ബാഗ്പത്ത്: മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ഉത്തര്‍പ്രദേശിലെ സ്വത്തുക്കള്‍ 1.38 കോടി രൂപയ്ക്ക് ലേലം ചെയ്തു. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ഹെക്ടറോളം വരുന്ന ഭൂമിയാണ് ലേലം ചെയ്തത്.
2010ലാണ് ഈ ഭൂമി ശത്രു സ്വത്ത് ആയി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്.പാക് പൗരന്‍മാര്‍ ഇന്ത്യയിലുപേക്ഷിച്ച സ്വത്തുക്കളാണ് ശത്രു സ്വത്ത് വിഭാഗത്തില്‍ പെടുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്‍ ഓഫീസിന്റെ കീഴിലാണ് ഈ സ്വത്തുക്കള്‍ വരിക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിക്കുന്നത്.
പാകിസ്ഥാനിലെ മുന്‍ പട്ടാള മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ 1999ലാണ് പാകിസ്ഥാനില്‍ അധികാരത്തിലെത്തിയത്. ഡല്‍ഹിയിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യാ വിഭജനത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറിയത്. 2023ലാണ് അദ്ദേഹം അന്തരിച്ചത്.
മുഷറഫിന്റെ മുത്തച്ഛന്‍ കൊട്ടാനയിലാണ് താമസിച്ചിരുന്നതെന്ന് ബറൗത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അമര്‍ വര്‍മ്മ സ്ഥിരീകരിച്ചു.മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ അച്ഛനായ സെയ്ദ് മുഷാറുഫുദ്ദീനും അമ്മ സരിന്‍ ബീഗവും ഈ ഗ്രാമത്തില്‍ താമസിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മാവനായ ഹുമയൂണ്‍ വളരെയധികം കാലം ഈ ഗ്രാമത്തിലാണ് കഴിഞ്ഞത്,” അമര്‍ വര്‍മ്മ പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഹുമയൂണ്‍ താമസിച്ചിരുന്ന ഒരു വീടും ഈ ഗ്രാമത്തിലുണ്ടെന്ന് അമര്‍ വര്‍മ്മ പറഞ്ഞു.
39.06 ലക്ഷം രൂപയാണ് ഭൂമിയ്ക്ക് നിശ്ചയിച്ചിരുന്ന വില. 1.38 കോടി രൂപയ്ക്കാണ് ഈ ഭൂമി ലേലത്തില്‍ വിറ്റഴിച്ചത്. വില്‍പ്പനയില്‍ നിന്ന് ലഭിച്ച തുക കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് ബാഗ്പത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റവന്യൂ രേഖകളില്‍ ‘നൂറു’ എന്നയാളുടെ പേരിലാണ് ഈ ഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. നൂറുവും പര്‍വേസ് മുഷറഫും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രദേശത്ത് താമസിച്ചിരുന്നയാള്‍ മാത്രമാണ് നൂറു എന്നും 1965ല്‍ അയാള്‍ പാകിസ്ഥാനിലേക്ക് പോയെന്നുമാണ് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നത്,” ബാഗ്പത്തിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് പങ്കജ് വര്‍മ്മ പറഞ്ഞു. ശത്രു സ്വത്തായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ ഭൂമി കൃത്യമായ ചട്ടങ്ങള്‍ അനുസരിച്ചാണ് ലേലം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.