കുഞ്ഞേല്ല്യേ…. ക്രിസ്മസ് ഒക്കെ എവിടെ വരെയായി…?
എന്നാ പറയാനാ അച്ചോ… അതിയാന്റെടുത്തൂന്ന് ചവിട്ടു കൊള്ളാത്ത ഒറ്റ ക്രിസ്മസ് ഇതുവരെ ഞാനാഘോഷിച്ചിട്ടില്ല.ഇത്തവണയും അങ്ങനെ തന്നായിരിക്കും.
തമ്പിരാനേ…. വയസു പത്തെഴുപത്തഞ്ചായി ഈ ക്രിസ്മസെങ്കിലും എന്നെ കാക്കൂല്ലേ….
കുഞ്ഞേലിയമ്മ വലിയ മുട്ടിൽ നിന്ന് കണ്ണീരോടെ തമ്പുരാനെ നീട്ടി വിളിച്ചു….
ഹ…. അല്ലേലും നമ്മളൊക്കെ വയസും പ്രായോമൊക്കെ ആയോരല്ലിയോ…?
ആരുകേൾക്കാൻ…? ആരോടു പറയാൻ… …?
ദേ… ഒരു കാര്യം ഞാനങ്ങു പറഞ്ഞേയ്ക്കാം…. ഇപ്രാവശ്യം രണ്ടിലൊന്നറിഞ്ഞേ ഞാനിവിടുന്നു പോകൂ… അതു കട്ടായം…. എല്ലാദിവസോം പള്ളീല് വരുന്നുണ്ട്, കുമ്പസാരിക്കുന്നുണ്ട് , കുർബ്ബാന സ്വീകരിക്കുന്നുണ്ട് അതും പോരാഞ്ഞ് എല്ലാ നോമ്പും ഈവയസുകാലത്ത് നോക്കുന്നുണ്ട്.
വിരലിലെണ്ണിയെണ്ണി കുഞ്ഞേലിയമ്മ പറഞ്ഞു.
ഇതു കേട്ട് തമ്പുരാൻ ഒന്നമർത്തി മൂളി…
ന്നാപ്പിന്നെ …ഞാനങ്ങോട്ട്…..
ചെന്നിട്ട് നാളേയ്ക്കുള്ളതൊക്കെ വച്ചുണ്ടാക്കണം. രാവിലെ മൊതല് അതിയാൻ കിടന്ന് തൊണ്ണകീറി വിളി തുടങ്ങും.
എട്യേ…. പോത്തുലർത്തിയത് ഇങ്ങെട്
പന്നി വരട്ടിയാ മതീ…. കോഴിയെ ഉച്ച കഴിഞ്ഞുമതി… റ്റൂ ആക്കിക്കോ ന്നൊക്കെ….
പത്തുമണീന്നങ്ങായാപ്പിന്നെ അതിയാനും കൊറച്ചു കൂട്ടങ്ങളും ഉണ്ടാവും. തമ്പിരാനേ… ഒരു കുപ്പിയായിട്ട് ജനിച്ചാ മതീന്ന്
തോന്നീട്ടൊണ്ട്. വെലേമൊണ്ട് സ്നേഹോമൊണ്ട്.
ക്രിസ്മസായിട്ട് ഒരു ചട്ടയ്ക്ക് തുണിയെടുത്തു താ മനുഷ്യനേന്നു പറഞ്ഞിട്ട് അങ്ങേർക്ക് അതിനു മാത്രം കാശില്ല.
പണിയെടുത്ത് ന്റ നടുവൊടിയുന്നത് മാത്രം മിച്ചം.
ഹാ… ഇങ്ങനെ വന്നു പറയുന്നതല്ലാതെ ങ്ങേ…ഹേ…. കമാ…ചിമാന്ന്… ഒരക്ഷരം….
ന്റ തലേല് …എന്താ വരച്ചേക്കണേ….
പതുക്കെ കസേരയിൽപ്പിടിച്ച് എഴുന്നേറ്റ് മുണ്ടിന്റെ ഞൊറി ഒന്നു പിടിച്ചിട്ടു.
പതിയെ ഒന്നു കൂടി തമ്പിരാനെ ഏറുകണ്ണിട്ടു നോക്കി.
തമ്പുരാൻ ഒരുകണ്ണിറുക്കി കാണിച്ചോ എന്നൊരു സംശയം. ഒന്നുകൂടി നോക്കി…ദേ… തമ്പിരാനേ എന്നോടു വേണ്ടട്ടോ… കള്യാക്കുന്നേനൊക്കെ ഒരതിരുണ്ട്.
പതിയെ നടന്ന് മേരിയമ്മയുടെ രൂപക്കൂടിനടുത്തു ചെന്ന് കയ്യിൽ കരുതിയിരുന്ന മെഴുകുതിരി കത്തിച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു.
മകന് അല്പ്പം കുസൃതി കൂടുന്നുണ്ട് കേട്ടോ…. ഒന്നു പറഞ്ഞു മനസിലാക്കി കൊടുത്തേയ്ക്ക്. ഞാമ്പറഞ്ഞിട്ട് കേൾക്കുന്നില്ല. കണ്ണടച്ചു കാണിക്കുവാ…
അരീത്ര വല്യച്ചന്റെ അടുത്തും സെബസ്ത്യാനോസു പുണ്യാളച്ചന്റെ അടുത്തും തൊട്ടു മുത്തി വീട്ടിലേയ്ക്ക്…
അടുക്കള ജോലികളിൽ വ്യാപൃതയായി. സമയം കടന്നുപോയതറിഞ്ഞില്ല. പിറ്റേന്നേയ്ക്കുള്ളതെല്ലാം ഒരുക്കി വച്ചു. പാതിരാ കുർബ്ബാനയ്ക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുട്ടും നടുവും സമ്മതിച്ചില്ല.
വെളുപ്പിനുണർന്ന് പള്ളിയിൽ പോയി കാലിത്തൊഴുത്തിലെ ഉണ്ണിയേയും ദർശിച്ച് കുർബ്ബാനയും കണ്ട് നേർച്ചയുമിട്ട് പോന്നു.
രാവിലെ തന്നെ കളം മൂപ്പിക്കാൻ
ഓരോരുത്തരായി എത്തിത്തുടങ്ങി.
ഇത്തവണ എവിടുന്നോ ഒരു ശക്തി കൈവന്ന പോലൊരു തോന്നൽ കുഞ്ഞേലിയമ്മച്ചിയ്ക്ക്. പോത്തുലർത്തിയതും പന്നി വരട്ടിയതിലുമൊക്കെ അല്പ്പം രുചിക്കൂട്ടുകൂടി ചേർത്ത് തട്ടിപ്പൊത്തിവച്ചു. പുതിയ ജനറേഷൻ ” E വിം “പൗഡർ ചേർത്ത് ” E” ഇറച്ചിക്കറി റെഡിയാക്കി.
അലമാരിയുടെ അടിത്തട്ടിൽ സൂക്ഷിച്ചു വച്ചിരുന്ന കുപ്പികളിലൊന്ന് കൈവശപ്പെടുത്തി മാറ്റി വച്ചു.
“ഈശ്വരോ രക്ഷതു: ”
പിന്നീടണ്ടോട്ട് മായാജാലമോ എന്താണെന്ന ങ്ങട് പറയാൻ പറ്റാത്തതു പോലെ പ്രകടനമല്ലായിരുന്നോ….
പത്തുമണിയ്ക്കു തന്നെ എല്ലാവരും എത്തിച്ചേർന്നു. അച്ചായന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തെ
ചെറിയ അധ്യക്ഷ പ്രസംഗത്തോടെ ഒതുക്കേണ്ടിവന്നു.
മാറ്റിവച്ച കുപ്പിയിലെ ദിവ്യജലം കുഞ്ഞേലിയമ്മച്ചി ആദ്യമായി നുണഞ്ഞ ദിനം. താൻ ഒരു “HE “മാൻ ആകുന്നതായി കുഞ്ഞേല്യമ്മയ്ക്കു തോന്നി. ” എന്നുള്ളിലടങ്ങിയിരിക്കുന്ന ശക്തി കൂടി വാ…” എന്നൊരലർച്ചയോടെ പൂർണ്ണമായി ഒരു ഹീമാനായി മാറുകയായിരുന്നു കുഞ്ഞേല്ല്യമ്മ.
പിന്നീടുള്ള പുകിൽ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ….
പിന്നീടുള്ള എല്ലാ ക്രിസ്തുമസും കുഞ്ഞേല്ല്യമ്മച്ചി വളരെ ഹാപ്പിയായിരുന്നു…. അച്ചായനാകട്ടെ കുടിനിർത്തി എന്നും പള്ളിയിൽ പോകുന്ന പുണ്യാളനും.
വിധിയുടെ ഒരു വിളയാട്ടമേ….
അന്നുമുതൽ കുഞ്ഞേല്യമ്മച്ചിയ്ക്ക് ഒരു കണ്ണിറുക്കുന്ന ഒരു സ്വഭാവം കൂടി ഉണ്ടായി…
തമ്പിരാനേ…. സ്തുതി.