ലെബനനിലെ പുരാതന കിഴക്കൻ നഗരമായ ബാൽബെക്കിന് ചുറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് സ്ത്രീകൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവിടെയും സമീപത്തെ രണ്ട് നഗരങ്ങളിലും ഒഴിപ്പിക്കൽ ഉത്തരവ് നൽകി മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം. പതിനായിരക്കണക്കിന് പേർ പലായനം ചെയ്‌തു.
യുനെസ്‌കോയുടെ പട്ടികയിലുള്ള പുരാതന റോമൻ ക്ഷേത്ര സമുച്ഛയമുള്ള ബാൽബെക്ക് മേഖലയിൽ 20-ലധികം ആക്രമണങ്ങളുണ്ടായി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ബാൽബെക്കിലെയും നബാത്തിയയിലെയും ഹിസ്ബുള്ള കമാൻഡ്, കൺട്രോൾ സെൻ്ററുകളും കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ബാൽബെക്ക് സ്ഥിതി ചെയ്യുന്ന ബെക്കാ താഴ്‌വരയിലെ ഹിസ്ബുള്ള ഇന്ധന ഡിപ്പോകൾ ലക്ഷ്യമിട്ടതായും സൈന്യം അറിയിച്ചു. എന്നാൽ, വിശദാംശങ്ങളൊന്നും നൽകിയില്ല. ഇസ്രയേലിനെതിരായ യുദ്ധ പദ്ധതി തുടരുമെന്നും വെടിനിർത്തലിനായി തങ്ങൾ മുറവിളി കൂട്ടില്ലെന്നും ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസ്സിം പറഞ്ഞതോടെയാണ് ആക്രമണം ഉണ്ടായത്.
സിറിയയുടെ അതിർത്തിക്കടുത്തുള്ള ബെക്കാ താഴ്‌വരയിലെ പ്രധാന ജനവാസ കേന്ദ്രമാണ് ബാൽബെക്ക്. ഇത് വലിയൊരു ഗ്രാമപ്രദേശവും ലെബനനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നുമാണ്.