ഡിട്രോയിറ്റ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫോമായുടെ 2024-2026 വർഷത്തേക്കുള്ള അഡ്വൈസറി കൗൺസിൽ സെക്രട്ടറിയായി ശ്രീ. സൈജൻ കണിയൊടിക്കൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 9-ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോക പ്രശസ്തമായ പുൻറക്കാനയിൽ ബാർസലോ ബവാരോ പാലസ് ഫൈവ്സ്റ്റാർ റിസോർട്ടിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. നോർത്ത് അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചു കിടക്കുന്ന പന്ത്രണ്ടു റീജിയണുകളിലായി 84 -ൽ പരം അംഗസംഘടനകളാണ് ഫോമാക്കു കീഴിൽ ഉള്ളത്.
കേരളത്തിൽ ആലുവാ സ്വദേശിയായ ശ്രീ സൈജൻ 2007-ലാണ് മിഷിഗണിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം ചേക്കേറിയത്. ഏറെ വൈകാതെ തന്നെ ഡിട്രോയിറ്റ് മലയാളി അസോസിയേഷനിലൂടെ തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം ഇന്ന് അമേരിക്കൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാണ്. കലാസാംസ്കാരിക സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സൈജൻ, വിദേശ മലയാളികൾക്കിടയിൽ ഏറെ പ്രചാരമുള്ള, ഫോമായുടെ സാഹിത്യ മാസികയായ ‘അക്ഷരകേരളത്തിന്റെ’ മാനേജിംഗ് എഡിറ്ററായി നിലവിൽ സേവനം ചെയ്യുന്നു. 2020-ൽ അദ്ദേഹം തന്നെയാണ് ഇങ്ങനെയൊരു ആശയം ഫോമായിൽ കൊണ്ടുവരുന്നതും അതേ വർഷം നവംബർ ഒന്നിന് മാഗസിൻ നിലവിൽ വരുന്നതും. അതു കൂടാതെ ഡി.എം.എ യുടെ ‘ധ്വനി’ മാഗസിന്റെ ചീഫ് എഡിറ്റർ കൂടിയാണ്. അറിയപ്പെടുന്ന ഒരു കലാകാരൻ കൂടിയായ ശ്രീ സൈജൻ കണിയൊടിക്കൽ വ്യത്യസ്ഥങ്ങളായ പല നാടകങ്ങളും രചിച്ച്, സംവിധാനം ചെയ്ത് അമേരിക്കൻ മലയാളികളുടെ മുന്നിലെത്തിച്ചിട്ടുണ്ട്. ഫോമാ ഇൻറർനാഷണൽ നാടകമത്സരങ്ങളിൽ 2020-ൽ മികച്ച ജനപ്രിയനാടകം, 2022-ൽ മികച്ച നാടകം തുടങ്ങി പല പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്. ചെറുപ്പകാലത്തു തന്നെ സാമൂഹ്യ സംഘടനാ പ്രവർത്തനങ്ങൾ ആരംഭിച്ച സൈജൻ ആഗോള സംഘടനയായ സി.എൽ.സി യിലൂടെയാണ് ഈ രംഗത്ത് തുടക്കംകുറിക്കുന്നത്. തുടർന്ന് പല സംഘടനകളിലും പ്രവർത്തിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുമ്പോൾ ഏഷ്യാനെറ്റിൻറെ കീഴിലുള്ള എ.സി. എഫ്. എൽ. എ യുടെ മധ്യമേഖലാ സെക്രട്ടറിയായിരുന്നു.
2008-ൽ ഡിട്രോയിറ്റ് മലയാളി അസ്സോസ്സിയേഷനിലൂടെ അമേരിക്കയിൽ പ്രവർത്തനമാരംഭിച്ച് പല സ്ഥാനങ്ങളും വഹിച്ച സൈജൻ 2016-ൽ ഡി എം എ പ്രസിഡൻറായിരുന്നു. ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റ് സെക്രട്ടറിയാണ്. കൂടാതെ രണ്ടുവട്ടം ഡിട്രോയിറ്റ് സെൻറ് തോമസ് സീറോ മലബാർ ചർച്ച് ട്രസ്റ്റിയായിരുന്ന ഇദ്ദേഹം ഇപ്പോൾ ചിക്കാഗോ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമാണ്. ഇക്കാലയളവിലെല്ലാം തന്നെ ഇൻഡ്യയിലും അമേരിക്കയിലും നിരവധി അനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും പങ്കാളിയാവുന്നതിനും സൈജൻ മുൻകയ്യെടുത്തു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ജീവിച്ചിരിക്കുന്ന കാലത്തോളം തന്നാലാവുന്നത് സമൂഹത്തിനും സഹജീവികൾക്കും വേണ്ടി ചെയ്യുകയും സമുഹത്തോടൊപ്പം നടക്കുകയും ചെയ്യുക എന്നതാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കൻ മലയാളികൾ തന്നിലർപ്പിച്ച വിശ്വാസം അണുവിട തെറ്റാതെ കാത്തു സൂക്ഷിക്കുമെന്ന് സൈജൻ കണിയൊടിക്കൽ അറിയിച്ചു. ശ്രീ. സൈജൻ രജിസ്ട്രേഡ് നഴ്സായ ഭാര്യ മിനിയോടും മക്കളായ എലൈൻ റോസ്, ആരൺ ജോ എന്നിവരോടുമൊപ്പം മിഷിഗണിലെ വിക്സത്തിൽ താമസിക്കുന്നു.