Saturday, January 11, 2025
Homeഅമേരിക്കകതിരും പതിരും: (പംക്തി - 50) പ്രകൃതി ദുരന്തങ്ങളും മനുഷ്യ ജീവനുകളും ✍ ജസിയ ഷാജഹാൻ

കതിരും പതിരും: (പംക്തി – 50) പ്രകൃതി ദുരന്തങ്ങളും മനുഷ്യ ജീവനുകളും ✍ ജസിയ ഷാജഹാൻ

ജസിയ ഷാജഹാൻ

പ്രകൃതി ദുരന്തങ്ങളും മനുഷ്യ ജീവനുകളും

പ്രവചനാതീതമായ ഭൂമിയിലെ മനുഷ്യജീവിത ങ്ങളും ലോകത്തിലെ ഏറ്റവുംവലിയ നിഗൂഢതയേറിയ പ്രകൃതിയും.. രണ്ടും എത്ര പഠനവിധേയമാക്കിയാലും എല്ലാ കണക്കുകൂട്ടലുകളെയും തകിടം മറിക്കുന്നു.

പ്രകൃതി ദുരന്തങ്ങളിൽവർഷം തോറും കുതിച്ചുയരുകയാണ് മരണസംഖ്യകൾ. വീടും ഒപ്പം ഇതേവരെ ഉണ്ടായിരുന്ന മറ്റെല്ലാ സമ്പാദ്യങ്ങളും നഷ്ടമാകുന്നവർ, ഉറ്റവരെയും ഉടയവരെയും നഷ്ടമാകുന്നവർ, അന്നന്നത്തെ അന്നത്തിനുള്ള വഴിക്ക് ഇറങ്ങാൻ ബുദ്ധിമുട്ടുന്നവർ, പട്ടിണിയിലും പരിവേദനങ്ങളിലും ഇരുട്ടിലായി പോകുന്നവർ തുടങ്ങി പലവിധ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നിസ്സഹായതയും അനുഭവിച്ച് പ്രകൃതിയുടെ വികൃതികൾക്ക് മുന്നിൽ തോറ്റു നിന്ന് കണ്ണീരൊഴുക്കുന്ന മനുഷ്യർ.

കാലാവസ്ഥാ വ്യതിയാനങ്ങൾ അനുസരിച്ച് ഏതു വഴിയിലും വന്നെത്തിച്ചേർ
ന്നേക്കാവുന്ന അപകടങ്ങൾ ? ആരും വിളിച്ചു വരുത്തുന്നതല്ല? തനിയെ വന്നുചേരുന്നതാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ.ഒരു ഊഹാപോഹങ്ങളും ഇല്ലാതെ. അപ്പോൾ പിന്നെ പെട്ടുപോവുകയല്ലാതെ മറ്റെന്തു ചെയ്യാൻ?

പ്രകൃതി അറിഞ്ഞു തരുന്നു… ആർക്കൊക്കെയോ വേണ്ടി അവൾ കരുതി വച്ചിരിക്കുന്നു ഒരു പിടി മുറിവുകളെ. അവളെകണ്ടാസ്വദിച്ച് പൊട്ടിച്ചിരിച്ചു നിൽക്കുമ്പോൾ, അടിവാരങ്ങളിൽ നിന്ന് മുകൾ പരപ്പിലേക്ക് കണ്ണുകളെ പായിച്ച് അവളുടെ തലമുടി ഇഴകളെ തലോടിക്കൊണ്ട് നിൽക്കുമ്പോൾ, അവളിലെ ഒഴുക്കിൽ നനഞ്ഞിറങ്ങുമ്പോൾ, അവളുടെ നടുക്കണ്ടത്തിലൂടെ വണ്ടിയോടിച്ചു പോകുമ്പോൾ, അവളിലെ നഗ്നഭാവങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച്, വാരിപ്പുണർന്ന് ഉമ്മവച്ച് മതിമറന്ന് രസിച്ചു നിൽക്കുമ്പോൾ ഒക്കെ അവൾ ഭാവം മാറി പൊട്ടിത്തെറിച്ച് എല്ലാം കീഴ്മേൽ മറിക്കുന്നു. അവളുടെ നോവുകളിലേക്ക് ആരെയൊക്കെയോ കൂട്ടിക്കൊണ്ടു പോകുന്നു.

ചുഴലിക്കാറ്റുകൾ മണ്ണിടിച്ചിൽ, മഴക്കെടുതി, അഗ്നിപർവ്വത സ്ഫോടനങ്ങൾ, വെള്ളപ്പൊക്കം, ഹിമ പാതങ്ങൾ, സുനാമികൾ, എന്നിങ്ങനെയുള്ള പ്രകൃതി യിലെ വിവിധ പ്രതിഭാസങ്ങൾ സാമൂഹികവും സാമ്പത്തികവുമായ നഷ്ടങ്ങൾ ഉണ്ടാക്കുകയും പാരിസ്ഥിതിക നാശത്തിനും ആവാസ വ്യവസ്ഥയെ തകർക്കുന്നതിനും കാരണമാകുകയും ചെയ്യുന്നു. ഒപ്പം വ്യക്തിജീവിതത്തിനും, ഉപജീവനമാർഗ്ഗത്തിനും, ഗതാഗതത്തിനും, നാശമുണ്ടാക്കുന്ന വിനാശകരമായ സംഭവമായി നിലകൊള്ളുകയും ചെയ്യുന്നു.

പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
ഭൂമിയുടെ ഒരു സ്ഥലവും പ്രകൃതിദുരന്തത്തിൽ നിന്ന് മുക്തമല്ല എന്ന് തന്നെ പറയാം എന്നിരുന്നാലും ചില തരത്തിലുള്ള ദുരന്തങ്ങൾ മിക്കപ്പോഴും പരിമിതപ്പെടുത്തിയിരിക്കുന്നു അല്ലെങ്കിൽ പ്രത്യേകഭൂമി ശാസ്ത്രപരമായ പ്രദേശങ്ങളിൽ പലപ്പോഴും സംഭവിക്കുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ,കൊടും വരൾച്ച, ക്ഷാമം, കാട്ടുതീ കനത്ത മഞ്ഞുവീഴ്ചയും നാശനഷ്ടങ്ങളും ഒക്കെ ഇതിൽ പെടും.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകളും അപകടസൂചനകളെ ചൂണ്ടിക്കാട്ടിയുള്ള വിലക്കുകളും ,കാലാവസ്ഥാ വ്യതിയാനങ്ങളുടെ രൂക്ഷതയെ കുറിച്ചുള്ള പ്രവചനങ്ങളും, മുൻകരുതലുകളും തുടങ്ങി അപകടങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളും ,എല്ലാ ഭാഗത്തുനിന്നും നല്ലതുപോലെ തന്നെ നടക്കുന്നുണ്ട്. നമ്മൾ അതൊക്കെ ശ്രവിക്കുന്നുണ്ട്. വാർത്തകളിലൂടെയും പത്ര ങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഒക്കെ വേണ്ടവിധം അറിയുന്നുമുണ്ട്. ഗ്രഹിക്കുന്നുമുണ്ട്. എന്നിരുന്നാൽ തന്നെയും അവയൊക്കെ കാറ്റിൽ പറത്തി പ്രകൃതി ദുരന്തങ്ങൾ നമ്മുടെയൊക്കെ കൺമുന്നിൽ ഒന്നിന് മീതെ ഒന്നായി അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നു.

മണ്ണിനടിയിൽ പെട്ടുപോയവർ, ഒഴുക്കിൽപ്പെട്ട് പോയവർ, ഉരുൾപൊട്ടലിൽ വെന്തൊടുങ്ങിയവർ, ഭൂമി കുലുക്കങ്ങളിൽ അവശിഷ്ടങ്ങളായവർ, വൻമരങ്ങളുടെ കടപുഴകലുകളിലും വീഴ്ച്ച കളിലും തകർന്നു പോയ വാഹനങ്ങളിലെ ജീവനുകൾ ,ശ്വാസംമുട്ടി മരിച്ചവർ, തോരാ മഴ നനഞ്ഞ് കുതിർന്ന പഴകിയ മതിലുകൾ ഇടിഞ്ഞും കിണറുകൾ പൊളിഞ്ഞും കെട്ടിടങ്ങൾ ഇടിഞ്ഞും മറ്റും മരിച്ചവരും അംഗഭംഗം വന്നവരും ഏറെ. ഇവയൊക്കെയും പ്രകൃതിദുരന്തങ്ങളുടെ ഭാഗമായി തന്നെ കണക്കാക്കാം

ഇവരുടെയൊക്കെ രക്ഷാപ്രവർത്തനങ്ങളിൽ ജീവനുകൾക്ക് നിമിഷങ്ങളുടെ വിലയാണ്. അടിസ്ഥാന സൗകര്യങ്ങൾ പെട്ടെന്നുള്ള ആശയവിനിമയ നടപടികൾ, രക്ഷാപ്രവർത്തന ദൗത്യങ്ങൾക്ക് വേണ്ട സന്നാഹങ്ങൾ, ഫോഴ്സ് മുകളിൽ നിന്നുള്ള ഇടപെടലുകൾ, സാങ്കേതിക നൂതന ആശയങ്ങൾ, എന്തും എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള സജ്ജീകരണങ്ങൾ, വേണ്ട പങ്കാളിത്തം,ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം അങ്ങനെ ഒരുപാട് ഘടകങ്ങൾ ഒത്തുചേർന്നാൽ മാത്രമേ ഒരു ജീവനെങ്കിലും തക്ക സമയത്ത് നമുക്ക് രക്ഷിച്ചെടുക്കാൻ പറ്റൂ. പ്രവർത്തനങ്ങൾ വൈകുന്തോറും മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നു.

ദുരന്തങ്ങളിൽ പെട്ടുപോയവരുടെ ഉറ്റവരുടെയും ഉടയവരുടെയും കണ്ണീരും കാത്തിരിപ്പും പ്രാർത്ഥനകളും ദിവസങ്ങളോളം നീണ്ടുപോകുന്ന അത്രയും ദുരിതപൂർണ്ണമായ അവസ്ഥകളാണ് നമ്മുടെയൊക്കെ കൺ മുന്നിലൂടെ ഇപ്പോഴും കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ചില നേരങ്ങളിൽ എല്ലാം നിഷ്ക്രിയമായിപ്പോകുന്ന അത്രയും നിഗൂഢതകൾ ഒളിപ്പിച്ചു മനുഷ്യ ജഡങ്ങളെ പ്രകൃതി കാത്തു വയ്ക്കുന്നു.

നമിച്ചു നിന്ന് അടിയറവ് പറഞ്ഞ് നമുക്ക് കനിഞ്ഞേകിയ എല്ലാ പ്രകൃതി സൗന്ദര്യങ്ങളേയും, വിഭവങ്ങളേയും സമ്പത്തുകളേയും കാത്തുസൂക്ഷിക്കാം… കണ്ണിലെ കൃഷ്ണമണി പോലെ.പോറലേല്പിക്കാതിരിക്കാം… ആ പട്ടു മേനിയിൽ.

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.

✍ ജസിയ ഷാജഹാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments