Tuesday, January 7, 2025
Homeഅമേരിക്ക" തിളക്കം കുറയാത്ത താരങ്ങൾ " (5) ശങ്കരാടി.

” തിളക്കം കുറയാത്ത താരങ്ങൾ ” (5) ശങ്കരാടി.

സുരേഷ് തെക്കീട്ടിൽ

ശങ്കരാടി. പകരക്കാരനില്ലാത്ത നടൻ.

ചങ്കരാടിയിൽ ചന്ദ്ര ശേഖരമേനോൻ എന്ന ശങ്കരാടി. മലയാള സിനിമയിലെ എക്കാലത്തേയും കരുത്തനായ ഈ നടൻ അരങ്ങൊഴിഞ്ഞത് 2001 ഒക്ടോബർ എട്ടിനാണ്. സിനിമയിലെത്തും മുമ്പേ രാഷ്ട്രീയക്കാരനും പത്രപ്രവർത്തകനുമായിരുന്നു ഇദ്ദേഹം.

ഒട്ടും ആലങ്കാരികതയില്ലാതെ അതിശയോക്തിയില്ലാതെ പറയാം ആ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കിടക്കുകയാണ് എന്നല്ല കിടക്കും എന്നു തന്നെ ഉറപ്പിച്ചു പറയാം. ശങ്കരാടി ജീവൻ പകർന്ന കഥാപാത്രങ്ങൾക്കെല്ലാം അത്രമേൽ സ്വാഭാവികതയുണ്ടായിരുന്നു. ലാളിത്യത്തിൻ്റെ തികവുണ്ടായിരുന്നു. പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത വിധം ജന്മസിദ്ധമായ മികവുണ്ടായിരുന്നു. അമിതാഭിനയത്തിലേക്ക് അല്പം പോലും വഴുതി വീഴാതെ അച്ചടി ഭാഷയിലല്ലാതെ ശങ്കരാടിയുടെ കഥാപാത്രങ്ങൾ നമ്മോട് സംസാരിച്ചു.ഒപ്പം കൃത്രിമത്വം തൊട്ടു തീണ്ടാത്ത ആ ശരീരചലനങ്ങളുടെ അകമ്പടി നടനവൈ ഭവത്തിൻ്റെ അനുകരിക്കാനാകാത്ത പ്രത്യേകതയായി നാം ഹൃദയത്തിലേറ്റി .

അച്ഛൻ, അമ്മാവൻ ,ചായക്കടക്കാരൻ, നാട്ടുപ്രമാണി, തറവാട്ടു കാരണവർ രാഷ്ട്രീയക്കാൻ, ഏഷണിക്കാരൻ, പഞ്ചായത്ത് പ്രസിഡണ്ട്, ക്ഷേത്രക്കമ്മറ്റി ഭാരവാഹി, അധികാരി, റിട്ടേർഡ് പട്ടാളക്കാരൻ, നഗരത്തിൻ്റെ കുരുക്കുകളറിയാത്ത ഒറ്റമുണ്ടോ തോർത്തോ ഉടുത്ത നിഷ്കളങ്കനായ നാട്ടുകാരൻ, ട്രൗസറിട്ട് തൊപ്പി വെച്ച പരിഷ്ക്കാരി,കുരുട്ടു ബുദ്ധിയായ വില്ലൻ, വക്കീൽ, ജഡ്ജി, സാഹിത്യകാരൻ, സ്ത്രീകളോട് കൊഞ്ചി കുഴയാൻ അതീവ തൽപ്പരനായ കമ്പനി ഉടമ,മാനേജർ ശങ്കരാടി വേഷമിടുമ്പോൾ ഏത് കഥാപാത്രത്തിനാണ് പൂർണത വരാത്തത്. നമ്മൾ സ്ഥിരം നാട്ടിൽ കണ്ടു പരിചയിച്ച ഒരാളായി അല്ലെങ്കിൽ എവിടെയോ കണ്ടു മറന്ന അതുമല്ലെങ്കിൽ നമുക്ക് അറിയാത്ത ഇങ്ങനെ ഒരാളെവിടെയോ ഉണ്ടെന്ന് നമുക്ക് തോന്നിപ്പോകും.

അദ്ദേഹത്തിന്പകരം ആ സ്ഥാനത്ത് ഒരാളെ വെറുതെയെങ്കിലും ഒന്നു സങ്കൽപ്പിക്കാൻ നമുക്കാവുമോ ?.അദ്ദേഹം അവതരിപ്പിക്കുകയും നാം വിസ്മയത്തോടെ കാണുകയും ചെയ്ത കഥാപാത്രങ്ങളെ കുറിച്ചെഴുതാൻ നിശ്ചയിച്ചാൽ ഏത് സിനിമയിലെ ഏത് കഥാപാത്രത്തെയാണ് ഒഴിവാക്കുക? എല്ലാം ഒന്നൊന്നായി എഴുതേണ്ടി വരില്ലേ?. ആ പേര് പറയുമ്പോൾ തന്നെ മനസ്സിൽ തെളിയുന്നില്ലേ ഒരു പാട് ഒരുപാട് ചിത്രങ്ങൾ . മുണ്ടിൻ്റെ ഒരു കോന്തല കക്ഷത്തു വെച്ചു നടന്നു വരുന്ന അല്ലെങ്കിൽ നടന്നു മറയുന്ന ആ കാരണവരെ. മഞ്ഞണി മാമലയിൽ നിന്നൊരു മഞ്ഞ ഗൂർഖയും, കൊളോണിയലിസ്റ്റ് ചിന്താസരണിയും, ശക്തമായ അന്തർധാരയും , റാഡിക്കലായ മാറ്റവും ,കുറച്ച് പിണ്ണാക്കും,ഒരിത്തിരി പരുത്തിക്കുരുവും ശറപറേന്ന് ഒഴുകി വരുന്ന പാലും, ഇതാണാ രേഖകൾ എൻ്റെ കയ്യിലുള്ളരേഖകൾ, എന്ന് പറഞ്ഞ് ആ കൈരേഖ പ്രദർശനവും, പോലീസ് ഓഫീസറോട് സാർ ഇവിടെ കൂടൊന്നു പരിശോധിക്കണം എന്ന നിർബന്ധവും , തെമ്മാടിത്തം കാണിച്ചാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കുമെന്ന മരുമകനോടുള്ള ഭീഷണിയുമെല്ലാം ഒട്ടും തിളക്കം കുറയാതെ മത്സരിച്ചു മനസ്സിലെത്തുന്നില്ലേ? ഗോളാന്തരവാർത്തയിൽ കാരക്കൂട്ടിൽ ദാസൻ നന്നാവാൻ തീരുമാനിക്കുന്ന യോഗത്തിലെ പ്രസംഗം കാതിലിപ്പോഴും മുഴങ്ങുന്നില്ലേ? ശങ്കരാടി പറയുമ്പോൾ അതിഗംഭീരമായി മാറുന്ന വാക്കുകൾ ഇല്ലേ? ഓർത്തു നോക്കൂ.ശുദ്ധഹാസ്യം നാം അറിഞ്ഞതും ആസ്വദിച്ചതും ഇദ്ദേഹത്തിലൂടെയല്ലേ?
മലയാളി സിനിമ കാണാൻ തുടങ്ങിയതു മുതൽ കണ്ടു ശീലിച്ച മുഖം. ഭാവം. ശൈലി പകരക്കാരനുണ്ടോ?

എഴുന്നുറോളം അതിശക്തമായ കഥാപാത്രങ്ങളിലൂടെ ജീവിതമുഹൂർത്തങ്ങൾ പകർന്നാടിയ ശങ്കരാടിയുടെ ജന്മശതാബ്ദി വർഷമാണിത്. കൊച്ചിയിൽ 1924 ജൂലായ് പതിനാലിനാണ് ജനനം. 77 വയസ്സിൽ വിട പറഞ്ഞു. ജന്മനാടായ ചെറായിയിൽ ജന്മശതാബ്ദി സമ്മേളനം നടന്നു എന്ന ഒരു കുറിപ്പ് വാട്സ് അപ്പിൽ കണ്ടിരുന്നു. നാട് എക്കാലത്തും ഓർത്തിരിക്കേണ്ട ആ അഭിനയപ്രതിഭയെ ജന്മ നാടെങ്കിലും ഓർത്തല്ലോ അതിൽ സന്തോഷം.

കൂടുതൽ ഒന്നും പറയാതെ ഞാൻ എറ്റവും ചുരുക്കി എഴുതട്ടെ.
ഏതൊരു ഭാഷയിലേയും ഏതൊരു നടനും കണ്ടു പഠിക്കേണ്ട ഒരാൾ. ഏതൊരാൾക്കും എത്ര കണ്ടാലും മടുക്കാത്ത ഒരാൾ . ആവർത്തിക്കട്ടെ ഈ നടന് പകരക്കാരനുണ്ടാവില്ല. ഒരു കാലത്തും. കാരണം പകരമാകാൻ ആർക്കുമാകില്ല.
ഉറപ്പിച്ചുപറയട്ടെ ശങ്കരാടിയിൽ ആരംഭിച്ച് ശങ്കരാടിയിൽ അവസാനിച്ചു ആ വിസ്മയഭാവങ്ങൾ. അതെ നടനവൈഭവത്തിൻ്റെ പൂർണത നിറഞ്ഞ ഒരു കാലം നമുക്കു മുന്നിലൂടെ കടന്നു പോയി.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments