ഒരു വർഷം കൂടി വിടവാങ്ങുകയാണ്. പക്ഷെ നമ്മുടെ ജീവിതത്തിനോ പ്രപഞ്ചത്തിനോ വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. എല്ലാവർഷവും കൃത്യം പന്ത്രണ്ടു മാസം കഴിയുമ്പോൾ അടുത്ത വർഷം സമാഗതമാകുന്നു. ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായി അത് അനുസ്യൂതം സംഭവിച്ചുകൊണ്ടേയിരിക്കും. മനുഷ്യനൊഴികെ പ്രപഞ്ചത്തിൽ ഉൾച്ചേർന്നിരിക്കുന്ന ജീവജാലങ്ങൾക്ക് ഇതിൽ വലിയ കാര്യമോ പ്രത്യേകതയോ ഒന്നുമില്ലാതെ കടന്നുപോകുന്നു.
ആഴങ്ങളില്ലാത്ത ആഘോഷങ്ങളുടെ കാലമാണിത്. എന്തിനുമേതിനും ആഘോഷങ്ങളെന്നപേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾക്ക് ഒരു കാരണം മാത്രമാണ് ഓരോ പുതുവർഷപ്പിറവിയും. ഒരു രാത്രിയുടെ ഉന്മാദ കേളികൾ കഴിയുമ്പോൾ എല്ലാം പഴയപടി. നിരന്തര പരിവർത്തനങ്ങൾക്ക് പാത്രീഭൂതമാണ് പ്രപഞ്ചവും അതിലെ സകലചരാചരങ്ങളും. അത് ഒരു വർഷാന്ത്യത്തിലോ തുടക്കത്തിലോ സംഭവിക്കുന്ന ഒന്നല്ല. മനുഷ്യരുടെ കാര്യത്തിലൊഴികെ മറ്റെല്ലാം ക്രമം പാലിക്കുന്നു. കാലപ്രവാഹത്തിന്റെ ഗതിവിഗതികൾക്കനുസരിച്ചു അവ തങ്ങളുടെ തനതുസത്തയോടെ അനുയാത്ര ചെയ്യുമ്പോൾ മനുഷ്യൻ മാത്രം കാപട്യങ്ങളുടെ മേലാപ്പുകൾക്കുള്ളിൽ ക്രമം തെറ്റിച്ചു ചരിക്കുന്നു?.
എല്ലാം വെട്ടിപ്പിടിക്കാനും തച്ചു തകർക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള ത്വരയിൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ മനുഷ്യൻ അവതാളത്തിലാക്കിയിരിക്കുന്നു. എനിക്ക്, എന്റേത് എന്ന സ്വാർത്ഥതയിൽ മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കൂടി കൈക്കലാക്കാനുള്ള വ്യഗ്രതയിൽ തന്റെ കാൽക്കീഴിൽ ഞെരിഞ്ഞമരുന്ന സഹജീവികളെയോ അവരുടെ നിലവിളിയോ കേൾക്കാൻ പോലും സൗമനസ്യം കാണിക്കാതെയുള്ള ഓട്ടത്തിലാണ് ഓരോ മനുഷ്യരും. പണത്തിന് വേണ്ടി, പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടി ആഢംബരജീവിതത്തിന് വേണ്ടി താനെന്തൊക്കെയോ ആണെന്ന് സമൂഹത്തെ ധരിപ്പിക്കാനുള്ള ത്വരയിൽ ഉണ്ടാക്കിയെടുക്കുന്ന ചില കൃത്രിമ സന്തോഷങ്ങളുടെ പട്ടികയിലാണ് ഈ പുതുവത്സര ആഘോഷവും.
പക്ഷിമൃഗാദികളും മറ്റും അവരുടെ ജീവന്റെ നിലനില്പിനാവശ്യമുള്ളവ മാത്രം ഭൂമിയിൽ നിന്നും എടുക്കുന്നു. ഈ ജീവികൾക്കവകാശപ്പെട്ടത് പോലും മനുഷ്യരുടെ കയ്യേറ്റങ്ങൾക്ക് പാത്രീഭവിക്കുന്നത് മൂലം അവയുടെ നിലനിൽപ്പിനെയും അപകടകരമായ രീതിയിൽ ബാധിക്കുന്നു. അവർക്ക് സന്തോഷിക്കാൻ ലഹരിയോ മറ്റ് വസ്തുക്കളോ ആവശ്യമില്ല. ആവശ്യമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചു തങ്ങളുടെ ആരോഗ്യമോ ജീവിതമോ അവർ നശിപ്പിക്കുന്നില്ല. വിഷാംശമോ, തങ്ങളുടെ ജീവനും ആരോഗ്യത്തിനും പ്രതികൂലമായിത്തീർന്നേക്കാവുന്ന പഴങ്ങളോ ഭക്ഷ്യവസ്തുക്കളോ അവ ഭക്ഷിക്കറില്ല. അങ്ങനെയുള്ളവ തിരിച്ചറിഞ്ഞു അവർ അതുപേക്ഷിച്ചു കടന്നുപോകുന്നു. പക്ഷെ മനുഷ്യനോ?. തന്റെ ജീവനും ആരോഗ്യത്തിനും എതിരായി നിൽക്കുന്ന ലഹരിയുടെ പിന്നാലെയാണ് . ഏതെല്ലാം കുറുക്കുവഴികളിലൂടെയാണ് നൈമിഷിക സുഖത്തിന് വേണ്ടി മനുഷ്യർ സഞ്ചരിക്കുന്നത്. ലഹരിയുടെ ഉപയോഗം മൂലം ഒരു തലമുറ മുമ്പെന്നത്തേക്കാളും അധികമായി നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നിത്യവും നാം കാണുന്നതും കേൾക്കുന്നതും. ഇതും കുറുക്കുവഴിയിലൂടെ സമ്പന്നർ ആകാനുള്ള കുബുദ്ധികളുടെ പരിശ്രമത്തിന്റെ ഫലമാണ്. ഒരുകണക്കിൽ വിശേഷബുദ്ധി ഉണ്ടെന്നഹങ്കരിക്കുന്ന മനുഷ്യരുടെ പ്രവർത്തികളേക്കാൾ എത്രയോ ശ്രേഷ്ഠമാണ് മറ്റു ജീവികളുടേത്. നമുക്കവകാശപ്പെടാൻ അഹങ്കരിക്കാൻ എന്തുണ്ട്? ഒരു നിമിഷം ഉള്ളിലേയ്ക്കെടുക്കുന്ന നമ്മുടെ ശ്വാസം പോലും നമ്മുക്ക് സ്വന്തമല്ല. അടുത്ത നിമിഷം അത് ഉള്ളിലേയ്ക്കെടുക്കാനോ ഉച്ഛ്വസിക്കാനോ ആവാതെ നിലച്ചുപോയാൽ നാമും ആർക്കും വേണ്ടാത്ത വെറും ജഢമായി മാറുമെന്ന സത്യം ഓർക്കാതെയുള്ള ഈ ഓട്ടവും കൃത്രിമത്വങ്ങളും അവസാനിപ്പിച്ചു അപരന്റെ നന്മയ്ക്കുതകുന്ന പ്രവർത്തിയിലും ചിന്തയിലും മുഴുകി ശിഷ്ടജീവിതം സാർഥകമാക്കാം.
ലഹരിയിൽ മുങ്ങുന്ന പുതുവത്സരവും മറ്റാഘോഷങ്ങളും വേണ്ടെന്ന് വയ്ക്കാം. ആഘോഷങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തും പുതുവത്സരങ്ങൾ വന്നും പോയുമിരുന്നു. ഭൂമിയിലെ സംവത്സരങ്ങൾക്കൊപ്പം സകലജീവജാലങ്ങളും പരിവർത്തനത്തിന് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നു. അത് നിർബ്ബാധം തുടരുകയും ചെയ്യും. കൂടെ നമ്മുടെ മനസ്സുകളെ പരിവർത്തനത്തിന് ഒരുക്കുക. തലമുറകളും സംവത്സരങ്ങളും ഇനിയും വരും പോകും. ഭൂമിയിൽ ജീവിച്ചു കടന്നുപോകുമ്പോൾ നമ്മുടേതായ എന്തടയാളങ്ങളാണ് ഇവിടെ അവശേഷിപ്പിക്കേണ്ടത് എന്ന് ഓരോരുത്തരും വിചിന്തനം ചെയ്യുക. അതിനനുസരിച്ചു ഓരോ നിമിഷവും പരിവർത്തന വിധേയരാകാം. അതിനായി തീവ്രപരിശ്രമവും ആവശ്യമാണ്. അല്ലാതെ ഒരു രാത്രി പുലരുമ്പോളൊ കലണ്ടറിലെ ഒരക്കം മാറുമ്പോളോ അത്ഭുതങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ല.