Monday, November 18, 2024
Homeഅമേരിക്കമൈക്രോസോഫ്റ്റ് സേവനങ്ങള്‍ വീണ്ടും മുടങ്ങി വ്യാപകപരാതി; ഇത്തവണയുണ്ടായത് ഗുരുതര സൈബര്‍ ആക്രമണം

മൈക്രോസോഫ്റ്റ് സേവനങ്ങള്‍ വീണ്ടും മുടങ്ങി വ്യാപകപരാതി; ഇത്തവണയുണ്ടായത് ഗുരുതര സൈബര്‍ ആക്രമണം

സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ പാളിയ അപ്‌ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് മറ്റൊരു പ്രശ്‌നം കൂടി. ജൂലൈ 30ന് മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉള്‍പ്പടെ പ്രവർത്തനരഹിതമായതാണ് പുതിയ സംഭവം. ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയില്‍-ഓഫ്-സര്‍വീസ്-അറ്റാക്ക് (DDoS) വിഭാഗത്തിലുള്ള സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് അസ്യൂറിന്‍റെ സേവനങ്ങളില്‍ തടസം നേരിട്ടത് എന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചതായി ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന മൈക്രോസോഫ്റ്റ് ഉൽപന്നങ്ങളായ ഓഫീസ്, ഔട്ട്‌ലുക്ക്, അസ്യൂര്‍ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ചൊവ്വാഴ്ച ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഏകദേശം 10 മണിക്കൂറോളം സമയം ഈ പ്രതിസന്ധി നീണ്ടുനിന്നു.

ആഗോളമാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യുകെയിലെ നാറ്റ്‌വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള കമ്പനികളെ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ പുതിയ തകരാർ ബാധിച്ചു. ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്‌ഡേറ്റിലുണ്ടായ പിഴവിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങള്‍ ലോകമാകെ തകര്‍ന്ന് ദിവസങ്ങള്‍ നീണ്ട പ്രതിസന്ധിയുണ്ടായതിന് രണ്ട് ആഴ്‌ചകള്‍ക്ക് ശേഷം മാത്രമാണ് പുതിയ സംഭവം. ആഗോളമായി 85 ലക്ഷം വിൻഡോസ് മെഷീനുകളാണ് അന്ന് പ്രവര്‍ത്തനരഹിതമായത്.

അസ്യൂര്‍ പോര്‍ട്ടലില്‍ ഇപ്പോഴുണ്ടായ പ്രശ‌്നത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും മൈക്രോസോഫ്റ്റ് ട്വീറ്റ് ചെയ്തു. മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങള്‍ പഴയ രീതിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് എന്നും പിന്നാലെ കമ്പനി അറിയിച്ചു.

*എന്താണ് ഡിനയില്‍-ഓഫ്-സര്‍വീസ്-അറ്റാക്ക്*

ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകള്‍ക്ക് നേരെയുണ്ടാകുന്ന പ്രത്യേകതരം സൈബര്‍ ആക്രമണം അല്ലെങ്കിൽ ആക്രമണ ശ്രമമാണ് ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌. വളരെയധികം ട്രാഫിക് അയച്ചുകൊണ്ട് ഒരു വെബ്‌സൈറ്റിനെയോ ഓൺലൈൻ സേവനത്തെയോ മന്ദഗതിയിലാക്കുകയോ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമല്ലാതാക്കുകയോ ചെയ്യുകയാണ് ഇതിലൂടെ ഹാക്കര്‍മാര്‍ ചെയ്യുക. സിസ്റ്റത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിച്ച് അതിനെ തടസപ്പെടുത്തുക വഴിയാണ് ഇത് സാധ്യമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments