Thursday, December 26, 2024
Homeഅമേരിക്കകേരളപിറവിയുടെ അറുപത്തെട്ടു വർഷങ്ങൾ... ✍അഫ്‌സൽ ബഷീർ തൃക്കോമല

കേരളപിറവിയുടെ അറുപത്തെട്ടു വർഷങ്ങൾ… ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

ആധുനിക കേരളം രൂപീകൃതമായിട്ട് 68 വർഷം.
ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്‌ഡിറ് ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു. അങ്ങനെയാണ് കേവലം അഞ്ചു ജില്ലകൾ മാത്രമുള്ള ഐക്യ കേരളം രൂപപ്പെടുന്നത് .
മലയാള ഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌തമിഴ്നാട് സംസ്ഥാനത്തെ കന്യാകുമാരി ജില്ലയും, തെങ്കാശി ജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേ ഭാഗവുമൊഴികെയും പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ്‌ സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ ഇപ്പോൾ നീലഗിരി ജില്ലയിലുള്ള കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങളും ഒഴികെയുള്ള മലബാർ ജില്ല, ദക്ഷിണ കന്നഡയിലുള്ള  തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത്, 1956-നവംബർ 1 നാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായത്. 11 കിലോ മീറ്റർ മുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് സഹ്യ പർവതത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരളത്തിന് 38863 ചതുരശ്ര കിലോമീറ്റർ വിസ് തൃതിയുണ്ട്. ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു  തുടർന്ന് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

ഉഷ്ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ മഴക്കാലങ്ങളും നയന മനോഹരമായ പ്രകൃതി ഭംഗിയും മികച്ച ഭൂപ്രകൃതിയും കാലാവസ്ഥയും ജലസമ്പത്തും ,വനങ്ങളും, നീണ്ട കടൽത്തീരവും നാൽപ്പത്തിനാല് പുഴകളും കേരളത്തെ വ്യത്യസ്തമാക്കുന്നു. ലോകത്തെ താമസയോഗ്യമായതും പ്രകൃതി രമണീയവുമായ സ്ഥലങ്ങളിൽ കേരളത്തിന് പ്രഥമ സ്ഥാനമുണ്ട്.അതുകൊണ്ടാണ് ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതു സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ കേരളത്തെ പ്രത്യകമായി എടുത്തു പറഞ്ഞിരിക്കുന്നത്.

1950 വരെ വലിയ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം  ഇന്ന് കാണുന്ന നിലയിലെത്തിയതിൽ പ്രവാസികളുടെ പങ്കു പകരം വെക്കാനില്ലാത്തതാണ്. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം, ശാസ്ത്ര സാങ്കേതികം, സാംസ്കാരികം ,സാഹിത്യം, കായികം തുടങ്ങിയ സമസ്ത മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തെ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹിക വികസനത്തെ ഇന്ന് അന്താരഷ്ട്ര തലത്തിൽ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌ എന്നുള്ളതിൽ അഭിമാനിക്കാം

കേരളത്തിന്റെ തെക്കു പടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ് വർഗ്ഗത്തിൽപെട്ടവരായിരുന്നു.ഇവര്‍ക്ക് പിന്നാലെ എത്തിയ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജര്‍ നെഗ്രിറ്റോയ്ഡ് വംശജരുമായി കൂടിക്കലര്‍ന്നും അല്ലാതെയും ശിലാ യുഗ സംസ്കാരത്തെ വികസിപ്പിച്ചു. മിനുസപ്പെടുത്തിയ ശിലായുധങ്ങളും സൂക്ഷ്മശിലായുധങ്ങളും അവർ ഉപയോഗിച്ചിരുന്നു .കറുത്തനിറം, പൊക്കംകുറഞ്ഞ ശരീരപ്രകൃതി, പതിഞ്ഞ മൂക്ക്, ചുരുണ്ട മുടി തുടങ്ങിയവ നെഗ്രിറ്റോയ്ഡ് വംശജരുടെ പ്രത്യേകതകളാണെന്ന് ചരിത്രം പറയുന്നു. കേരളത്തിലെ കാടുകളില്‍ നായാടികളായി ജീവിതം നയിക്കുന്ന കാടര്‍, തോടര്‍, കാട്ടുനായ്ക്കര്‍,പണിയർ, ഇരുളർ, കുറിച്യർ, മുതുവാന്മാർ, മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ, തുടങ്ങിയ ആദിവാസി ഗോത്രവിഭാഗങ്ങള്‍ നെഗ്രിറ്റോയ്ഡ് വംശജരുടെ ശാരീരിക സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നവരാണെന്ന് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നു .

ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട രാമായണത്തിലെ കിഷ് കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ,വാനരന്മാരെ ദക്ഷിണ ദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ  “നദീം ഗോദാവരീം ചൈവ
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ” എന്ന് .
മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254 ആം അധ്യായത്തിലും, ദ്രോണപർവം 70 ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീ സ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണ ദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി ചെറിയ പരാമർശങ്ങളുണ്ട് .

ബൈബിളിൽ എസ്തറിന്റെ പുസ്തകത്തിൽ വർഷം ബി.സി. 483-482 തുടങ്ങി മാർച്ച് 473 ബി.സി.കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഇന്ത്യയെയും കേരളത്തെയും പരാമർശ്ശിക്കുന്നുണ്ട് ക്രിസ്തു വർഷം ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാര സാഹിത്യത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. ചാണക്യന്റെ അർത്ഥശാസ്ത്രത്തിലും കേരളത്തെക്കുറിച്ച് പരാമർശം ഉണ്ട്.

ഇന്ത്യയില്‍ ആദ്യമായി ഇസ്‌ലാം മതം കടന്നുവന്നത് കേരളത്തിലാണ്. മുഹമ്മദ് നബിയുടെ ജീവിതകാലത്തുതന്നെ (എ.ഡി. 571-632) ൽ തന്നെ ഇസ്‌ലാം കേരളത്തിലെത്തിയെന്നത് ശ്രദ്ധേയമാണ് . കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ചേരമാന്‍ പെരുമാള്‍ രാജാവ് മക്കയില്‍പോയി ഇസ്‌ലാം മതം സ്വീകരിച്ചത്. കേരള തീരത്തു കപ്പലിറങ്ങിയ അറബി യാത്രക്കാരില്‍നിന്ന് ഇസ്‌ലാമിനെ കുറിച്ചറിഞ്ഞ അദ്ദേഹം രാജ ഭരണം ഉപേക്ഷിച്ചു അറേബ്യയിലേക്ക് പോയി . തിരിച്ചുവരുമ്പോള്‍ അറേബ്യയിലെ തന്നെ ശഹര്‍ മുഹല്ലഖയില്‍വെച്ച് മരണപ്പെടുകയാണുണ്ടായത്. ഇന്നത്തെ ഒമാനിലെ സലാലയിൽ അന്ത്യവിശ്രമം കൊള്ളുന്നു. മരണപ്പെടുന്നതിനുമുമ്പ് അദ്ദേഹം ഏല്‍പ്പിച്ച കത്തുമായി മാലികുബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം എ.ഡി. 644 ല്‍ കൊടുങ്ങല്ലൂരിലെത്തിയതിയതും അവിടെ പള്ളി സ്ഥാപിച്ചതുമാണ് ഇന്ത്യയിലെ തന്നെ പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിം വേരുകൾ . ക്രിസ്തു സന്ദേശം കേരളത്തിൽ ആദ്യമെത്തിയത് പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായിരുന്ന  തോമാശ്ലീഹ വഴിയാണെന്ന വിശ്വാസം പ്രബലമാണ്.ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ക്രിസ്തു ശിഷ്യനായ തോമാശ്ലീഹാ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നുണ്ട്. അതനുസരിച്ച് ക്രിസ്തു വര്ഷം 52-ൽ കേരളത്തിലെത്തിയ അദ്ദേഹം ദേവാലയങ്ങൾ സ്ഥാപിച്ചതായും കണക്കാക്കുന്നു . അങ്ങനെ ഇന്ത്യയുടെ ബഹുസ്വരതയുടെയുടെയും മത നിരപേക്ഷതയുടെയും വിത്ത് പാകിയ കേരളം ഇന്നും അതേ നിലയിൽ തലയെടുപ്പോടെ ലോകത്തിനു മുൻപിൽ നിൽക്കുന്നു എന്നത് അഭിമാനാര്ഹമാണ് .ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ മുൻപന്തിയിലുള്ള ലോക രാജ്യങ്ങളോട് കിടപിടിക്കുന്നുണ്ട് കേരളം.അത് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ വളർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്‌ . ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതും കേരളത്തിലാണ്.

അറുനൂറോളം നാട്ടു രാജ്യങ്ങളായിരുന്ന ഇന്ത്യ മഹാരാജ്യം ഇന്നു കാണുന്ന തരത്തിൽ ആക്കിയെടുത്തു ജനാതിപത്യ സംവിധാനത്തിൽ എത്തിക്കാനായി മുൻകൈയെടുത്തത് സർദാർ വല്ലഭായ് പട്ടേൽ എന്ന ഇന്ത്യയുടെ ഉരുക്കു മനുഷ്യനാണ് . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച് കേരളത്തെ വ്യത്യസ്തമാക്കുന്നത് ഭൂപ്രകൃതിയും കാലാവസ്ഥയും മാത്രമല്ല അതി ശക്തമായ മത മൈത്രി, സാക്ഷരത, വിദ്യാഭ്യാസ അടിത്തറ , സംസ്കാരിക തനിമ അങ്ങനെ നീളുന്നു .പശ്ചിമ ഘട്ട മല നിരകൾ കൊണ്ടു സമ്പന്നമായ മലനാടും സംസ്കാരിക തനിമയും മത സഹിഷ്ണതയും വിളിച്ചോതുന്ന ഇടനാടും സമുദ്ര സമ്പത്തു കൊണ്ടു അനുഗ്രഹീതമായ തീര പ്രദേശവും ചേര്ന്നതാണ് കൊച്ചു കേരളം .

കേരം അഥവാ “തെങ്ങിന്റെ നാട് ” എന്നർത്ഥത്തിൽ കേരളം എന്ന പേരുണ്ടായെന്നും . അറബി കച്ചവടക്കാർ ദൈവം അനുഗ്രഹിച്ച സ്ഥലം എന്ന പരിഭാഷപ്പെടുത്താവുന്ന അറബി വാക്കായ “ഖൈറുള്ള “എന്നു കേരളത്തെ വിശേഷിപ്പിച്ചു അതിൽ നിന്നാണ് കേരളം എന്ന വാക്കുണ്ടായത് എന്നുമൊക്കെ പറയുന്നുണ്ട് .

വൈവിധ്യങ്ങളുടെ കലവറയാണ് നമമുടെ നാട്. ഇന്ത്യയിൽ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക്‌ സ്വാഗതം ഓതിയ കൊടുങ്ങലൂർ ,മത മൈത്രിയുടെ എരുമേലി ,കൊല്ല മുളകിന്റെ കൊല്ലം, കിഴക്കിന്റെ വെനീസ് ആലപ്പുഴ ,ദൈവത്തിന്റെ സ്വന്തം സപ്തഭാഷകളുടെ സംഗമ ഭൂമി കാസർഗോഡ് ,അക്ഷര നഗരി കോട്ടയം , രാജവീഥികളുടെയും ശ്രീപാദമനാഭന്റെയും തിരുവനന്തപുരം, സാംസ്കാരിക തനിമയുടെ തൃശൂർ ,തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമല ,മലയാറ്റൂർ ,മമ്പറം മാത്രമോ മലയാള ഭാഷ സർവകലാശാലയും ഭാഷ പിതാവിന്റെ നാടും ഭക്ത കവിയുടെയും മാപ്പിള കവിയുടെയും സ്മാരകം ഉയർന്നു നിൽക്കുന്നതുമായ മലപ്പുറം അങ്ങനെ അറിയപ്പെടുന്നതും അറിയ പെടാത്തതുമായ ഒട്ടനവധി ഭൂമി ശാസ്ത്രപരമായതും തീർത്ഥാടന കേന്ദ്രങ്ങളും കൂടാതെ സാഹിത്യത്തിലും കലയിലും ലോകത്തെ ഏറ്റവും മികച്ച മാതൃകകളും നിറഞ്ഞ നിറഞ്ഞ കേരളം,ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മലയാളി സാന്നിധ്യമുണ്ടെന്നുള്ളത് മറ്റൊരു സവിശേഷത .

കഴിഞ്ഞ കാലങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളും പ്രളയവും നമു ക്കുണ്ടാക്കിയ വലിയ നഷ്ടങ്ങളും പല കാലങ്ങളിലുണ്ടായ സാമൂഹിക പ്രശ്നങ്ങളുമെല്ലാം സമചിത്തതയോടെ പരിഹരിച്ചതും ഇന്ത്യ രാജ്യത്തു തുടർച്ചയായുണ്ടാകുന്ന മത സ്പർദകളും ,കേരളത്തിനകത്തു നിന്ന് ഉണ്ടാകുന്ന തീവ്ര പരാമര്ശങ്ങളുമെല്ലാം കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല. അത്തരം ചെയ്തികളെ മുഖം നോക്കാതെ ജാതി മത ഭേദമന്യേ എതിർക്കുന്നു എന്നതും ഒപ്പം മഹാവ്യാധിയുടെ ആദ്യ കാലങ്ങളിൽ ഒരുമിച്ചു നിന്നതും പിന്നീട് പല അവസരത്തിലും കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടായെങ്കിലും നിയന്ത്രണ വിധേയമായി മുൻപോട്ടു പോയതും , ദുരന്ത മുഖങ്ങളിൽ കേരള യുവതയുടെ അവസരോചിതമായ ഇടപെടലുകളും മലയാളത്തിന്റെ മഹാ ഐക്യത്തെ അത്ര പെട്ടന്ന് തകർക്കാൻ ആർക്കും കഴിയില്ല എന്നതിന്റെ തെളിവാണ്. അത് കൊണ്ടാണ് വാൾട്ടർ മൻഡീസ് “കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് “എന്ന് പറഞ്ഞത് .മാത്രമാണോ ബുദ്ധ
ജൈന ഹിന്ദു ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾ ഒന്നായി ഓണവും വിഷുവും ക്രിസ്തുമസ്സും ഈസ്റ്ററും ചെറിയ പെരുന്നാളും ബക്രീദും അമ്പലത്തിലെ ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നബിദിനവും എല്ലാം ഒരുമിച്ചാഘോഷിക്കുന്നത് വലിയ ബഹുസ്വരതയുടെ ഉദാഹരണമാണ് .മഹാബലിയുടെ നാടെന്നും പരശുരാമൻ മഴുവെറിഞ്ഞു കടൽ മാറി കരയായ ഭൂമിയെന്നുമൊക്കെ വിശേഷിപ്പിക്കുന്ന കൊച്ചു കേരളം ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമാക്കി മാറ്റേണ്ടതുണ്ട് .വർത്തമാന കാലത്തു ലോകത്തിന്റെ തന്നെ സാംസ്കാരിക തലസ്ഥാനം ആയി മാറാന് കഴിയുന്ന ചരിത്രവും സാംസ്കാരിക മുന്നേറ്റങ്ങളും അവകാശപ്പെടാൻ കഴിയുന്നതാണ് നമ്മുടെ കേരളം.

ആഗോള മലയാളികൾക്ക്
കേരള പിറവി ദിനാശംസകൾ ……..

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments