കഥകളായും, തിരക്കഥകളായും , സിനിമകളായും മലയാളിയുടെ കലാ സാഹിത്യ ഭൂമികയിൽ മറക്കാൻ കഴിയാത്ത സംഭാവനകൾ നൽകിയ, മലയാള സാഹിത്യത്തിനും സിനിമയ്ക്കും നിരവധി നാഴികക്കല്ലുകൾ തീർത്ത വ്യക്തി. എം ടി ഇല്ലാതെ മലയാളി അപൂർണ്ണമാണ്. അത്രത്തോളം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ് എം ടി.
മലയാളിയുള്ള കാലത്തോളം ഓർമ്മിക്കാനും ആദരിക്കാനും ആഘോഷിക്കാനുമുള്ള കലാ സാഹിത്യ സാംസ്കാരിക സൃഷ്ടികൾ ഇവിടെ ബാക്കിവെച്ചാണ് അദ്ദേഹം നമ്മോട് വിട പറയുന്നത്. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന്റെ ശക്തമായ വക്താവും മാർഗ്ഗദർശിയുമായിരുന്നു എം ടി.
എംടി ഇനി ഇവിടെ ഇല്ല എങ്കിലും അദ്ദേഹത്തിന്റെ ജീവിതം മലയാളിക്ക് ലോകമുള്ളിടത്തോളം ആഘോഷിക്കാനുള്ളതാണ്.
എനിക്കാരായിരുന്നു എം ടി ?
988 ൽ എട്ടാം ക്‌ളാസിൽ പഠിക്കുന്ന കാലത്താണെന്നു തോനുന്നു എന്റെ നാട്ടിലെ വായനശാലയിൽ ആദ്യമായി എം ടി യെയും , ബഷീറിനെയും, മുകുന്ദനെയും, ഒ വി വിജയനെയും വായിക്കുന്നത് എട്ടിലും ഒമ്പതിലും പഠിക്കുമ്പോൾ ആ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങൾ വഴി ആണ്.
കാലം ആണ് ഞാൻ ആദ്യമായി വായിച്ച എം ടി യുടെ പുസ്തകം. പിന്നെ രണ്ടാമൂഴം.. മഹാഭാരത കഥ എം ടി യുടെ ഭീമനിലൂടെ ആദ്യമായി നോക്കികണ്ടത് വലിയൊരു അനുഭവമായിരുന്നു. ഇന്നും ആ വായനാനുഭവം എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ട്.
991 ഡിഗ്രി പഠനത്തിനിടയിലുള്ള കാലഘട്ടത്തിൽ ഒട്ടുമിക്ക എം ടി കൃതികളും വായിച്ചിരുന്നു. വിക്ടോറിയ കോളേജിൽ എംടി താമസിച്ച ഹോസ്റ്റൽ റൂമും, ഒ വി വിജയൻ താമസിച്ച ഹോസ്റ്റൽ റൂം അവിടുത്തെ ചുവരുകളിൽ എം ടി എഴുതിയ നിഖിതങ്ങളും കണ്ടപ്പോൾ അവരൊക്കെ ഇന്നും അവിടെ ഉണ്ടെന്നു തന്നെ തോന്നി.
ഒരു ദിവസം കോളേജിലേക്ക് ഒരു വലിയ ജീപ്പ് നിറയെ ആളുകളുമായി വരുന്നത് കണ്ട് അരികിലേക്ക് മാറിനിന്നു അന്ന് കെമിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ അസോസിയേഷൻ Day കെ എം ടി വന്നതാണ് ജീപ്പിൽ നിന്ന് ഇറങ്ങിയശേഷം ദൂരെ നിൽക്കുന്ന എന്നെ എം ടി തുറിച്ചു ഒന്നു നോക്കി എന്നുള്ളത് സത്യമാണ് പരിചയപ്പെടാൻ ഒന്നും പോയില്ല. പിന്നീട് അദ്ദേഹം ഒരു സംഘം ആളുകൾ സ്വീകരിച്ച ഡിപ്പാർട്ട്മെന്റിന്റെ അകത്തേക്ക് പോകുന്നതാണ് കണ്ടത്. പരിചയപ്പെടാൻ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴും ഒരു പേടി എംടിയെ കാണുമ്പോൾ ഉള്ള സകലർക്കും ഉള്ള ഒരു പ്രത്യേകതയാണ്.
എം ടി യുടെ കഥകൾ ഓരോന്നായി ഞാൻ വായിച്ചു തീർത്തപ്പോൾ അദ്ദേഹം സൃഷ്‌ടിച്ച ലോകവും മനുഷ്യരും എന്റെ ജീവിത പരിസരങ്ങളിൽ നിന്നാണെന്ന് എനിക്ക് തോന്നിതുടങ്ങിയിരുന്നു. കഥാകാരനുമായി അദൃശ്യമായൊരു ഒരു ബന്ധം സ്ഥാപിക്കൽ അവിടെ തുടങ്ങുന്നു.
ഒരുപക്ഷെ ഭൂമിശാസ്ത്രപരമായി കൂടല്ലൂരും എടപ്പാളും, കുമാരനെല്ലൂരും, അടുത്തടുത്ത പ്രദേശങ്ങൾ ആയതിനാൽ അവിടുത്തെ മനുഷ്യരും അവരുടെ ജീവിതപശ്ചാത്തലവും ഒന്ന് തന്നെ ആയിരുന്നു. എം ടി കണ്ടതും എഴുതിയതുമായ ലോകമാണ് ഞാനും കണ്ടത്.
എം ടി യുടെ കഥകളിലൂടെ വായിച്ച നായർ തറവാടുകൾ എന്റെ അയല്പക്കത്ത് ഞാൻ കണ്ട , ഞാൻ അടുത്തറിഞ്ഞ നായർ തറവാടുകൾ ആയിരുന്നു. അവിടുത്തെ രീതികളും, സ്ത്രീകളും, ഭാഷയും ജീവിതവുമെല്ലാം എനിക്ക് പരിചിതമായിരുന്നു.
തന്റെ ചെറുപ്പകാലത്ത് കൂടല്ലൂർ നിന്ന് കുമരനെല്ലൂർ ചങ്ങരംകുളം വഴി പുന്നയൂർക്കുളത്തേക്കു നടന്നുപോയിരുന്ന കഥകൾ എംടി പറഞ്ഞു കേട്ടിട്ടുണ്ട്. മലമക്കാവും, കുമാരനെല്ലൂർ ഹൈസ്കൂളിലുമായിട്ടാണല്ലോ ആയിരുന്നല്ലോ എം ടി യുടെ സ്കൂൾ ജീവിതം.
എം ടി ജീവിച്ച പരിസരപ്രദേശങ്ങളിൽ നിന്നുമാണ് നമ്മൾ വായിച്ച, സിനിമയിൽ കണ്ട പല കഥാപാത്രങ്ങളും കഥകളും രൂപം കൊണ്ടത്. എം ടി യുടെ കഥകളിൽ വായിച്ചറിഞ്ഞ പോലെ ജീവിതം കെട്ടിപ്പടുക്കാനായി സിലോണിലും , മലയയിലും പോയവരെ ഞാൻ എന്റെ ജീവിതത്തിലും കണ്ടിട്ടുണ്ട്.
പാലക്കാട് – പട്ടാമ്പി ഭാഗത്തേക്ക് പോകുമ്പോൾ തരം കിട്ടുമ്പോഴെല്ലാം ആനക്കര കുമ്പിടി കൂടല്ലൂർ വഴി പോകാൻ ഞാൻ താല്പര്യപ്പെടാറുണ്ട്. ഓഫീസ് കളവ് ടൂറിൽ ഞാൻ നേരത്തെ പറഞ്ഞപോലെ ഈ മനസ്സിന് അനിവാര്യമായ യാത്രകൾക്കിടയിൽ എം ടി തന്ന ലോകം അതിലെ കഥാപാത്രങ്ങൾ ഒക്കെ ഒരു നിരീക്ഷണ പാടവത്തിൽ ആ ഭാഗത്ത് കൂടി പോകുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ആ യാത്രയിൽ അവിടെ എവിടെയൊക്കെയോ എം ടി യെയും, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും ഞാൻ മനസ്സുകൊണ്ട് തിരയും. ഭാരതപ്പുഴയിലേക്ക് നോക്കി എം ടി കണ്ട നിളയെ ഞാൻ കാണും.
തീവണ്ടി യാത്രകളിൽ പട്ടാമ്പി മുതൽ കുറ്റിപ്പുറം വരെയുള്ള ഭാരതപുഴയുടെ ഭാഗം കടന്നുപോകുമ്പോൾ എം ടി യെ ഓർക്കാതെ ഇരിക്കാൻ കഴിയില്ല. ഒരുപക്ഷെ പുഴ ഇത്ര ആഴത്തിൽ എന്റെ ഹൃദയത്തിൽ പതിയാൻ ഒരു കാരണം എം ടി ആണ്. എന്റെയും നിള എന്ന് ഞാൻ ഉച്ചത്തിൽ പറഞ്ഞിട്ടുണ്ട്. നിളയെ അടുത്തറിയാൻ ഞാൻ ട്രെയിനിന്റെ ഡോർ സൈഡിൽ നോക്കി വേനലും അല്ലാത്ത കാലത്തും വറ്റിയ നിളയെയും കൊടുംമഴയിൽ നിറഞ്ഞൊഴുകുന്ന നിളയെയും ആവോളം ആസ്വദിച്ചിട്ടുണ്ട്.
ഒട്ടേറെ ആഗ്രഹിച്ചിട്ടും ഒരിക്കൽ പോലും എം ടി യെ നേരിൽ കാണാൻ കഴിയാത്ത ദുഃഖം എന്നിൽ അന്ന് ബാക്കിയായിരുന്നു… ആ വർഷങ്ങളിൽ.വർഷങ്ങൾക്ക് മുൻപേ കൂടല്ലൂര് നിന്നും അദ്ദേഹം കോഴിക്കോട്ടേക്ക് താമസം മാറിയിരുന്നു. ജോലി ആവശ്യങ്ങൾക്കായി കോഴിക്കോട് നിരവധി തവണ പോയിട്ട് അവിടെ താമസിച്ചിട്ടുണ്ടെങ്കിലും എംടിയെ കാണാനുള്ള ധൈര്യമുണ്ടായില്ല.
എന്നെങ്കിലും വിശ്രമജീവിതം നയിക്കാൻ കൂടല്ലൂരിലേക്ക് തന്നെ അദ്ദേഹം മടങ്ങി വരുമെന്നും , അങ്ങിനെ ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കാൻ കഴിയുമെന്നുമൊക്കെ ഞാൻ ആശിച്ചിട്ടുണ്ട്.
കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജിന് താഴെ കെൽട്രോൺ നു സമീപത്തു കൂടെ നടന്നു പുഴയിലെത്തിയാൽ അവിടെ പുഴയോട് ചേർന്ന് റിസോർട് എന്ന് തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ കാണാം. അത് എം ടി യുടേതാണെന്നു പറഞ്ഞു കേട്ട് പലപ്പോഴും ആ ഭാഗങ്ങളിൽ പുഴയിൽ ഞാൻ പോകാറുണ്ട്. എന്നെങ്കിലും അവിടെ എം ടി യെ കാണാം എന്നൊരു ആഗ്രഹം പലപ്പോഴും ഉണ്ടായിട്ടുണ്ട്. പുഴയും കുന്നുകളും ഒന്നും ഇല്ലാതായി തീർന്ന ആധുനിക കാലത്ത് എംടി പിന്നീടാ സ്ഥലങ്ങളൊക്കെ ഉപേക്ഷിക്കുകയാണ് ചെയ്തത്.എം ടി അത് മറ്റാർക്കോ വിറ്റുവെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.
എം ടി യോട് ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ അദൃശ്യ നൂൽബന്ധങ്ങൽ ഉള്ളതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇത് എന്റെ മാത്രം ചിന്ത ആവണമെന്നില്ല. അത് കൂടല്ലൂരിന്റെ പരിസരപ്രദേശങ്ങളിൽ ജനിച്ചു വളർന്ന എല്ലാ മനുഷ്യരുടെയും ചിന്തയാവാം, സ്വകാര്യ അഹങ്കാരമാവാം. ഒരു പക്ഷെ എല്ലാ മലയാളിയും എം ടി യെ അങ്ങിനെ തന്നെ ആയിരിക്കും കാണുന്നത്. അവരുടെ സ്വന്തം എം ടി യായി. അവർക്കു തിരിച്ചറിയാൻ കഴിയുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞയാളായി.
എഴുതാനും വായിക്കാനുമുള്ള താല്പര്യം എന്നിൽ ജനിപ്പിച്ചത് എം ടി യുടെ കഥകളാണ്, ആ കഥ പറച്ചിൽ ശൈലി ആണ്, എഴുത്തിലൂടെ ജീവിതങ്ങൾ പുനഃസൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ മാന്ത്രികതയാണ്.
അദ്ദേഹം സൃഷ്ടിച്ചെടുത്ത പല കഥാപാത്രങ്ങളെ ഞാൻ എന്റെ കുട്ടിക്കാലത്ത് പീടിക കൊലായിയിലും , നെൽപ്പാടങ്ങളിലും, പാട വരമ്പുകളിലും, പുഴയോരങ്ങളിലും , ഇടവഴികളിലും, അമ്പലപ്പറമ്പുകളിലും , പടിപ്പുര വാതിലുകൾക്കപ്പുറമെല്ലാം കണ്ടിട്ടുണ്ട്.
ഇന്നും ഇടവഴികളിലും പാടവരമ്പുകളിലും കഴിഞ്ഞ കാലത്തിന്റെ കഥകൾ തേടി അലഞ്ഞു ഞാൻ നടക്കാറുണ്ട്. എംടി യുടെ സമാനതകളില്ലാത്ത കഥ പറച്ചിലിന്റെ മാസ്മരികത അനുഭവിച്ചത് കൊണ്ടാവാം ഞാൻ എന്റെ ചുറ്റിലുമുള്ള ജീവിതത്തിൽ കഥകൾ തേടി അലയുന്നത്. ജീവനുള്ള കാലത്തോളം ഗൃഹാത്വരത്തിന്റെ കഥകൾ തേടി ഞാനും നിങ്ങളും അവിടെയെല്ലാം അലയുമായിരിക്കും.
അവസാനം എംടിയിൽ നിന്നൊക്കെ ഊർജ്ജം ഉൾക്കൊണ്ട് ഇനി എന്തെങ്കിലും എഴുതി തുടങ്ങാം എന്ന് പറഞ്ഞ് ഞാൻ എഴുതിയ ഒരു ആത്മകഥ സഹധർമ്മിണി വഴി എംടിയെ കാണിക്കാൻ പറ്റുകയും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞതും വലിയൊരു ഭാഗ്യമായി പിന്നീട് കരുതി.
എം ടി ഈ ഭൂമി വിട്ടു പോയാലും ആ കഥകൾ തേടി, ആ കഥാപാത്രങ്ങളെ തേടി ഈ ഭൂമികയിൽ മനുഷ്യർ ഉണ്ടാകും. എന്നെ പ്പോലെ എത്രയെത്ര പേർ. അത് തന്നെയാണ് എം ടി എന്ന അതുല്യ സാഹിത്യകാരൻ ഇവിടെ ബാക്കിവെക്കുന്നത്.
ഞങ്ങളുടെ ജീവിതം ഇത്രയധികം മനോഹരമാക്കിയ വായനകൾ , സിനിമകൾ സമ്മാനിച്ചതിന് എങ്ങിനെ അങ്ങയോടു നന്ദി പറയണമെന്നറിയില്ല.
പ്രിയപ്പെട്ട എം ടി, വിട !🙏