞ്ഞ പൗരുഷം.
മുരളി എന്ന പ്രതിഭയുടെ ഓർമ്മകൾക്കു മുന്നിൽ.

വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു എനിക്ക് മുരളി എന്ന നടനോട്. എൺപതുകളുടെ രണ്ടാം പകുതിയിൽ ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിൽ സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരുന്ന കാലത്തേ തോന്നിയ ഒരിഷ്ടം. അന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു മലയാള സിനിമയിൽ കരുത്തുള്ള ഒരു നായകന്റെ വരവാണിതെന്ന്. മലയാളി മനസ്സുകളെ പൗരുഷത്തിൻ്റെ ഈ പുതിയ ഭാവം കീഴടക്കാൻ പോകുകയാണെന്ന്.

ഉശിരുള്ള കഥാപാത്രങ്ങൾക്ക് ഊർജ്ജം പകർന്ന് ശക്തനായ ഒരു നടൻ്റെ നായക സ്ഥാനത്തേക്കുള്ള കുതിപ്പാണിതെന്ന്. ഒരു സാധാരണ മലയാളി മനസ്സിൽ കൊണ്ടു നടന്നിരുന്ന നായകസങ്കൽപ്പങ്ങളിൽ നിന്നും ഏറെ അകലെയായിരുന്നു എന്നും ഈ നടൻ. .എങ്കിലും എല്ലാ നായകസങ്കൽപ്പങ്ങളേയും ഈ കുടവട്ടൂർക്കാരൻ തിരുത്തിയെഴുതുമെന്ന് അന്നേ പ്രവചിച്ചവർ ഏറെയായിരുന്നു. മുരളിയുടെ കാലം വരും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നവർ . ഉറക്കെ പറഞ്ഞിരുന്നവർ. ആ പ്രവചനങ്ങളെ ശരിവെക്കുന്ന വളർച്ചയായിരുന്നു പിന്നീട് മുരളിക്കുണ്ടായതും.

“ആധാരം ” സിനിമയുടെ പരസ്യ വാചകത്തിൽ എഴുതിയിരുന്നതു പോലെ “കാരിരുമ്പിന്റെ കരുത്തോടെ കരിങ്കല്ലിന്റെ പരുഷ ഭാവങ്ങളോടെ അഭിനയക്കരുത്തിന്റെ നിറവോടെ ഒരു നായകൻ “. അതെ അതായിരുന്നു അതു തന്നെയായിരുന്നു മുരളി. ആധാരത്തിനു ശേഷം താമസിയാതെ മുരളി മലയാള സിനിമയിലെ താരസിംഹാസനത്തിൽ എത്തി.

തീപ്പൊരി ചിതറുന്ന എത്രയെത്ര വേഷങ്ങൾ. സംഭാഷണങ്ങൾ. മീനമാസത്തിലെ സൂര്യനിലെ അബൂബക്കർ, കിരീടത്തിലെ സബ് ഇൻസ്പെക്ടർ, ഒരുക്കത്തിലെ അധോലോക നായകൻ ചന്ദ്രു, നാടുവാഴികളിലെ ചേക്കുടി ചെറിയാൻ, ആധാരത്തിലെ ബാപ്പുട്ടി, വളയത്തിലെ ശ്രീധരൻ, ഇൻസ്പെക്ടർ ബൽറാമിലെ എസ്.പി, സദയത്തിലെ ജയിലർ, കിംഗിലെ എം.പി. ജയകൃഷ്ണൻ, ചമ്പക്കുളം തച്ചനിലെ രാഘവൻ, ചമയത്തിലെ ആശാൻ, സ്വാതി തിരുന്നാളിലെ ഷഡ്കാല ഗോവിന്ദ മാരാർ, വെങ്കലത്തിലെ ഗോപാലൻ മൂശാരി, പ്രായിക്കര പാപ്പാനിലെ അച്യുതൻ പാപ്പാൻ, ലാൽ സലാമിലെ ഡി.കെ, ആർദ്രത്തിലെ ഉപ്പൻ രാഘവൻ, അമരത്തിലെ കൊച്ചുരാമൻ, കൈക്കുടന്ന നിലാവിലെ ഡി.വൈ.എസ് പി റാവുത്തർ, തൂവൽ സ്പർശത്തിലെ വർമ്മ , കാണാക്കിനാവിലെ ദാസൻ, ആകാശദൂതിലെ ജോണി, പത്രത്തിലെ ശേഖരൻ ,  കാരുണ്യത്തിലെ ഗോപി മാഷ്, പുലിജന്മത്തിലെ കാരി ഗുരുക്കൾ പറയാൻ തുടങ്ങിയാൽ പറയുവാനെത്ര. മറ്റൊരു നടനെ പകരം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം മുരളിയുടെ ഉജ്ജ്വല പ്രകടനം ധന്യമാക്കിയ എത്രയെത്ര വേഷങ്ങൾ . നായകനായും, വില്ലനായും സ്വഭാവനടനായും എന്തിന് ഒന്നു വന്നു പോവുന്ന കഥാപാത്രമായാൽ പോലും നോട്ടം കൊണ്ടും ,ശബ്ദം കൊണ്ടും, ശരീരഭാഷ കൊണ്ടും പ്രേക്ഷക മനസ്സിൽ ശക്തമായ അടയാളങ്ങൾ ബാക്കി വെക്കാൻ പ്രാപ്തനായ നടൻ. അതു കൊണ്ടു തന്നെയാണ് കുറഞ്ഞ കാലത്തെ അഭിനയ ജീവിതത്തിനിടയിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ നാല് തവണ മുരളിയിലേക്കെത്തിയത്. 1992, 1996, 1998, 2002 വർഷങ്ങളിൽ ആധാരം, കാണാക്കിനാവ്, താലോലം, നെയ്ത്തുകാരൻ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ആ നേട്ടങ്ങൾ .

സഹനടൻ എന്ന നിലയിൽ അതിനു മുമ്പേ പുരസ്കാരം നേടിയിരുന്നു മുരളി. അമരത്തിലൂടെയായിരുന്നു അത്.പിന്നീട് മികച്ച നടനുള്ള ദേശീയ പുരസ്കാരവും 2002 ൽ നെയ്ത്തുകാരനിലെ അപ്പമേസ്ത്രി മുരളിക്ക് നേടി കൊടുത്തു. എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയനാണ് ഈ നടൻ .മുരളി മുതൽ മുരളി വരെ, മൃഗശാല, അഭിനയത്തിൻ്റെ രസതന്ത്രം തുടങ്ങിയ മികച്ച കൃതികൾ അദ്ദേഹത്തിൻ്റേതായി പുറത്തുവന്നു.

മുരളിക്കൊപ്പമാണെങ്കിൽ തങ്ങളുടെ കഥാപാത്രങ്ങളും കൂടുതൽ തിളങ്ങും എന്ന് മലയാളത്തിലെ ഒന്നാംനിര നടൻമാർ പലരും അഭിപ്രായപ്പെട്ടത് ഈ നടൻ്റെ അഭിനയ മികവിന് ലഭിച്ച അഗീകാരങ്ങളിൽ ഒന്നു തന്നെയാണ്. ഒരു സാധാരണ മനുഷ്യൻ്റെ ആകാരവും രൂപഭംഗിയും മാത്രമേ മുരളിക്കുണ്ടായിരുന്നുള്ളൂ.എന്നാലോ കഥാപാത്രങ്ങളാകുമ്പോൾ അതിൻ്റെ ആറിരട്ടി ഗാംഭീര്യവും ആർക്കൊപ്പം നിന്നാലും അവർക്കൊപ്പം തലപ്പൊക്കം തോന്നിക്കുന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ചെറു മൂളലിൽ, അർത്ഥം വെച്ച ചിരിയിൽ , ദ്രുതഗതിയിലുള്ള നടത്തത്തിൽ എന്തൊക്കെയോ ഒരു അസാധാരണ മിഴിവ്. പൂർണത . അതെ ഒട്ടേറെ സവിശേഷതകൾ മുരളിയിൽ ലയിച്ചു ചേർന്നിരുന്നു. സ്ക്രീനിൽ മുരളി എത്തുന്ന രംഗങ്ങളിലെല്ലാം അത് നന്നായി പ്രകടവുമായിരുന്നു. ഡയലോഗ് പ്രസൻ്റേഷനിൽ ഏത് വലിയ നടനോടൊപ്പവും പലപ്പോഴും അല്പം മുകളിലേക്കു തന്നേയും ഇദ്ദേഹം ഉയരുമായിരുന്നു. നിസ്സഹായതയും ഗൗരവവും മാത്രമല്ല ഹാസ്യവും നന്നായി വഴങ്ങും തനിക്ക് എന്നും മുരളി തെളിയിച്ചു .ചകോരത്തിലെ ലാൻഡ്സ് നായിക് മുകുന്ദൻ മേനോനെ എങ്ങനെ നാം മറക്കും.

പഞ്ചാഗ്നിയിലെ ശ്രദ്ധേയ വേഷം തുടക്കമായി കണക്കാക്കി പഞ്ചാഗ്നി മുരളി എന്നറിയപ്പെട്ടിരുന്നു തുടക്കകാലത്ത്.
കൊല്ലം ജില്ലയിലെ കുടവട്ടൂരിൽ1954 മെയ് 25 ന് ഒരു സാധാരണ കാർഷിക കുടുംബത്തിൽ കൃഷ്ണപിള്ളയുടേയും, ദേവകി അമ്മയുടേയും മകനായിട്ടായിരുന്നു ജനനം. ഭാര്യ ഷൈലജ (മിനി ) എകമകൾ കാർത്തിക .നാടകത്തെ ഹൃദയത്തിലേറ്റി ജീവിച്ച കൗമാരം. ആദ്യം ആരോഗ്യ വകുപ്പിലും പിന്നീട് കേരള യൂണിവേഴ്സിറ്റിയിലും ഉദ്യോഗസ്ഥനായിരുന്നു.തിരുവനന്തപുരത്തെ നാട്യഗൃഹം എന്ന നാടക കളരിയിൽ നരേന്ദ്രപ്രസാദ് തുടങ്ങി ഒട്ടേറെ പ്രമുഖർക്കൊപ്പം സജീവമായ ഒരു കാലവും മുരളിക്കുണ്ടായിരുന്നു. ശേഷമാണ് സിനിമയിലേക്കെത്തുന്നത്. സിനിമയിൽ നിറഞ്ഞു നിൽക്കേ തന്നെ കേരള സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനവും മുരളിക്ക് ലഭിച്ചു.2006 മുതൽ മരണം വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.

ആദ്യം അഭിനയിച്ച ചിത്രം റിലീസായി കാണാൻ ഭാഗ്യമില്ലാതെ പോയ നടൻ കൂടിയായിരുന്നു മുരളി. “ഞാറ്റടി “ആയിരുന്നു ആ സിനിമ .ഭരത് ഗോപി ആദ്യമായി സംവിധാനം ചെയ്ത ഞാറ്റടിയിൽ ഉപനായകനായിരുന്നു മുരളി. അപ്പോൾ നായകനോ. അത് മലപ്പുറം ജില്ലയിലെ പുലാമന്തോളിനടുത്ത “പാലൂർ “എന്ന ഞങ്ങളുടെ കലാഗ്രാമത്തിന്റെ വലിയൊരു നഷ്ടം. സുനിൽ എന്ന പാലൂർക്കാരനായിരുന്നു ചിത്രത്തിൽ പ്രധാന വേഷം. ചിത്രം റിലീസായിരുന്നെങ്കിൽ മുരളി അന്നേ ശ്രദ്ധിക്കപ്പെടുമായിരുന്നു ഉറപ്പ്. കൂട്ടത്തിൽ ഞങ്ങൾ പാലൂർക്കാർ ഇപ്പോഴും വിശ്വസിക്കുന്നു അന്നത് സംഭവിച്ചിരുന്നെങ്കിൽ സുനിലിലൂടെ പാലൂർ മലയാള സിനിമയുടെ ചരിത്രത്തിൽ വലിയ ഇടം നേടുമായിരുന്നു എന്ന്. കാരണം ആ കാലഘട്ടത്തിൽ മലയാളി മനസ്സിൽ കൊണ്ടു നടന്നിരുന്ന നായകസങ്കൽപ്പത്തിന്റെ പൂർണതയുണ്ടായിരുന്നു സുനിൽ ചൊവ്വൂർ എന്ന സുന്ദരനും സുമുഖനുമായ യുവാവിന്.

പിന്നീട്മലയാള സിനിമയിൽ താരരാജാവായി തീർന്നപ്പോഴും
സുനിലുമായി നല്ല സൗഹൃദം നിലനിർത്തിയിരുന്നുവത്രേ മുരളി.

2009- ആഗസ്റ്റ് ആറിന് തൻ്റെ 54-ാം വയസ്സിൽ വിട പറഞ്ഞ മുരളി മലയാള സിനിമ കണ്ട എക്കാലത്തേയും അഭിനയപ്രതിഭകളിലൊരാളാണെന്ന് എക്കാലത്തും സാക്ഷ്യപ്പെടുത്താൻ അവതരിപ്പിച്ച കരുത്തുറ്റ വേഷങ്ങൾ ബാക്കി നിൽക്കുന്നുണ്ടിവിടെ. പകരം വെക്കാനില്ലാത്ത പൗരുഷമായി ഒരു കാലം നിറഞ്ഞാടിയ മുരളി എന്ന കരുത്തനായ നടന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

സുരേഷ് തെക്കീട്ടിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments