Friday, January 10, 2025
Homeഅമേരിക്കശുഭ ചിന്ത - 102 പ്രകാശഗോപുരങ്ങൾ - 78 'വിനയം'

ശുഭ ചിന്ത – 102 പ്രകാശഗോപുരങ്ങൾ – 78 ‘വിനയം’

പി. എം.എൻ.നമ്പൂതിരി.

ഒഴിഞ്ഞിട്ടുള്ള പാത്രങ്ങളുണ്ടാക്കുന്നു മഹാരവം
നിറഞ്ഞുള്ളൊരു പാത്രത്തിലുണ്ടാകാ ശബ്ദഡംബരം.

നിറകുടം തുളുമ്പില്ല. എന്നാണ് മുകളിൽ കൊടുത്ത വരികളുടെ അർത്ഥം. കതിർമണികൾ ചായുമ്പോൾ പതിരുകൾ നിവർന്നു നിൽക്കുന്നു. ഈ വാക്യങ്ങളിലെല്ലാം വിനയത്തിൻ്റെ ശ്രേഷ്ഠതയാണ് ധ്വനിക്കുന്നത്. വിനയമില്ലാത്ത വിദ്യ നല്ലതല്ല. വിനയമില്ലാത്ത വിദ്വാൻ ശ്രേഷ്ഠനുമല്ല. അഹന്തയുള്ളവൻ ജിവിതത്തിൽ വിജയിക്കില്ല. വിനയം നമുക്കും നമ്മളുമായി ഇടപെടുന്നവർക്കും ആനന്ദം ഉണ്ടാക്കുന്നു. മാന്യതയുടെ ലക്ഷണംതന്നെ വിനയമാണ്. വിനയം നമ്മുടെ പെരുമാറ്റത്തിലെ ഘർഷണം ഒഴിവാക്കും. പൊതുപ്രവർത്തനത്തിനും പൊതുജനസമ്പർക്കത്തിനും ഈ ഗുണം ഉണ്ടായിരിക്കണം. നമ്മളിൽ പലർക്കും ദൈവം ചില കഴിവുകൾ തന്നിട്ടുണ്ട്. സാഹിത്യം, സംഗീതം, ചിത്രരചന, പ്രസംഗം ഇങ്ങനെ വിവിധ മേഘലകളിൽ കഴിവുനേടിയവരുണ്ടാകും. ഈ സിദ്ധികൾ ദൈവത്തിൻ്റെ വരദാനമായി കണക്കാക്കണം. തൻ്റെ കഴിവുകളാണിവ എന്ന് കരുതി ഊറ്റംകൊള്ളുന്നവരെ മറ്റുള്ളവർ പുച്ഛിക്കും. തകഴിയുടെ “”കയർ ” എന്ന നോവലിന് അവാർഡ് കിട്ടി.ആ ഗ്രന്ഥത്തിൻ്റെ കൈയെഴുത്തുപ്രതി എഴുതുവാൻ അദ്ദേഹം ഉപയോഗിച്ച പാർക്കർ പേന പറയുകയാണ്: “താനാണ് നോവൽ എഴുതിയത്. അതു കൊണ്ട് തനിക്കാണ് അവാർഡ് ലഭിച്ചത് എന്ന് ” ഇതുപോലെതന്നെയല്ലേ നമ്മളും പല അവകാശവാദങ്ങളും ഉന്നയിക്കുന്നത്? എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പിതമായി ചെയ്യുന്നവൻ തൻ്റെ കഴിവുകളിൽ അഹങ്കരിക്കുകയില്ല. ഒരു വീട്ടമ്മ വെണ്ടയ്ക്ക, വഴുതനങ്ങ, കുമ്പളങ്ങ, മുരിങ്ങക്ക ഒക്കെ കഷണങ്ങളാക്കി കലത്തിലെ വെള്ളത്തിലിട്ടു. പുളിവെള്ളവും പൊടികളുമൊക്കെയിട്ട് കലം അടുപ്പിനു മുകളിൽ വച്ചു. വെള്ളം തിളച്ചപ്പോൾ വെണ്ടയ്ക്കയും വഴതനങ്ങയുമൊക്കെ മുകളിലേയ്ക്ക് വന്നു. ഒന്ന് കറങ്ങി വീണ്ടും താഴേയ്ക്കു പോയി. വീണ്ടും അവ മുകളിലേയ്ക്ക് പൊങ്ങി, താണു. തങ്ങളുടെ ഈ നൃത്തത്തിൻ അവർ അഹങ്കരിച്ചു. എന്നാൽ നടുവു വളയ്ക്കാനാവാതെ മുകളിലേയ്ക്കു പൊങ്ങിത്താഴുന്ന മുരിങ്ങക്കയെ വെണ്ടയ്ക്കയും വഴതനങ്ങയും കളിയാക്കി. അവർ മുരിങ്ങക്കയോടു പറഞ്ഞു: “മേയ് വഴക്കമില്ലാത്ത നീ നൃത്തത്തിനു മുതിരാതെ മറ്റു വല്ല പണിയ്ക്കും പോകുക “ ഈ ശാസനകേട്ട് പാവം മുരിങ്ങയ്ക്ക ദു:ഖിച്ചു. എന്നാൽ ഉടനെ നർത്തകികളുടെ ചലനം നിലച്ചു. കാരണം അടുപ്പിലെ തീ അണഞ്ഞു. അപ്പോൾ മുരിങ്ങക്കായ ചോദിച്ചു: “എന്തുപറ്റി നിങ്ങൾക്ക്. ആ ചോദ്യം കേട്ട് വെണ്ടയ്ക്കയും വഴുതനങ്ങയും നാണിച്ചു തലതാഴ്ത്തി.

ഒന്ന് മനസ്സിലാക്കുക! നമ്മുടെ കഴിവുകളെ ഉത്തേജിപ്പിക്കുന്നത് ഈശ്വരചൈതന്യമാണ്. നാലുപേർ അറിയുന്ന ഒരു വ്യക്തിയുടെ ഔദ്ധത്യത്തിനു വാർത്താപ്രാധാന്യം ലഭിക്കുന്നു. യഥാർത്ഥ മഹത്ത്വമുള്ളവർ കൂടുതൽ വിനയാന്വിതരായിരിക്കും. ഔന്നത്യം അവരെ അന്ധരാക്കുകയില്ല. ചവിട്ടിക്കയറിയ പടവുകൾ അവർ മറക്കില്ല. എനിക്കൊന്നും അറിയില്ല എന്ന അറിവാണ് ഏറ്റവും വലിയ അറിവ്. എൻ്റെ തല വളരെ ഉയർന്നു കാണപ്പെടുന്നുവെങ്കിൽ അതിൻ്റെ കാരണം ഞാൻ അത്യുന്നതരുടെ തോളിൽ ചവിട്ടിയാണ് നിൽക്കുന്നത് എന്നതുതന്നെ. ഭൗതിക ശാസ്ത്രത്തിൻ്റെ പിതാവെന്ന് അറിയപ്പെടുന്ന സർ ഐസക് ന്യൂട്ടൻ്റെ വാക്കുകളാണിവ. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: “”വിജ്ഞാനപാരാവാരത്തിൻ്റെ തീരത്തിരുന്നു കക്ക പെറുക്കിക്കളിക്കുന്ന ഒരു ചെറു ബാലൻ മാത്രമാണ് താൻ എന്ന്. “ അതുപോലെതന്നെ മഹാത്മജിയോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു: “അങ്ങ് എന്തുകൊണ്ടാണ് തേഡ് ക്ലാസ്സിൽ മാത്രം സഞ്ചരിക്കുന്നത്? അതിന് ഗാന്ധിയുടെ ഉത്തരം പെട്ടന്നായിരുന്നു.”നാലാം ക്ലാസ്സില്ലാത്തതു കൊണ്ട് “.അനുഗൃഹീത ഗായകിയായ എം.എസ്. സുബ്ബലക്ഷ്മിയുടെ സംഗീതക്കച്ചേരി ഡൽഹിയിൽ ഉദ്ഘാടനം ചെയ്യവേ ജവഹർലാൽനെഹ്രു പറഞ്ഞു “ഈ അനുഗൃഹീത ഗാനചക്രവർത്തിനിയുടെ മുമ്പിൽ ഞാൻ വിനീതനായ വെറും ഒരു പ്രധാനമന്ത്രി മാത്രമാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും പ്രതിഭാധനനായ ഭൗതിക ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനോട് ഒരു സ്നേഹിതൻ ചോദിച്ചു: “അങ്ങിപ്പോൾ ഗവേഷണം നടത്തുന്ന വിഷയമെന്താണ്? അതിനു അദ്ദേഹം പറഞ്ഞത് “”ഞാൻ ഒരു പുതിയ വിറ്റാമിനെപ്പറ്റി പഠിക്കുകയാണ്. അതെത്ര കുറയുന്നുവോ അത്രയും ശരീരത്തിന് നല്ലതാണ്.കൂടിയാലോ നാശമാണ് ഫലം. അതിൻ്റെ പേര് വിറ്റാമിൻ ഐ ( vitamin I). അതായത് ഞാനെന്ന ഭാവം എത്ര കുറയുന്നുവോ അത്രയും നല്ലതാണ്.അതാണ് ആ ശാസ്ത്രജ്ഞൻ പറഞ്ഞതിൻ്റെ സാരം.

തീരം നദിയോടു ചോദിച്ചു: “ഹേ മഹാനദീ, നീ വെള്ളപ്പൊക്കക്കാലത്ത് അഹങ്കാരത്തോടെ കുലംകുത്തി ഒഴുകുമ്പോൾ കരയിൽ നിൽക്കുന്ന വൻ മരങ്ങളെപ്പോലും കടപുഴക്കി ഒഴുക്കി താഴോട്ട് കൊണ്ടു പോകുന്നു. എന്നാൽ കരയിൽ നിൽക്കുന്ന ആറ്റുവഞ്ചികളെ നിനക്കൊന്നും ചെയ്യാൻ പറ്റാത്തതെന്തുകൊണ്ടാണ്? അതിന് നദി കൊടുത്ത മറുപടി: “അറ്റുവഞ്ചിക്ക് താഴേണ്ടിടത്തു താഴുവാനും ഉയരേണ്ടിടത്ത് ഉയരാനും കഴിയും. അങ്ങനെയുള്ളവരെ ഏതു ശക്തനും ഒന്നും ചെയ്യാൻ കഴിയുകയില്ല.”

നമുക്ക് സമ്പത്തോ പദവിയോ ലഭിച്ചാൽ, വിനയം പോയ് മറയുന്നു.അഹന്ത നമ്മെ ഭരിക്കുന്നു. അതോടെ ഈശ്വരൻ അകലുന്നു.പണം തരുന്ന സുഖവും സമൃദ്ധിയും അല്പായുസ്സാണെന്ന കാര്യം നാം മറക്കുന്നു. അതു കൊണ്ടാണ് നബി ഒരിക്കൽ അനുയായികളോടു പറഞ്ഞത്: “സുഹൃത്തുക്കളെ നിങ്ങൾക്കു ദാരിദ്ര്യം ഉണ്ടാകുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല. പക്ഷെ നിങ്ങൾ സമ്പന്നരാകുന്നതിനെ ഞാൻ ഭയപ്പെടുന്നു.കാരണം നിങ്ങൾ സമ്പന്നരായാൽ നിങ്ങളിലെ വിനയം അപ്രത്യക്ഷമാകും. മതമാത്സര്യങ്ങൾ ഉണ്ടാകും. അവ നിങ്ങളെ നാശത്തിലേക്കു നയിക്കും. അതുകൊണ്ട് സമ്പത്തിനേയും അധികാരത്തെയും സൂക്ഷിക്കുക.”

ഫലം തിങ്ങുന്ന പാദപങ്ങൾ തല കുനിച്ചാണ് നിൽക്കുന്നത്. നീരിൻ്റെ അളവ് കൂടും തോറും മേഘം താണു സഞ്ചരിക്കുന്നു. ഈ പാഠങ്ങൾ പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. കൊടുങ്കാറ്റ് വൻ കെട്ടിടങ്ങളെ തകർക്കും. വൻമരങ്ങളെ പിഴുതെറിയും.എന്നാൽ നിലംപറ്റി നിൽക്കുന്ന പുൽക്കൊടികളും നിലത്തു പടരുന്ന ചെറുചെടികളും കൊടുങ്കാറ്റിനെ ഭയപ്പെടാതെ നിൽക്കുന്നു. പ്രകൃതി നൽകുന്ന ഈ പാഠങ്ങൾ നാം ഉൾക്കൊള്ളുക – ജീവിതം അർത്ഥവത്താക്കുക.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments