മസ്കറ്റ്: അഞ്ച് ഭാഷകൾക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി ലഭ്യമായതിൽ മസ്‌കറ്റിലെ ഇന്ത്യൻ സമൂഹം പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി അമിത് നാരങ്ങിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. മറാത്തി, ബംഗാളി, ആസാമീസ്, പാലി, പ്രാകൃത് എന്നീ അഞ്ചു ഭാഷകൾക്കാണ് കേന്ദ്ര സർക്കാർ ‘ശ്രേഷ്ഠ ഭാഷ’ പദവി നൽകിയത്.
മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ ഒരുക്കിയത്. സമ്പന്നമായ ഭാഷാ സാംസ്കാരിക പൈതൃകത്തെ ആദരിക്കുന്നതിനാണ് പ്രത്യേക പരിപാടി സംഘടിപ്പിച്ചതെന്ന് സ്ഥാനപതി അമിത് നാരങ് പറഞ്ഞു. മസ്കറ്റിൽ പ്രവാസികളിൽ നിന്നുള്ള മറാഠി, ബംഗാളി, ആസാമീസ് സമൂഹങ്ങളിലെ അംഗങ്ങളുടെ സാംസ്കാരിക പ്രകടനങ്ങളും നടന്നു.
സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രിക്കുള്ള കത്തുകളും ഇവർ ചടങ്ങിൽ സ്ഥാനപതിക്കു കൈമാറുകയുണ്ടായി.അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതോടെ ശ്രേഷ്ഠ ഭാഷ പദവിയുള്ള ഭാഷകളുടെ എണ്ണം ആറിൽ നിന്ന് 11 ആയി ഉയർന്നു. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾക്കായിരുന്നു നേരത്തെ ഈ പദവി ഉണ്ടായിരുന്നത്.