ഇന്നത്തെ നമ്മുടെ സമൂഹത്തിൽ അവിവാഹിതരായ ആൺകുട്ടികൾ ഒരുപാടു ഉണ്ട്. പ്രത്യേകിച്ച് മിഡിൽ കുടുംബങ്ങളിൽ ഉള്ള ആൺകുട്ടികൾ. പലർക്കും ജോലി, സാമ്പത്തികം,വിദ്യാഭ്യാസം കുടുംബത്തിന്റെ സോഷ്യൽ സ്റ്റാറ്റസ് എന്നിവയൊക്കെ ആശ്രയിച്ചാവും കല്യാണം നടക്കാതിരിക്കുന്നത്. പക്ഷെ എന്നിരുന്നാലും അടിസ്ഥാനപരമായി പെൺകുട്ടികൾ മാറി ചിന്തിച്ചു എന്നൊരു കാരണംകൂടിയുണ്ട്. അവർക്കു പലർക്കും വിവാഹമെന്ന ചരടിൽ സ്വന്തം ജീവിതം തളച്ചിടുന്നതിനു താല്പര്യം ഇല്ല.അവരുടെ ജീവിതത്തിന്റെ സെക്യൂരിറ്റിയും, അവരുടെ ഇഷ്ടങ്ങളും എല്ലാം അവർ നോക്കുന്നു.
പണ്ടൊക്കെ ഒരു പെൺകുട്ടി ജനിച്ചു കഴിഞ്ഞാൽ ഉടനെ കേൾക്കുന്ന ഒരു വാക്കാണ് കല്യാണം.
അയ്യോ പെൺകുട്ടിയാണോ കല്യാണം കഴിച്ച് അയക്കേണ്ടേ ? മാതാപിതാക്കൾക്ക് ആവലാതിയാണ്. അതിലും ആവലാതിയാണ് നാട്ടുകാർക്ക്.മകൾക്ക് എന്തെങ്കിലും കരുതേണ്ടേ? മറ്റൊരു വീട്ടിലേക്ക് പറഞ്ഞു അയക്കേണ്ടേ? തുടങ്ങി അവസാനിക്കാത്ത ആവലാധികൾ.അന്നൊക്കെ പെൺകുട്ടികൾക്കു വിദ്യാഭ്യാസമെന്നത് sslc യോടെ നിൽക്കും. നന്നായി പഠിച്ചാലും പഠിച്ചില്ലെങ്കിലും ഒന്നാമത്തെ ഓപ്ഷൻ കല്യാണമാണ്. പക്ഷെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച ഒരു കാലഘട്ടത്തിലൂടെ കടന്നു ഇന്ന് ഉന്നത വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നിൽക്കുന്നവരായി മാറി. അന്നൊക്കെ 14 വയസ്സായിരുന്നു വിവാഹത്തിന്റെ പ്രായം. പ്രായപൂർത്തിയായാൽ ഉടനെ കല്യാണം. അതു പോയി പതിനാറു വയസ്സായി ഇപ്പോ നിയമപ്രകാരം 18 ആക്കി എന്നിരുന്നാലും ചെറുപ്പത്തിൽ കല്യാണം കഴിപ്പിച്ചു വിടുന്ന പ്രവണത നിലനിന്നിരുന്നു.
പെൺകുട്ടികളുടെ ചിന്താഗതികൾ മാറി ഇന്ന് വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ മുൻപന്തിയിൽ പെൺകുട്ടികൾ ഉണ്ട്.അവരുടെ ഇഷ്ടങ്ങൾ മുറുകെ പിടിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള പെൺകുട്ടികളാണ്. വിവാഹമെന്നത് ഇന്നത്തെ പെൺകുട്ടികൾക്ക് അത്രയ്ക്ക് താല്പര്യം പോരാ പലരും അത് തുറന്നു പറയുന്നുണ്ട്. എന്തുകൊണ്ടാണ് വിവാഹമെന്ന സങ്കൽപ്പത്തിൽ നിന്ന് പെൺകുട്ടികൾ മാറിചിന്തിക്കുന്നത്. ഒട്ടുമിക്കവർക്കും പഠനം,ജോലി,യാത്ര ഇതൊക്കെ അവരുടെ പാഷൻ ആണ്. വിവാഹം വേണ്ടാ, അങ്ങനെ ഒരു തീരുമാനത്തിലേക്ക് പെൺകുട്ടികളെ നനിക്കുന്നത് ഇന്നത്തെ നമ്മുടെസമൂഹത്തിൽ വിവാഹിതരായ സ്ത്രീകൾ വിവാഹജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കൊണ്ട് തന്നെയാണ്.
വൈവാഹിക ജീവിതത്തിൽ സ്ത്രീകൾ കടന്നു പോകുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ തന്നെയുണ്ട്. പലതരത്തിലുള്ള ശരീരിക പീഡനം, അമ്മായിമ്മ മരുമകൾ ബന്ധങ്ങൾ, നാത്തൂൻ, ഭർത്താവ് തുടങ്ങി ഒരുപാടു ബന്ധങ്ങൾ ബന്ധനങ്ങൾ ആവുന്ന കാഴ്ച്ച. അതുപോലെ സ്ത്രീധനം, സാമ്പത്തികം, ഓഹരികൾ, തുടങ്ങിയവയെകുറിച്ചുള്ള ചർച്ചകൾ, അവയ്ക്കു വേണ്ടിയുള്ള പീഡനം. ഭർത്താവിന്റെ, അമ്മായിഅച്ഛന്റെ ലഹരി ഉപയോഗം അതിനെ തുടർന്നുള്ള അസഭ്യവർഷങ്ങൾ, ദേഹോപദ്രവങ്ങൾ തുടങ്ങി എത്രയെത്ര ബുദ്ധിമുട്ടുകളിലൂടെയാണ് ഓരോ സ്ത്രീകളും കടന്നു പോകുന്നത്.
വിവാഹമെന്നത് ആണിനും പെണ്ണിനും തുല്യപ്രാധാന്യമുള്ള ഒന്നാണെന്ന് പലരും മറന്നു പോകുന്നു. കുടുംബങ്ങളിൽ നോക്കിയാലറിയാം എത്ര പഠിച്ചിട്ടും ജോലി ഉണ്ടായിട്ടും ഭർത്താവിന് വേണ്ടി, കുടുംബത്തിനു വേണ്ടി ഒതുങ്ങി ഭർത്താവിൻറെ അടിമയെ പോലെ ജീവിക്കേണ്ടി വരുന്ന അവസ്ഥ.ജോലി ഉണ്ടെങ്കിലും അടുക്കള പണിയും,കുട്ടികളുടെ കാര്യവും സ്ത്രീകൾ തന്നെ നോക്കണം എന്ന ചിന്താഗതിയുള്ളവർ, പലർക്കും ജോലി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ,ശമ്പളത്തിൽ ഒരു രൂപ ചിലവാക്കാൻ അനുവാദം ചോദിക്കേണ്ട അവസ്ഥ. ഇങ്ങനെ യൊക്കെയുള്ള ഒരുപാട് പെൺകുട്ടികളെ എനിക്കറിയാം.
കഴിഞ്ഞകാലങ്ങളിൽ മാതാപിതാക്കൾ പെൺകുട്ടികളെ വേഗം കല്യാണം കഴിച്ചു അവർ സുരക്ഷിതമായ കൈകളിൽ, അല്ലെങ്കിൽ കുടുംബങ്ങളിൽ മോളെത്തി എന്ന ആശ്വാസമാണ് അവർക്കുള്ളത്. സത്യത്തിൽ അവിടെപെൺകുട്ടികൾ സുരക്ഷിതരാണോ? ചെന്നുകയറുമ്പോൾ തൊട്ട് കുറ്റങ്ങളും കുറവുകളും ചൂണ്ടി ചുറ്റും ഒരുപാട് കണ്ണുകൾ. രാവിലെ ഉണരാൻ വൈകിയാൽ വീട്ടിലേക്ക് എത്താൻ വൈകിയാൽ, കുറച്ചുനേരം സോഫയിൽ വന്നിരുന്നാൽ, കിടന്നാൽ ടിവി കണ്ടാൽ, ഒന്ന് ഉറക്കെ ചിരിച്ചാൽ എല്ലാത്തിനും കുറ്റവും കുത്തുവാക്കുകളും കൊണ്ടു വരുന്നവർക്കിടയിൽ എവിടെയാണ് സമാധാനം
അതുകൂടാതെ പലതരത്തിൽ മാനസിക ശാരീരിക പീഡനങ്ങൾ വേറെയും ഭർത്താവ് പോലും ചിലപ്പോൾ സപ്പോർട്ട് ഉണ്ടാവില്ല. അയാളുടേതായ ശാരീരിക ഉപദ്രവങ്ങൾ വേറെയും.
മാരിറ്റൽ റേപ്പ് എന്നത് വെറും ഒരു വാക്കായി തള്ളിക്കളയാൻ കഴിയില്ല ഒരു പെൺകുട്ടി ജനിച്ച സാഹചര്യങ്ങൾ, അവൾ സ്വന്തം വീട്ടിൽ അതുവരെ അനുഭവിച്ച സ്നേഹവും ലാളനയും എല്ലാം വിട്ട് അപരിചിതമായ ചുറ്റുപാടിലേക്കാണ് എത്തിപ്പെടുന്നത് അവിടെ ഒന്ന് പൊരുത്തപ്പെടാൻ ശ്രമിക്കും മുൻപേ ഭാര്യയെന്ന പേരിൽ അവളിൽ ആധിപത്യം നേടാൻ ശ്രമിക്കുമ്പോൾ അത് ഉണ്ടാകുന്ന മുറിവ് വളരെ വലുതാണ്.
ഇന്നത്തെ കുട്ടികൾ ഇതെല്ലാം കാണുന്നുണ്ട്, അവർ അറിഞ്ഞവരാണ്, മനസിലാക്കിയവരാണ്. വിവാഹജീവിതത്തിന്റെ വ്യക്തമായ ചിത്രം കൺമുന്നിലുണ്ട്. എത്രയോ പെൺകുട്ടികളുടെ ആത്മഹത്യ, കൊലപാതകം എല്ലാം അവർ അറിയുന്നുണ്ട് അതുകൊണ്ടുതന്നെ അവർക്കു വിവാഹമെന്ന പാരമ്പര്യ സംവിധാനത്തോട് ഭയമാണ്. അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന തോന്നലാണ് അവതു മാത്രമല്ല ഇന്നത്തെ കുട്ടികൾക്ക് സാധ്യതകളേറെയാണ്.
കുടുംബം, കുട്ടികൾ, എന്നിവക്കൊന്നും ജീവിതം ഹോമിക്കാൻ ആർക്കും താല്പര്യം ഇല്ല അവർക്ക് അവരുടെ ഇഷ്ടങ്ങൾ താൽപര്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് നടക്കാനാണു ഇഷ്ടം. ഒരുകാലത്ത് വിവാഹമോചനം എന്നത് വളരെ കുറവായിരുന്നു കാരണം സ്ത്രീകൾക്ക് വിദ്യാഭ്യാസമൊ,നല്ല ജോലിയൊ ഉണ്ടായിരുന്നില്ല കല്യാണം കഴിച്ചുവിട്ടത്തോടെ സ്വന്തം വീടും വീട്ടുകാരും അന്യരായി അതുകൊണ്ടുതന്നെ എന്തൊക്കെ സഹിച്ചും അവിടെ നിൽക്കും.
പക്ഷെ ഇന്നതല്ല സ്വയംപര്യാപ്തത നേടിയ സ്ത്രീകളാണ് അവർക്ക് അടിമയായി ജീവിക്കേണ്ട സാഹചര്യമില്ല സാമ്പത്തികമായി ഉയർച്ച നേടിയാൽ തന്നെ ജീവിതം കൈപ്പിടിയിൽ ഒതുക്കാം.
എന്റെ ചെറിയ ജീവിതത്തിൽ എന്റെ അനുഭവം കൂടെ പറയാം. എനിക്ക് പതിനെട്ടു വയസ് തികഞ്ഞതു മുതൽ വീട്ടിൽ കല്യാണആലോചന വന്നിരുന്നു. പക്ഷെ ഒന്നും ശരിയാകുന്നില്ല. അന്നാണ് വിവാഹമാർക്കെറ്റിൽ ഒരു പെൺകുട്ടിയുടെ ക്വാളിറ്റികളെന്താണെന്നു ഞാനും അന്വേഷണം തുടങ്ങിയത്. എന്റെ വീട്ടിൽ ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആയിരുന്നു ഒന്നാമത്തെ മൈനസ് പോയിന്റ്, രണ്ടാമത് അച്ഛന് കൂലി പണി, മൂന്നാമത് സാമ്പത്തികം ഇല്ല, നാലാമത് ഭാവിയിലേക്ക് പെണ്ണിന്റെ വീട്ടിൽ നിന്നും ഒന്നും കിട്ടാനില്ല, അതായത് ഭൂമിയില്ല, പിന്നെ സൗന്ദര്യം അതു പിന്നെ തീരെയില്ല.കല്യാണം മുടങ്ങിപ്പോയ സമയത്താണ് പിന്നെ എന്നെ കെട്ടാൻവരുന്നവരുടെ ക്വാളിറ്റി എന്തൊക്കെയെന്നു ഞാനും ചോദിച്ചു തുടങ്ങി,വെറുതെ ഒരു രസം. അന്ന് ഞാനും ചിന്തിച്ചിരുന്നു ഒരു ജീവിതത്തിന്റെ ആയുസുമുഴുവൻ ഒരാളോടൊപ്പം ജീവിച്ചുതീർക്കേണ്ടത് നമ്മളല്ലേ? അപ്പൊ അവരുടെ ക്വാളിറ്റി നോക്കേണ്ടത് നമ്മളല്ലേ? അവരുടെ ജോലിയും സാമ്പത്തിക സ്ഥിതിയും നോക്കേണ്ടതു നമ്മളല്ലേ? ഭാവിയിലേക്ക് നോട്ടമെറിയേണ്ടത് നമ്മളല്ലേ ? അങ്ങനെ പെൺകുട്ടികൾ ചിന്തിക്കുന്ന കാലം വരട്ടെഎന്നാഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഇന്ന് പെൺകുട്ടികൾ മാറി ചിന്തിക്കുന്നതിൽ അത്ഭുതമില്ല.