ഡാളസ്: പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന തൃത്വത്തിൽ പ്രകടമാകുന്ന ഐക്യം മനുഷ്യസമൂഹവും അതിലൂടെ സഭകളും മാതൃകയായി സ്വീകരിക്കുമ്പോൾ സഭൈക്യത്തെ കുറിച്ച് ദൈവം നമ്മിൽ നിന്ന് എന്ത് ആഗ്രഹിക്കുവോ അത് പൂർത്തീകരിക്കപ്പെടുമെന്നു വേദപുസ്തകപണ്ഡിതനും കൺവെന്ഷൻ പ്രാസംഗീകനുമായ സി.എസ്.ഐ കോൺഗ്രഗേഷൻ ഓഫ് ഡാളസ് വികാരി റവ രജിവ് സുകുഅച്ചൻ ഉദ്‌ബോദ്ധിപ്പിച്ചു .
നവംബർ 10 ഞായറാഴ്ച രാവിലെ മാർത്തോമ സി.എസ്.ഐ, സി.എൻ.ഐ സഭകൾ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ”സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി” എന്ന വിഷയത്തെ കുറിച്ച് ധ്യാന പ്രസംഗം നടത്തുകയായിരുന്നു റവ രജീവ് സുകു അച്ചൻ.
വ്യത്യസ്ത ചരിത്രവും പാരമ്പര്യവും അനുഷ്ഠാനങ്ങളും ഉള്ള സഭകൾ ഐക്യത്തിന്റെ ആത്മാവിൽ സമൂഹത്തിൽ സാക്ഷ്യം നിർവഹിക്കുവാൻ വിളിക്കപ്പെട്ടിരുന്ന എന്ന് മനസ്സിലാക്കി സഭയിലും സമൂഹത്തിലും ഐക്യം പ്രകടവും സജീവവുമാക്കണം. സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ക്രിസ്തുവിലുള്ള ഐക്യം സാക്ഷ്യപ്പെടുത്തുന്നതിനും ദൗത്യ നിർവഹണത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനും ദൈവത്തിൻറെ സന്നിധിയിൽ നമ്മുടെ ഉച്ചനീചത്വങ്ങളോ നിറമോ ആരോഗ്യം ശരീരഘടന ഒന്നും വ്യത്യാസമില്ലെന്നും അച്ചൻ പറഞ്ഞു.
ദൈവത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ദൈവത്തിൻറെ കൈകൾ ആയിത്തീരുവാൻ ദൈവത്തിൻറെ കാലുകളായി ദൈവത്തിൻറെ കണ്ണുകളായി മാറുവാൻ ദൈവത്തിൻറെ ഹൃദയം ആയിത്തീരുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ എന്നും അച്ചൻ ആശംസിച്ചു.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ റവ. ഷൈജു സി. ജോയ് ആമുഖ പ്രസംഗം നടത്തി.സെക്രട്ടറി അജുമാത്യു നന്ദി പറഞ്ഞു.തുടർന്ന് അതിഥികളായി എത്തിച്ചേർന്ന സി.എസ്.ഐ കോൺഗ്രഗേഷൻ ഓഫ് ഡാളസ് വിശ്വാസികൾക്കു ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.