Sunday, December 22, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് ഗുരുതര പരുക്ക്. നഗര വാർഷികാഘോഷ ചടങ്ങുകൾക്കിടെ വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഒറ്റയ്‌ക്കെത്തിയ അക്രമി നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. പരിപാടികൾക്കായി നിരവധി പേർ എത്തിയിരുന്നു. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്. എല്ലാവരും ചേർന്ന് നടത്തിയ ആഘോഷത്തിനിടെ ഇത്തരമൊരു അപകടം നടന്നതിൽ സങ്കടമുണ്ടെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കുന്നെന്നും സോലിങ്കനിലെ മേയർ ടിം കുർസ്‌ബാക്ക് സമൂഹ മാധ്യമത്തിൽ കുറിച്ചു. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) മുന്നോട്ടുവന്നു. ഇസ്‍ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊലയാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇസ്‍ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്നു മുൻകൂട്ടി അറിവുണ്ടായിരുന്നെന്നു സംശയിക്കുന്ന 15 വയസ്സുകാരനുൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ 8 പേരിൽ 5 പേരുടെ നില ഗുരുതരമാണ്.

2. ദക്ഷിണ ഫ്രാൻസിലെ ഹെറോൾട്ടിന് സമീപം ജൂത സിനഗോഗിന് സമീപം സ്ഫോടനം. ലെ ഗ്രാൻഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിനിടെ പ്രദേശത്തെ ഒരു മുനിസിപ്പൽ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

ഭീകരാക്രമണമാണ് നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരാൾ സിനഗോഗിന് മുന്നിൽ വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ നഗരത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് മൗസ ഡാർമനിൻ അപലപിച്ചു. സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഫ്രാൻസിൽ വളർന്നുവരുന്ന യഹൂദ വിരുദ്ധതയെ അപലപിക്കുന്നതായും സ്ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായ ഫാബിൻ റൗസൽ ആവശ്യപ്പെട്ടു. സ്ഫോടനം നടന്ന ലാ മോട്ടെ നഗരം ദക്ഷിണ ഫ്രാൻസിലെ പ്രശസ്തമായ കടൽത്തീര വിനോദ സഞ്ചാര കേന്ദ്രമാണ്. എല്ലാ വർഷവും ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് മേഖലയിൽ സന്ദർശനം നടത്താറുള്ളത്.

3. ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച ബംഗ്ലദേശ് മുൻ ജഡ്ജിയെ തടഞ്ഞു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഷംസുദ്ദീൻ ചൗധരി മാണിക്കിനെയാണ് ബംഗ്ലദേശ് അതിർത്തി രക്ഷാസേന (ബിജിഡി) തടഞ്ഞുവച്ചത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായ സിൽഹെറ്റിൽ നിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇദ്ദേഹത്തെ അർധരാത്രിവരെ സേനാ ഔട്ട് പോസ്റ്റിൽ നിർത്തിയെന്നാണ് റിപ്പോർട്ട്. അവാമി ലീഗ് നേതാവ് എഎസ്എം ഫിറോസിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് പുതിയ സംഭവവികാസം. ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കി, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റശേഷം മുൻ മന്ത്രിമാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ പലരെയും കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബംഗ്ലദേശിൽ പൂജയും നോമ്പും സഹവർത്തിക്കുമെന്ന് സർക്കാരിന്റെ മതകാര്യ ഉപദേശകൻ എ.എഫ്.എം ഖാലിദ് ഹുസൈൻ പറഞ്ഞു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ മത വിശ്വാസികൾക്കു നേരെ അക്രമങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിലാണ് അദ്ദേഹം പുതിയ ഭരണനേതൃത്വത്തിന്റെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്. 48 ജില്ലകളിലെ 278 സ്ഥലങ്ങളിൽ ന്യൂനപക്ഷ സമുദായം ആക്രമണങ്ങളും ഭീഷണികളും നേരിട്ടതായി ബംഗ്ലദേശ് നാഷനൽ ഹിന്ദു ഗ്രാൻഡ് അലയൻസ് വക്താക്കൾ പറഞ്ഞു.
ഇതുകൂടാതെ ബംഗ്ലദേശിൽ ജമാഅത്തെ ഇസ്‌ലാമിയുടെയും വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറിന്റെയും നിരോധനം പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറക്കി ഇടക്കാല സർക്കാർ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ്, ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം മാറ്റിയത്. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ‘‘കഴിഞ്ഞ 15 വർഷമായി ജമാഅത്തെ ഇസ്‌ലാമിയെ ബംഗ്ലാദേശിൽ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നിരോധനത്തിലേക്ക് ഷെയ്ഖ് ഹസീന കടന്നിരുന്നില്ല. എന്നാൽ രാജ്യത്ത് സംവരണ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമിയെയും വിദ്യാർഥി സംഘടനയെയും നിരോധിച്ചത്’’– ഇടക്കാല സർക്കാരിലെ നിയമോപദേഷ്ടാവായ ആസിഫ് നസ്റുൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും ഷിബിറും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് മുൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ഇടക്കാല സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.

4. ഗാസയിൽ പോളിയോയും പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവരുന്നതായി യുഎൻ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമായുള്ള ചർച്ചകൾ കയ്റോയിൽ നടന്നു. ഹമാസിന്റെ പ്രതിനിധി സംഘം കയ്റോയിലെത്തി. ഇസ്രയേലിന്റെയും ഇടനില രാജ്യങ്ങളായ ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവയുടെയും പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ സമാധാന ചർച്ച പരാജയപ്പെടുകയാണുണ്ടായത്. ബന്ദികളുടെ മോചനകാര്യത്തിൽ ഹമാസും ഇസ്രയേലും പരസ്പരം ആരോപണം ഉന്നയിച്ച് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് ചർച്ച പരാജയപ്പെടാൻ കാരണമായത്. ഇതേസമയം, മധ്യ ഗാസയിലെ ദെയ്റൽ ബലാഹിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ഇവിടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കു നേരെ സൈനിക നടപടി ഉടനുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ്യ ഗാസയിൽ പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായ അൽ അഖ്സയിൽ നിന്ന് രോഗികൾ ഒഴിഞ്ഞുപോയിത്തുടങ്ങി. അത്യാഹിതവിഭാഗമൊഴികെ മറ്റു യൂണിറ്റുകളെല്ലാം പ്രവർത്തനം നിർത്തി.
ഇതേസമയം വെടിനിർത്തൽ പ്രതീക്ഷ മങ്ങുന്നതിനിടെയും, അവശേഷിക്കുന്ന ബന്ദികളിലൊരാളെ ഇസ്രയേൽ സേന മോചിപ്പിച്ചു. തെക്കൻ ഗാസയിൽ, ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ തുരങ്കത്തിൽനിന്നാണ് ഖയിദ് ഫർഹാൻ അൽഖാദി(52)യെ രക്ഷപ്പെടുത്തിയത്. ഇസ്രയേൽ സേനയും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെറ്റും ചേർന്നു നടത്തിയ സങ്കീർണമായ നീക്കത്തിലൂടെയാണു മോചനം. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ണ്. രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അഭിനന്ദിച്ചു. ബാക്കിയുള്ള ബന്ദികളും വീടണയും വരെ ഇത്തരത്തിലുള്ള പ്രവർത്തനം തുടരുമെന്നും അറിയിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തി ബന്ദികളാക്കിയവരിൽ 108 പേർ ഇനിയും ഗാസയിൽ ശേഷിക്കുന്നതായാണു കണക്കുകൾ. ആകെ 251 പേരെയാണ് ഹമാസ് അന്നു ബന്ദികളാക്കി ഗാസയിൽ കൊണ്ടുവന്നത്. 36 പേർ മരിച്ചെന്നാണ് കണക്കുകൾ. ഇസ്രയേൽ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഹമാസ് പറയുന്നു.

വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ഗാസയിൽ പോളിയോ പടരുന്ന സാഹചര്യത്തിൽ പോളിയോ വാക്സിനേഷനുവേണ്ടി ഗാസയിലെ മൂന്നു മേഖലകളിൽ മൂന്നു ദിവസം വീതം പകൽ പരിമിത വെടിനിർത്തലിന് ഇസ്രയേൽ സൈന്യം സമ്മതിച്ചു. ഞായറാഴ്ച മുതൽ ഗാസയിലെ 6,40,000 കുട്ടികൾക്കു വാക്സീൻ നൽകാനാണു ലോകാരോഗ്യ സംഘടനയുടെ പദ്ധതി. ഇതിനായി അടിയന്തര വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു. ആദ്യം മധ്യ ഗാസ, തുടർന്നു തെക്കൻ ഗാസയിലും വടക്കൻ ഗാസയിലും മൂന്നു ദിവസം വീതം രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയാണു വെടിനിർത്തൽ.

5. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ കാരണം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും അടുത്തവർഷം ഫെബ്രുവരിയോടെ തിരിച്ചെത്തിക്കുമെന്നു നാസ അറിയിച്ചു. ഇലോൺ മസ്ക്കിന്റെ സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ചാണു മടക്കയാത്രയെന്നു നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു. പ്രൊപ്പൽഷൻ സംവിധാനത്തിൽ പ്രശ്നങ്ങളുള്ളതിനാൽ സ്റ്റാർലൈനറിൽ മടങ്ങുന്നത് സുരക്ഷിതമായിരിക്കില്ലെന്നു വിലയിരുത്തിയാണു നടപടി. ജൂൺ ഏഴിനു ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും ജൂൺ 13നു തിരിച്ചെത്തും വിധമായിരുന്നു യാത്രാപദ്ധതി. ഇന്ത്യൻ വംശജയായ സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണവും 2 തവണ മാറ്റേണ്ടി വന്നിരുന്നു.

6. ടെലഗ്രാം സിഇഒ പാവല്‍ ഡ്യൂറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായി. ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ്‌ അറസ്റ്റിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പാവല്‍ ഡ്യൂറോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്ന തെളിവുകൾ ഏജന്‍സികള്‍ കണ്ടെത്തിയതായാണ് സൂചന. ലഹരിമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. അസര്‍ബൈജാനിലെ ബകുവില്‍നിന്നാണ് പാവല്‍ ഡ്യൂറോവ് ഫ്രാൻ‌സിലേക്കെത്തിയത്. 2013ലാണ് പാവല്‍ ഡ്യൂറോവ് ടെലഗ്രാം സ്ഥാപിച്ചത്. സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയാതെ 2014ൽ റഷ്യവിട്ടു. സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാത്തതിന് 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിച്ചെങ്കിലും 2021ൽ വിലക്ക് പിൻവലിച്ചു.

7. ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ലെബനലിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു. തിരിച്ചടിയായി, ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മുന്നൂറിലധികം റോക്കറ്റുകൾ ഹിസ്ബുല്ല അയച്ചു. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈനിക വക്താക്കൾ പറഞ്ഞു. തെക്കൻ ലെബനനിലാണ് പ്രധാനമായും ആക്രമണം നടത്തിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നു. പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതായി അമേരിക്ക വ്യക്തമാക്കി. തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും ഇസ്രയേലിനെ ഉപദ്രവിക്കുന്നവരെ തിരിച്ചും ഉപദ്രവിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് തലവൻ ഇസ്മായിൽ ഹനിയ, ഹിസ്ബുല്ല സീനിയർ ജനറൽ ഫൗദ് ഷുക്കൂർ എന്നിവർ കൊല്ലപ്പെട്ടതോടെയാണ് പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായത്.

അതേസമയം ചെങ്കടലിൽ ഗ്രീക്ക് ചരക്കു കപ്പലിന് നേരെ ഹൂതി ആക്രമണം ഉണ്ടായി. ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിലുമായി പോയിരുന്ന എണ്ണ കപ്പലിന് തീപിടിച്ചു. ഓഗസ്റ്റ് 23 മുതൽ ഗ്രീസിന്റെ ക്രൂഡ് ഓയിൽ ചരക്കുകപ്പലായ സൗനിയനിൽ തീപിടിക്കുന്നതായി യൂറോപ്യൻ യൂണിയൻ അധികൃതർ സ്ഥിരീകരിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിൽ കപ്പലിൻ്റെ പ്രധാന ഡെക്കിൽ നിന്ന് തീയും പുകയും വരുന്നതായി കാണിക്കുന്ന ചിത്രങ്ങളും യൂറോപ്യൻ യൂണിയൻ അധികൃതർ പങ്കുവച്ചിട്ടുണ്ട്. ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തിന് മറുപടിയായാണ് ഗ്രീക്ക് എണ്ണക്കപ്പലിന് നേരെയുള്ള ഹൂതി ആക്രമണമെന്നാണ് വിലയിരുത്തൽ. നേരത്തെ ഗാസയിൽ നടക്കുന്ന ഇസ്രായേലിന്റെ അധിനിവേശത്തെയും ഹൂതികൾ ശക്തമായി എതിർത്തിരുന്നു. ചെങ്കടലിൽ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങൾ കാരണം, സൂയസ് കനാൽ ഒഴിവാക്കാൻ ആഗോള കപ്പൽ കമ്പനികൾ നിർബന്ധിതരാകുകയാണ്.

ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിൽ 2 കപ്പലുകളാണ് കഴിഞ്ഞ 10 മാസത്തിനിടയ്ക്ക് തകർക്കപ്പെട്ടത്. ആതൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെൽറ്റ ടാങ്കേഴ്സിന്റെ ഉടമസ്ഥതിയലുള്ളതാണ് ഹൂതികൾ ആക്രമിച്ച സൗനിയൻ എണ്ണക്കപ്പൽ. ഇസ്രയേൽ പിടിച്ചെടുത്ത പലസ്തീന്റെ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകരുതെന്ന തങ്ങളുടെ വിലക്ക് ഡെൽറ്റ ടാങ്കേഴ്സ് കമ്പനി ലംഘിച്ചുവെന്നും ഇതിനാലാണ് ആക്രമണമെന്നുമാണ് ഹൂതി വിമതരുടെ വാദം.

8. തലസ്ഥാനമായ കീവ് നഗരം ഉൾപ്പെടെ യുക്രെയ്നിലെ 15 കേന്ദ്രങ്ങളിൽ റഷ്യ നടത്തിയ വൻ മിസൈൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. നൂറിലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വൈദ്യുതിയും വെള്ളവും പലയിടത്തും മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ശൈത്യകാലത്തിനു തൊട്ടു മുൻപ് ഊർജ നിലയങ്ങൾക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിന് തിരിച്ചടിയായി. റഷ്യൻ ഡ്രോണുകളിൽ ഒന്ന് അയൽരാജ്യമായ പോളണ്ടിന്റെ അതിർത്തി കടന്നു.

9. സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡോൺ’ വിക്ഷേപണം മാറ്റിവച്ചു. ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് സ്പേസ് എക്സ്, എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ദൗത്യം ബുധനാഴ്ച നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പ്രാദേശിക സമയം ചൊവാഴ്ച പുലർച്ചെയോടെയായിരുന്നു വിക്ഷേപണം നടത്താൻ സ്പേസ് എക്സ് തീരുമാനിച്ചിരുന്നത്. സാങ്കേതിക വിദഗ്ധർ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്പേസ് എക്സ് അധികൃതർ വ്യക്തമാക്കി. അഞ്ച് ദിന ദൗത്യത്തിനായി മലയാളിയും സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനുമായ ഡോ.അനിൽ മേനോന്റെ ഭാര്യ അന്ന മേനോൻ അടക്കം 4 പേരെയാണ് നിശ്ചയിരുന്നത്. സ്പേസ് എക്സിലെ എഞ്ചിനീയറായ അന്നയ്ക്ക് പുറമെ ശതകോടീശ്വരൻ ജാറഡ് ഐസക്മാൻ, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ സ്കോട്ട് പൊറ്റീറ്റ്, എഞ്ചിനീയർ സാറാ ഗില്ലിസ് എന്നിവരെയാണ് ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിനായി തിരഞ്ഞെടുത്തിരുന്നത്.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments