Thursday, December 26, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. ബഹിരാകാശ വിക്ഷേപണത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്‌എക്സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി. ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിർണായകമാണ് ഈ പരീക്ഷണ വിജയം. തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ ഇതിന്റെ വിഡിയോ ഇലോൺ മസ്‌ക് പങ്കുവച്ചു. ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലിൽ വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാർഷിപ് റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്. 232 അടി (71 മീറ്റർ) നീളമുള്ള ബൂസ്റ്റർ ഇറങ്ങിവരുമ്പോൾ പിടിക്കാൻ ചോപ്സ്റ്റിക്കുകൾ എന്ന് വിളിക്കപ്പെടുന്ന ഭീമൻ ലോഹക്കൈകൾ ലോഞ്ച്പാഡിൽ ഉണ്ടായിരുന്നു. പരീക്ഷണം വിജയകരമായതോടെ എൻജിനീയർമാർ ആവേശത്തോടെ കയ്യടിക്കുന്നതും വിഡിയോയിലുണ്ട്. സ്റ്റാർഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ്‌എക്സ് നേട്ടം കൈവരിച്ചത്. റോക്കറ്റിന്‍റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്പേസ്എക്‌സ് മറികടന്നത്. പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കത്തിലും ഇതു നിർണായകമാകും.
121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്‌തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോൾ ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങുന്നതിനും ഈ പരീക്ഷണവിജയം ഗുണകരമാകും. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാൻ മസ്‌കിനു പദ്ധതിയുണ്ട്.

2. ഇസ്രയേലിലെ ബിന്യാമിനയ്ക്കു സമീപം സൈനിക ക്യാംപിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ശനിയാഴ്ച ടെൽ അവീവിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. മിസൈലുകൾ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേർക്ക് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ബെയ്റൂട്ടിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇസ്രയേലിന്റെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു. അതേസമയം, മധ്യഗാസയിൽ പുനരധിവാസ ക്യാംപ് പ്രവർത്തിച്ച സ്കൂളിനു നേരെ കഴിഞ്ഞ ഞായാറാഴ്ച ഇസ്രയേൽ നടത്തിയ ഷെല്ലിങ്ങിൽ 20 പേർ കൊല്ലപ്പെടുകയും അനവധി ആളുകൾക്കു പരുക്കേൽക്കുകയും ചെയ്തു. ഇതുകൂടാതെ ദക്ഷിണ ലബനനിലെ യുഎൻ സമാധാനസേനാ കേന്ദ്രത്തിൽ ഇസ്രായേൽ രണ്ടാമതും ആക്രമണം നടത്തി. സമാധാനസേനാകേന്ദ്രത്തിന്റെ പ്രധാന ഗേറ്റ് തകർത്തെന്നും സംഘർഷത്തിൽ 15 സമാധാന സേനാംഗങ്ങൾക്ക് നേരിയ പരുക്കേറ്റതായും അധികൃതർ അറിയിച്ചു.
വടക്കൻ ഗാസയിൽ ഇസ്രയേൽ ടാങ്കുകളുടെ മുന്നേറ്റം തടയാൻ ഹമാസ് സംഘടിക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് ജബാലിയ അഭയാർഥി ക്യാംപിൽ പലതവണ കനത്ത ബോംബാക്രമണമുണ്ടായി. ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഗാസ നഗരം ഉൾപ്പെടെ വടക്കൻ ഗാസയിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഒന്നിനുശേഷം ഇവിടേക്ക് ഭക്ഷ്യവസ്തുക്കളൊന്നും എത്തിയിട്ടില്ലെന്നു യുഎൻ അറിയിച്ചു. ബെയ്ത് ഹനൂൻ, ജബാലിയ, ബെയ്ത് ലഹിയ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു.

3. 2024ലെ സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്. ഡാരൻ എയ്സ്മൊഗ്‍ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം. ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ഓരോ വർഷവും സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ, പരിഗണിക്കുന്ന പ്രധാന വിഷയം സാമ്പത്തിക അസമത്വമാണെന്നു കഴിഞ്ഞ പുരസ്കാര പ്രഖ്യാപനങ്ങളിൽനിന്നു മനസ്സിലാക്കാം. ഹാർവഡ് സർവകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിൻ ആയിരുന്നു 2023ലെ സാമ്പത്തിക നൊബേൽ ജേതാവ്. തൊഴിൽ വിപണിയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ചാണ് ക്ലോഡിയ പഠിച്ചത്. സാമ്പത്തിക വിഭാഗത്തിൽ നൊബേൽ നേടുന്ന മൂന്നാമത്തെ മാത്രം വനിതയുമായിരുന്നു ക്ലോഡിയ. ഇക്കുറി ടർക്കിഷ്-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാരൻ അസമോഗ്‍ലു, അമേരിക്കയിലെ മാസച്യൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ബ്രിട്ടിഷ് വംശജൻ പ്രഫ. സൈമൺ ജോൺസൺ, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫ. ജെയിംസ് എ. റോബിൻസൺ എന്നിവർ സാമ്പത്തിക നൊബേൽ നേടിയപ്പോഴും വിഷയത്തിൽ കാതലായ വ്യത്യാസമില്ല. ഓരോ രാജ്യവും സാമ്പത്തികമായി എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്നതിന്റെ കാരണങ്ങളാണ് ഇവർ പഠനത്തിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്തതെന്ന് നൊബേൽ സമിതി പറയുന്നു. എന്തുകൊണ്ടു ചില രാജ്യങ്ങൾ അതിസമ്പന്നമായും ചിലത് അതിദരിദ്രമായും തുടരുന്നുവെന്നതിന്റെ കാരണമാണ് യൂറോപ്യൻ കോളനിവാഴ്ചക്കാരുടെ ഭരണകാല നയങ്ങളെ അടിസ്ഥാനമാക്കി മൂവരും വിശദീകരിച്ചത്. ലോകത്തെ ഏറ്റവും സമ്പന്നമായ 20% രാജ്യങ്ങളുടെ ആസ്തി ഏറ്റവും ദരിദ്രമായ 20% രാജ്യങ്ങളുടേതിനേക്കാൾ 30 മടങ്ങ് അധികമാണെന്ന് ഇവരുടെ പഠനം പറയുന്നു. ഓരോ രാജ്യത്തും രാഷ്ട്രീയ സംവിധാനങ്ങൾ രൂപപ്പെട്ടത് എങ്ങനെയെന്നും അവ സാമ്പത്തിക അഭിവൃദ്ധിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പഠനത്തിലുണ്ട്. മൂന്ന് കാര്യങ്ങളാണ് ഇവർ പ്രധാനമായും വ്യക്തമാക്കിയത്. ഒന്ന്, സമൂഹത്തിൽ അധികാരം ജനങ്ങളിലേക്കു പങ്കുവയ്ക്കപ്പെട്ടു. ഇതിലൂടെ മികച്ച തീരുമാനങ്ങളുണ്ടായി. മറ്റൊന്ന്, അധികാരത്തിലുള്ളവരെ ഭീഷണിയിലൂടെ ഉൾപ്പെടെ തിരുത്താൻ ജനങ്ങൾക്കു കഴിഞ്ഞു. മൂന്നാമത്തേത്, വിശ്വാസത്തിന്റെ പ്രശ്നമാണ്. ജനങ്ങൾക്കു പാഴ് വാഗ്ദാനം മാത്രം നൽകുകയാണ് അധികാര കേന്ദ്രങ്ങളിലുള്ളവർ. ബ്രിട്ടന്റെയും സ്വീഡന്റെയും ഭരണരംഗത്തും സാമ്പത്തികരംഗത്തുമുണ്ടായ മാറ്റങ്ങൾ പഠനത്തിൽ മൂവരും ഉദാഹരണമായി എടുത്തുകാട്ടിയിട്ടുമുണ്ട്. കോളനിവൽകരണ കാലത്ത് ബ്രിട്ടിഷ് ഭരണകൂടം ഇന്ത്യക്കാർക്കു നൽകിയ ചില അധികാരങ്ങളും ബ്രിട്ടിഷുകാർ നിർമിച്ച റോഡ്, റെയിൽ പദ്ധതികളും സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പുരോഗതിയെ എത്രമാത്രം സ്വാധീനിച്ചുവെന്നും ഇവരുടെ പഠനത്തിൽ‌ പ്രതിപാദിക്കുന്നുണ്ട്.

4. ഇസ്രയേൽ – ഹിസ്ബുല്ല പോരാട്ടം നടക്കുന്ന ലബനനിൽ മൂന്നാഴ്ചയ്ക്കിടെ 4 ലക്ഷം കുട്ടികൾ പലായനം ചെയ്തതായി യുനിസെഫ്. 12 ലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. സ്കൂളുകൾ തകർക്കപ്പെടുകയോ അഭയകേന്ദ്രങ്ങളാക്കുകയോ ചെയ്തു. ചെറുരാജ്യമായ ലബനനിൽ ഒരു തലമുറതന്നെ ഇല്ലാതാവുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ ഏജൻസി ആശങ്ക പ്രകടിപ്പിച്ചു. മൂന്നാഴ്ചയായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലബനനിൽ കരയുദ്ധം നടത്തുകയാണ് ഇസ്രയേൽ. 12 ലക്ഷം പേർ വീടുപേക്ഷിച്ചു ബെയ്റൂട്ടിലേക്കും വടക്കൻ ലബനനിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. നൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടു.

കുട്ടികൾ തിങ്ങിനിറഞ്ഞ അഭയാ‍ർഥിക്യാംപുകളിൽ ദുരിതത്തിലാണ്. ഷെല്ലുകൾ പതിക്കുന്നതിന്റെ കാഴ്ചയും വെടിയൊച്ചയും ഭയന്നോട്ടവുമടക്കം ഭീകരഅനുഭവങ്ങളിലൂടെയാണു കുട്ടികൾ കടന്നുപോകുന്നതെന്നു യുനിസെഫ് ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചായ്ബാൻ വെളിപ്പെടുത്തി.
ഇതിനിടെ തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ടൗൺ മേയറടക്കം 5 പേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്.

5. ഒരിടവേളയ്ക്കുശേഷം ഇന്ത്യ- കാനഡ ബന്ധത്തില്‍ വീണ്ടും ഉലച്ചിലുണ്ടായിരിക്കുകയാണ്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ആരോപണങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ കാനഡയിലെ ഹൈക്കമ്മിഷണറെയും ആറു നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിനു മുന്‍പ് 2019ലാണ് ഒരു രാജ്യത്തെ പ്രതിനിധി സംഘത്തെ തിരിച്ചുവിളിക്കുകയെന്ന കടുത്ത നടപടിയിലേക്ക് ഇന്ത്യ നീങ്ങിയത്. പാക്കിസ്ഥാനായിരുന്നു ആ രാജ്യം. പുല്‍വാമ ആക്രമണത്തിനു പിന്നാലെയാണ് ഇസ്‌ലാമാബാദില്‍നിന്നു നയതന്ത്ര സംഘത്തെ ഇന്ത്യ പിന്‍വലിച്ചത്. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ കടന്ന് ഒരു ഭീഷണിയും സൃഷ്ടിക്കാതിരുന്നിട്ടും രണ്ടു രാജ്യങ്ങളും പരസ്പരം ആയുധമെടുക്കാതിരുന്നിട്ടും കാനഡയ്ക്കെതിരെ ഇന്ത്യ ഇത്രയും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്തിനാണ്. ഖലിസ്ഥാന്‍ തീവ്രവാദികളോടുള്ള കാനഡയുടെ മൃദുസമീപനം ഇന്ത്യയ്ക്ക് എന്നും ഭീഷണിയുയര്‍ത്തിയിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കു പ്രധാന കാരണമായിട്ടുള്ളതും കാനഡയുടെ ഖലിസ്ഥാന്‍ പ്രണയം തന്നെ. ഇത്തവണയും ഖലിസ്ഥാന്‍ തന്നെയാണു വിഷയം. 2023 ജൂണില്‍ ഖലിസ്ഥാന്‍ നേതാവ് നിജ്ജാര്‍ കാനഡയിലെ ഗുരുദ്വാരയ്ക്കു പുറത്ത് അജ്ഞാതരുടെ വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ടുള്ള വിഷയമാണ് ഒരു വര്‍ഷത്തിനിപ്പുറവും ഇന്ത്യ-കാനഡ ബന്ധം കലുഷിതമാക്കുന്നത്.
നിജ്ജറുടെ മരണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അന്നുമുതല്‍ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജര്‍ വധവുമായി ബന്ധമുണ്ടെന്നും ഇതിനു ‘വിശ്വസനീയമായ തെളിവുകള്‍’ പക്കലുണ്ടെന്നും ട്രൂഡോ 2023 സെപ്റ്റംബര്‍ 18ന് കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചു. പിറ്റേന്നു തന്നെ ഇന്ത്യ ആരോപണങ്ങള്‍ ‘അസംബന്ധം’ എന്നു വിശേഷിപ്പിച്ചു തള്ളി. അന്നും രണ്ടു രാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ താല്‍ക്കാലികമായി വീസ നിഷേധിക്കുകയും ചെയ്തിരുന്നെങ്കിലും രണ്ടു മാസത്തിനുള്ളില്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ ഭാഗികമായി പരിഹരിച്ചു. എന്നാല്‍ ഇത്തവണ അത്രയെളുപ്പത്തില്‍ പരിഹരിക്കാവുന്ന നിലയിലല്ല കാര്യങ്ങളെന്നു വിദേശകാര്യ മന്ത്രാലയം കാനഡയ്ക്കും ട്രൂഡോയ്ക്കും എതിരെ ഉപയോഗിച്ച വാക്കുകള്‍ വ്യക്തമാക്കുന്നു. നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെയും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുന്നുവെന്നു വിദേശകാര്യ മന്ത്രാലയത്തിന് ഈ കഴിഞ്ഞ ഒക്ടോബർ 14നാണ് കാനഡ കത്തയച്ചത്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്ക്കും ആറു ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടത്തുന്നുവെന്നാണ് കാനഡയുടെ വിശദീകരണം. ഒക്ടോബര്‍ 15ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ ട്രൂഡോയ്‌ക്കെതിരെ വ്യക്തിപരമായും കനേഡിയന്‍ ആഭ്യന്തര വിഷയങ്ങളെക്കുറിച്ചും നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ പ്രശ്‌നത്തെ ഇന്ത്യ അതീവഗൗരവമായാണു കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന സൂചന നല്‍കുന്നു. ‘പ്രധാനമന്ത്രി ട്രൂഡോയ്ക്ക് ഇന്ത്യയോടുള്ള ശത്രുത ഏറെനാളായി പരസ്യമാണ്. 2018ല്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ ഇന്ത്യാ സന്ദര്‍ശനം അദ്ദേഹത്തിനുതന്നെ തിരിച്ചടിയായിരുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള തീവ്രവാദ, വിഘടനവാദ അജന്‍ഡയുമായി പരസ്യമായി ബന്ധമുള്ള വ്യക്തികള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ഭാഗമാണ്. 2020 ഡിസംബറില്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെട്ട അദ്ദേഹത്തിന്റെ പ്രവൃത്തി ഇക്കാര്യത്തില്‍ അദ്ദേഹം ഏതറ്റം വരെയും പോകാന്‍ തയാറാണെന്നു വ്യക്തമാക്കിത്തന്നു.

ഇന്ത്യയ്‌ക്കെതിരെയുള്ള വിഘടനവാദ പ്രത്യയശാസ്ത്രം പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യക്തി നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ ആശ്രയിച്ചാണ് ട്രൂഡോ സര്‍ക്കാരുള്ളത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും നേതാക്കളെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനും അക്രമാസക്തരായ തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും ട്രൂഡോ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് അവസരം നല്‍കുന്നു’’’- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനാണ് ഇന്ത്യയ്‌ക്കെതിരെ ട്രൂഡോ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നുണ്ട്. എന്താണ് ആ വോട്ടുബാങ്ക്? കാനഡയുടെ ജനസംഖ്യയില്‍ 2.1% വരുന്ന സിഖ് വംശജരാണ് അത്. 7,70,000ത്തിലേറെയുള്ള സിഖ് ജനതയുടെ വോട്ടിലാണ് ട്രൂഡോയുടെ കണ്ണ്. പഞ്ചാബിനു പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് വംശജരുള്ളത് കാനഡയിലാണ്. അതുകൊണ്ടുതന്നെ ഖലിസ്ഥാന്‍ വാദികള്‍ക്കും കനേഡിയന്‍ മണ്ണില്‍ കാര്യമായ വേരോട്ടമുണ്ട്. രണ്ട് പ്രധാന ഖലിസ്ഥാന്‍ സംഘടനകളായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നിവയുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രവും കാനഡയാണ്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ കാനഡയിലെ നേതാവായിരുന്നു കൊല്ലപ്പെട്ട നിജ്ജര്‍. ഏതുനിമിഷവും പുറത്തായേക്കാവുന്ന തന്റെ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ അവസാന അടവും പയറ്റുകയാണ് ട്രൂഡോയെന്നും പറയാം. 2021ലെ തിരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തിലെത്തിയെങ്കിലും അത് അരക്കിട്ടുറപ്പിച്ച വിജയമായിരുന്നില്ല. അന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ട്രൂഡോയുടെ രക്ഷയ്‌ക്കെത്തിയത് ഖലിസ്ഥാന്‍ നേതാവ് ജഗ്മീത് സിങ് നേതൃത്വം നല്‍കുന്ന നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു. 24 സീറ്റില്‍ വിജയിച്ച എന്‍ഡിപി ലിബറല്‍ പാര്‍ട്ടിയെ പുറത്തുനിന്നു പിന്തുണച്ചു. അവിശ്വാസ പ്രമേയമുണ്ടായാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നതായിരുന്നു ധാരണ.

എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍ഡിപി ആ പിന്തുണ പിന്‍വലിച്ചു. ട്രൂഡോ വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചും രാജ്യത്തെ വിലക്കയറ്റം ചൂണ്ടിക്കാണിച്ചും ഒക്കെയാണ് ജഗ്മീത് സിങ് സര്‍ക്കാരിനെ കൈവിട്ടതെങ്കിലും കാനഡയില്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിയുന്നതും അടുത്ത തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വിജയിക്കില്ലെന്ന പ്രതീതിയുണ്ടായതുമാണ് എന്‍ഡിപിയുടെ പിന്മാറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഒറ്റയ്ക്ക് കാനഡയുടെ ഭാവി നിര്‍ണയിക്കാനാകുംവിധം ശക്തമായി എന്‍ഡിപി വളര്‍ന്നു കഴിഞ്ഞെന്നും ജഗ്മീത് സിങ് അവകാശപ്പെട്ടിട്ടുണ്ട്.
ഇതോടെ 2025 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പ് വരെ കാലാവധി തികയ്ക്കാനാകുമോ എന്നറിയാതെ ഏതുനിമിഷവും താഴെ വീഴുമെന്ന അവസ്ഥയിലാണ് ട്രൂഡോ സര്‍ക്കാര്‍ ഇപ്പോള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തങ്ങള്‍ ഖലിസ്ഥാന്‍ വാദികള്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് ട്രൂഡോ.

6. വടക്കൻ നൈജീരിയയിലെ ജിഗാവയിൽ ഇന്ധന ടാങ്കർ ലോറി പൊട്ടിത്തെറിച്ച് കുട്ടികൾ ഉൾപ്പെടെ 140ൽ ഏറെ പേർ മരിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. മരിച്ചവരിൽ പലരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി റോഡരികിലെ ഓടയിൽ വീഴുകയായിരുന്നു. ടാങ്കിൽ നിന്നു ചോർന്ന ഇന്ധനം ശേഖരിക്കാൻ ഓടിക്കൂടിയ നാട്ടുകാരാണു തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത്.

7. മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ ഏതാനും പ്രവിശ്യകളിൽ നിരോധനം ഏർപ്പെടുത്തി. ശരീഅത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. വാഹനഗതാഗതത്തിന്റെയോ ആഘോങ്ങളുടെയോ ഒന്നും ദൃശ്യങ്ങൾ പാടില്ല. ടാക്കർ, മൈദാൻ വാർധക്, കാണ്ടഹാർ പ്രവിശ്യയിലെ മാധ്യമങ്ങൾക്ക് ഈ നിർദേശം നൽകിയിട്ടുണ്ടെന്ന് ധാർമിക മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. നിയമം അഫ്ഗാൻ മാധ്യമങ്ങൾക്കു മാത്രമാണോ വിദേശ മാധ്യമങ്ങൾക്കും ബാധകമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. മുൻപ് താലിബാൻ അധികാരത്തിൽ ഉണ്ടായിരുന്ന കാലയളവിൽ എല്ലാ മാധ്യമങ്ങളെയും നിരോധിച്ചിരുന്നു.

8. അടുത്ത വർഷത്തോടെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ‘വിജയ പദ്ധതി’ യുക്രെയ്ൻ പാർലമെന്റിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അവതരിപ്പിച്ചു. ഉപാധികളില്ലാതെ നാറ്റോ അംഗത്വം അനുവദിക്കുന്നതിനൊപ്പം പാശ്ചാത്യശക്തികളുടെ ആയുധപിന്തുണയും ഉണ്ടെങ്കിൽ യുദ്ധം തീരുമെന്ന് സെലെൻസ്കി പറഞ്ഞു. യുക്രെയ്നിനെ സഹായിച്ചാൽ പകരം രാജ്യത്തിന്റെ പ്രകൃതി, ധാതുവിഭവങ്ങൾ വികസിപ്പിക്കാൻ പാശ്ചാത്യശക്തികളെ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുക്രെയ്ൻ സൈന്യം യൂറോപ്പിൽ നാറ്റോയുടെ ശക്തി വർധിപ്പിക്കും. നിലവിൽ യൂറോപ്പിലുള്ള യുഎസ് സൈന്യത്തിന്റെ എണ്ണം കുറയ്ക്കാനും ഇത് ഉപകരിക്കും. പാശ്ചാത്യശക്തികൾ പദ്ധതി അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ഒത്തുതീർപ്പിനു റഷ്യ നിർബന്ധിതമാകുമെന്നും സെലെൻസ്കി പറഞ്ഞു.
കിഴക്കൻ യുക്രെയ്നിലെ നല്ലൊരുഭാഗം കീഴടക്കി റഷ്യൻ സൈന്യം മുന്നേറ്റം തുടരുകയും വൈദ്യുതിയില്ലാത്ത കടുത്ത മഞ്ഞുകാലം അടുത്തുവരികയും ചെയ്യുന്ന സാഹചര്യത്തിലാണു സെലെൻസ്കി വിജയ പദ്ധതി അവതരിപ്പിച്ചത്.

9. വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ (62) കൊല്ലപ്പെട്ടു. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയിലൂടെയാണു കൊല്ലപ്പെട്ടത് യഹൃ സിൻവർ ആണെന്നു സ്ഥിരീകരിച്ചതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി അറിയിച്ചു. കൊല്ലപ്പെട്ടിരിക്കാമെന്നു സൂചനയാണു ഹമാസ് കേന്ദ്രങ്ങളും നൽകിയത്. ഇതോടെ ഹമാസിന്റെ ഉന്നത നേതൃനിരയെ അപ്പാടെ ഇസ്രയേൽ കൊലപ്പെടുത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സിൻവറിന്റെ മൃതദേഹത്തിന്റെ ഫോട്ടോയും വിഡിയോയും ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ടു. 2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവറായിരുന്നു. ജൂലൈയിൽ ടെഹ്റാനിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടശേഷം സംഘടനയുടെ മേധാവിയായി. ഹനിയ ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നതെങ്കിൽ ഗാസയിൽനിന്നു ഹമാസിനെ നയിച്ചിരുന്നത് യഹ്യ സിൻവറായിരുന്നു. ഒക്ടോബർ 7നു ശേഷം ബന്ദികൾക്കൊപ്പം ഒരു ഭൂഗർഭകേന്ദ്രത്തിൽനിന്നു മറ്റൊന്നിലേക്കു മാറിക്കൊണ്ടിരിക്കുകയാണു സിൻവറെന്നും റിപ്പോർട്ടുണ്ടായിരുന്നു. കൊല്ലപ്പെടുമ്പോൾ ബന്ദികളാരും ഒപ്പമുണ്ടായിരുന്നില്ലെന്നാണു സൂചന. അതേസമയം ഹമാസ് ഉന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടത് മറ്റ് ആക്രമണങ്ങൾക്കിടെ യാദൃച്ഛികമായി സംഭവിച്ചതെന്ന് റിപ്പോർട്ട്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞകാലങ്ങളിൽ ഹമാസ് ഉന്നതരെ ഇസ്രയേൽ ഇല്ലാതാക്കിയിരുന്നത്. എന്നാൽ, ഇസ്രയേലിന്റെ ചാരക്കണ്ണുകൾ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവർഷം സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്. സിൻവറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടനുണ്ടാകുമെന്ന് ഇസ്രയേൽ പ്രതീക്ഷിക്കുന്നു. ഇതേസമയം “പ്രതിരോധം ശക്തിപ്പെടുത്തും” എന്ന മറുപടിയോടെ ഇറാനും രംഗത്ത് വന്നിരിക്കികയാണ്. പലസ്തീൻ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം കാലം, പ്രതിരോധവും നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി. സമാധാനത്തിനോ ചർച്ചയ്‌ക്കോ ഇനി ഇടമില്ലെന്നാണ് ഇറാൻ സൈന്യം എക്സിൽ കുറിച്ചത്.

10. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു സമീപം ഡ്രോൺ ആക്രമണം നടന്നതായി ഇസ്രയേൽ. ആക്രമണം നടന്ന സമയം നെതന്യാഹു വസതിയിലുണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് പറ‍ഞ്ഞു. ലബനനിൽനിന്നും വിക്ഷേപിച്ച ഒരു ഡ്രോൺ കെട്ടിടത്തിൽ ഇടിച്ചു തകർന്നതായും രണ്ടെണ്ണം വെടിവച്ചിട്ടതായും ഇസ്രയേൽ അധികൃതർ അറിയിച്ചു. അൻപതിലേറെ റോക്കറ്റുകൾ ലബനനിൽനിന്ന് വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഇതിൽ മിക്കവയും വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായും സൈന്യം അവകാശപ്പെട്ടു. തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഹിസ്ബുല്ല ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ‘ഹമാസ് ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ജീവനോടെ തന്നെ ഉണ്ടാകുമെന്നും’ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. അതേസമയം ഹമാസിനെതിരായ യുദ്ധത്തിൽ വിജയിക്കുമെന്നും ഒന്നിനും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ‘‘ഇറാന്റെ നിഴൽസംഘങ്ങളുമായി യുദ്ധം തുടരും’’ ഹമാസ് നേതാവ് യഹ്യ സിൻവറിന്റെ കൊലപാതകത്തെ ഓർമിപ്പിച്ച് നെതന്യാഹു പറഞ്ഞു. ‘‘ രണ്ടു ദിവസം മുൻപ് തീവ്രവാദികളുടെ ബുദ്ധികേന്ദ്രമായ യഹ്യ സിൻവറിനെ ഉൻമൂലനം ചെയ്തു. ഞങ്ങൾ ഈ യുദ്ധം ജയിക്കാൻ പോകുകയാണ്’’–നെതന്യാഹു വ്യക്തമാക്കി.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments