കോതമംഗലം: മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ മൂന്നരയോടെ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ എത്തിച്ചു.
കോതമംഗലം മാർതോമ ചെറിയപള്ളി ഇന്നലെ രാത്രി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ആശുപത്രിയിൽ നിന്ന് പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ ഇന്ന് പുലർച്ചെയാണ് എത്തിച്ചത്. തുടർന്ന് ഭൗതിക ശരീരം പള്ളിക്കകത്ത് പൊതുദർശനത്തിന് വച്ചതോടെ നൂറുകണക്കിന് വിശ്വാസികളാണ് പുലർച്ചെ തന്നെ ബാവയെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയത്.
രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും. 9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗവും തുടർന്ന് 10.30 ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും.
ഇന്ന് ഉച്ചനമസ്ക്കാരം കഴിഞ്ഞ് ഒരു മണിയോടെ കോതമംഗലം ചെറിയ പള്ളിയിൽനിന്ന് ബാവായുടെ ഭൗതിക ശരീരം കോതമംഗലം വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 4ന് കോതമംഗലം വലിയ പള്ളിയിൽനിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലേക്ക് ഭൗതികശരീരം വിലാപയാത്രയായി എത്തിക്കും. ശേഷം പാത്രിയാർക്കാ സെൻ്ററിൽ പൊതുദർശനം. നാളെ രാവിലെ 8ന് പാത്രിയർക്കാ സെന്ററർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാനയും 3ന് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകളും നടക്കും. സെന്റ് അത്തനേഷ്യസ് കത്തീഡ്രലിന്റെ മദ്ബഹായിൽ നിന്ന് 5 മീറ്ററോളം മാറി ഇടതുഭാഗത്തായാണ് ശ്രേഷ്ഠ ബാവായ്ക്ക് കല്ലറയൊരുങ്ങുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷം സാഹചര്യം കാരണം കബറടക്ക് ശുശ്രൂഷയ്ക്ക് പാത്രീയാർക്കീസ് ബാവയ്ക്ക് എത്താൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി യുഎസിലേയും യൂറോപ്പിലേയും ആർച്ച് ബിഷപ്പുമാർ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കും. ഇവർ ശനിയാഴ്ച രാവിലെ പുത്തൻകുരിശിൽ എത്തും. അതേസമയം ബാവായുടെ കബറടക്കത്തിന് ശേഷം നടക്കുന്ന 40-ാം ദിവസത്തെ ചടങ്ങിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവാ പങ്കെടുക്കും. ഇന്നു ചേർന്ന സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ യോഗത്തിനു ശേഷം സഭാ അധികാരികളാണ് ഇക്കാര്യം അറിയിച്ചത്.
ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഖാചരണം നടക്കും. സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപങ്ങളിലും നവംബർ ഒന്ന്, രണ്ട് തിയതികളിൽ അവിടുത്തെ ക്രമികരണങ്ങൾ അനുസരിച്ച് അവധി നൽകണമെന്നും നിർദേശമുണ്ട്. സഭയുടെ ദേവാലയങ്ങളിൽ ദുഖാചരണം ആയതുകൊണ്ട് പെരുന്നാളുകളും ആചാരണങ്ങളും നടക്കുന്നു എങ്കിൽ അത് ആഘോഷങ്ങൾ ഇല്ലാതെ നടത്തപ്പെടേണ്ടതാണെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ കോതമംഗലം ചെറിയ പള്ളിയിൽ നടന്ന കുർബാനയ്ക്ക് ശേഷം, സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേർന്നിരുന്നു.
യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും,. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. .
സമരഭരിതമായ താപസജീവിതമായിരുന്നു കാലം ചെയ്ത യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റേതെന്നും, അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ ബലത്തിലാണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ജീവിതത്തിലുടനീളം തെളിയിച്ചിട്ടുണ്ടെന്നും വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അനുശോചിച്ചു.