Wednesday, December 25, 2024
Homeഅമേരിക്കനക്ഷത്രക്കൂടാരം – (ബാലപംക്തി – 50) ✍അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 50) ✍അവതരണം: കടമക്കുടി മാഷ്

അവതരണം: കടമക്കുടി മാഷ്

പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരേ,

എല്ലാവർക്കും സുഖമെന്നു കരുതുന്നു. ഇപ്രാവശ്യം നമുക്ക് മലയാളത്തിലെ രണ്ടു ശൈലികൾകൂടെ പരിചയപ്പെടാം.

ശുദ്ധികലശം നടത്തുക

അശുദ്ധിയെല്ലാം കളയുക, എല്ലാം നേരെയാക്കുക എന്നെല്ലാമാണ് ഈ ശൈലിയുടെ ആശയം.

കലശം എന്ന വാക്കിന് കുടം എന്നർത്ഥം. ക്ഷേത്രങ്ങളിൽ – ബിംബങ്ങളുടെ അശുദ്ധി നീക്കാനായി നടത്തുന്ന ചടങ്ങിൽനിന്നു വന്നതാണ് ഈ ശൈലി. ബിംബത്തിന് അശുദ്ധി ഉള്ളതായി പ്രശ്‌നംവെപ്പിൽ തെളിഞ്ഞാൽ തന്ത്രവിധിപ്രകാരം ശുദ്ധികലശം നടത്തി ശുദ്ധിയും ചൈതന്യവും വീണ്ടെടുക്കും. കലശ ങ്ങളിൽ (കുടം) തീർഥം ആറാടിച്ചു നടത്തുന്ന കർമ്മമായതിനാലാണ് ശുദ്ധികലശം എന്നു പേർ വന്നത്..

ഉദാ: പുതിയ സൂപ്രേണ്ട് ചാർജ്ജ് എടുത്തശേഷം ഓരോ വിഭാഗവും ശുദ്ധികലശം നടത്തിയിട്ടാണു ഭരണമാരംഭിച്ചത്.

കഴുത്തും കാതും പറിക്കുക

ആഭരണങ്ങൾ നഷ്‌ടമാകുക. സൂക്ഷിച്ചു വച്ചതും ഇല്ലാതാക്കുക എന്നാെക്കെയാണ് ശൈലിയുടെ സാരം. കഴുത്തിലും കാതിലും ധരിച്ചിരിക്കുന്ന ആഭരണങ്ങൾ ഊരിയെടുത്ത് പണയംവെയ്ക്കുകയോ വില്ക്കുകയോ വില്ക്കുകയോ ചെയ്യുന്നത് ദാരിദ്ര്യത്തിൻ്റെ തീവ്രതയെ കുറിക്കുന്നു.

ഉദാ: ഇളയതിൻ്റെ കഴുത്തും കാതും പറിച്ചിട്ടാണ് മൂത്തതിൻ്റെ കാര്യം ഒപ്പിച്ചെടുത്തത്. ഇനി അവൾക്കൊരു ആലോചന വരുമ്പോൾ എന്തു ചെയ്യുമോ ആവോ. !

ശൈലികളിലൂടെയുള്ള യാത്ര എങ്ങനെയുണ്ട്. പുതിയവ അടുത്ത ലക്കത്തിലാവാം. ഇനി മാഷെഴുതിയ ഒരു കുഞ്ഞു കവിത വായിക്കാം.

🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🍏🍏🍏🍏

കത്തി
++++++++++

കറുകറെ കറുത്തൊരു കത്തി
മുറുമുറെ മുറിക്കണ കത്തി
കറിയതന്നടുക്കളക്കത്തി
കറിക്കരിയുന്നൊരു കത്തി.

മറിയയ്ക്കുമുണ്ടൊരു കത്തി
മുറുമുറെ മുറിക്കണ കത്തി
മറിയതൻ നാവിലെ കത്തി
കറിയയ്ക്ക് സങ്കടക്കത്തി.

മറിയവും കറിയയുമെത്തി
കറിയതൻ കൈയില് കത്തി
കറിക്കരിയുന്നൊരു കത്തി,
മറിയതൻ നാവില് തത്തി
കറിയയെ മുറിക്കണ കത്തി
തറുതല വാക്കിന്റെ കത്തി.

🌵🌴🌵🌴🌵🌴🌵🌴🌵🌴🌵🌴🌵🌴

മറിയയുടെയും കറിയയുടെയും ഈ കത്തിപ്പാട്ടുംപാടി സന്തോഷിക്കുമ്പോൾ ഇതാ നമ്മളാേട് കഥ പറയാനെത്തുകയാണ് ഒരു ടീച്ചർ –ഡോ.ഉഷാറാണി പി.

സർക്കാർ ഉദ്യോഗസ്ഥരായിരുന്ന കെ.ജി.പ്രഭാകരനാചാരിയുടെയും കെ. പദ്മത്തിന്റെ മകളാണ് ടീച്ചർ. ഇപ്പോൾ തിരുവനന്തപുരം മുട്ടത്തറയിൽ താവലോട് നഗറിലാണ് താമസിക്കുന്നത്.

മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും, ഡോക്ടറേറ്റും നേടിയ ശേഷം 1997 മുതൽ സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപികയാണ്. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ പഠിപ്പിക്കുന്നു.

ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്.

ആത്മനിവേദനം (കവിതകൾ),  ഇമ്മിണി വല്യ ഒന്ന് (ബാലസാഹിത്യം) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ.

ഡോ. ഉഷാറാണി.പി എഴുതിയ കഥ നമുക്കൊന്നിച്ചു വായിച്ചുരസിക്കാം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

കാലംപോയ പോക്ക്!
〰️〰️〰️〰️〰️〰️〰️〰️〰️

അന്നു പഠിപ്പിക്കേണ്ട പാഠഭാഗം പുസ്തകത്തിലും മനസ്സിലുമായി ഉറപ്പിച്ചുകൊണ്ട് തങ്കം ടീച്ചർ ക്ലാസ്സിലേക്കു കയറി. ടീച്ചറിനു പ്രിയപ്പെട്ട ക്ലാസ്സാണത്. ആറ് .ബി.
മലയാളം പിരീഡ് ആയതിനാൽ കുട്ടികളും സന്തോഷത്തോടെ ടീച്ചറിനെ കാത്തിരിക്കുകയാണ്. ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ സ്വതന്ത്രമായി മലയാളം സംസാരിക്കാൻ കഴിയുന്ന ഒരേയൊരു പിരീഡ്! പാഠത്തിനൊപ്പം പറഞ്ഞുകൊടുക്കേണ്ട കഥകളും നുറുങ്ങുകളും നർമ്മങ്ങളും ടീച്ചർ അയവിറക്കി.

പുതിയ തലമുറയിലെ കുട്ടികൾക്ക് പാരമ്പര്യ കഥകളോ അർത്ഥംനിറഞ്ഞ ശൈലികളോ അറിയില്ലെന്നുള്ളത് ടീച്ചറിനെ വിഷമിപ്പിച്ചിരുന്നു.
എന്നാൽ സാങ്കേതികജ്ഞാനത്തിൽ അവർ വളരെ മുമ്പിലാണുതാനും. ഇങ്ങനെയായാൽ ഇനിയുള്ള കാലത്ത് മലയാള ഭാഷ മൃതമാവുമല്ലോയെന്ന കാര്യം ടീച്ചറിനെ സ്വകാര്യമായി ദുഃഖിപ്പിച്ചിരുന്നു. സഹാദ്ധ്യാപകരോടും സുഹൃത്തുക്കളോടും ടീച്ചർ ഇതൊക്കെപ്പറയാറുമുണ്ട്.

പതിവുപോലെ ആചാരമര്യാദകളോടെ കുട്ടികൾ ടീച്ചറെ സ്വീകരിച്ചു.വെളുത്ത ബോർഡിൽ കറുത്തപേനകൊണ്ട് ‘മലയാളം’ എന്ന് വിഷയവും പാഠത്തിൻ്റെ പേരുമെഴുതി. അച്ചടക്കത്തോടെ കുട്ടികൾ പുസ്തകമെടുത്തു. പാഠഭാഗം നിവർത്തിവച്ച് ആകാംക്ഷയോടെ നോക്കിയിരുന്നു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചു നിർത്തിയ ഭാഗംവരെ ടീച്ചർ ഒന്നുരണ്ടുപേരെക്കൊണ്ടു വായിപ്പിച്ചു.

ഞാൻ, ഞാൻ ‘ എന്നു വിളിച്ചുപറഞ്ഞവരിൽ വായനയ്ക്കവസരം കിട്ടാത്തവർ മ്ലാനമുഖരായി. അടുത്തതവണ വായിപ്പിക്കാമെന്ന് ടീച്ചർ അവരെ ആശ്വസിപ്പിച്ചു.

താമസിയാതെ തുടർ പാoഭാഗത്തേക്കു കടന്നു. കരുതിവച്ചിരുന്ന കഥ അനുബന്ധമായി അവതരിപ്പിച്ചു. ‘മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി’ എന്ന പ്രസിദ്ധമായ കഥ.
അതിപ്രകാരമാണ്.
ഒരിക്കലൊരു മൂഷികൻ മകൾക്കായി വിവാഹമാലോചിച്ചു. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠനായ ആളായിരിക്കണം ഭർത്താവ് എന്നായിരുന്നു ആ മൂഷികൻ്റെ ആഗ്രഹം.
സൂര്യഭഗവാനാണ് ഏറ്റവും മഹാൻ എന്ന് മൂഷികൻ വിശ്വസിച്ചു. ആദിത്യദേവനോട് തൻ്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാൽ തന്നെക്കാൾ വലിയ ഒരാളുണ്ടെന്നും തന്നെ മറയ്ക്കുന്ന മേഘമാണതെന്നും കർമ്മസാക്ഷിയായ ഭഗവാൻ പറഞ്ഞു.

അതിനാൽ ഗണപതിവാഹനൻ്റെ വംശത്തിൽപ്പെട്ട ആ ജീവി മേഘത്തിനോട് തൻ്റെ ആഗ്രഹം പറഞ്ഞു. മുകിലാകട്ടെ തന്നെ ചിതറിക്കാൻ കഴിവുള്ള കാറ്റാണ് ഏറ്റവും വലിയവൻ എന്നുത്തരം നൽകി. അതിൻപ്രകാരം മൂഷികൻ കാറ്റിനെ സമീപിച്ച് തൻ്റെ ആവശ്യമറിയിച്ചു. പക്ഷേ കാറ്റ്, താൻ വളരെ നിസ്സാരനെന്നാണ് പറഞ്ഞത്. ചീറിയടിക്കുന്ന തന്നെ തടഞ്ഞുനിർത്താൻ കഴിവുള്ള പർവ്വതമാണ് ഏറ്റവും വലിയവനെന്നും വിനയത്തോടെ വ്യക്തമാക്കി.

അതോടെ മൂഷികൻ പർവ്വതത്തെത്തേടിയിറങ്ങി. പർവ്വതത്തോട് തൻ്റെ അഭിലാഷം അറിയിക്കുകയും ചെയ്തു. കാര്യംകേട്ട ശൈലം തന്നെക്കാളും ശക്തനുണ്ടെന്നാണ് പറഞ്ഞത്. അത് മലകളെപ്പോലും തുരന്നു മറിക്കുന്ന അങ്ങയെപ്പോലുള്ള വരാണ് .
അങ്ങനെ ഭൂമിയിലെ ഏറ്റവും ശക്തൻ മൂഷികൻതന്നെയെന്ന് തെളിഞ്ഞു. പിതാവ് മകളെ മറ്റൊരു മൂഷികനു വിവാഹംകഴിച്ചു കൊടുത്തു. അങ്ങനെ മൂഷികൻ്റെ മകൾ മൂഷികസത്രീയായിത്തന്നെ തുടരുകയും ചെയ്തു.

കഥ കേൾക്കുകയെന്നത് മനുഷ്യമനസ്സിൻ്റെ അടിസ്ഥാനതാത്പര്യമാണ്. ശ്രദ്ധയോടെ കേൾക്കുമ്പോഴും കുട്ടികൾ ടീച്ചറിനുനേരെ ഓരോ കുസൃതിച്ചോദ്യം തൊടുത്തുകൊണ്ടിരുന്നു. തമാശ കേട്ടാൽ പെട്ടെന്ന് പൊട്ടിച്ചിരിക്കുന്ന പ്രകൃതമാണ് തങ്കം ടീച്ചറിന്റേത്.

മൂഷികൻ മകളെ വിവാഹംചെയ്തു കൊടുക്കാൻ സൂര്യനെ തെരഞ്ഞെടുത്തുവെന്നു പറഞ്ഞപ്പോൾ ഒരു കുട്ടി ചോദിച്ചതിങ്ങനെയാണ്,
“അയ്യോ, ആ എലി സൂര്യൻ്റെ ചൂടുകൊണ്ട് കരിഞ്ഞു പോവുകയില്ലേ ടീച്ചർ ” എന്ന്.
എല്ലാവരും ചിരിച്ചു. പിന്താങ്ങി. പലരും പല അഭിപ്രായങ്ങളും ഇതിനുമേൽ പറഞ്ഞു. “അതെയതെ എലി ഫ്രൈ.” പൊട്ടിച്ചിരിക്കുന്നതിനിടയിൽ ടീച്ചർ വ്യക്തമായിക്കേട്ടത് ഇതൊന്നുമാത്രമാണ്.
കഥയിലങ്ങോളമിങ്ങോളം ഇതുപോലുള്ള അഭിപ്രായപ്രകടനങ്ങളും ചിരിയുടെ മാലപ്പടക്കം കൊളുത്തലും നടന്നു.
ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ ടീച്ചർ ഓർമ്മിച്ചതിതാണ്; തലമുറകളുടെ വ്യത്യാസം. എൻ്റെ തലമുറയിൽപ്പെട്ടവരും ഒരിക്കൽ വിദ്യാർത്ഥികളായിരുന്നല്ലോ. അന്ന് അദ്ധ്യാപകൻ പറഞ്ഞുതരുന്നതെന്തായാലും കേട്ട് സമ്മതം മൂളുക മാത്രമായിരുന്നു. തിരികെയൊരു ചോദ്യമുന്നയിക്കാൻ അവർക്കു ഭയമായിരുന്നു.
‘കാലം പോയ പോക്ക് !’ എന്നതിശയംകൊള്ളാ നല്ല ടീച്ചർ മുതിർന്നത്; പുതുതലമുറയുടെ ചിന്താശക്തിയെയും ബുദ്ധിവൈഭവത്തെയും പ്രകീർത്തിക്കാനും അഭിനന്ദിക്കാനുമാണ്.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ഉഷാറാണി ടീച്ചറിന്റെ കഥ ഇഷ്ടമായില്ലേ? ഇനി കവിതയാകാം അല്ലേ ?കുഞ്ഞു കവിതകളുമായി വരുന്ന കവിയെ പരിചയപ്പെടേണ്ടേ?

എങ്കിലിതാ കവിതയുമായി ഒരു മാമൻ വരുന്നുണ്ട്. കുട്ടിക്കവിത പാടി ഊഞ്ഞാലാടിക്കളിക്കാം. നല്ല രസമായിരിക്കും.

കുട്ടിക്കവിതയുമായി എത്തുന്നത് ഇടപ്പള്ളിക്കാരനൊരു കവിയാണ്. ഇടപ്പള്ളി വളരെ പ്രസിദ്ധമായ സ്ഥലമാണല്ലോ. ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയുമൊക്കെ നാട്. അതേ ഇടപ്പള്ളിയിൽത്തന്നെയാണ്
ശ്രീ.ശ്രീലകം വിജയവമ്മ എന്ന കവിയും ജനിച്ചത്.

ഔദ്യോഗിക ജീവിതം ദില്ലി, ബോംബെ, ഊട്ടി, എറണാകുളം എന്നിവിടങ്ങളിലായിരുന്നു..

കവിതകൾ, ഗാനങ്ങൾ എന്നിവ കൂടാതെ ഏതാനും ശ്ലോകങ്ങളും രചിച്ചിട്ടുണ്ട്.

“സ്വപ്നത്തിനൊരു യാത്രാമൊഴി” എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു വിവിധ പ്രസാധകരുടെ സമാഹാരങ്ങളിലും കവിതകൾ രചിച്ചിട്ടുണ്ട്. എഴുത്തുപുര സാഹിത്യസമിതി, എഴുത്തുപുര പബ്ളിക്കേഷൻസ് എന്നീ സംഘടനകളിൽ സജീവം. കൂടാതെ മറ്റുചില സമാന സാഹിത്യസംഘടനകളിലും ചേർന്നു പ്രവർത്തിക്കുന്നുണ്ട്.

ജേർണലിസത്തിൽ ഡിപ്ളോമ നേടിയിട്ടുണ്ട്.

ഭാര്യ ശോഭവർമ്മ. മക്കൾ : ശ്രീജിത് വർമ്മ (സിംഗപ്പൂർ), വിഭ വർമ്മ (ധനലക്ഷ്മി ബാങ്ക്).
നമുക്കിപ്പോൾ ശ്രീ. ശ്രീലകം വിജയവർമ്മ എഴുതിയ കവിത പാടിയാടാം.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

ചൈതന്യം
〰️〰️〰️〰️〰️

കിഴക്കുണർന്നൊരു തേജസ്സങ്ങനെ,
ജ്വലിച്ചു നിൽപ്പൂ പ്രഭയോടേ..
മുത്തുകൾ നിറയെ കോർത്തണിവൃന്ദം,
കിരണാവലികൾ തീർക്കുന്നൂ..
തിളങ്ങിടുന്നതിനലകൾ പോലെ,
പളുങ്കുമണികൾ വിതറുന്നൂ..
പ്രപഞ്ചമങ്ങനെ ചൈതന്യത്താൽ,
തൊടുകുറി ചാർത്തി ലയിക്കുന്നൂ..

മുത്തശ്ശി
〰️〰️〰️〰️

പല്ലില്ലാത്തൊരു മുത്തശ്ശി,
തെല്ലഴകോടെച്ചിരി തൂവീ..
വടിയുംകുത്തിയണഞ്ഞപ്പോൾ,
കുട്ടികളോടിയടുത്തെത്തീ..
കഥകൾ ചൊല്ലിത്തന്നീടിൽ,
എന്തൊരു രസമാണറിയാമോ ?
പലപല ഗീതികളോരോന്നായി-
പ്പാടിരസിച്ചു കളിക്കാലോ..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശ്രീലകത്തിൻ്റെ കുഞ്ഞിക്കവിതകൾ പാടിയങ്ങനെ നടക്കുമ്പോഴേക്കും കഥ പറയുന്നൊരു ടീച്ചറിതാ എത്തിപ്പോയി. കഥ കേൾക്കാൻ ഓടിവന്നോളൂ.
ശ്രീമതി.സഹീറ.എം എന്നാണ് ടീച്ചറുടെ പേര്..

കൊല്ലം ജില്ലയിലെ പോരുവഴിയിൽ മുഹമ്മദ് റാവുത്തറുടെയും സൈനബാ ബീവിയുടെയും മകൾ. പോരുവഴി ജി.യു.പി സ്കൂൾ,ജെ.എം.എച്ച്. എസ് ഭരണിക്കാവ് ,
ഡി. ബി.കോളേജ് ശാസ്താംകോട്ട, എസ്.എൻ ട്രെയിനിങ് കോളേജ് നെടുങ്ങണ്ടം എന്നിവിടങ്ങളിലാണ് ടീച്ചർ പഠിച്ചത്. . മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കി വിരമിച്ചു. കഥയും കവിതയും ലേഖനങ്ങളും നിരൂപണങ്ങളും കുട്ടിക്കവിതകളും കഥകളും എഴുതാറുണ്ട്.

“പടികടന്നെത്തുന്ന ഗന്ധങ്ങൾ” എന്ന കവിത സമാഹാരവും “മുത്തി” എന്ന ബാലനോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ മിന്നാമിന്നികൾ (കുട്ടിക്കവിതകൾ) അച്ചടിയിലാണ്.

ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറായി വിരമിച്ച ഭർത്താവ് ശ്രീ.കെ.ബഷീറിനൊപ്പം ഏറ്റുമാനൂരിലാണ് ടീച്ചറിപ്പോൾ താമസിക്കുന്നത്.
ശ്രീമതി.സഹീറ എം.. എഴുതിയ കഥയാണ് ചുവടേ കൊടുക്കുന്നത്.

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ചന്ദനക്കാട്ടിലെ പോരാളികൾ
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

നാലുവശവും മലനിരകൾ കോട്ടകെട്ടിയ പ്രശാന്തമായ ചെരിഞ്ഞ കുന്നിൻ മുകളിൽ ഉയർന്നുനിന്ന ചെറു പാറപ്പുത്ത് ചന്ദനക്കാട്ടിലെ ജീവജാലങ്ങളുടെ വാരാന്ത്യക്കൂടിക്കാഴച നടക്കുകയാണ്. എല്ലാ വാരാന്ത്യങ്ങളിലും ഇത് പതിവാണ്. ചന്ദനക്കാട്ടിലെ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരുടെയും പ്രതിനിധികൾ ആ കൂടിക്കാഴ്ചയിൽ പങ്കെടുക്കാറുണ്ട്. കൂട്ടത്തിലെ മറ്റുള്ളവർ തൊട്ടടുത്ത മരങ്ങളിലും പൊന്തകളിലും പുഴക്കരയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതേയുള്ളു. ചന്ദനക്കാടെന്ന പേരിൽ ആ വനവാസികൾ ഏറെ അഭിമാനിതരാണ്. ദൂരെദൂരെ കാണുന്ന മുത്തപ്പൻ മലമുടിയുടെ ഹൃദയത്തിൽ നിന്നും ഉറവയെടുക്കുന്ന പുഴയുടെ മൂലസ്ഥാനത്തു ചന്ദനമരങ്ങൾ അതിരിടുന്നു. ചന്ദനച്ചോലയിലെ ജലത്തിന് മണവും രുചിയും കൂടുതലാണെന്ന് അവർക്കെല്ലാം അറിയാം. ചന്ദനക്കാട്ടിലെ കാറ്റിനുപോലും ചന്ദന സുഗന്ധമാണ്. ചന്ദനച്ചോലയുടെ ഉത്ഭവസ്ഥലത്ത് കാറ്റല്ലാതെ ആരും കടക്കാറില്ല. പരിപാവനമായ അവിടേക്ക് ആരും പോകരുതെന്നാണ് ചന്ദനക്കാട്ടിലെ നിയമം. പാവനമായ ആ സ്ഥലം കാട്ടിലെ എല്ലാവരും ഭക്തിപൂർവ്വം കാത്തുപോരുന്നു. ജീവൻ കൊടുത്തും പുഴയുടെ ആരംഭം കാത്തുകൊള്ളാമെന്ന് ഓരോ തലമുറയും മാറിമാറി അവിടേക്ക് നോക്കി പ്രത്ജ്ഞ ചെയ്യുന്നു. അവരവരുടെ വാസസ്ഥലത്തിനടുത്ത് നിന്നുമാത്രം ജലം ആവശ്യത്തിന് ഉപയോഗിക്കുക.

സിംഹങ്ങളില്ലാത്ത കാട്ടിലെ രാജാക്കൾ കടുവകളും പുലികളുമാണ്. ബന്ധുക്കളായ രണ്ടു കുടുംബങ്ങളും മാറിമാറി മത്സരമില്ലാതെ അധികാരികളായി വാഴുന്നു. കാടിൻ്റെ കാവൽക്കാരായി പക്ഷികളും കുരങ്ങന്മാരും സാദാ ജാഗരൂകരാണ്. ചില പ്രത്യേക ശബ്ദത്തോടെ അവർ അപകട സന്ദേശങ്ങളും സന്തോഷങ്ങളും ദിവസവും കൈമാറും. അവരാണ് കാടിനും നാടിനും ഇടയ്ക്കുള്ള വാർത്താവിനിമയക്കാർ. കാട്ടിലെ നിയമങ്ങൾ തെറ്റിക്കുന്നവരെ ബന്ധുവായാൽപ്പോലും മുഖം നോക്കാതെ ശിക്ഷിക്കുന്നതിൽ കാർക്കശ്യം എല്ലാക്കാലത്തും എല്ലാ ജീവജാലങ്ങളും പാലിച്ചിരുന്നു. ഓരോ കാലത്തും ദുരന്തങ്ങളും ദുർമരണങ്ങളുമെത്തിയാലും ചന്ദനക്കാടിനെ അത് ബാധിക്കാറില്ല. കുടിവെള്ളമോ ഭക്ഷണമോ അവിടെ കുറഞ്ഞില്ല. ആഹാരത്തിനു വേണ്ടിമാത്രം വേട്ടയെന്ന കാടിൻ്റെ നീതി അവരുടെ നിലനിൽപ്പിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കി.

സഹവർത്തിത്വത്തിൻ്റെ കാട്ടിൽ പുറംലോകത്തുനിന്നും ചില മണങ്ങൾ വരുന്നത് അവർ അറിഞ്ഞു. വല്ലാത്ത ഒച്ചയോടെ ഇരുണ്ട പുകതുപ്പുന്ന ഭീകര ജീവികളോടുന്നതിന് നിരപ്പാക്കുന്ന കാടിൻ്റെ ഭാഗങ്ങൾ. വെട്ടിയിടുന്ന മരങ്ങളും നിരപ്പാക്കുന്ന കുന്നുകളും അവർ മറഞ്ഞിരുന്ന് കണ്ടു. പുഴവെള്ളം കലങ്ങുന്നതും അവിടെ ദുർഗന്ധം വന്നു തുടങ്ങുന്നതും ചന്ദനക്കാട്ടിലെ ജീവികൾ അറിഞ്ഞു. കൂടുതകർന്ന് കുഞ്ഞുങ്ങളും മുട്ടകളും മൃത്യുലോകം പൂകുന്നു. നിലവിളിയോടെ വീഴുന്ന മരങ്ങളുടെ അലർച്ച കേട്ട് ഭയന്നോടുന്ന പക്ഷികൾ. വിഷമത്തോടെ കുട്ടികളെയും നെഞ്ചിൽ അടുക്കിപ്പിടിച്ച് ഓടുന്ന വാനരൻമാർ. എല്ലാവരെയും പേടിപ്പെടുത്തിയത് ഇരുട്ടിലും തിളങ്ങുന്ന വെട്ടമാണ്. പകൽപോലത്തെ തിളങ്ങുന്ന വെളിച്ചം കണ്ണുകളെ കുത്തിപ്പറിക്കുന്നു. തങ്ങളുടെ ജീവനും വീടുമായ മരങ്ങളെ മുറിച്ചിടുന്ന നീണ്ട നാവുള്ള വല്ലാത്ത മൂർച്ചയുള്ള വാളും മുരൾച്ച പോലുള്ള ശബ്ദവും അവർക്ക് പുതിയ കാഴ്ചയായിരുന്നു. മുറിഞ്ഞു വീഴുന്ന മരത്തിൻ്റെ നിലവിളികൾ! അത് കേൾക്കേ ചന്ദനക്കാട്ടിലെ ഓരോ ജീവിക്കും തങ്ങളുടെ ഹൃദയം പിളരുന്നതുപോലെ തോന്നി.

വാർത്താവാഹകരായ പക്ഷികൾ ദിനവും വിവരം എത്തിച്ചു. അതിനു വേണ്ടിയാണ് ഈ വാരാന്ത്യക്കൂടിയാലോചന. ഇങ്ങനെ പോയാൽ തങ്ങൾക്കു പാർക്കാൻ ചന്ദനക്കാട് കാണുകയില്ല എന്നവർ മനസ്സിലാക്കി.

” നമ്മുടെ വാസ സ്ഥലമായ ചന്ദനക്കാടിൻ്റെ രക്ഷക്കായി നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് എല്ലാവരും ആലോചിച്ചു കാണുമല്ലോ. ഓരോരുത്തരായി പരിഹാരം നിർദ്ദേശിക്കുക.”
പ്രൗഢമായ ശബ്ദത്തിൽ ചരൺ കടുവ പറഞ്ഞു നിർത്തി.

നാടുനീളെ പറന്നു മനുഷ്യഭാഷ പഠിച്ച തത്തമ്മ ചുണ്ടിലെ ചോപ്പു തുടച്ചു പറഞ്ഞു,
“അവർ വരുന്നത് നമ്മുടെ ചന്ദനമരങ്ങളെ ലക്ഷ്യം വച്ചാണ്. അവരുടെ കയ്യിൽ പക്ഷികളെപ്പോലെ പറക്കുന്ന പുതിയൊരു ഉപകരണം ഉണ്ട്. ഡ്രോൺ എന്നാണത്രേ പേര്. അതിൽ കൂടിയാണ് നമ്മുടെ ചന്ദനച്ചോലയുടെ ഹൃദയ സൂക്ഷിപ്പുകാരായ ചന്ദനമരങ്ങളെക്കുറിച്ച് അവരറിഞ്ഞത്. കൂടാതെ നമ്മുടെ ഇടയിലുള്ള ആനക്കൊമ്പന്മാരെയും കടുവ, പുലി തുടങ്ങിയ സഹോദര വിഭാഗങ്ങളെയും അവർ നോട്ടമിട്ടിട്ടുണ്ട്. നമ്മുടെ താവളങ്ങൾ കൃത്യമായി അവർക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് എല്ലാവരും ഇടയ്ക്കിടെ താവളങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത് നന്നായിരിക്കുമെന്നാണ് എനിക്ക് പറയാനുള്ളത്.”

വാനരപ്രതിനിധിയായ മുത്തൻ കുരങ്ങ് പറഞ്ഞു,
“പുഴക്കരയിൽ വള്ളവും തുഴയും കണ്ടു. തൊട്ടടുത്ത് നമ്മുടെ കാട്ടിൽ നിന്നും മുറിച്ചിട്ട വലിയമരങ്ങൾ ചേർത്തുകെട്ടിയ ഒരു ചങ്ങാടവും ഉണ്ട്. ചന്ദനമരങ്ങളുടെ അടുത്തെത്താൻ ചോല മുറിച്ചു കടക്കേണ്ടത് ആവശ്യമാണല്ലോ. അതിനായി ഉപയോഗിക്കുന്നതാണ് ഇവ. അവരുടെ കയ്യിൽ ആയുധങ്ങളും തീ തുപ്പുന്ന കുഴലുമുണ്ട്. ആനക്കൊമ്പും കിട്ടും എന്നൊരുവൻ പറഞ്ഞതു കേട്ടു. നമ്മൾ സൂക്ഷിക്കണം ”

സിംഹൻ കുരങ്ങൻ പറഞ്ഞു… “കണ്ടാൽ ഞങ്ങളെപ്പോലെയുണ്ട്. പക്ഷെ മഹാക്രൂരന്മാരാണ്. കണ്ണിൽക്കാണുന്ന എല്ലാത്തിനെയും മുറിച്ചിടും. കഴിഞ്ഞ ആഴ്ചയിൽ ചെവിയൻ മുയലിൻ്റെ രണ്ടു കുഞ്ഞു മക്കളെ കൊണ്ടുപോയി. ഒരു കാര്യം ചെയ്യാം. അവർ പുഴക്കരയിൽ വരുന്ന സൂചന തരാം. കടത്തുവള്ളം അഴിച്ചു മാറ്റാൻ ഞാനും എൻ്റെ കൂട്ടരും തയ്യാർ.”

“വെറുതെ കലപിലയാകുമോടെ. “. വാനര സ്വഭാവം നന്നായി അറിയാവുന്ന കാട്ടുപൂച്ച കളിയാക്കി.

ചരൺ കടുവ ഇടപെട്ടു.
“നിർത്തിൻ. ഇത് കളി പറയാനുള്ള സമയമല്ല. കൂമൻകുടുംബം ഉറങ്ങാറില്ലല്ലോ? അവർ കാവലിരിക്കട്ടെ. പുഴക്കരയിൽ നിന്ന് എന്തെങ്കിലും സൂചന കിട്ടിയാൽ പ്രത്യേക ഈണത്തിൽ മൂളി അറിയിക്കണം. ഒപ്പം കടവാവലുകൾ വരുന്നവരെ ഒരുമിച്ചു ചിറകടിച്ചു പറന്നുചെന്ന് ഭയപ്പെടുത്തണം. ങ്ങാ, പിന്നെ കൊമ്പൻ കുടുംബം പുഴവെള്ളം നേരത്തേ കലക്കിയിടണം. കൂട്ടിനു വൈകുന്നതിന് മുമ്പേ കാട്ടുപോത്തുകളെക്കൂടെ വിളിച്ചോ.. ഞങ്ങൾ ചരൺ കുടുംബം പതിയിരുന്നു ഭയപ്പെത്തി ഓടിച്ചുകൊള്ളാം.. ഈ സമയം പരുക്കൻപുലിയും കൂട്ടുകാരും മറുവശത്തു പാറകളുടെയിടയിൽ പതിയിരിക്കും.. പിന്നൊരു കാര്യം, നമ്മുടെ ഇടയിലെ കുട്ടികൾ, മാൻ, മുയൽ, മ്ലാവ് തുടങ്ങിയെല്ലാവരും നേരത്തെ മറഞ്ഞേക്കണം. പുറത്തു വരരുത്. വാനമ്പാടി പറഞ്ഞതുവച്ചു ഇന്ന് രാത്രി അവരെത്തും. ഇന്ന് നക്ഷത്രങ്ങളോ നിലാവോ ഇല്ല. അമാവാസിയാണല്ലോ. കുറുക്കൻ തന്റെ കർമ്മം മറക്കരുത്. അവർ പുഴകടന്നു അകത്തേക്ക് വരാതിരിക്കാൻ നോക്കണം.”

പിന്നെ ആനയുടെ നേർക്ക് നോക്കി പറഞ്ഞു,
“കൊമ്പാ, നിന്റെ കൂട്ടത്തിലെ നിന്നെപ്പോലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണേ. ഒരു കാര്യം കൂടി, അവരെ കൊല്ലണ്ട. അത് കൂടുതൽ അപകടം ഉണ്ടാക്കും. ഭയപ്പെടുത്തി ഓടിച്ചാൽ മതി.”
എല്ലാവരും പിരിഞ്ഞു. ചന്ദനക്കാട് നേരത്തെ ഇരുട്ടിലായി. കാട്ടുകള്ളന്മാർ ഇരുളിൻ്റെ മറവിൽ പുഴക്കരെയെത്തി. ചെറുവെട്ടത്തിൽ പുഴ കടക്കുമ്പോൾ കാടകത്ത് കുറേ കണ്ണുകൾ അവരെ പിന്തുടർന്നു. വലിയ തയ്യാറെടുപ്പുകളോടെ അവർ അക്കരെയെത്തി മരത്തിൻ്റെ മറവിൽ. ചെവിവെട്ടംപിടിച്ചു. വള്ളത്തിലും ചങ്ങാടത്തിലുമായി ഈരണ്ട് പേരു വീതം. കടവാതിലുകൾ കൂട്ടത്തോടെ അവർക്കുനേരെ വന്നു. ഒരുവൻ വിളക്കു കെടുത്താൻ അലറി. അപ്പോഴേക്കും കൊമ്പൻ തുമ്പിയുയർത്തി അലറി.. കടുവയും പുലിയും തുടർച്ചയെന്നോണം അലറി. നാലുപേരിൽ ഒരുവൻ തോക്കിനായി പരതി. വെപ്രാളത്തിനിടയിൽ അൽപ്പം താമസിച്ചു. ആ തക്കത്തിൽ വാനരപ്പട മരച്ചില്ലകൾ വല്ലാതെയുലച്ചു. കാട്ടുനായ്ക്കൾ ഓരിയിട്ടു. ഇരുളിൻ്റെ മറപറ്റിയെത്തിയ കാെമ്പനും കൂട്ടരും തുമ്പിവീശി നാലുപേരെയും പുഴയിലേക്കെറിഞ്ഞു.. വന്നവർ ഭയത്തോടെ വെള്ളത്തിൽ കൈകാലുകളടിച്ചു ഒഴുക്കിൽപ്പെട്ട് അകന്നുപോയി. ചന്ദനം കടത്താൻ കൂട്ടിക്കെട്ടിയ ചങ്ങാടം അഴിഞ്ഞു പല കഷണങ്ങളായി പുഴയിൽ ഒഴുകിനടന്നു. മനുഷ്യരെയാരെയും കൊല്ലരുതെന്ന നിർദ്ദേശം അവർ പാലിച്ചു. എല്ലാം ശുഭമെന്ന അറിയിപ്പ് കാട്ടിൽ മുഴങ്ങി. ചന്ദനക്കാടിനെ രക്ഷിച്ച സന്തോഷഗീതം കേട്ട് ആ ഇരുളിലും കാട് തലയാട്ടി.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

ചന്ദനക്കാടിനെ രക്ഷിച്ച കഥ വായിച്ചല്ലോ. ഇനി ഒരു കവിതയാവാം.
കവിതയുമായി എത്തിയിരിക്കുന്നത് ശ്രീ.പി.ഐ. ശങ്കരനാരായണൻ സാറാണ്. അദ്ദേഹം ജനിച്ചത് കണ്ണൂരിലാണ്. കോളേജ് വിദ്യാഭ്യാസ ത്തിനു ശേഷം എറണാകുളത്തും കോഴിക്കോടും ആറു വർഷം പത്രപ്രവർത്തകനായി.

1974 -ൽ എറണാകുളത്ത് കേന്ദ്രഗവണ്മെന്റ് (സ്പൈസസ്) ബോർഡിൽ ഉദ്യോഗസ്ഥനായി. ഏലം / സ്പൈസസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. ഏലം ഒരു ശീലമാക്കൂ എന്ന പരസ്യ വാക്യത്തിന്റെ ഉപജ്ഞാതാവുമാണ്.

നൂറിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർക്കു വേണ്ടി പത്തു പുസ്തകങ്ങൾ വേറെയും . ‘ശങ്കരനാരാ ‘ എന്ന തൂലികാനാമത്തിൽ ഹാസ്യകവിതകൾ, ലേഖനങ്ങൾ എന്നിവയും എഴുതാറുണ്ട്.

1987 – 88 -ൽ ‘മലയാളം ഒരു ശീലമാക്കൂ ‘ എന്ന പ്രചാരണവുമായി സാഹിത്യപരിഷത്തു വഴി ഭാഷാദിനാചരണത്തിനു തുടക്കം കുറിച്ചു.ആകാശവാണി കൊച്ചി നിലയത്തിലൂടെ കുട്ടികൾക്കായി മധുരമീ മലയാളം ‘, ‘ പര്യായമഞ്ജരി’ എന്നീ പരിപാടികൾ അവതരിപ്പിച്ചു. നിരവധി സാഹിത്യ-സാംസ്കാരിക സംഘടനകളിൽ അംഗമാണ്. ധാരാളം റേഡിയോ നാടകങ്ങളിലും ടി. വി. പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

കേന്ദ്രഗവണ്മെന്റിൻ്റെ ത്രിവത്സര ഗവേഷണ ഫെല്ലോഷിപ്പ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ ജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം , കുഞ്ഞുണ്ണി പുരസ്കാരം, അൽബരിയോണ പുരസ്കാരം, കോഴിക്കോട് സർവകലാശാല ഗാന്ധി ചെയർ പുരസ്കാരം,ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം,ഗാന്ധി ചിത്രകഥാ ദേശീയ പുരസ്കാരം എന്നിങ്ങനെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കുട്ടികളിലും മുതിർന്നവരിലും നന്മകൾ വളർത്താൻ നവമന ബാലവികാസകേന്ദ്രം, നവമന വികാസകേന്ദ്രം എന്നിവ സ്ഥാപിച്ചു. ജീവിതമൂല്യങ്ങൾക്ക് ഊന്നൽ നല്കുന്ന കവിത – കഥ ക്ലാസ്സുകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തി വരുന്നു.

ശ്രീ. പി. ഐ.ശങ്കരനാരായണൻ എഴുതിയ ഇരുട്ടകലണേ എന്ന കവിതയാണ് താഴെ.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

🍀🍀🍀🍀🍀🍀🌿🍀🍀🍀🍀🍀🍀🍀

ഇരുട്ടകലണേ !
〰️〰️〰️〰️〰️〰️〰️

ഇരുട്ടകന്നു പോകണേ,
വെളിച്ചമെന്നിലേറണേ.
ഇരുട്ടിലാഴ്ന്നവർക്കു ഞാൻ
വെളിച്ചമായ് ജ്വലിക്കണേ |

( ഇരുട്ടകന്നു ….

അസത്തകന്നു സദ്ഗുണം
സമസ്തമെന്നിലേറണേ,
എനിക്കു വന്ന നന്മ, ലോക –
നന്മയായ് ഭവിക്കണേ !

( ഇരുട്ടകന്നു ….

അമൃതമുണ്ടു മൃതിയെ വെന്നു
വാനിൽ ഞാൻ ലയിക്കണേ,
അഖിലലോക നായകാ
പ്രണാമമെൻ പ്രണാമമേ !

(ഇരുട്ടകന്നു ….

ഇരുട്ടകന്നു പോകണേ
വെളിച്ചമെന്നിലേറണേ
അഖിലലോക നായകാ
പ്രണാമമെൻ പ്രണാമമേ !
പ്രണാമമെൻ പ്രണാമമേ !

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
പ്രാർത്ഥനാ ഗാനം എല്ലാവർക്കും ഇഷ്ടമായില്ലേ?

ഈ ലക്കത്തിലെ കഥയും കവിതകളുമെല്ലാം നിങ്ങൾക്ക് രസകരമായി അനുഭവപ്പെട്ടിട്ടുണ്ടാവുമെന്നാണ് മാഷ് കരുതുന്നത്. പുതിയ രചനകളുമായി പുതിയ എഴുത്തുകാരെ നമുക്ക് അടുത്ത തവണ പരിചയപ്പെടാം.

സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments