ഒരു ദശകം നീണ്ട തീവ്ര പ്രണയത്തിനും ഒരുപാടാലോചനകൾക്കും ശേഷമാണ് ശതാഭിഷേകം കഴിഞ്ഞ ഔസേപ്പുമാപ്പിളയും വരുന്നമാസം എൺപതിലേക്കു കടക്കുന്ന അന്നമ്മചേട്ടത്തിയുംകൂടെ കല്യാണത്തിനും അതു പ്രാവർത്തികമാക്കാൻവേണ്ടി ഒരു ഒളിച്ചോട്ടത്തിനുമുള്ള തീരുമാനത്തിലെത്തിയത്. രണ്ടുപേരും അയൽവാസികളാണ്. രണ്ടുപേർക്കും കൂട്ടാളികൾ ഇല്ലാതെയായിട്ട് സംവത്സരങ്ങൾ ഇരുപതുകഴിഞ്ഞു. പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കാൻ വയസ്സാംകാലത്ത് ഒരുതുണവേണം എന്ന ചിന്ത തന്നെയാണ് രണ്ടുപേരേയും തമ്മിൽ തുടക്കത്തിൽ കൂടുതലായി അടുപ്പിച്ചത്.
പക്ഷെ…ഒളിച്ചോട്ടം ഉടനെ വേണമെന്നു തീരുമാനിക്കാനുള്ള കാരണം വെറും ഒരു വയസ്സൻ പ്രണയം മാത്രമായിരുന്നില്ല. നീതീകരിക്കാവുന്ന ഒട്ടനവധി നിരവധി കാരണങ്ങൾ വേറെയുമുണ്ട്. ഒന്ന് വീട്ടുകാർ കാണിക്കുന്ന കടുത്ത അവഗണന തന്നെ. പ്രധാനപ്പെട്ട പല ആലോനകളിലും തീരുമാനങ്ങളിലും അവരെ ഭാഗവാക്കാക്കുന്നേയില്ല. വേറൊന്ന് വീടുകളിൽ അവർ അനുഭവിക്കുന്ന കടുത്ത പാരതന്ത്രമാണ്. ഇതൊക്കെ പ്രായമായവരുടെ സ്ഥിരം പല്ലവിയായി കണക്കാക്കി എഴുതിത്തള്ളാമെന്നു വെച്ചാലും രണ്ടുപേരും അക്കമിട്ടു നിരത്തുന്ന മറ്റു സംഭവങ്ങളെ തീരേ ചെറുതാക്കി തള്ളിക്കളയാൻ ഈ മോഡേൺ യുഗത്തിൽ മനുഷ്യനായി പിറന്ന ആർക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല.
ഒരുപ്രാവശ്യം ഔസേപ്പുമാപ്പിളയും അന്നമ്മച്ചേട്ടത്തിയുംകൂടെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച്, പ്രേമം എന്ന ഒരുസിനിമ കാണാൻപോയി. അതെങ്ങിനെയോ അറിഞ്ഞ മൂത്തമകൻ സണ്ണിക്കുട്ടി തൻ്റെ മുഖത്തുനോക്കി “തൈക്കിളവിയുടെ കാമക്കൂത്ത് ” എന്നുപറഞ്ഞ് അധിക്ഷേപിച്ചത് അന്നമ്മയുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. അതിനുശേഷം ഒറ്റക്ക് പള്ളിയിലെ ഞായറാഴ്ച്ച കുർബ്ബാനക്ക് പോകാൻ പോലും അവൻ അവരെ അനുവദിക്കുന്നില്ല. കൂട്ടിലടച്ച കിളിയെപ്പോലെയുള്ള ജീവിതം അന്നമ്മച്ചേട്ടത്തിക്ക് മടുത്തു. ചാറ്റു ചെയ്യാൻ അനുവാദമില്ല. വാട്ട്സ്അപ്പിന് നിയന്ത്രണം. ഒരു സെൽഫിപോലും സ്വന്തമായെടുത്ത് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാനുള്ള അനുവാദമില്ലാത്ത വീട്ടിൽ എങ്ങിനെ ഈ ഡിജിറ്റൽ യുഗത്തിൽ താമസിക്കും…? അന്നമ്മയുടെ ഹൃദയവേദന ഔസേപ്പിൻ്റെ പ്രണയാർദ്രമായ കരളിനെയും വല്ലാതെകണ്ട് കുത്തിനോവിച്ചതിൽ ഒട്ടും അത്ഭുതപ്പെടാനില്ലല്ലോ.
ഔസേപ്പുമാപ്പിളയുടെ അവസ്ഥയും തഥൈവ. ഇക്കഴിഞ്ഞ പ്രണയദിനത്തിന് ഒരു കുടുംബഗ്രൂപ്പിൽ തൻ്റെ ഒരു കടിഞ്ഞൂൽ പ്രണയാനുഭവം ഇച്ചിരി എരിവും പുളിയും ചേർത്ത് പോസ്റ്റ് ചെയ്തതിന്
“മുതുക്കിളവൻ്റെ ഒരു ബാല്യകാല പ്രണയം.. കാമപ്രാന്ത്….ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെ മുന്നിൽ തങ്ങളെ നാറ്റിച്ചു”
എന്നും പറഞ്ഞ് മൂത്തമകൻ സജിയും അവൻ്റെ കെട്ടിയോൾ ഫിലോമിനയുംകൂടി തൻ്റെനേരെ കുതിരകയറിയത് മാപ്പിള എങ്ങിനെ മറക്കും? അയാളുടെ വൈഫിയും വാട്ട്സ്അപ്പുംവരെ അവർ കട്ടു ചെയ്തു. പിന്നീട് പ്ലസ്ടുവിന് പഠിക്കുന്ന പേരക്കുട്ടി ജെയിംസ്മോനെ സോപ്പിട്ടാണ്, ഔസേപ്പച്ചൻ അന്നമ്മച്ചേട്ടത്തിയുമായി ഒരുദിവസം വെറും നാലഞ്ചു മണിക്കൂർ മാത്രം നടത്തുന്ന ചാറ്റിംഗ് പോലുള്ള, അത്രയ്ക്കും ഒഴിച്ചുകൂടാനാവാത്ത അത്യാവശ്യമായ കാര്യങ്ങൾപോലും കഷ്ടിമുഷ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കിലും കാര്യംകാണാൻ കഴുതക്കാലും പിടിച്ചല്ലേ പറ്റൂ…
“എൻ്റെ സെൻ്റ് മേരീസ് പരിശുദ്ധമാതാവേ…ദിവസവും അരിച്ചുപെറുക്കി തരുന്ന ഒരു ജിബി ഡാറ്റക്ക്, മാസാവസാനം തൻ്റെ വാർദ്ധക്യകാല പെൻഷൻ്റെ പാതിയും അവൻ പിടുങ്ങും”.
ജെയിംസിനെ പറ്റിയുള്ള ഔസേപ്പുമാപ്പിളയുടെ പിറുപിറുപ്പിൽ അസത്യത്തിൻ്റെ ഒരു ചെറുകണികപോലും ഉണ്ടായിരുന്നില്ല.
പരസ്പര പൂരകങ്ങളായ ഇത്തരത്തിലുള്ള കുടുംബാംഗങ്ങളിൽ നിന്നും നേരിട്ട കടുത്ത തിക്താനുഭവങ്ങളാണ് ഏറ്റവും അടുത്ത് ഒത്തുകിട്ടുന്ന ഒരുദിവസംതന്നെ ഒളിച്ചോട്ടം നടത്തിയേ തീരൂ… എന്ന തീരുമാനത്തിലേക്ക് രണ്ടുപേരെയും നയിച്ചത്. പോകാനുള്ള സ്ഥലവും അവർ നിശ്ചയിച്ചുറപ്പിച്ചു. നൂറുകിലോമീറ്റർ അകലെ ഒറ്റയ്ക്ക് കഴിയുന്ന അന്നമ്മചേട്ടത്തിയുടെ അനുജത്തി ത്യേസാമ്മ്യയുടെ വീടായിരിക്കും ഇനിയങ്ങോട്ടുള്ള തങ്ങളുടെ ഒളിത്താവളം.
ചെറുപ്പകാലത്തെ കരിങ്കൽക്വാറി മുതലാളിയായിരുന്ന ഒരു തമിഴനുമായുള്ള പ്രേമക്കുരുക്കിൻ്റെ പേരിൽ വീട്ടുകാരും നാട്ടുകാരുമൊക്കെയായി ഇടഞ്ഞ്, അയാളുമൊത്ത് നാടുവിട്ടതായിരുന്നു, ത്യേസാമ്മ്യ. പക്ഷേ… രണ്ടുവർഷം കഴിഞ്ഞപ്പോൾ തമിഴൻ അയാളുടെ പണിക്കുപോയി. എങ്കിലും അയാളുടെ മലമുകളിലെ വീടും നാലഞ്ച് ഏക്കർ സ്ഥലവും ത്രേസ്യാമ്മക്ക് എഴുതിവെച്ചിരുന്നു.
” അതിനുശേഷം വീട്ടുകാരോടു നാട്ടുകാരോടും എല്ലാവരോടും അകന്ന് ജീവിക്കുന്ന എൻ്റെ വീട്ടിലേക്ക് നിങ്ങൾ വരുമെന്ന് വീട്ടുകാരൊന്നും സ്വപ്നേപി വിചാരിക്കില്ല. കൂടാതെ ഇവിടെ റേഞ്ച് കുറവായതുകൊണ്ട് വീട്ടുകാരുടെ മൊബൈൽ കഴുകൻ കണ്ണുകൾക്കൊന്നും ഇവിടെ എത്തിപ്പെടാനും പറ്റില്ല. പക്ഷെ… നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട… റേഞ്ച് കുറവാണെങ്കിലും വീട്ടിൽ ഇഷ്ടംപോലെ വൈഫി ഉണ്ട്. അന്നമ്മചേട്ടത്തി ഒരു വൈഫായിട്ടുതന്നെ ഇങ്ങോട്ടേക്ക് വലതുകാലുംവെച്ച് കയറി വന്നോളൂ…നാടുംവീടും ഉപേക്ഷിച്ച് കാലങ്ങളായി ഇവിടെ ഒറ്റയ്ക്ക് കഴിയുന്ന എനിക്ക് ഇതിൽപ്പരം ഒരു സന്തോഷം വേറെ കിട്ടാനില്ല… ”
ത്യേസാമ്മ്യയുടെ കർണ്ണാനന്ദകരമായ വാക്കുകൾ കേട്ടപ്പോൾ അന്നമ്മ രോമാഞ്ച പുളകിതയായി.
അന്നമ്മയുടെ കണ്ണിലെ തിളക്കം ഏറ്റുവാങ്ങി ഹർഷോന്മാദത്തിൽ ആറാടിയ ഔസേപ്പിൻ്റെ കാമുകമനസ്സും പ്രതികരിച്ചു.
” ഹാവൂ…ആശ്വാസമായി… റേഞ്ചില്ലെന്നു കേട്ടപ്പോൾ ആദ്യം ഒന്നു മടിച്ചു. എന്തായാലും ഇപ്പോൾ സമാധാനമായി. ഇനി ധൈര്യമായിട്ടു പോകാം. ഒരാളെയും പേടിക്കാതെ അവിടെയിരുന്ന്, ഇഷ്ടംപോലെ സെൽഫികൾ എടുത്തുകൂട്ടാം…ശരിക്കും ഒരു ഷൈലോക്കായ ജെയിംസിൻ്റെ പിടിച്ചുപറി കൂടാതെ മന:സമാധാനത്തോടെ മുഴുവൻ സമയവും ചാറ്റിംഗിൽ ആമഗ്നനാവാം… ”
ഞായറാഴ്ച്ച കുർബാനയ്ക്ക് വീട്ടുകാരെല്ലാം പള്ളിയിലേക്കു പുറപ്പെട്ടപ്പോൾ ഔസേപ്പുമാപ്പിള തലവേദന കാരണവും അന്നമ്മ മുട്ടുവേദന കാരണവും അവരോടൊപ്പം പോയില്ല. എല്ലാവരും പോയെന്നുറപ്പായപ്പോൾ രണ്ടുപേരുടെയും വേദനകളും മാറി. ഒരുക്കങ്ങളെല്ലാം ധൃതഗതിയിൽ പൂർത്തിയാക്കി രണ്ടുപേരും പുറപ്പെട്ടു. ആദ്യം കണ്ട ബസ്സിൽതന്നെ കയറി. അടുത്തടുത്തുതന്നെ സീറ്റും കിട്ടി. സന്തോഷംകൊണ്ട് മതിമറന്ന അന്നമ്മചേട്ടത്തി തൻ്റെ വെത്തില ചെല്ലം തുറന്ന് വിസ്തരിച്ചുള്ള ഒരു മുറുക്കിന് വട്ടം കൂട്ടി. ഔസേപ്പുമാപ്പിളയുടെ മനസ്സിൽ അപ്പോൾ ഒരുപാടു ലഡ്ഡുകൾ പൊട്ടാൻ തുടങ്ങി. അയാൾ അന്നമ്മയെ ഒന്നുകൂടെ ചേർത്തുനിർത്തി. ഷർട്ടിൻ്റെ പോക്കറ്റിൽനിന്നും മൊബൈൽ എടുത്തു. പക്ഷേ…മൊബൈൽ തുറക്കുന്നില്ല. വീണ്ടും പോക്കറ്റിൽ കയ്യിട്ടു. കണ്ടില്ല. പേഴ്സ് മൊത്തം അരിച്ചുപെറുക്കി. പിന്നീട് മുണ്ടിൻ്റെ അടിയിലെ ട്രൌസറിൽ പരതി. കണ്ടില്ല. ബാഗുമൊത്തം അരിച്ചും കുടഞ്ഞും നോക്കി. കണ്ടില്ല. നിസ്സഹായനായി ഔസേപ്പ് മാപ്പിള അന്നമ്മയെ നോക്കി.
കാര്യം പിടികിട്ടിയ അന്നമ്മ ആദ്യം വെത്തിലചെല്ലം വിസ്തരിച്ചുനോക്കി. പേഴ്സും ബാഗും മൊത്തം പരതി. കണ്ടില്ല. പിന്നീട് തൻ്റെ ചട്ടയുടെയും മുണ്ടിൻ്റെയും കെട്ടിവെച്ച കോന്തലയും അഴിച്ചുനോക്കി. ഒരു കടലാസുതുണ്ട് കിട്ടിയപ്പോൾ ആദ്യം ഒന്നു സന്തോഷിച്ചു. പക്ഷെ… അത് ത്യേസ്യാമ്മയുടെ അഡ്രസ്സും ഫോൺനമ്പറുമായിരുന്നു.
അവസാനം രണ്ടുപേരും ഒരുമിച്ചു നിലവിളിച്ചു.
“അയ്യോ… പാസ്സ് വേർഡ് എഴുതിവെച്ച കടലാസുതുണ്ട് കാണുന്നില്ല. ഒരു സെൽഫി എങ്കിലും എടുത്ത് പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊക്കെ ഇടാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്നാത്തിനാ ഒളിച്ചോട്ടം….? അതുപോലെ ബസ്സിറങ്ങിയാൽ വീട്ടിലേക്കുള്ള വഴി കൃത്യമായി ചോദിച്ചു മനസ്സിലാക്കാൻ ഇനി ത്യേസ്യാമ്മയെ വിളിക്കാനും പറ്റില്ല.”
ബസ്സിലെ കണ്ടക്ടർക്ക് ടിക്കറ്റിനുള്ള പണം എടുത്തു കൊടുക്കുമ്പോൾ അറിയാതെ പാറിപ്പോയ ഒരു തുണ്ടുകടലാസ്സ് ഔസേപ്പച്ചനെയും വെത്തിലചെല്ലം തുറന്നപ്പോൾ വെത്തിയോടൊപ്പം പുറത്തേക്കു ചാടിയ കടലാസുകഷണം അന്നമ്മച്ചേച്ചിയെയും ചതിച്ചു. അപ്പോഴേക്കും ബസ്സ് മൂന്നുനാല് സ്റ്റോപ്പ് പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാർ കുർബ്ബാന കഴിഞ്ഞു മടങ്ങുന്നതിന്നുമുമ്പേ, വീട്ടിൽചെന്ന് പാസ്സ് വേർഡ് നോക്കി വരാൻ കഷ്ടിച്ച് സമയമുണ്ട്. ഓർത്തുവെക്കാൻ ബുദ്ധിമുട്ടുള്ള ഒരു മണിച്ചിത്രത്താഴിട്ട് തങ്ങളുടെ ഫോണുകളെ പൂട്ടിയിട്ടതിന്ന് വീട്ടുകാരെ ശപിച്ചും, ഫോൺ തുറക്കാതെതന്നെ ഫോട്ടോ എടുക്കാനുള്ള സാങ്കേതികവിദ്യകൾ അറിയാതെ പോയതിന്ന് സ്വയം പഴിച്ചും കൊണ്ട്, രണ്ടുപേരും ധൃതിപിടിച്ച് അടുത്ത ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി.
പക്ഷേ… അവരുടെ നിർഭാഗ്യത്തിന് അത് പള്ളിസ്റ്റോപ്പ് കൂടിയായിരുന്നു. ഇറങ്ങിയ ഉടനെ അവരുടെ ദൃഷ്ടി പഥത്തിലേക്ക് പള്ളിയും അൾത്താരയിലെ ക്രിസ്തുദേവൻ്റെയും കന്യാമറിയത്തിൻ്റെയും ദിവ്യരൂപവും കടന്നുവന്നു. ഒപ്പം പളളിയിൽനിന്നും തിരുമൊഴികളും ഉയർന്നുതുടങ്ങി.
അത്യുന്നതങ്ങളിൽ
ദൈവത്തിനു സ്തുതി. സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം.
സത്യക്രിസ്ത്യാനികളായ രണ്ടുപേരുടെയും കൈയ്യുകൾ അറിയാതെ നെഞ്ചിൽ കുരിശുവരച്ചു. കാലുകൾ മനസ്സിനെ കൈവിട്ട് പതുക്കെ പതുക്കെ പള്ളിയിലേക്കുനടന്നു.
ഭാഗ്യത്തിന് കുർബാന തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ബാഗുകൾ ആരും കാണാതെ പള്ളിയിലെ ഒരു മൂലയിൽവെച്ചു. രണ്ടുപേരും രണ്ടുവഴികളിൽകൂടി തങ്ങളുടെ കുടംബാംഗങ്ങളോടൊപ്പം എത്തി കുർബാനയിൽ പങ്കുചേർന്നു. പക്ഷെ
ചോദ്യങ്ങൾക്ക് രണ്ടുപേരും തങ്ങളുടെ കുടുംബാംഗങ്ങളോട് പറഞ്ഞ മറുപടി ഒന്നു തന്നെയായിരുന്നു.
“എന്തെങ്കിലും ഒരു വഴിയുണ്ടെങ്കിൽ ഞായറാഴ്ച്ച കുർബാന മുടക്കരുതെന്നാണ് കർത്താവിൻ്റെ അരുളപ്പാട്. വേദന കുറച്ചു കുറഞ്ഞപ്പോൾ വീട്ടിലിരിക്കാൻ മനസ്സു വന്നില്ല. രണ്ടുംകല്പിച്ചു പുറപ്പെട്ടു…..”
പക്ഷേ…ഒരു കാര്യത്തിൽ രണ്ടു പേർക്കും ചെറുതായൊന്ന് ആശ്വസിക്കാൻപറ്റി. അന്ന് സ്പെഷ്യൽ കുർബ്ബാന ആയതുകൊണ്ട്, പള്ളിമുറ്റത്തുവെച്ച്, സണ്ണിക്കുട്ടിയും സജിയും എടുത്ത കുടുംബാംഗങ്ങളുടെ സെൽഫികളിലെല്ലാം അന്നമ്മയുടെയും ഔസേപ്പുമാപ്പിളയുടെയും മുഖകമലങ്ങളും വളരെ വ്യക്തമായി.. നന്നായി… തെളിഞ്ഞു നിന്നിരുന്നു!….