Friday, December 27, 2024
Homeഅമേരിക്കകേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 26ന്, വോട്ടെണ്ണൽ ജൂൺ നാലിന്

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 26ന്, വോട്ടെണ്ണൽ ജൂൺ നാലിന്

പെരുമാറ്റ ചട്ടം നിലവില്‍ വന്നു: 85 വയസ്സിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വെച്ച് വോട്ട് ചെയ്യാം:

വോട്ടർ ഹെൽപ് ലൈൻ നമ്പർ 1950:

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം ഏപ്രിൽ 19 നും ഏപ്രിൽ 26 ന് രണ്ടാം ഘട്ടവും നടക്കും. കേരളത്തിൽ തെര‍ഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കായികബലം ഉപയോഗിച്ച് പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ കര്‍ശനമായി തടയുമെന്ന് കമ്മീഷണർ വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമതായി 94 മണ്ഡലങ്ങളിലും, നാലാമതായി 96 മണ്ഡലങ്ങളിലും അഞ്ചാമതായി 49 മണ്ഡലങ്ങളിലും ആറാമതായി 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ആന്ധ്രാ പ്രദേശിൽ മെയ് 13 നും, സിക്കിമിലും അരുണാചൽ പ്രദേശിലും ഏപ്രിൽ 19 നും, ഒറീസയിൽ മെയ് 13 നും തെരഞ്ഞെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. പ്രശ്നബാധിത, പ്രശ്നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം നടത്തും. കൂടാതെ ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24×7 കൺട്രോൾ റൂം സ്ഥാപിക്കും. നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നും, രണ്ടാം ഘട്ടം ഏപ്രിൽ 26 നും, മൂന്നാം ഘട്ടം മെയ് 7 നും, നാലാ ഘട്ടം മേയ് 13 നും, അഞ്ചാം ഘട്ടം മെയ് 20 നും, ആറാംഘട്ടം മെയ് 25 നും, ഏഴാംഘട്ട വോട്ടെടുപ്പ് ജൂൺ 1 നും നടക്കും.

800 ജില്ലാ മജിസ്ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ഒരു പാളിച്ച പോലും ഉണ്ടാകരുത്. പഴുതില്ലാത്ത ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 97 കോടി വോട്ടർമാരാണുള്ളതെന്നും 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണഷര്‍ അറിയിച്ചു. 1.8 കോടി കന്നി വോട്ടർമാരില്‍ 85 ലക്ഷം പെൺകുട്ടികളാണ്. ഒന്നര കോടി ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments