മഞ്ഞിന്റെ കുളിരും നക്ഷത്രദീപങ്ങളുടെ തിളക്കവും ഉള്ള ക്രിസ്മസ് രാവിന്റെ വരവറിയിച്ചുകൊണ്ടുള്ള ക്രിസ്മസ് സന്ധ്യകൾ. കേക്കിന്റെ മധുരവും പടക്കത്തിന്റെ ശബ്ദവും നക്ഷത്രങ്ങളുടെ തിളക്കവും ക്രിസ്മസ് ട്രീയുടെയും, പുൽക്കൂടുകളുടെയും അലങ്കാരവും ക്രിസ്മസ് ഗാനസംഘങ്ങളുടെ ആടിപ്പാടിയുള്ള വരവും ക്രിസ്മസ് ഫാദറിന്റെ ആഗമനവും കൊണ്ട് സന്തോഷം നിറഞ്ഞ ഡിസംബറിലെ ആ ക്രിസ്തുമസ് ദിനത്തിന്റെ രാത്രിയിലേക്കുള്ള സന്ധ്യയുടെ പ്രയാണത്തിന്റെ ആരംഭം..
സന്ധ്യ മയങ്ങിയ നേരത്ത്, അയൽപക്കത്തെ വീട്ടുകാരന്റെ പറമ്പിലെ പണിയും കഴിഞ്ഞ്, അപ്പൻ പതിവുപോലെ വീട്ടിലെത്തി. ക്രിസ്മസ് ആണെങ്കിലും സന്ധ്യ വരെ പണിയെടുപ്പിച്ചിട്ട് ഒരു രൂപപോലും കൂടുതൽ കൊടുക്കാതെ, കിട്ടിയ കൂലിയും അവരു കൊടുത്ത മൂന്ന് നാല് ചെറിയ കഷ്ണം കേക്കുമായി ക്ഷീണിച്ച് അവശനായി വീട്ടിലേക്ക് കയറി വന്ന അപ്പനോട് മകൻ ആന്റണി ചെറിയ പേടിയോടെ ചോദിച്ചു.
‘അപ്പാ ഞാൻ കവലക്ക് പോകട്ടെ ക്രിസ്മസ് കേക്ക് മേടിക്കാൻ.’
മകന്റെ വായിൽ നിന്നും അപ്പൻ എല്ലാ ക്രിസ്തുമസിനും ഈ ചോദ്യം കേൾക്കുന്നതാണ്. എന്നാൽ ഒരു ക്രിസ്തുമസിനും അവന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാനും, അത് സാധിച്ചു കൊടുക്കാനും അപ്പന് കഴിഞ്ഞിട്ടില്ല. കാരണം, കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ കാശുകൊണ്ട് കഷ്ടിച്ച് കുടുംബം പുലർത്തുന്ന അയാൾക്ക് മക്കളുടെ ഈ വക ആവശ്യം നിറവേറ്റി കൊടുക്കാൻ എങ്ങനെ സാധിക്കും. എങ്കിലും ഇത്തവണ അപ്പൻ മടിയിൽ നിന്നും എടുത്തു കൊടുത്ത കാശുമായി, ഒരു ക്രിസ്തുമസ് കേക്ക് മേടിച്ച് മുറിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി ആന്റണി കവലയിലുള്ള ബേക്കറിയിലേക്ക് ഓടി..
ദീപാലംകൃതമായ ക്രിസ്മസ്ട്രീയുടെയും വർണ്ണാഭമായ പുൽക്കൂടുകളുടെയും ഭംഗിയിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭവനങ്ങളിൽ കത്തിനിൽക്കുന്ന നക്ഷത്ര വിളക്കുകൾ. ബീഡി പടക്കങ്ങളും, ഓലപ്പടക്കങ്ങളും പൊട്ടുന്ന ശബ്ദങ്ങളും പൂത്തിരികളുടെ കണ്ണഞ്ചിപ്പിക്കുന്ന ഭംഗിയും ഒന്നും ശ്രദ്ധിക്കാതെ അവൻ കുറച്ചുകൂടി വേഗത്തിൽ നടത്തവും ഓട്ടവും തുടർന്നു..
അവന്റെയും അനിയന്റെയും അവരുടെ കുഞ്ഞു പെങ്ങളുടെയും ഏതാനും വർഷങ്ങൾ ആയുള്ള ആഗ്രഹപൂർത്തീകരണമാണ് ഇന്ന് സഫലമാകുവാൻ പോകുന്നത്. തന്റെ അപ്പൻ പണിക്കുപോകുന്ന വീട്ടിൽ നിന്നും എല്ലാ വർഷവും, ക്രിസ്മസിന്റെ അന്ന് സന്ധ്യ വരെയും പറമ്പിൽ പണി കഴിഞ്ഞു, ആ വീട്ടിൽ നിന്നും ക്ഷീണിതനായി സ്വന്തം വീട്ടിലേക്ക് വന്നുകേറുമ്പോൾ അപ്പന്റെ കൈയിൽ ഒരു ചെറിയ പൊതി ഉണ്ടാകും. പണിക്കു പോകുന്ന വീട്ടിൽ നിന്നും അവര് കൊടുത്തു വിടുന്ന, അപ്പനും അമ്മയ്ക്കും മക്കൾ മൂന്നു പേർക്കുമുള്ള ഓരോ കഷ്ണം ക്രിസ്തുമസ് കേക്കുകൾ..
എല്ലാ ക്രിസ്തുമസിനും ഒരു വലിയ ക്രിസ്തുമസ് കേക്ക് മുറിക്കണം എന്നും പറഞ്ഞു വാശി പിടിച്ച് മക്കൾ അപ്പന്റെയും അമ്മയുടെയും മുമ്പിൽ കരയാറുണ്ടെങ്കിലും, പണി ചെയ്യുന്ന വീട്ടിൽ നിന്നും കിട്ടുന്ന ആ ഒരു കഷ്ണം കേക്കിൽ തൃപ്തി അടയുകയാണ് പതിവ്. കാരണം കൂലി പണിക്ക് പോയി കിട്ടുന്ന കാശുകൊണ്ടു കഷ്ഠിച്ച് കുടുംബം നടത്തികൊണ്ട് പോകുന്ന ആ മനുഷ്യനെ കൊണ്ട് അത്ര ഒക്കെയേ സാധിക്കുമായിരുന്നുള്ളു. എന്നാൽ ഇത്തവണ അപ്പൻ അവന്റെയും അവന്റെ അനിയന്റെയും അവരുടെ പെങ്ങളുടെയും ആഗ്രഹം സാധിച്ചു കൊടുക്കാൻ തീരുമാനിച്ചു..
അപ്പൻ തന്നിരിക്കുന്ന പൈസയിൽ നിന്നും ബസ്സുകൂലി കൂടി ചിലവാക്കിയാൽ ഒരു പക്ഷേ കേക്കിന് പൈസ തികഞ്ഞില്ലങ്കിലോ എന്നുകരുതി, ബസിനു കയറാതെ രണ്ടു കിലോ മീറ്റർ ദൂരമുള്ള കവലയിലെ ബേക്കറിയിലേക്ക് അവൻ നടന്നും ഓടിയും തളർന്ന് അവൻ അങ്ങനെ ബേക്കറിയുടെ മുന്നിലെത്തി.
ബേക്കറിക്കു മുന്നിൽ ക്രിസ്തുമസ് കേക്കുകൾ വാങ്ങുവാനുള്ളവരുടെ നല്ല തിരക്കാണ്. . കേക്ക് വാങ്ങുവാനുള്ളവരുടെ വലിയ തിരക്ക് കാരണം, പെട്ടന്ന് കാശു കൊടുത്തു കേക്ക് മേടിക്കാൻ പറ്റുന്നില്ല. ഏതായാലും ഇവിടെ നിൽക്കുന്നവർ എല്ലാവരും മേടിച്ചു കഴിഞ്ഞാലും കേക്ക് തീർന്നു പോകത്തില്ല. കാരണം ഇഷ്ട്ടം പോലെ ഉണ്ടാക്കി വെച്ചിട്ടുണ്ട് കണ്ണാടി അലമാരയിൽ. ഓട്ടോമാറ്റിക് ബൾബുകളുടെ പ്രകാശ ഭംഗിയിൽ കേക്കുകൾ കണ്ണാടി അലമാരയിൽ ഭംഗിയായി നിരത്തി വെച്ചിരിക്കുന്നു..
അപ്പന്റെ കൂടെ മൊരിച്ച റൊട്ടിയും റെസ്‌ക്കും മേടിക്കാൻ ചെന്നിട്ടുള്ളതുകൊണ്ടു ബേക്കറിയുടെ ഉടമസ്തനു തന്നെ പെട്ടന്ന് മനസിലാകുമല്ലോ. എന്നുകരുതി താൻ പല പ്രാവശ്യം അയാളുടെ മുഖത്തേക്ക് നോക്കിയെങ്കിലും, അയാൾ തന്റെ മുഖത്തേക്ക് നോക്കുകയോ തന്നെ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല..
അല്ലെങ്കിൽതന്നെ ആണ്ടിലൊ, സംക്രാന്തിക്കോ, അല്ലെങ്കിൽ വല്ല പനിയും ചുമയും വരുമ്പോൾ മാത്രം ബേക്കറിയിൽ ചെന്നിട്ടു മൊരിച്ച റൊട്ടിയും റെസ്‌ക്കും മേടിക്കുന്ന തങ്ങളെപോലുള്ളവരെ ആരു ശ്രദ്ധിക്കാൻ. സ്ഥിരമായി കടയിൽ വന്നു ബേക്കറി പലഹാരങ്ങളും അലുവയും വില കൂടിയ ബിസ്‌ക്കറ്റുകളും വാങ്ങുന്നവർ ഇന്ന് ക്രിസ്മസ് കേക്ക് വാങ്ങാൻ തിരക്ക് കൂട്ടി നിൽക്കുമ്പോൾ അയാൾക്ക് തന്നെ പോലെയുള്ള ഒരു പീറ ചെറുക്കനെ ശ്രദ്ധിക്കാൻ എവിടെ സമയം എന്ന് ആന്റണി മനസ്സിൽ ഓർത്തു..
തിരക്കിനിടയിൽ കൂടി തിക്കി കയറി അവൻ ആ ചില്ലലമാരയുടെ അഴിയിൽ ഒരു കൈ പിടിച്ചു മറ്റേ കൈയിൽ പൈസയും പിടിച്ച് ‘ചേട്ടാ ചേട്ടാ ‘എന്ന് പല പ്രാവശ്യം അയാളെ വിളിച്ചെങ്കിലും, അയാൾ അവനെ ശ്രദ്ധിക്കുന്നതേ ഇല്ല..
കേക്കുമായി വീണ്ടും രണ്ടു കിലോമീറ്റർ തിരികെ നടന്നു വേണം വീട് എത്താൻ. കാരണം, അവനറിയാം കേക്ക് മേടിച്ചു കഴിയുമ്പോൾ വണ്ടി കൂലിക്കു പൈസ തികയത്തില്ലെന്ന്. തിരക്ക് കുറച്ചു കുറഞ്ഞപ്പോൾ അയാൾ അവനോട് ചോദിച്ചു.
‘നിനക്കെന്നതാടാ വേണ്ടിയെ,
‘ഇന്ന് റെസ്‌കും റൊട്ടിയും ഒന്നും ഇല്ല.’
‘എനിക്ക് ഒരു ക്രിസ്തുമസ് കേക്ക് വേണം.’
കേക്ക് എടുക്കുന്നതിനു മുമ്പ് അയാൾ അവന്റെ കൈയിൽ ഇരുന്ന കാശിനായി കൈ നീട്ടി. അവൻ കൊടുത്ത കാശ് അയാൾ എണ്ണി നോക്കിയിട്ട് പറഞ്ഞു.
‘ഇത് ആറ് രൂപയെ ഉള്ളടാ. ഇതിന് കേക്ക് കിട്ടത്തില്ല. ഒൻപതു രൂപയാ കേക്കിന്.’ – കാശ് തിരികെ അവന്റെ കൈയ്യിൽ കൊടുത്തിട്ട് അയാൾ പറഞ്ഞു.
ഒരു നിമിഷം കൊണ്ട് അവന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു. അവൻ കരച്ചിലിന്റെ വക്കിലെത്തി. അപ്പോഴേക്കും, പിന്നെയും കടയിൽ കേക്കിന് ആളുകൾ വന്നു. അയാൾ അവർക്കു കേക്ക് കൊടുക്കുന്ന തിരക്കിലായി വീണ്ടും..
കടയുടെ വാതുക്കൽ മാറിനിന്ന അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ചാടുവാൻ തുടങ്ങിയപ്പോൾ അവൻ തിരികെ പോരുവാൻ തീരുമാനിച്ചു. ഇതുകണ്ട അയാൾ അവനെ തിരികെ വിളിച്ചു.
‘ ഇങ്ങു വാടാ ‘
അവൻ ഓർത്തു, ബാക്കി പൈസ അപ്പന്റെ കൈയ്യീന്നു മേടിച്ചോളാം എന്ന് പറഞ്ഞ് തനിക്ക് കേക്ക് തരുവാനാണ് വിളിക്കുന്നതെന്ന്. പെട്ടന്ന് അവന്റെ ദുഃഖം സന്തോഷത്തിന് വഴി മാറി..
വന്നവർ കേക്ക് മേടിച്ചു പോയി കഴിഞ്ഞപ്പോൾ അയാൾ അവനോട് പറഞ്ഞു.
‘ആ പൈസ ഇങ്ങോട്ട് താടാ.’
അയാൾ ആ പൈസ മേടിച്ച് പെട്ടിയിൽ ഇട്ടിട്ട് ബട്ടർ പേപ്പറിൽ പൊതിഞ്ഞ ഏതാനും പീസ് കേക്കുകൾ ഒരു കവറിൽ ഇട്ട് അവന്റെ കയ്യിൽ കൊടുത്തു. അവനാ കവറും പിടിച്ച് ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കിനിന്നു. താൻ മേടിച്ചു കൊണ്ടുചെല്ലുന്ന ക്രിസ്തുമസ് കേക്ക് മുറിക്കാൻ വേണ്ടി കാത്തിരിക്കുന്ന അവന്റെ അനിയനെയും കുഞ്ഞുപെങ്ങളെയും എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ചിന്തിച്ചയുടനെ, അവന്റെ കണ്ണിൽ നിന്നും വീണ്ടും നിറഞ്ഞൊഴുകിയ കണ്ണുനീർത്തുള്ളികൾ ആ കവറിൽ പതിഞ്ഞു. ‘ക്രിസ്മസ് കേക്ക് ‘ എന്ന സ്വപ്നം വീണ്ടും ബാക്കിയാക്കി അവൻ ആ നിമിഷം ബേക്കറിയിൽ നിന്നും തിരികെ വീട്ടിലേക്ക് തിരികെ നടന്നു…
സന്തോഷവും സമാധാനവും നിറഞ്ഞ ആ ക്രിസ്തുമസ് സന്ധ്യയിൽ, ലോകരക്ഷകന്റെ തിരുപിറവിയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ട മനോഹര ഗീതങ്ങളുമായി കരോൾ സംഘങ്ങൾ ഭക്തിയുടെയും സന്തോഷത്തിന്റെയും ലഹരിയിൽ, ബാന്റും സൈഡ് ഡ്രമ്മും കൊട്ടി ക്രിസ്തുമസ് അപ്പൂപ്പന്റെ അകമ്പടിയോടുകൂടി കവലയിലൂടെ നീങ്ങിയപ്പോൾ.. ദുഃഖം എന്ന കാർമേഘം നനുത്ത മഞ്ഞുപോലെ പെയ്തിറങ്ങിയ മനസ്സുമായി ഒരു നിമിഷം കൊണ്ട് അലിഞ്ഞുപോയ ക്രിസ്മസ് കേക്കിന്റെ സ്വപ്നങ്ങളുമായി, അവൻ തന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു…