ന്യൂജനും ജങ്ക് ഫുഡും
ഇന്നത്തെ തലമുറയുടെ ട്രെൻഡിയും ആധുനിക സംസ്കാരത്തിൻ്റെ അഭിവാജ്യ ഘടകവുമായ ജങ്ക് ഫുഡിനൊപ്പം നമുക്കൊന്നു സഞ്ചരിച്ചാലോ? …
എന്താണ് ഈ ജങ്ക്ഫുഡ്? ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിലെയും മാളുകളിലെയും നിത്യ സന്ദർശകരായി നമ്മുടെ യുവതലമുറ മാറിക്കഴിഞ്ഞതെന്തുകൊണ്ട്!
ആകർഷണീയമായ ഘടനകളിലും നിറക്കൂട്ടുകളിലും ചൂടോടെ
പലതലപ്രതലങ്ങളിൽ വന്നു നിറയുന്ന രുചിക്കൂട്ട്.
പാക്കിംഗിലെ വെറൈറ്റി കൊണ്ടും, വേഗത്തിൽ ഒത്തിരി കലോറി അകത്താക്കാമെന്നതുകൊണ്ടും, കണ്ണഞ്ചിപ്പിക്കുന്ന വർണ്ണപ്പൊലിമകൊണ്ടും, വിവിധ തലങ്ങളിൽ ഉള്ള രുചി വൈവിധ്യം കൊണ്ടും കടിച്ചാൽ പൊട്ടാത്ത പല പേരുകളിൽ ഉള്ള തലക്കെട്ടുകൾ കൊണ്ടുമൊക്കെ യൂത്തിനെ മാടിവിളിക്കുന്ന വില്പന തന്ത്രങ്ങളിൽ സമ്പന്നമാണ് ഇപ്പോഴത്തെ ഫുഡ് കോർട്ടുകൾ. ഇതൊക്കെ ഒരുമിച്ച് ചേരുമ്പോൾ ആർക്കാണ് ഈ ഭക്ഷണങ്ങൾ ഒന്ന് രുചിച്ചു നോക്കാൻ കൊതി തോന്നാത്തത്? കുറ്റം പറഞ്ഞിട്ട് കാര്യമില്ല! ആരും ഒന്ന് പെട്ടെതു തന്നെ.
പഞ്ചസാര ,കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണത്തെ പൊതുവെ ജങ്ക് ഫുഡ് ആയി കണക്കാക്കുന്നു. ചില ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ , പൂരിത കൊഴുപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ ചില മാംസങ്ങൾ ,മിഠായികൾ ശീതള പാനീയങ്ങൾ ചില
പ്രഭാതഭക്ഷണ ധാന്യങ്ങൾ പോലുള്ള ഉയർന്ന സംസ്ക്കരിച്ച ഭക്ഷണങ്ങൾ .. ചുരുക്കി പറഞ്ഞാൽ അൾട്രാ പ്രോസസ്സ്ഡ് ഭക്ഷണങ്ങൾ എല്ലാം ജങ്ക് ഫുഡിൽ ഉൾപ്പെടുത്താം.
ഹാം ബർഗറുകൾ ടാക്കോകൾ പോലുള്ള ഭക്ഷണങ്ങൾ അവയുടെ ചേരുവകളും തയ്യാറാക്കൽ രീതികളും അനുസരിച്ച് ജങ്ക് ഫുഡ് വിഭാഗത്തിൽ കൂട്ടിയിരിക്കുന്നു. ചുരുക്കത്തിൽ കൂടുതൽ സംസ്കരിച്ച് ഉപയോഗിക്കുന്ന ഫുഡ് ഇനങ്ങളൊക്കെ ഈ വിഭാഗത്തിൽപ്പെടുന്നു.
നമ്മുടെ യുവതലമുറയുടെ ഹരമായി മാറിയിരിക്കുന്ന ഈ ആഹാര ശൈലിയിൽ പൊതുവേ വിറ്റമിനുകളും നാരുകളും പോഷകമൂല്യങ്ങളും മിനറൽസും ഒക്കെ കുറവാണ്. നമ്മുടെ പരമ്പരാഗത ആഹാരരീതികളെ അവഗണിച്ച് ഈയൊരു രീതി പിന്തുടർന്ന് പോകുന്ന ഇന്നത്തെ തലമുറ ഇതിൻെറ ഭവിഷ്യത്തുകളെ കുറിച്ച് തീരെയും ബോധവാന്മാരല്ല? അവർക്ക് എളുപ്പത്തിൽ വളരെ രുചികരമായി കഴിക്കാൻ പാകത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ആഹാര രീതി തുടർന്നു പോയാൽ,! ഭാവിയിൽ അവർക്കു ണ്ടായേക്കാവുന്ന വലിയ രീതിയിലുള്ള ആരോഗ്യപരമായ ദൂഷ്യങ്ങളെ കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ നമ്മൾ മാതാപിതാക്കൾക്കെ ങ്കിലും കഴിഞ്ഞിരിക്കണം.
ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ടൈപ്പ് 2 പ്രമേഹത്തിനും അമിത ഭാരത്തിനും അസ്ഥി രോഗങ്ങൾക്കും ക്യാൻസറുകൾക്കും, ദഹനസംബന്ധമായ മാറാരോഗങ്ങൾക്കും, വിഷാദരോഗങ്ങൾക്കും ഒക്കെ ഇതുമൂലം അവർ അടിപ്പെട്ടു പോയേക്കാം.
കേക്ക്, ബിസ്ക്കറ്റ്, ഫാസ്റ്റ് ഫുഡ്, ചോക്കലേറ്റ്,മറ്റു സ്വീറ്റ്സ്, സ്നാക്സ്, സംസ്ക്കരിച്ച മധുരപാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ്, തുടങ്ങിയ ഭക്ഷണസാധനങ്ങൾ ഒക്കെയാണ് ഇപ്പോഴത്തെ കുട്ടികൾ …വിശക്കുമ്പോൾ വിശക്കുമ്പോൾ കഴിക്കുക. കൂട്ടുകാരുമൊത്ത് കറങ്ങി തിരിയുമ്പോഴും കമ്പനി കൂടുമ്പോഴും ഒക്കെ അവർക്കിതൊരു ടൈം പാസും എൻ്റർടൈയിൻമെൻ്റും കൂടിയാണ്. . അതും ഏറെ ഇഷ്ടത്തോടെയാണ് ഈയൊരു പുത്തൻ ട്രെൻഡിനെ അവർ സ്വീകരിച്ചിരിക്കുന്നത്…
പിസ്സ, ഫ്രഞ്ച് ഫ്രൈസ്,ഡോനട്ട്സ്,വൈറ്റ് ബ്രെഡ്, ഫാസ്റ്റ് ഫുഡ് ബർഗേഴ്സ്, പ്രോസസ്സ്ഡ് ചീസ്,സോഡാസ്, പ്രോസസ്സ്ഡ് മീറ്റ്സ് , ഇവയൊക്കെ ആരോഗ്യമേഖലയിൽ ഏറ്റവും മോശപ്പെട്ട ആഹാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്.
ശരീരത്തിനാവശ്യമായ പോഷകങ്ങൾ നിറഞ്ഞ സമീകൃതാഹാരം കഴിക്കേണ്ട ഈ പ്രായത്തിൽ അവർ ഈ രുചിക്കൂട്ടുകളെ തേടി പോകുന്നതിന് ഒരുപക്ഷേ ഇന്നത്തെ ഈ ജീവിതശൈലിയും കാരണങ്ങളാകാം. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഞൊടിയിടയിൽ കിട്ടുന്ന ഇങ്ങനെയുള്ള ഭക്ഷണങ്ങളെ അവർ ഏറെ സ്നേഹിക്കുന്നതിൽ തെല്ലും അതിശയോക്തിയില്ല. വല്ലപ്പോഴുമൊക്കെ ഇങ്ങനെയുള്ള ആഹാരങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല. എന്തും ശീലം ആകുമ്പോഴാണ് അതിന് നമ്മൾ അടിപ്പെട്ട് പോവുക. അതിലൂടെ നമ്മൾ രോഗങ്ങളെ ക്ഷണിച്ചു വരുത്തുക.
ഇങ്ങനെയുള്ള കാര്യങ്ങളിൽ തീർച്ചയായും നമ്മുടെ യുവതലമുറയ്ക്ക് ആരോഗ്യ മേഖലകളിൽ നിന്നും നമ്മുടെ കുടുംബങ്ങളിൽ നിന്നും ശരിക്കും വേണ്ട അവബോധം ലഭിക്കേണ്ടതാണ്. പ്രാവർത്തികമാക്കേണ്ടതാണ്.
നമ്മുടെ മുൻ തലമുറക്കാർ ചിട്ടയായ ആഹാരരീതിയിലൂടെയും വ്യായാമത്തിലൂടെയും, ജീവിതശൈലിയിലൂടെയും ഒരു പരിധിവരെ രോഗങ്ങളെ അകറ്റിനിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ മാറിവരുന്ന ഇന്നത്തെ ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും വർദ്ധിച്ചുവരുന്ന മാനസിക സംഘർഷങ്ങളും യുവതലമുറയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൃത്രിമ ചേരുവകളും , അമിത കൊഴുപ്പും നിറഞ്ഞ ആഹാരവും ,പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ,ടിന്നുകൾ
തുടങ്ങിയവയിലെ പാക്കിംഗും കൊണ്ട് കാലക്രമേണ അവർ പല മാരക രോഗങ്ങൾക്കും കീഴ്പ്പെട്ടു ജീവിക്കേണ്ടിവരുന്നു. അകാലമരണം അവരെ തിരഞ്ഞുപിടിക്കുന്നു.
കേട്ടിട്ടില്ലേ? “ജീവിക്കാൻ വേണ്ടി ആഹാരം കഴിക്കുക .ആഹാരം കഴിക്കാൻ വേണ്ടി ജീവിക്കരുത്” എന്ന ചൊല്ല്?
ഭക്ഷണം മരുന്നുപോലെ കഴിക്കണം എന്നല്ലേ?..
“ആരോഗ്യം സർവ്വധനാൽ പ്രധാനം” എന്നല്ലേ?..
ഇനി നിങ്ങളുടെ ആരോഗ്യ നിലവാരം നിങ്ങളാൽ തന്നെ ഉയരട്ടെ!
അടുത്തയാഴ്ച മറ്റൊരു വിഷയവുമായി വീണ്ടും കാണാം.നന്ദി, സ്നേഹം.