കുമരകത്തെ താമസക്കാരൻ ആണ് അമ്പതിനടുത്തു പ്രായമുള്ള അവിവാഹിതൻ ആയ കുമാരൻ.
കുടുംബത്തിലെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുടെയും ഉത്തരവാദിത്തം നന്നേ ചെറുപ്പത്തിൽ ഏറ്റെടുക്കേണ്ടി വന്നതാണ് സുമുഖനും വലിയ കുടവയറിന്റെ ഉടമയുമായ കുമാരനു മംഗല്യ ഭാഗ്യം നഷ്ടപ്പെട്ടത്.
മീൻപിടുത്തം തൊഴിലായി സ്വീകരിച്ചിരിക്കുന്ന കുമാരൻ അതിരാവിലെ എഴുന്നേറ്റു കുമാരകത്തെ കായലിലും തോടുകളിൽ നിന്നും പിടിക്കുന്ന കരിമീനും കൊഞ്ചും ചെമ്മീനും കുമരകത്തെ വലിയ റിസോർട്ടുകളിൽ ആണ് വിൽക്കുന്നത്.
നല്ലയൊരു ഗായകൻ കൂടിയായ കുമാരൻ വൈകുന്നേരങ്ങളിൽ റിസോർട്ടുകളിൽ അവിടുത്തെ താമസക്കാരായ വിനോദ സഞ്ചാരികൾക്കായി ഗാനമേള നടത്താറുണ്ട്.
വർഷങ്ങൾ ആയി കുമരകതെത്തുന്ന വിദേശിയരുൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ടൂറിസ്റ് ഗൈഡ് ആയും കുമരകം മുഴുവൻ അരച്ച് കലക്കി കുടിച്ചിട്ടുള്ള കുമാരൻ പ്രവർത്തിക്കാറുണ്ട്.
അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ വേനൽ അവധിക്കു കുമാരകത്തു താമസിക്കാനെത്തിയ ഓസ്‌ട്രേലിയയിലെ മെൽബൺ സ്വദേശി യുവ സുന്ദരി മാർഗ്ഗരിറ്റിനു താൻ താമസിച്ച റിസോർട്ടിൽ കുമാരൻ അവതരിപ്പിച്ച ഗാനമേള നന്നായി ഇഷ്ടപ്പെട്ടു. ഗാനമേളയെക്കാൾ മാർഗ്ഗരിറ്റിനു പിടിച്ചത് കുമാരന്റെ കുടവയർ കുലുക്കിയുള്ള നൃത്ത ചുവടുകൾ ആണ്.
വർഷങ്ങൾ ആയി കേരളത്തിലെ വിവിധ ടൂറിസ്റ് കേന്ദ്രങ്ങളിൽ താമസിക്കാനെത്തുന്ന കുറേശെ മലയാളം അറിയുന്ന മാർഗ്ഗരിറ്റു ആദ്യമായി ആണ് കുമരകത്തെത്തുന്നത്. കുമാരനെ തന്നെ ഗൈഡ് ആയി തെരെഞ്ഞെടുത്ത മാർഗ്ഗരിറ്റിനു കുമാരൻ കുമരകത്തിന്റെ മനോഹാരിത മുഴുവൻ കുറച്ചു ദിവസങ്ങൾ കൊണ്ടു കാണിച്ചു കൊടുത്തു.
അങ്ങനെ രണ്ടാഴ്ചത്തെ അടുത്ത പരിചയം ഇരുവർക്കുമിടയിൽ അഗാധമായ പ്രണയത്തിന് തുടക്കമായി. രണ്ടാഴ്ച കുമരകത്തു താമസിക്കാനെത്തിയ മാർഗ്ഗരിറ്റു കുമാരനെ പിരിയാൻ കഴിയാത്തത് കൊണ്ടു തിരികെ ഉള്ള യാത്ര കുറച്ചു നാൾക്കൂടി നീട്ടി.
അങ്ങനെ ഏറെ ദിവസങ്ങൾ വൈകാതെ കുമാരകത്തു വച്ചു കുമാരൻ മാർഗ്ഗരിറ്റിന്റെ കഴുത്തിൽ മിന്നൂകെട്ടി. വിവാഹ ശേഷം മാർഗ്ഗരിറ്റു താമസിച്ചിരുന്ന റിസോർട്ടിലെ താമസക്കാർക്കും കുമാരന്റെ കുടുംബങ്ങൾക്കുമായി അന്ന് വൈകിട്ടു പാർട്ടിയും നടത്തി.
പിറ്റേ ദിവസം മാർഗ്ഗരിറ്റും കുമാരനും കൊച്ചി എയർപോർട്ടിൽ നിന്നും സിങ്കപ്പൂർ വഴി മെൽബണിലേക്ക് പറന്നു. മെൽബണിൽ എത്തിയ ഇരുവരും എയർപോർട്ടിൽ നിന്നും നാൽപതു മിനിട്ട് അകലെയുള്ള മാർഗ്ഗരിറ്റിന്റെ വീട്ടിൽ താമസം തുടങ്ങി.
മെൽബണിൽ താമസം തുടങ്ങി ഏതാണ്ട് ഒരു മാസത്തോളം മാർഗ്ഗരിറ്റിന്റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ പാർട്ടികളും ആഘോഷങ്ങളുമായിരുന്നു.
മെൽബൺ നഗരവും മെൽബണിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മുഴുവൻ മാർഗ്ഗരിറ്റിനോടൊപ്പം സന്ദർശിച്ച കുമാരനു താൻ ഒരു അത്ഭുത ലോകത്താണോ ജീവിക്കുന്നത് എന്നു തോന്നി പോയി.
ഇതിനിടയിൽ മെൽബണിലെ ഒരു സൂപ്പർമാർക്കറ്റിൽ വച്ചു പരിചയപ്പെട്ട കൊച്ചിക്കാരൻ സാം കൊച്ഛക്കനുമായി കുമാരൻ സുഹൃദ് ബന്ധം സ്‌ഥാപിച്ചു. സാം കൊച്ചക്കൻ മെൽബണിലെ ദീർഘകാലമായുള്ള താമസക്കാരനും മെൽബൺ മലയാളി അസോസിയേഷൻ നേതാവുമാണ്.
അങ്ങനെ ഇത്തവണത്തെ മെൽബൺ മലയാളി അസോസിയേഷൻന്റെ ഓണഘോഷത്തിൽ മാവേലിയായത് വലിയ കുടവയറുള്ള കുമാരൻ ആണ്.
മെൽബണിൽ കുമാരൻ എത്തിയിട്ട് ഏതാണ്ട് മൂന്നു മാസങ്ങൾ കഴിഞ്ഞു. ഇംഗ്ലീഷ് സംസാരിക്കാനുള്ള പരിചയ കുറവും വിദ്യാഭ്യാസ കുറവും ഒരു ജോലി സമ്പാദിക്കാൻ കുമാരനു സാധിച്ചില്ല. അതോടെ കുമാരൻ നിരാശനായി.
ഒടുവിൽ കുമാരൻ മാർഗ്ഗരിറ്റിനോട് പറഞ്ഞു എനിക്ക് ഇവിടെ ജീവിക്കാൻ പ്രയാസമാണ് എനിക്കറിയാവുന്ന മീൻ പിടുത്തവും ഗാനമേളയും നടത്തി കുമരകത്തു ജീവിക്കുവാൻ ആണ് എനിക്കിഷ്ടം. മാർഗ്ഗരിറ്റിനു താല്പര്യം ഉണ്ടെങ്കിൽ എന്റെ കൂടെ വരാം ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം.
മാർഗ്ഗരിറ്റും കുടുംബാംഗങ്ങളും മെൽബണിൽ സ്‌ഥിരമായി നിൽക്കാൻ കുമാരനെ നിർബന്ധിച്ചെങ്കിലും കുമാരൻ കൂട്ടാക്കിയില്ല ഒരാഴ്ചയ്ക്കു ശേഷം കുമാരൻ നാട്ടിലേക്കു തിരിച്ചു പോയി.
കുമരകത്തു തിരികെ എത്തിയ കുമാരൻ വീണ്ടും തന്റെ തൊഴിലുകൾ ചെയ്തു പഴയ പോലെ ആക്റ്റീവ് ആയി. എങ്കിലും മാർഗ്ഗരിറ്റിനെ പിരിഞ്ഞ് ഇരിക്കുന്ന വിഷമം തന്റെ അടുപ്പക്കാരുമായി ഷെയർ ചെയ്തു.
കുമാരൻ പോയ ശേഷം മെൽബണിൽ ആകെ വിഷമത്തിൽ ആയി മാർഗ്ഗരിറ്റു. എല്ലാ ദിവസവും കുമാരനെ വിളിച്ചു തീരുമാനം മാറ്റണം തിരികെ എത്തണം എന്നു അഭ്യർത്ഥിച്ചു.
അങ്ങനെ നാലു മാസങ്ങൾ കഴിഞ്ഞു മാർഗരിറ്റിനു തന്റെ ബിസിനെസ്സ് ആവശ്യത്തിന് ഡൽഹിയിൽ വരണ്ട ആവശ്യമുണ്ടായിരുന്നു. ഡൽഹിയിലെ മീറ്റിങ്ങിനു ശേഷം കുമാരനെ കാണുവാൻ കുമരകതെത്തിയ മാർഗ്ഗരിറ്റിനു കുമാരനെ വിട്ടു മെൽബണിലേക്ക് മടങ്ങാൻ മനസ് വന്നില്ല.
അതിസമ്പന്നയായ മാർഗരിറ്റു കുമരകത്തു ഒരു ഫോർ സ്റ്റാർ റിസോർട്ടു വാങ്ങി. താമസം സ്‌ഥിരമായി കുമരകത്താക്കി. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വിനോദ സഞ്ചാരികൾ കുമരകതെത്തുമ്പോൾ താമസിക്കുന്നതും വെക്കേഷൻ എൻജോയ് ചെയ്യുന്നതും കുമാരന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന മാർഗ്ഗരിറ്റിന്റെ റിസോർട്ടിൽ ആണ്.
ശുഭം