“ഹാപ്പീ ന്യൂയർ …… “
“അയ്യോ…. എന്താടോ ലേഖേ താൻ ആളെ പേടിപ്പിച്ച് കൊല്ലുമല്ലോ?”
“അയ്യേ.. മാഷ് ശരിക്കും പേടിച്ചോ?”
“പിന്നല്ലാതെ പന്നിലൂടെ പതുങ്ങിവന്ന് ശബ്ദമുണ്ടാക്കിയാൽ ആരാണ് പേടിക്കാതിരിക്കുന്നത് ?”
“ഒരു ഹാപ്പി ന്യൂയർ പറഞ്ഞപ്പോഴേക്കും മാഷിൻ്റെ കാറ്റുപോയോ ? ഹ ഹ ഹ ”
” അധികം ചിരിക്കണ്ട. എൻ്റെ ഹാർട്ടിൻ്റെ വാൽവിൽ രണ്ട് ബ്ലോക്കുണ്ടെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. തൻ്റെ ശബ്ദം കേട്ട് എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ താനിപ്പോൾ കൊലക്കുറ്റത്തിന് അഴിയെണ്ണേണ്ടി വന്നേനെ. ”
“അയ്യോ, നേരോണോ മാഷേ ? ഞാനൊരു തമാശയ്ക്ക് ചെയ്തതാണ് സോറി. ”
” പലപ്പോഴും പലരും ചെയ്യുന്ന നിസാര തമാശകളാണ് പലയിടത്തും വലിയ കലാപങ്ങളിലും, സംഘട്ടങ്ങളിലും, മരണങ്ങളിലും, കലാശിച്ചിട്ടുള്ളത്. ”
” ഞാൻ സോറി പറഞ്ഞില്ലേ മാഷേ , ഇനി ഇങ്ങനെ ഉണ്ടാവില്ല. ”
” ഹോ …..സോറി , ഈ ഒരു വാക്കിലായിരുന്നെങ്കിൽ പണ്ടേ തന്നെ ലോകം പ്രശ്നങ്ങൾ കൊണ്ട് നിറഞ്ഞേനെ. എന്തിനും ഏതിനും ഒരു സോറി. ”
” പുതുവർഷമല്ലേ മാഷേ, അതുകൊണ്ട് മാഷിനൊരു വെറൈറ്റി ആശസയായിക്കേട്ടേന്ന് കരുതി ചെയ്തതാ….. ഒഹ്ഹോ, ഇനി പറഞ്ഞിട്ടെന്താ കാര്യം എല്ലാം കൈവിട്ടുപോയി ”
“ലേഖേ , ഇത് തൻ്റെ മാത്രം കുറ്റമല്ല, താൻ വളർന്നു വരുന്ന പുതിയ കാലഘട്ടത്തിലെ പ്രശ്നമാണ്. പുതിയതലമുറയ്ക്ക് ഇന്നെല്ലാം തമാശയാണ്, മദ്യപാനവും, പുകവലിയും, കൊലപാതകവും, പിടിച്ചുപറിയും എല്ലാം. ”
“അയ്യോ.. മതി മതി , മാഷേ ഒന്ന് നിർത്ത്. ഞാൻ മാഷിനോട് ഒന്നും പറഞ്ഞിട്ടുമില്ല, ഇന്ന് നമ്മൾ തമ്മിൽ കണ്ടിട്ടുമില്ല. ഞാൻ പോണൂ ”
“ലേഖേ , താൻ അങ്ങനെയങ്ങ് പോയാലോ. ഹാപ്പി ന്യൂയർ ”
” മാഷിൻ്റെ ഹാപ്പി ന്യൂയർ എനിക്ക് വേണ്ട. അത് മാഷ് തന്നെ കയ്യിൽ വച്ചോ, 2026-ൽ ആർക്കെങ്കിലും കൊടുക്കാം. അതുവരെ നമ്മൾ ജീവനോടെയുണ്ടായാൽ മതി…… ”