ഷിക്കാഗോ: ഫൊക്കാനയുടെ തലമുതിർന്ന നേതാവും, കേരളത്തിലെ ആദ്യകാല എസ്റ്റേറ്റ് യൂണിയൻ നേതാവുമായിരുന്ന അമേരിക്കൻ മലായാളികളുടെ പ്രിയങ്കരൻ ‘ചാക്കോച്ചായൻ’ (ടി.എസ് ചാക്കോ – 85) കേരളത്തിൽ ഇരവിപേരൂരിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ഇരവിപേരൂരിൽ നടക്കും..
നാല് പതിറ്റാണ്ട് അമേരിക്കൻ മലയാളികൾക്കൊപ്പം, അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ടി. എസ് ചാക്കോ അമേരിക്കൻ മലയാളികൾക്ക് ചാക്കോച്ചായൻ ആയിരുന്നു. പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ തറുവേലി മണ്ണിൽ കുടുംബാംഗമാണ്. പരേതയായ ചേച്ചമ്മ ചാക്കോയാണ് ഭാര്യ. മക്കൾ: സഖറിയ ജേക്കബ്, നൈനാൻ ജേക്കബ്, വർഗീസ് ജേക്കബ്.
ഇരവിപേരൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, ട്രാവൻകോർ തേയില എസ്റ്റേറ്റിൻ്റെ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ പ്ളാൻ്റുകളിൽ തൊഴിലാളികളെ സംഘടിപ്പിച്ചുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ ശ്രദ്ധിക്കപ്പെട്ടവരിൽ ഒരാളായിരുന്നു ടി.സി.ചാക്കോ. ഏതാണ്ട് 18 വർഷത്തോളം ട്രാവൻകോർ പ്ളാൻന്റിൽ പ്രവർത്തിച്ചു. എസ്റ്റേറ്റിലെ സ്റ്റാഫ് യൂണിയൻ ഉണ്ടാക്കിയതിന് നേതൃത്വം വഹിച്ചവരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.
1983 ൽ അമേരിക്കയിലെത്തിയ ടി.എസ് ചാക്കോ അമേരിക്കൻ മലയാളികളെ ഫൊക്കാന എന്ന ഒരു കൊടിക്കീഴിൽ കൊണ്ടുവന്ന വ്യക്തിത്വമാണ്. അമേരിക്കൻ മലയാളി സമൂഹത്തിനുവേണ്ടി ചെയ്തിട്ടുള്ള സംഭാവനകൾ ഒരിക്കലും വിസ്മരിക്കത്തക്കതല്ല. മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ബർഗൻ കൗൺസിലിന്റെ ദേശീയ അവാർഡ് ടി എസ് ചാക്കോയ്ക്ക് ലഭിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൻ്റെ ശ്രേഷ്‌ഠതകൊണ്ടാണ്. ജപ്പാൻ, കൊറിയ, ഫിലിപ്പ്യാ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വ്യക്തികളെ ആയിരുന്നു ഈ അവാർഡിനു പരിഗണിച്ചിരുന്നത്. ഇതു ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആണ് ടി.എസ് ചാക്കോ, കേരളത്തിലെ കമ്യൂണിറ്റി ലീഡർഷിപ്പ് ഫൗണ്ടേഷന്റെ 2012-ലെ പ്രവാസി പ്രതിഭാ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.