അബുദാബി: യുഎഇ ലെ സ്ഥിരതാമസ വിസയുള്ളവർ വിസാ കാലാവധി കഴിഞ്ഞും വിസ പുതുക്കാതെ താമസം തുടരുകയാണെങ്കിൽ അത്തരക്കാർക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള അവസരം ഒരുക്കി യുഎഇ . സാധാരണ നിലയിൽ ഇത്തരം അനധികൃത താമസം നിയമ ലംഘനമായി കണക്കാക്കി പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ നിയമം ലംഘിച്ച് താമസിക്കുന്നവർക്ക് പിഴ ഒഴിവാക്കി വിസ പുതുക്കുന്നതിനോ, രാജ്യം വിടുന്നതിനോ രണ്ട് മാസത്തെ സാവകാശം നൽകുമെന്ന് യുഎഇ അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
സപ്തംബർ ഒന്ന് മുതൽ രണ്ടു മാസത്തേക്കാണ് ഈ ഒരു ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. നിരവധി പ്രശ്നങ്ങളിൽ പെട്ട് വിസ പുതുക്കാൻ കഴിയാത്തവർക്ക് ഇതൊരു വലിയ ആനുകൂല്യമാണെന്നും, ഈ അവസരം എത്രയും പെട്ടന്ന് അത്തരക്കാർ ഉപയോഗപ്പെടുത്തണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രസ്താവനയിൽ പറഞ്ഞു.