Sunday, December 22, 2024
Homeഅമേരിക്കജീവിതം ആകട്ടെ ലഹരി (ലേഖനം) ✍നിഷ എലിസബത്ത് ജോർജ്

ജീവിതം ആകട്ടെ ലഹരി (ലേഖനം) ✍നിഷ എലിസബത്ത് ജോർജ്

നിഷ എലിസബത്ത് ജോർജ്

ഹൈവേയിൽ നിന്നു ഇടവഴിയിലേയ്ക്കു ഇറങ്ങി അൽപ ദൂരം കാറോടുമ്പോൾ ഒരു കവലയും സ്റ്റോപ്പ് സിഗ്നലും ഉണ്ട്.

മുകളിലൂടെ റെയിൽവേയുടെ പാലം കടന്നു പോകുന്നു, പാലത്തിന്റെ ഭീമൻ കാലുകൾക്കു ചാരെ വീടില്ലാത്തതും (homeless ), ലഹരിയിൽ പരസ്പരം വഴക്കടിക്കയും ചെയ്യുന്ന മൂന്നാലുപേരെ സ്ഥിരം ഇവൾ കാണാറുണ്ട് . പച്ച സിഗ്നൽ കിട്ടുന്നതു വരെ കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ച് ആകാംഷയോടെ ഇവൾ നോക്കും അവർ എന്തു ചെയ്കയാണ്?

നഗരത്തിന്റെ കുപ്പ പെറുക്കിയാൽ കിട്ടുന്ന പലവകകൾ ഒക്കെ വലിയ സമ്പാദ്യം പോലെ ചുറ്റും കൂട്ടിയിട്ടുണ്ട് . ഒഴിഞ്ഞ ബിയർ കുപ്പികളും സിറിഞ്ചുകളും സൂചികളും ചുറ്റും ചിതറികിടക്കുന്നുണ്ട് . വെളുത്തു മെല്ലിച്ച ഒരുവൾ കൈനരമ്പിലേയ്ക്ക് ഒരു വെളുത്ത ദ്രാവകം കുത്തി വെയ്ക്കാനുള്ള ശ്രമത്തിൽ ആണ്. ആലസ്യത്തിൽ ആണ്ട് ഒരുവൻ അവൾക്കരികിൽ ഉണ്ട് .

അവനെയും അവളെയും മറികടന്ന് ഇവൾ കാറ് ആശുപത്രിയുടെ പാർക്കിങ്ങിൽ ഇടുമ്പോൾ ഓർത്തു എത്രയോ നാടുകളിൽ നിന്ന്,എത്രയോ ജനങ്ങൾ ഈ അമേരിക്കയിൽ വന്ന് സുഖസൗകര്യങ്ങളോടെയുള്ള ഒരു ജീവിതം നയിക്കുന്നു. എത്രയോ ജനലക്ഷങ്ങൾക്ക് ഇന്നും അമേരിക്ക ഒരു സ്വപ്നം ആണ് . പക്ഷേ ഇവിടെ ജനിച്ചു വളരാൻ ഭാഗ്യം ലഭിച്ച ഒരുതലമുറ ലഹരിയിൽ മുങ്ങിനശിച്ച ഒരു ജീവിതവുമായി തെരുവിൽ അലയുന്നു.

ഉച്ച തിരിഞ്ഞപ്പോൾ ആണ് ഇവൾ വീണ്ടും അവളെ കാണുന്നത് മെഡിക്കൽ വാർഡിലെ പുതിയ അഡ്മിഷൻ ആയി വന്നതാണവൾ. മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ ഉണ്ട് കൂടാതെ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമവും.

അവളുടെ നെഴ്സായി അടുത്തു ചെന്നപ്പോൾ ആണ് ഇവൾ അവളെ ശരിക്കുകാണുന്നത് . ചെളിപുരണ്ടു ശോഷിച്ച കൈകളിലും കാലുകളിലും സൂചികയറിയ പാടുകൾ പുണ്ണുകൾ ആയി പരിണമി്ച്ചിരിക്കുന്നു . നാഭിച്ചുഴിയിലും മേൽച്ചുണ്ടിലും കിഴിച്ച തുളകളിൽ ചെറിയ ലോഹവളയങ്ങൾ . തുടയിലും കഴുത്തിലും മാറിലും പച്ചകുത്തിന്റെ അടയാളങ്ങൾ. വായ്ക്കുള്ളിലും നാവിലും ഉണങ്ങാത്ത അൾസറുകൾ. വിളറിവെളുത്ത് പോഷകാഹാരത്തിന്റെ കുറവ് വ്യക്തം.

തെരുവിൽ നിന്നു കിട്ടിയ ഗർഭം അലസിപ്പോയതിന്റെ വിഷമത്തിൽ ആണത്രേ ആത്മഹത്യക്കു ശ്രമിച്ചത് .

അവളുടെ ഹിസ്റ്ററി ഷീറ്റിലേക്കു നോക്കിയ ഇവൾകണ്ടത് തെരുവിൽ നിന്നു വന്ന ഒരു ശരാശരി അമേരിക്കക്കാരിയുടെ കഥകൾ ആണ് .

അച്ഛൻ ആരാണ് എന്നറിയില്ല അമ്മയുടെ കാമുകനാൽ നാലുവയസ്സിൽ ആദ്യത്തെ പീഢനം പിന്നെ സ്വന്തം എന്നു കരുതിയ പലരും. എട്ടാം വയസിൽ മദ്യപാനം. ഹൈസ്കുളിൽ വച്ച് സ്കീസോഫ്രീനിയയുടെ ( മാനസികരോഗം ) ലക്ഷണങ്ങൾ . സ്കൂൾ പഠനം പൂർത്തിയാകാതെ ലഹരിതേടി തെരുവിലേയ്ക്ക് . പല പല കുറ്റക്യത്യങ്ങൾ പോലീസ് കേസുകൾ . ജീവിതം അവൾപോലും അറിയാതെ കുഴികളിൽ നിന്നു കുഴികളിലേയ്ക്ക് വീണു ഒഴുകുന്നു.

ഭാവിയുടെ ആശങ്കകൾ ഒന്നു മില്ലാതെ തീവ്രമായ ജീവിതതിരക്കുകൾ ഇല്ലാതെ അവൾ നിർജീവമായ നീലക്കണ്ണുകൾ കൊണ്ട് ഇവളെ നോക്കി ഒരു നാർക്കോട്ടിക്ക് മരുന്നിനു യാചിച്ചു .

ഇവൾ ഓർത്തു, മുപ്പത്തിയെട്ടുവർഷങ്ങൾ ആയി അവൾ ഈ ലോകത്തിൽ ഉണ്ട്. ഓർമ്മിക്കാൻ സ്നേഹത്തിന്റെ ഒരു തുണ്ടോ വാൽസല്യത്തിന്റെ ഒരു നുറുങ്ങോ അവളിൽ ഉണ്ടാകുമോ? കുത്തഴിഞ്ഞു ചിതറിപ്പോയ അവളുടെ ജീവിതം തെരുവു നായെപ്പോലെ ഈ നഗരത്തിൽ കുരച്ചും കിതച്ചും ഒടുങ്ങും.

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജൻമം കൂടി എന്നു പാടാൻ ചന്ദ്രകളഭത്തിന്റെ തണുപ്പോ ഇന്ദ്രധനുസിന്റെ മനോഹാരിതയോ അവൾക്കറിയില്ലല്ലോ , അമൂല്ലൃമായ എത്ര മനുഷൃജൻമങ്ങൾ ലഹരിയുടെ പുകയിൽ എരിഞ്ഞമരുന്നു .

ലഹരി വിരുധദിനം ജൂൺ ഇരുപത്തി ആറ് . അവന്റെയും അവളുടെയും ഇവളുടെയും നിലനിൽപ്പിനു ഭീഷണിയാണ് വിരുദ്ധമായ ഈ മയക്കു മരുന്നുകൾ.
“Drugs are the enemies of ambition and hope- and when we fight against drugs we are fighting for the future “( Bob Riley)

✍🏼നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments