ഫീനിക്സ്/ലോസ് ഏഞ്ചൽസ്: ശതാബ്ദി ആഘോഷിക്കുന്ന മാർത്തോമ്മ സന്നദ്ധ സുവിശേഷ സംഘത്തിന്റെറെ പതിനേഴാമത് ദ്വൈവാർഷിക ഭദ്രാസന കോൺഫറൻസിന് അരിസോണയിലെ ഗ്രാൻഡ് റിസോർട്ടിൽ 11ന് തുടക്കമാകും. അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ്, ചെന്നൈ ബാംഗ്ലൂർ ഭദ്രാസന അധ്യക്ഷൻ ഡോ. ഗ്രിഗോറിയോസ് മാർ സ്നേഫാനോസ്. അമേരിക്കൻ ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം, കോൺഫറൻസ് പ്രസിഡന്റ് റവ. ഗീവർഗീസ് കൊച്ചുമ്മൻ, ജനറൽ കൺവീനർ രാജേഷ് മാത്യു, ട്രഷറർ വർഗീസ് ജോസഫ്, അസംബ്ലി മെമ്പർ വിനോദ് വർഗീസ് എന്നിവർ പ്രസംഗിക്കും.
‘വെല്ലുവിളികൾ നിറഞ്ഞ ലോകത്ത് ദൈവത്തിന്റെ ദൗത്യം’ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങൾ നൽകപ്പെടും. ഡോ. ഗ്രീഗോറിയോസ് മാർ സ്നേഫാനോസ്, മാർത്തോമ്മാ വൈദിക സെമിനാരി മുൻ പ്രിൻസിപ്പലും വേദശാസ്ത്ര പണ്ഡിതനുമായ റവ.ഡോ. പ്രകാശ് കെ. ജോർജ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും.
കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിന് 22 – ഓളം കമ്മറ്റികൾ പ്രവർത്തിക്കുന്നു. കുര്യൻ വർഗീസ് – പ്രോഗ്രാം കോ-ഓർഡിനേറ്റർ, രാജൻ ഏബ്രഹാം – ട്രഷറർ, റെജി മാത്യു ലിജിൻ മാത്യു – ഫുഡ്, അനു ജോർജ് – രജിസ്ട്രേഷൻ, ഡോ. സൈമൺ തോമസ് – അക്കോമഡേഷൻ, ടോം ജോർജ് – സുവനീർ, പബ്ലിസിറ്റി – മനു വർഗീസ്, ജൂബി മാത്യു – ക്വയർ, ഡിജിറ്റൽ മീഡിയ – സജി ബേബി, ഷിജി ജോൺസൺ തുടങ്ങിയ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. കോൺഫറൻസിന്റെ ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിക്കും.
കാലിഫോർണിയ, അരിസോണ, സിയാറ്റിൽ, വാഷിംഗ്‌ടൺ ഉൾപ്പെടുന്ന വെസ്റ്റേൺ റീജിയനാണ് കോൺഫറൻസിന് ആതിഥ്യമരുളുന്നത്. റീജിയനിലെ വൈദികരായ റവ. സജി തോമസ്, റവ. സിജു ജേക്കബ്, റവ. ജിനു ജോൺ, റവ. തോമസ് ബി, കോൺഫറൻസ് വൈസ് പ്രസിഡന്റ്റ് സണ്ണി കെ. മാത്യു, ഫിലിപ്പ് ജേക്കബ്, ജോൺ ഗീവർഗീസ്, തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു. സിലിക്കൺവാലി ഇടവക വികാരി റവ. ജിനു ജോൺ കോൺഫറൻസിൻ്റെ തീം സോങ്ങും, ജനറൽ കൺവീനർ രാജേഷ് മാത്യു സമർപ്പണ ഗാനവും രചിച്ചു. റീജിയൻ സംഗീതം നൽകിയിരിക്കുന്നു.
ഡോ. ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സുവിശേഷ വേലയോടുള്ള അഭിവാഞ്ഛയാണ് സ്വമേധ സുവിശേഷക സംഘത്തിൻ്റെ രൂപീകരണത്തിന് പ്രേരണയായത്. 1924 ഓഗസ്റ്റ് 24ന് അയിരൂർ ചായൽ പള്ളിയിൽ കൂടിയ യോഗത്തിലാണ് മാർത്തോമ്മാ സ്വമേധ സന്നദ്ധ സുവിശേഷക സംഘം രൂപീകൃതമായത്. സി.പി. ഫിലിപ്പോസ് കശീശ പ്രസിഡന്റായും മത്താംപാക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി ജനറൽ സെക്രട്ടറിയായും സി.ജെ. ജോൺ ഉപദേശി സഞ്ചാര സെക്രട്ടറിയായും നിയോഗിതരായി. 1938 മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘമെന്ന് പുനർനാമകരണം ചെയ്തു.
ഫീനിക്സ് നഗരത്തിനും വിമാനത്താവളത്തിനും സമീപമാണ് ഫോർ സ്റ്റാർ സൗകര്യമുള്ള അരിസോണ ഗാൻഡ് റിസോർട്ട് സ്പാ. കോൺഫറൻസിനുശേഷം സമീപപ്രദേശങ്ങളിലെ വിവിധ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കുവേണ്ടിയുള്ള സെഷനുകളും ഒരുക്കിയിട്ടുണ്ട്. അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലൊന്നായ അരിസോണയിൽ ഇഥംപ്രഥമമായി നടക്കുന്ന കോൺഫ്രൻസ്, പങ്കെടുക്കുന്നവർക്ക് ആത്മിക അനുഭവമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.