ന്യൂയോര്‍ക്ക്: മലയാള സിനിമാ രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ച മഹനടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഫെബ്രുവരി 1-ന് കേരളത്തിൽ വെച്ചു നടക്കുന്ന കെ.എച്ച്.എൻ.എ.യുടെ കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നല്‍കി ആദരിക്കുന്നു.
അന്നേ ദിവസം തന്നെ സുപ്രസിദ്ധ സാഹിത്യകാരിയും നിരൂപകയുമായ പ്രൊഫ. ഡോ. എം ലീലാവതിക്ക് കെ.എച്.എൻ.എ നാലാമത് ആർഷദർശന പുരസ്കാരം നൽകി ആദരിക്കും. ഇതിനുമുമ്പ് അക്കിത്തം, സി. രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി എന്നിവർക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
കെ.എച്.എൻ.എ. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “KHNA for Kerala” ചാരിറ്റി പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. വിവിധ പദ്ധതികളിലായി ഒരു കോടി രൂപയുടെ ധനസഹായമാണ് കേരളത്തിനുവേണ്ടി ഡോ. ജയരാമൻ നേതൃത്വം നൽകുന്ന സേവാ ഫോറം നടപ്പിലാക്കുന്നത്.
പ്രൊഫഷണൽ വിദ്യാർത്ഥികൾ, വിധവകൾ, ക്ഷേത്രകലാകാരന്മാർ തുടങ്ങിയവർക്ക് സഹായം, സ്ത്രീകൾക്ക് ബിസിനസ്സ് വായ്പ, ശാരീരിക-മാനസിക വൈകല്യങ്ങൾ ഉള്ളവർക്ക് ചികിത്സാ സഹായം, ബാലാശ്രമങ്ങൾ, വിദ്യാലയങ്ങൾ, വൃദ്ധസദനങ്ങൾ മുതലായ സ്ഥാപനങ്ങൾക്ക് സഹായം, വനവാസി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി കർമ്മപദ്ധതികളാണ് ഈ ബൃഹത് സംരംഭത്തിൽ കെ എച്ച് എന്‍ എ ഏറ്റെടുത്തിട്ടുള്ളത്.
കേന്ദ്ര മന്ത്രിമാർ, കേരള ഗവർണർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി എറണാകുളത്തുള്ള അഡ്ലക്‌സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വച്ചാണ് നടക്കുക. സമൂഹത്തിലെ വിവിധ ശ്രേണികളിൽ നിന്നുള്ള പ്രമുഖർ പ്രത്യേക ക്ഷണിതാക്കളായി പരിപാടിയിൽ പങ്കെടുക്കുമെന്ന് കെ.എച്.എൻ.എ. പ്രസിഡന്റ് അറിയിച്ചു.
2025 ആഗസ്റ്റ് 17,18,19 തീയതികളിൽ ന്യൂജെഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ വെച്ചു നടക്കുന്ന കെ.എച്.എൻ.എ.യുടെ വിരാട് 25 എന്ന രജത ജൂബിലി കൺവൻഷൻ വിജയിപ്പിക്കുന്നതിന് വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.