ഇൻഡ്യാ പ്രസ്ക്ലബ് അവാർഡ് നൈറ്റ്, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ കുലപതികളുടേയും, പൗരപ്രമുഖന്മാരുടേയും മഹനീയ സാന്നിധ്യത്തിൽ കൊച്ചിയിലെ ‘ഗോകുലം കൺവൻഷൻ സെന്ററിൽ’ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ‘ഏഷ്യാനെറ്റ്’ മുതൽ ‘മീഡിയ വൺ’ വരെയുള്ള ആകമാന മലയാള വാർത്താ ചാനലുകളിൽ നിന്നുമുള്ള പ്രതിഭകളെ തെരഞ്ഞെടുത്ത്, അവരുടെ സമഗ്ര സംഭാവനകൾക്ക് മാധ്യമശ്രീ, മാധ്യമ രത്ന, മീഡിയ എക്സലൻസ് തുടങ്ങിയ സൂപ്പർ ഡ്യൂപ്പർ നാമത്തിലുള്ള അവാർഡുകൾ നൽകി ആദരിച്ചു.
ഇന്ത്യയിലേയും ഗൾഫ് നാടുകളിലേയും മാധ്യമ രംഗത്തെ പ്രമുഖർക്കാണ് ഈ അവാർഡുകൾ നൽകിയത്. അമേരിക്കയിലെ പ്രതപ്രവർത്തകരെയൊന്നും പരിഗണിച്ചില്ല. അവർ കുറച്ചുകൂടി മൂക്കുവാനുണ്ട്. ഒരുപക്ഷെ രണ്ടുവരി വാർത്ത തെറ്റുകൂടാതെ എഴുതുവാൻ അറിയാത്തവരാണ് ഈ പ്രസ്ക്ലബ് ഭാരവാഹികളിൽ ഭൂരിഭാഗം പേരും എന്നതും ഒരു കാരണമായിരിക്കും.
ഇനി ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയ മഹത്തായ സംഘടനകളുടെ കേരളാ കൺവൻഷനുകൾ നടക്കാനിരിക്കുന്നതേയുള്ളൂ.
ഇത്തരം പരിപാടികൾ അമേരിക്കയിൽ നിന്നും കേരളത്തിൽ പോയി നടത്തുന്നതിനോട് എനിക്ക് പൂർണ്ണ യോജിപ്പാണ്. കൂട്ടുകാരും നാട്ടുകാരും എല്ലാംകൂടി ഒന്നിച്ചടിച്ചുപൊളിച്ചു പോരാം.
സാഹചര്യം അനുകൂലമായിരുന്നെങ്കിൽ ഞാനും പോയേനേ!
ഇത്രയധികം ചാനലുകാരെ ആദരിച്ചിട്ടും, അവരൊന്നും വേണ്ടത കവറേജ് നമ്മൾക്ക് നല്കിയില്ല- അതൊരുമാതിരി മറ്റേ പണി ആയിപ്പോയി.
എങ്കിൽതന്നെയും, മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖന്മാരോടൊപ്പമുള്ള നമ്മുടെ നേതാക്കന്മാരുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ ധാരാളമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനു വമ്പിച്ച സഹായം നൽകുമെന്ന് പ്രഖ്യാപിച്ച നമ്മുടെ നേതാക്കന്മാരൊന്നും അവിടം സന്ദർശിച്ചതായുള്ള വാർത്ത കണ്ടില്ല.
ഒരുപക്ഷെ ‘വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത്’ എന്നുള്ള ആഗ്രഹം കൊണ്ടായിരിക്കും.
ഏതായാലും അവാർഡ് ‘ദാന’ പരിപാടി ഭംഗിയായി സംഘടിപ്പിച്ച ഭാരവാഹികൾക്ക് അസൂയ കലർന്ന അഭിനന്ദനങ്ങൾ!
മലയാളികൾക്ക് ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രധാന വിഷയം. ഒരു നടിയുടെ പരാതിയെ തുടർന്ന്, പോലീസിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള ‘ഒരു പ്രത്യേക ആക്ഷനും’, അതിനെത്തുടർന്നുണ്ടായ കോടതി വിധിയുമാണ്.
ഇതിന്റെ പിന്നാലെ ഇരുപത്തനാല് മണിക്കൂറും മൂടിനു തീപിച്ചപോലെ പരക്കം പായുന്ന മാപ്രകൾക്ക് മറ്റ് വാർത്തകൾ കവറു ചെയ്യാൻ എവിടെ നേരം കിട്ടാനാണ്?
ചട്ടയും മുണ്ടും ഉടുത്ത് നടക്കുന്ന ഒരു സ്വർണ്ണ വ്യാപാരി, അയാളുടെ പുതുതായി തുടങ്ങുന്ന ഒരു ബ്രാഞ്ചിന്റെ ഉദ്ഘാടനം നടത്താൻ, ഉദ്ഘാടന തൊഴിലാളിയായ ഒരു പ്രമുഖ നടിയെ വിളിക്കുന്നു. അവരെ കാണാനായി ജനം തടിച്ചുകൂടുന്നു. അവരുടെ താത്വിക അവലോകനം കേൾക്കാനോ, അവർ നടത്തുന്ന സാരോപദേശങ്ങൾ കേട്ട് നല്ലവരായി ജീവിക്കണം എന്ന പ്രതിജ്ഞയെടുക്കുവാനോ ഒന്നുമല്ല ജനം കൂടുന്നത്.
നടിയുടെ ആകാരവടിവ് എടുത്തുകാട്ടിയുള്ള വസ്ത്രധാരണ രീതി കണ്ട് ആസ്വദിക്കാനാണ് അവർ വണ്ടിയും വള്ളവും പിടിച്ച് അവിടെയെത്തുന്നത് എന്നുള്ളത് ഒരു സത്യമാണ്. അത് നടിക്കും അറിയാം. ആസ്വാദകരുടെ അഭിരുചിക്കനുസരിച്ച്, വലിയ പ്രതിഫല തുക വാങ്ങി, അവർ അത് ഭംഗിയായി നിർവ്വഹിക്കുന്നു.
ഉദ്ഘാട വേദിയിൽ വെച്ച് ചട്ടക്കാരൻ മുതലാളി അവരോട് മോശമായി പെരുമാറുന്നതൊന്നും ഞാൻ കണ്ട വീഡിയോയിൽ ഇല്ല. എന്നാൽ അയാൾ ഒരു ദ്വയാർത്ഥ വീരനാണെന്നും, തരംകിട്ടുമ്പോഴൊക്കെ സ്ത്രീകളെ അപമാനിക്കാറുണ്ടെന്നും പറയപ്പെടുന്നു. പിന്നീട് ഈ നടിയെപ്പറ്റി മോശമായ പരാമർശങ്ങൾ നിരന്തരം തുടർന്നുപോരുന്നു എന്നും പറയപ്പെടുന്നു.
പൊതുവേദികളിൽ ഇത്തരം ശരീരവടിവ് പ്രദർശിപ്പിക്കുന്ന വസ്ത്രധാരണവുമായി പ്രത്യക്ഷപ്പെടുന്നത് കണ്ട് ആസ്വദിക്കുന്നവർ, പിന്നീട് മാറിനിന്ന്, നല്ലപിള്ള ചമഞ്ഞ് സോഷ്യൽ മീഡിയയിൽ അവരെപ്പറ്റി മോശം കമൻ്റുകൾ ഇടുന്നത് മോശമാണ്. വിമർശനമാകാം. അത് അശ്ലീലപരമാകരുത്.
റോസാ പുഷ്പം അകലെ നിന്ന് ആസ്വദിക്കാം. പക്ഷെ തേൻ (ഹണി) നുകരാമെന്ന് കരുതി, വളരെ അടുത്ത് ചെന്നാൽ ചിലപ്പോൾ മുള്ളുകൊണ്ടെന്നിരിക്കും. (നമ്മുടെ ചട്ട മുതലാളിക്ക് പറ്റിയതുപോലെ).
ഇതിനെ തുടർന്ന്, സ്ത്രീകളുടെ വസ്ത്രധാരണ രീതിയെപ്പറ്റി ധാരാളം അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള അവകാശം ഉണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം- ആയിക്കൊള്ളട്ടെ!
പക്ഷെ പുരുഷനായാലും, സ്ത്രീയായാലും സന്ദർഭത്തിനനുസരിച്ച് മാന്യമായ രീതിയിൽ വസ്ത്രധാരണം നടത്തണം എന്നുള്ളതാണ് മര്യാദക്കാരനായ എൻ്റെ അഭിപ്രായം.
ജയിലിൽ കിടന്ന് കൊതുകുകടി കൊള്ളുന്ന വേദനിക്കുന്ന കോടീശ്വരനും, മേനിയഴക് പ്രദർശിപ്പിച്ച് കോടികൾ കൊയ്യുന്ന മോഡലുകൾക്കും ഈയുള്ളവൻ്റെ അഭിവാദനങ്ങൾ!
സ്വർണ മുതലാളിയോട് ഒരു മുന്നറിയിപ്പ്. ചട്ടയും മുണ്ടുമാണിഞ്ഞ് ജയിലിൽ കിടക്കുമ്പോൾ ഒന്നു സുക്ഷിക്കുന്നത് നല്ലതാണ്!
രാജു മൈലപ്രാ