Wednesday, December 25, 2024
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 13 | ശനി...

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 13 | ശനി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ദു:ഖിച്ചിരിക്കുന്ന കുതിരയേയോ കിളിയേയോ കണ്ടിട്ടുണ്ടോ, അവയ്ക്ക് അസന്തുഷ്ടി ഇല്ലാത്തതിന്റെ കാരണം അവ മറ്റ് കുതിരകളേയോ കിളികളേയോ ശ്രദ്ധിക്കാനും അവയുടെ ശ്രദ്ധ പിടിച്ചെടുക്കാനും ശ്രമിക്കുന്നില്ലയെന്നതാണ്”

ഡെയ്ൽ കർനെഗി

മനുഷ്യന്റെ ദു:ഖത്തിനും ആവലാതികൾക്കും കാരണം ഒരു പരിധിവരെ മറ്റുളളവരിലേക്ക് നോക്കി അതിലും മികവാർന്ന ജീവിതപശ്ചാത്തലമുണ്ടാക്കിയെടുക്കാൻ വെമ്പൽ കൊളളുന്നതുമാണ്. ജീവിതങ്ങൾ പരിതാപകരമായ അവസ്ഥയിലേക്ക് എങ്ങനെയെത്തിയെന്ന് തിരിച്ചറിഞ്ഞു തിരുത്താൻ ശ്രമിച്ച്, പാളിച്ചകൾ തിരുത്തി കാലഘട്ടത്തിനനുയോജ്യമായ മനസ്സ് വളർത്തിയെടുക്കുന്നിടത്തേ അസന്തുഷ്ടി ഇല്ലാത്തവരായി മാറാൻ സാധിക്കുകയുള്ളു.
എന്തും സ്വന്തമാക്കുകയെന്ന ചിന്ത വരുന്നിടത്ത് തുടങ്ങിയതാണ് ഈ അസന്തുഷ്ടിയുടെ ആദിമ രൂപം.

കാലത്തിന്റെ കുത്തൊഴുക്കിലും, പുരോഗതിയ്ക്കനുസരിച്ചും മനുഷ്യ മനസ്സുകളിൽ സ്വകാര്യ സമ്പത്ത് വൻതോതിൽ വർദ്ധിപ്പിക്കാനുളള ത്വര ഉടലെടുക്കുമ്പോളാണ് അസ്സംത്യപ്തി പ്രധാനമായും സ്വഭാവങ്ങളിൽ രൂപപ്പെടുന്നത്. ആ സ്വഭാവത്തിന്റെ ഉപോൽപന്നമാണ് മറ്റുള്ളവരുമായി താരതമ്യം ചെയ്യലും, ഏത് വിധേനയും എതിരായി നിൽക്കുന്നവരെ മറികടക്കണമെന്ന മത്സരബുദ്ധിയുമുണ്ടാകുന്നത്. വ്യക്തികൾ നിയമാനുസൃത വഴികളിലൂടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ ശ്രമിയ്ക്കാതെ കുറുക്കുവഴികൾ തേടുന്നത് മുതലാളിത്ത സാമ്പത്തിക ക്രമം പിന്തുടരുന്ന രാജ്യങ്ങളിൽ അഭിലഷണീയം തന്നെയാണ് എന്നാൽ ഏത് കുത്സിത മാർഗ്ഗങ്ങളിലൂടേയും സ്വത്ത് സമ്പാദിച്ച് മികവ് പുലർത്തുകയെന്ന ചിന്ത വരുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. പെട്ടെന്ന് അമിതലാഭം ഉണ്ടാക്കാമെന്ന് കേട്ടാലുടൻ വേറൊന്നും ചിന്തിക്കാതെ അഭ്യസ്ത വിദ്യരായവർപോലും ഇറങ്ങിത്തിരിക്കുന്നതിന്റെ പിന്നിലും സ്വന്തം ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്നത് മാത്രമല്ല മേൽക്കൈ നേടാനുളള വെമ്പൽ കൂടിയാണ് പ്രതിഫലിക്കുന്നത്.

ഈ ചിന്തകളും,സമീപനരീതികളും വളർന്ന് വളർന്ന് ആർഭാടവും പൊങ്ങച്ചവും മാത്രമുളള ജനതയായി നാം മാറുന്നുവെന്നതും തിരിച്ചറിയേണ്ടതുണ്ട്. മറ്റുളളവരുടെ മുമ്പിൽ പ്രതാപം കാണിക്കാൻ കൊളളപ്പലിശക്ക് കടംവാങ്ങിയും കാര്യങ്ങൾ നടത്തുന്നവരേയും നമുക്ക് നമ്മുടെ ചുറ്റുപാടും കാണാം. കടക്കെണിയിൽപ്പെട്ടു ജപ്തിയുടെ വക്കിലെത്തുമ്പോൾ ജീവിതങ്ങൾ കൂട്ടയാത്മഹത്യയിൽ അവസാനിപ്പിക്കുന്ന ദുരന്തങ്ങളും നാം വലിയ ഇടവേളകളില്ലാതെ കേൾക്കേണ്ടിവരുന്നു. സ്നേഹിതരേ ക്രയവിക്രയങ്ങളിൽ തങ്ങളുടെ
ശേഷിക്കനുസരിച്ചു ജീവിതക്രമം നിലനിർത്തുകയാണുത്തമം. മറ്റുളളവരിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കാതെ നമ്മളിൽ കേന്ദ്രീകൃതമായ കഴിവുകളെ കണ്ടെത്തി പരമാവധി കർമ്മനിരതരായി ജീവിക്കാനുളള വഴി കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്. ഓരോരുത്തരുടേയും കഴിവുകൾ വ്യത്യസ്തമാണെന്ന ബോധ്യമുണ്ടാകണം.

സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments