Tuesday, November 19, 2024
Homeഅമേരിക്കപിയാനോ നേഴ്സസ് ഡേയിൽ ശുശ്രൂഷാ സമ്പന്നത മാറ്റൊലി കൊണ്ടു

പിയാനോ നേഴ്സസ് ഡേയിൽ ശുശ്രൂഷാ സമ്പന്നത മാറ്റൊലി കൊണ്ടു

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: ‘പിയാനോ’ എന്ന, ‘പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്റെ’ നേതൃത്വത്തില്‍ “നേഴ്സസ് ഡേ സെലിബ്രേഷൻ 2024”, ആതുര ശുശ്രൂഷയുടെ സമ്പന്നതയെ മാറ്റൊലിക്കൊള്ളിച്ചു. പിയാനോയുടെ നേതൃത്വത്തില്‍ നടക്കുന്ന പതിനെട്ടാമത് നഴ്സസ് ഡേ ആഘോഷമായിരുന്നു. ഏയ് ഞ്ചല്‍സ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിൽ, പെൻസിൽവേനിയാ സ്റ്റേറ്റ് റെപ്രസെൻ്റേറ്റിവും നേഴ്സ് പ്രാക്ടീഷനണറുമായ, ഡോ. താരിഖ് ഖാന്‍ ഭദ്രദീപം തെളിച്ചു. ഡോ. മിഷേല്‍ സിമിനോ, പിയാനോ പ്രസിഡന്റ് സാറ ഐപ്, ഫൗണ്ടിംഗ് പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സെന്റ്, എപിആര്‍എന്‍ ചെയര്‍ ഡോ. ബിനു ഷാജിമോന്‍, സെക്രട്ടറി ബിന്ദു എബ്രഹാം, ട്രഷറര്‍ മേരി ഇമ്മാനുവല്‍ എന്നിവർ തുടർനാളങ്ങൾ കൊളുത്തി.


പിയാനോ പ്രസിഡന്റ് സാറ ഐപ് അദ്ധ്യക്ഷയായിരുന്നു. കെറ്റ്ലിന്‍ ദാസ് അമേരിക്കയുടെ ദേശീയ ഗാനവും, അനഖ റോയി, സിമി തോമസ് എന്നിവര്‍ ഇന്ത്യയുടെ ദേശീയ ഗാനവും ആലപിച്ച് ദേശീയാ ഗാനാലാപനത്തിന് നേതൃത്വം നൽകി. പിയാനോ കുടുംബത്തില്‍ നിന്ന് വേര്‍പെട്ടുപോയവരെ അനുസ്മരിച്ച് മൗനപ്രാര്‍ത്ഥന നടത്തി. മെഴുകു തിരിനാളങ്ങൾ തെളിച്ച്, പിയാനോ അംഗങ്ങൾ നൈറ്റിംഗേല്‍ പ്ലഡ്ജ് ഏറ്റുചൊല്ലി. എജ്യുക്കേഷണല്‍ ചെയര്‍ മേരി എബ്രഹാം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പിയാനോ സെക്രട്ടറി ബിന്ദു എബ്രഹാം സ്വാഗതം ആശംസിച്ചു. പിയാനോ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങൾ, സംഘടനയിലെ അംഗങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി പിയാനോയുടെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികൾ എന്നിവയിൽ ഊന്നി പിയാനോ പ്രസിഡൻ്റ് സാറ ഐപ് അദ്ധ്യക്ഷപ്രസംഗം നിർവഹിച്ചു. ട്രഷറാർ മേരി ഇമ്മാനുവല്‍ നന്ദി പ്രകാശനം നടത്തി. എപിആര്‍എന്‍ ചെയര്‍ ഡോ. ബിനു ഷാജിമോന്‍ യോഗ നടപടികൾ ഏകോപിപ്പിച്ചു. അനഖ റോയി, സിമി തോമസ് എന്നിവർ എംസിമാരായി.

ഡോ. താരിഖ് ഖാന്‍ മുഖ്യാതിഥിയായി. പെന്‍സില്‍വാനിയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ ജനപ്രതിനിധിയും അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമായ താരിഖ് ഖാന്‍, നഴ്സസ്ഡേയുടെ പ്രാധാന്യത്തെക്കുറിച്ചും നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന സേവനത്തെക്കുറിച്ചും പ്രസംഗിച്ചു.

സെന്റ്മേരീസ് റീഹാബിലിറ്റേഷന്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ ഡോ. മിഷേല്‍ സിമിനോ ഡിഎന്‍പി മുഖ്യപ്രഭാഷണം നടത്തി. 2024 വർഷത്തെ ഇന്റര്‍നാഷണല്‍നേഴ്സസ് ഡേ (IND) പ്രമേയമായ “Our Nurses, Our Future., The Economic Power of Care”, എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഡോ മിഷേല്‍ സിമിനോ സംസാരിച്ചു.

നഴ്‌സിംഗ് സര്‍വ്വീസില്‍ 53 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ജര്‍മ്മന്‍ വംശജയായ പട്രീഷ ഖാനെ, മാതൃകാപരമായ സേവങ്ങളെ മുൻ നിർത്തി, പുരസ്‌കാരം നൽകി ആദരിച്ചു. പെൻസിൽവേനിയാ സ്റ്റേറ്റ് റെപ്രസെൻ്റേറ്റിവും ചീഫ് ഗസ്റ്റുമായ, താരിഖ് ഖാൻ്റെ മാതാവാണ്, പട്രീഷ ഖാന്‍. ഇത്തരം പുരസ്കാര സമർപ്പണങ്ങളിലൂടെ, പിയാനോ, ആദരവുകളുടെ പടവുകൾ കീഴടക്കുകയാണെന്ന്, അവാർഡ് സമിതി പറഞ്ഞു.
ഡോ. ബിനു ഷാജിമോന് പ്രൊഫഷണല്‍ അച്ചീവ്‌മെന്റിനുള്ള പുരസ്‌കാരം സമ്മാനിച്ചു. പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്റെ ആദ്യ പ്രസിഡന്റും പെന്‍സില്‍വേനിയ നേഴ്‌സസ് ബോര്‍ഡ് മെമ്പറുമായ ബ്രിജിറ്റ് വിന്‍സെന്റിനെ പൊന്നാടയണിയിച്ച് ആദരിച്ചു. നേഴ്‌സസ് ഡേ ആഘോഷങ്ങളുടെ ഗ്രാന്‍ഡ് സ്‌പോണ്‍സറായ മണി ലാലിനു വേണ്ടി, അദ്ദേഹത്തിൻ്റെ സഹധർമ്മിണി ഡെയ്സി മണിലാല്‍, പിയാനോ ആദരം എറ്റുവാങ്ങി. നേഴ്‌സിംഗ് സര്‍വ്വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ നേഴ്‌സുമാരേയും പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. മദേഴ്‌സ് ഡേ സെലിബ്രേഷനിൽ, അമ്മമാരേയും, സ്‌നേഹപൂര്‍വ്വം, പിയാനോ ആദരിച്ചു.

പിയാനോ മദേഴ്സ് ഡെയുടെയും, പിയാനോ നേഴ്സസ് ഡേയുടെയും തുടിപ്പുകൾ ഏറ്റുവാങ്ങിയ, വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രശസ്ത നർത്തകി, നിമ്മി ദാസിന്റെ ഭരതം ഡാന്‍സ് അക്കാദമിയുടെ നേതൃത്വത്തിലും; സാറ ജോഷ്വ, കെറ്റ്ലിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലും, അരങ്ങേറിയ നൃത്തങ്ങൾ ഹൃദയങ്ങൾക്കു വിരുന്നു പകർന്നു.

എപിആര്‍എന്‍ അംഗങ്ങളായ ടിസ പോത്തനും സംഘവും, പിയാനോ അംഗങ്ങളായ സൗമ്യ അരുണ്‍, ആഷ തോമസ്, ലിസ തോമസ്, ഷൈവി, ബിന്ദു ജോഷ്വ, ബിന്ദു എബ്രഹാം, സിമി തോമസ്, സ്വീറ്റി സൈമണ്‍, ലിസ തോമസ് എന്നിവരും അവതരിപ്പിച്ച നൃത്തങ്ങൾ പ്രൊഫഷനൊപ്പം പാഷനും ചേരുന്നതായി. സാബു പാമ്പാടി, ജെസ്ലിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗാനമേളയും മിഴിവേകി. അബീനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോ ദൃശ്യവിരുന്നായി. ലൈലാ മാത്യു വിളക്കേന്തിയ നൈറ്റിംഗേല്‍ ആയി വേഷമിട്ടു നഴ്സസ് ഡേ ആശംസ അറിയിച്ച് മികവു തിളക്കി.

സ്വാദിഷ്ടമായ ഡിന്നര്‍ ഒരുക്കിയത് അലന്‍ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു. മറിയാമ്മ തോമസും മേരി ഇമ്മാനുവലും; പ്രോഗ്രാം രജിസ്ട്റേഷനും അതിഥി സ്വീകരണവും ക്രമീകരിച്ചു. സ്വീറ്റി സൈമണ്‍, ജ്യോതി സിജു, സോണിയ, ഷൈവി, ആഷ എന്നിവര്‍ ആഘോഷാലങ്കാരങ്ങൾ നിർവഹിച്ചു. നെഡ് ദാസ് (ഫോടോഗ്രഫി), ആലീസ് സക്കറിയ ആന്‍ഡ് ഫാമിലി, സാറാമ്മ എബ്രഹാം ആന്‍ഡ് ഫാമിലി എന്നിവരും ആഘോഷപരിപാടിയുടെ സഹകാരികളായി.

പിയാനോ നേഴ്സസ് ഡേ ആഘോഷങ്ങളില്‍, പിന്തുണയും ഉപദേശവും നല്‍കി സഹകരിച്ച, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബിസിനസുകാരനുമായ, വിന്‍സെന്റ് ഇമ്മാനുവലിൻ്റെ പങ്കാളിത്തത്തിന്, പിയാനോ പ്രസിഡൻ്റ് സാറാ ഐപ് നന്ദി അറിയിച്ചു.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments