ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന കകമാൻഡർ കൊല്ലപ്പെട്ടു. ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഓപ്പറേഷൻ വിഭാഗം കമാൻഡർ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 17 പേർക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക 58 കോടി തലയ്ക്ക് വിലയിട്ട തീവ്രവാദിയാണ് ഇബ്രാഹിം അക്വിൽ. 1980കളിലാണ് ഹിസ്ബുള്ളയുടെ ഇബ്രാഹിം ഭാഗമാകുന്നത്. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങൾക്ക് ഇബ്രാഹിം നേതൃത്വം നൽകിയിരുന്നത്.
വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇബ്രാഹിമിനു പങ്കുള്ളതായും ഇസ്രയേൽ ആരോപിക്കുന്നു. 1983 ൽ ലെബനനിൽ നൂറുകണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ ബോംബ് സ്ഫോടനങ്ങളിൽ പങ്കാളിയായ ഇബ്രാഹിമിന്റെ തലയ്ക്ക് അമേരിക്ക 7 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
1980-കളിൽ അമേരിക്കൻ, യൂറോപ്യൻ വംശജരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ കേസിലും അക്വിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള സൈനിക കമാൻഡറടക്കം കൊല്ലപ്പെടുന്നത്. നേരത്തെ ലെബനിൽ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു.
പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. 2800ലധികം പേര്‍ക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റത്. ഇതിനിടെ പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നിരവധി ഇടങ്ങളിൽ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു.
പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലടക്കം കഴിഞ്ഞ ദിവസം പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വിവിധ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കുമെന്ന വാർത്ത ഞെട്ടലോടെയാണ് പുറത്ത് വന്നത്.
നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.