ഡാളസ്: കേരളാ അസോസിയേഷൻ ഓഫ് ഡാളസ് ജൂൺ 22നു നടത്തുന്ന ഒന്നാമത് ആൾ അമേരിക്കൻ വടംവലിമാമാങ്കത്തിന്റെ ഒഫിഷ്യൽ കിക്കോഫ് ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഗാര്ലന്റിലെ ഐസിഈസി ഓഡിറ്റോറിയത്തിൽ നടക്കും.
അമേരിക്കയിലെ വിവിധ സിറ്റികളിൽ നിന്നായി പന്ത്രണ്ടോളം ടീമുകൾ പങ്കെടുക്കും. വടംവലി മാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അസോസിയേഷൻ പ്രസിഡന്റ്റും വടംവലി മാമാങ്കത്തിന്റെ ജനറൽ കൺവീനറുമായ പ്രദീപ് നാഗനൂലിൽ അറിയിച്ചു.
അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ സാബു അഗസ്റ്റിൻ, മെമ്പർഷിപ് ഡയറക്ടർ വിനോദ് ജോർജ്, ജോസി ആഞ്ഞിലിവേലിൽ എന്നിവർ ജനറൽ കോ ഓർഡിനേറ്റേഴ്സ് ആയി നൂറോളം വോളണ്ടിയർമാർ വിവിധ കമ്മറ്റികളിലായി സജീവമായി പ്രവർത്തിച്ചു വരുന്നു.
ഡാളസിൽ ആദ്യമായി നടക്കുന്ന ആൾ അമേരിക്കൻ വടംവലി മാമാങ്കത്തിന്റെ മുഖ്യസ്പോൺസർ ഡോ. ഷിബു സാമുവലാണ്. ഒന്നാം സ്ഥാനമായ മൂവായിരം ഡോളറും ട്രോഫിയും സ്പോൺസർ ചെയ്തിരിക്കുന്നത് ഹിമാലയൻ വാലി ഫുഡ്സ് ആണ്.
ആവേശമേറിയ ഈ മത്സരത്തിന്റെ മുന്നൊരുക്കമായ കിക്കോഫിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കേരളാ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.