ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്.
ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യഭീഷണികളിൽ ഒന്ന് വർധിച്ചുവരുന്ന ലഹരി ഉപയോഗമാണ്. മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും കുറേക്കാലമായി ഭീഷണിയായി വളർന്നിട്ടുണ്ട്. മുമ്പ് വൻകിട നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്നുകളുടെ വിൽപ്പനയും ഉപയോഗവും ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. ലഹരി ഉപയോഗത്തിലെ വർധനയും പുതിയ രീതികളും സംസ്ഥാനത്തുമാത്രം ഒതുങ്ങുന്ന വിഷയമല്ല. യുവജനങ്ങളിലും കോളേജ് വിദ്യാർഥികളിലും മാത്രമല്ല, സ്‌കൂൾ വിദ്യാർഥികളിലേക്കും ലഹരിയുടെ ഉപയോഗം മെല്ലെ പടരുന്നു എന്നത് ഗൗരവമായ പ്രശ്‌നമാണ്.
മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന ഉപയോഗം നാടിനെ നടുക്കുന്നതും മനുഷ്യത്വരഹിതവുമായ പല കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും കാരണമാകുന്നു.
ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമാണ് കേരളത്തിലേക്ക് മയക്കുമരുന്നും മറ്റു ലഹരിവസ്‌തുകളും എത്തിക്കുന്നത്. വൻകിട മയക്കുമരുന്നു മാഫിയകൾ കേരളത്തെ ലക്ഷ്യമിടുന്നു എന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. പണസമ്പാദനത്തിനുവേണ്ടി ഏതു ഹീനമാർഗവും സ്വീകരിക്കാൻ തയ്യാറാകുന്ന ശക്തികളാണ് ഇതിനു പിന്നിൽ. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹ്യാഘാതവും വളരെലുതാണ്.
നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചതെങ്കിൽ സിന്തറ്റിക് – രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് നിലവിലെ വലിയ ഭീഷണി. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മിഠായികളും പാനീയങ്ങളും ഐസ്‌ക്രീമും ലഹരിഗുളികകളും വ്യാപകമാണ്. ഉറക്കഗുളികകളും വേദനസംഹാരിയും ലഹരി വസ്‌തുക്കളായി ഉപയോഗിക്കുന്നു. പല സ്‌കൂളുകളുടെയും സമീപത്തുള്ള ചെറുകച്ചവടക്കാരും മറ്റും ഇത്തരം ലഹരിവസ്‌തുക്കളുടെ വിൽപ്പനക്കാരായി മാറുന്നുണ്ട്. നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാപകമാണ്. ലഹരിയുടെ വ്യാപനത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ലഹരി ഉപയോഗം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുപ്പെടണം.
നാടിനെയാകെ അണിനിരത്തിയുള്ള പ്രവർത്തനത്തിന് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു എല്ലാ വിഭാഗം ജനങ്ങളും ഒപ്പം നിൽക്കണം.എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ പരിശ്രമത്തിന്റെ ഫലമായി ലഹരിവസ്‌തുക്കൾ പിടിക്കുന്നത് കൂടിയിട്ടുണ്ട്. പിടിക്കപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുന്നു. ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. അതിർത്തികളിൽ ട്രെയിനുകളിലും മറ്റു വാഹനങ്ങളിലും പരിശോധന ശക്തമാകണം.
. യുവജനങ്ങൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ–- – സാംസ്‌കാരിക, -രാഷ്ട്രീയ കൂട്ടായ്മകൾ തുടങ്ങിയവരെ ഇതിൽ കണ്ണിചേർത്ത് കൂടുതൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം.
സർക്കാർ നടപടികൾ ഫലപ്രദമാക്കാൻ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് പൊലീസ്–-എക്‌സൈസ് ഉദ്യോഗസ്ഥർ കൂറേക്കൂടി ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ലഹരിവിൽപ്പന സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് വിവരം ലഭിച്ചാൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണം.
വിവരം നൽകുന്നവരുടെ വിശദാംശം ലഹരി മാഫിയക്ക് ചോർത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ വകുപ്പുമേധാവികൾ തയ്യാറാകണം. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ നമ്മുടെ സമൂഹത്തെ ലഹരിമുക്ത സമൂഹമായി മാറ്റാൻ കഴിയും.
Together we can tackle the drug problem.