ന്യൂജേഴ്‌സി :–കേരളത്തില്‍ മാത്രമല്ല, മറ്റ് വിദേശ രാജ്യങ്ങളിലും മലയാളികള്‍ എപ്പോഴും മുന്നിലുണ്ടാകും. അതുപോലെ അമേരിക്കക്കാരുടെ നെഞ്ചില്‍ ഇടം നേടിയ ഒരു മലയാളിയുണ്ടിവിടെ. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ജോ വടക്കേടം (30) മാണ് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുന്നത്. ന്യൂജഴ്സിയിൽ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്ന ജോ വടക്കേടം ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും കുക്കറി ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാൾ കൂടിയാണ്.
എന്നാല്‍ ജോ ഇപ്പോള്‍ പ്രിയങ്കരനാകുന്നത് മറ്റൊരു കാരണത്താലാണ്. അടുത്തിടെയാണ് ജോ ഒരു ടീ ഷര്‍ട്ട് ഡിസൈൻ ചെയ്ത് അമേരിക്കന്‍ ബാസ്‌ക്കറ്റ്ബോൾ ടീമിനയക്കുന്നത്. ഈ വര്‍ഷത്തെ പാരിസ് ഒളിംമ്പിക്‌സില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ പുരുഷ ബാസ്‌ക്കറ്റ് ബോള്‍ ടീം മത്സരത്തിനും മത്സരം കഴിഞ്ഞും ധരിച്ചത് ജോ വടക്കേടം ഡിസൈന്‍ ചെയ്ത ടീഷര്‍ട്ടുകളായിരുന്നു.
അമേരിക്കന്‍ പുരുഷ ബാസ്‌ക്കറ്റ് ബോള്‍ ടീം ധരിച്ചിരുന്ന പുതിയ ഡിസൈനിലുള്ള ടീഷര്‍ട്ടുകള്‍ക്കായി നിരവധി ആളുകളാണ് സോഷ്യല്‍മീഡിയയില്‍ സെർച്ച് ചെയ്തത്. ബ്രാന്‍ഡഡ് കമ്പനികളാകും ഇത്തരത്തിലുള്ള ടീ ഷര്‍ട്ട് ഡിസൈന്‍ ചെയ്തത് എന്ന തെറ്റിധാരണ പലര്‍ക്കുമുണ്ടായിരുന്നു. അങ്ങനെ പലരും വലിയ ബ്രാന്‍ഡുകളുടെ സൈറ്റുകളില്‍ ടീഷര്‍ട്ടിനായി തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
പിന്നീടാണ് ജോ ആണ് ടീഷര്‍ട്ട് ഡിസൈന്‍ ചെയ്തതെന്ന് ആരാധകര്‍ അറിയുന്നത്. തുടര്‍ന്ന് അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരങ്ങളുടെ ടീ ഷര്‍ട്ടിന്റെ പേറ്റന്റ് ജോ സ്വന്തമാക്കി. ഇതോടെ അമേരിക്കയിലെ പല പ്രമുഖ ചാനലുകളും അതിഥിയായി ജോയെ വിളിച്ചുകഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ എബിസി ചാനൽ അവരുടെ മോണിങ് ഷോയിൽ അതിഥിയായി ജോയെ വിളിച്ചിട്ടുണ്ട്.
അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് ജോ താമസിക്കുന്നത്. വിവാഹിതനായ ജോ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദധാരി കൂടിയാണ്.