Sunday, October 20, 2024
Homeഅമേരിക്ക'ഹെന്റെ പുന്റക്കാനാ'- (ഫോമ കൺവൻഷൻ- ഒരവലോകനം) - ✍രാജു മൈലപ്രാ

‘ഹെന്റെ പുന്റക്കാനാ’- (ഫോമ കൺവൻഷൻ- ഒരവലോകനം) – ✍രാജു മൈലപ്രാ

രാജു മൈലപ്രാ

രാജാപ്പാർട്ടു വേഷം കെട്ടി നടക്കുന്ന നേതാക്കന്മാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടില്ലാതെ, തികച്ചും ജനാധിപത്യപരമായ രീതിയിൽ നടത്തപ്പെട്ട പുൻ്റക്കാനാ ഫോമാ കൺവൻഷൻ ജനപങ്കാളിത്വം കൊണ്ട് ഒരു വൻവിജയമായിരുന്നു എന്നു നിസ്സംശയം പറയാം. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

താലപ്പൊലിയും, ചെണ്ടമേളവും അരങ്ങുകൊഴുപ്പിച്ച ഉദ്ഘാടന ഘോഷയാത്ര അതിഗംഭീരമായി. ഉദ്ഘാടന വേദിയും മിതത്വം കൊണ്ട് മികവുറ്റതായി.

ജനറൽ ബോഡിയിലും, തിരഞ്ഞെടുപ്പു വേളയിലും ചില പൊട്ടലും ചീറ്റലും ചിലർ ആഗ്രഹിച്ചിരുന്നെങ്കിലും, പരിചയസമ്പന്നരായ ചുമതലക്കാർ അതെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.

പ്രസിഡന്റായി വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനും, അദ്ദേഹത്തിന്റെ പാനലിൽപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ.

തന്റെ ടീം പരാജയപ്പെട്ടതിൽ നിരാശയുണ്ടെങ്കിലും, ഫോമയിലും സമൂഹത്തിലും നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് തോമസ് ടി. ഉമ്മൻ മാന്യമായി പ്രസ്താവിച്ചത്, അദ്ദേഹത്തോടുള്ള മതിപ്പ് ഒന്നുകൂടി വർദ്ധിപ്പിക്കുന്നു.

പുതുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളോട് ഒരു അഭ്യർത്ഥന. ദയവായി കൺവെൻഷൻ അമേരിക്കയിൽ എവിടെയെങ്കിലും നടത്തണം.

കഴിഞ്ഞ തവണ കാൺകൂൺ.
ഇത്തവണ പുന്റകാനാ.

എന്നെപ്പോലെയുള്ളവർ ഈ സ്ഥലങ്ങൾ മലയാളീകരിച്ച് ഉച്ചരിക്കുമ്പോൾ ഒരു അശ്ളീലച്ചുവയുണ്ട്.

അമേരിക്കയിൽ അംഗ്രേസി സംസാരിക്കുന്ന അമ്പതു സംസ്ഥാനങ്ങളുണ്ടല്ലോ! അവിടെയെല്ലാം കൺവെൻഷൻ സെൻ്ററുകളുമുണ്ട്.

വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന്
നാട്ടിൽ തേടീ നടപ്പു…?

ഇവിടെ വന്നപ്പോഴാണ് മറ്റൊരു പ്രശ്നം. ഒരൊ റ്റയെണ്ണത്തിന് ഇംഗ്ലീഷ് അറിയില്ല. ടൂറിസം പ്രധാന വരുമാനമാർഗ്ഗമായിട്ടുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഇംഗ്ലീഷിനു വേണ്ടത്ര പ്രാധാന്യം നൽകാത്തത് എന്നെ അത്ഭുതപ്പെടുത്തി.

പ്രിയസുഹൃത്ത് സണ്ണികല്ലൂപ്പാറ കൂടെ നിന്ന് രജിസ്ട്രേഷനും, ചെക്കിൻ പ്രോസസും എളുപ്പത്തിൽ നടത്തിത്തന്നത് വളരെ സഹായകരമായി.

റൂം തുറന്നു കയറിയപ്പോൾ സന്തോഷം തോന്നി. അടിപൊളി സെറ്റപ്പ്- ബാൽക്കണിയിൽ നിന്നാൽ സുന്ദരശീതളമായ കടൽക്കാറ്റ്. കാറ്റിൽ ഇളകിയാടുന്ന തെങ്ങോലകൾ- നീലാകാശത്തിനു താഴെ വട്ടമിട്ടു പറക്കുന്ന കടൽപക്ഷികൾ- സൂര്യകിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്ന തിരമാലകൾ; തിരമാലകളിൽ നീന്തിത്തുടിക്കുന്ന അല്പവസ്ത്രധാരികളായ തരുണീമണികൾ… എന്റെ
പൊന്നോ!

‘സ്വർഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നിർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നത്രതയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ’ ഭൂമി ഇത്ര സുന്ദരമോ?

‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന് അറിയാതെ പാടിപ്പോയി.

എന്നാൽ ഇനി ഒരു കുളി പാസ്സാക്കിയിട്ട് അടുത്ത കാര്യപരിപാടികളിലേക്കു കടക്കാമെന്നു കരുതി ബാത്തുറൂമിൽ കയറി.

എവിടെയോ എന്തോ ഒരു പന്തികേട്! ഷവർറൂമിനു ഒരു ഹാഫ് ഡോറേയുള്ളൂ. അതും ഗ്ലാസ് ഡോർ മുന്നിലും പിറകിലുമെല്ലാം കണ്ണാടി- നോ പ്രൈവസി

‘നിവൃത്തിയില്ലെങ്കിൽ നീതിമാൻ എന്തുചെയ്യും?’

രണ്ടും കൽപ്പിച്ച് ഷവർ ഓൺ ചെയ്തു‌-വെള്ളത്തിന് ഉപ്പുരസം.

കുറച്ചു കഴിഞ്ഞപ്പോൾ അടക്കിപ്പിടിച്ച ഒരു ചിരി. മറ്റാരുമല്ല-എന്റെ ഭാര്യ തന്നെ- വർഷങ്ങൾക്കു ശേഷമാണ് അവൾ എന്നെ പിറന്നപടി കാണുന്നത്-എന്നെ ആകപ്പാടെ അടിമുടി ഒന്നു നോക്കിയിട്ട് അവളൊരു വിലയിരുത്തൽ നടത്തി.

‘ആളങ്ങു തീരെ പോക്കായല്ലോ!’

‘എന്നാ കോപ്പാ നീ ഇപ്പറയുന്നത്’-എനിക്കു ദേഷ്യം വന്നു.

‘ചന്തിയൊക്കെ ചുളുങ്ങിയിരിക്കുന്നു- മുൻവശമൊക്കെ ചുരുങ്ങിയിരിക്കുന്നു…’

അപ്പോൾ മാത്രമാണ് ആപ്പിളു തിന്ന ആദാമിനെപ്പോലെ, ഞാൻ നഗ്നനാണെന്നുള്ള തിരിച്ചറിവുണ്ടായത്- എന്നേപ്പോലെയുള്ള കിളവന്മാരൊക്കെ വർഷങ്ങൾക്കു ശേഷമാണ് സഹജീവിയെ എദൻതോട്ടത്തിലെ ഹവ്വായുടെ രൂപത്തിൽ കാണുന്നത്.

കുടുംബസമേതം എത്തുന്നവർക്ക് ഈ ബാത്ത് റൂം സെറ്റപ്പ് അത്ര പന്തിയല്ലാ.

പിറ്റേദിവസം പ്രാതലിനു കണ്ടുമുട്ടിയ പല സുഹൃത്തുക്കൾക്കും മുഖത്തൊരു വൈക്ലബ്യം- സ്ത്രീകളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുമുണ്ട്-

സുമുഖനും, സുന്ദരനും, എൻ്റെ സുഹൃത്തുമായ അനിയൻ മൂലയിലിൻ്റെ മുഖത്തൊരു മ്ലാനത- ‘എന്തു പറ്റി അനിയാ? മുഖത്തൊരു ചമ്മൽ ?’

‘എന്തു പറയാനാ രാജു-ഇവന്മാരുടെ ഒടുക്കത്തെ ഒരു കുളിമുറി. അവളു അതു കണ്ടെന്നാ തോന്നുന്നത്-‘

‘എന്നിട്ട്’ എന്തു പറഞ്ഞു ?’ അനിയന്റെ സഹധർമ്മിണി ഒരു റിയൽ മെഡിക്കൽ ഡോക്ടറാണ്. ‘സാരമില്ല-മരുന്നിൻ്റെ സൈഡ് എഫക്റ്റ് ആയിരിക്കുമെന്നു പറഞ്ഞു-‘ അതു പറഞ്ഞിട്ട് അനിയൻ ഒരു ദീർഘനിശ്വാസം വിട്ടു-

‘സാരമില്ല അനിയാ-എന്റെ ഗതി ഇതുതന്നെയാ!’

‘പുഷ്പ എന്തു പറഞ്ഞു?’

‘പ്രത്യേകിച്ചൊന്നും പറഞ്ഞില്ല-അവൾ ഇന്നലെ തുടങ്ങിയ ചിരി ഇതുവരെ നിർത്തിയിട്ടില്ല-‘ ഞാൻ അനിയൻ്റെ ദുഃഖത്തിൽ പങ്കു ചേർന്നു.

പകൽ നേരത്തെ പരിപാടികളിലെല്ലാം ജനപങ്കാളിത്തം വളരെ കുറവായിരുന്നു. ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇഷ്ടം പോലെ തീനും കുടിയും- പലരും കുടി കിടപ്പുകാരായി മാറി. തിന്നുക, കുടിക്കുക, കിടക്കുക, കുടിക്കുക, കിടക്കുക- യേശുക്രിസ്തു ഒരു തവണമാത്രമേ വെള്ളത്തിനു മുകളിൽകൂടി നടന്നുള്ളു. പുന്റക്കാനായിൽ എന്നും വെള്ളത്തിലായിരുന്നു പലരുടേയും നടപ്പ്. ജീവിതം ഇങ്ങിനെ ആനന്ദലഹരിയിൽ ആറാടുമ്പോൾ, ഗൗരവമുള്ള ചർച്ചകൾക്ക് എവിടെയാണ് സ്ഥാനം? സദസ്യരുടെ അഭാവം കൊണ്ട് ചില പരിപാടികൾ ക്യാൻസൽ ചെയ്യേണ്ട ദുരവസ്ഥയുമുണ്ടായി.

ഈയുള്ളവനായിരുന്നു “ചിരിയരങ്ങിൻ്റെ” സാരഥി- ‘കർത്താവേ! ഇതുപോലെ ഗതികെട്ടവർ മറ്റാരെങ്കിലുമുണ്ടോ!’ എന്നു ഞാൻ സ്വയം വിലപിച്ചു.

മാർ ക്രിസോസ്റ്റം തിരുമേനി, മക്കാറിയോസ് തിരുമേനി, ഡോ.ബാബു പോൾ, സനൽകുമാർ ഐ.എ.ഐസ്, സുകുമാർ സാർ, ചെമ്മനം ചാക്കോ, ഡോ.എം.വി.പിള്ള, ഡോ. റോയി തോമസ്, അംബാസിഡനർ ടി.പി.ശ്രീനിവാസൻ തുടങ്ങിയ മഹാരഥന്മാർ നിറഞ്ഞ സദസ്സിൽ, ചിരിയുടെ പൂരപറമ്പു തീർത്തിട്ടുള്ള പരിപാടിയാണ്.

അവിടെയാണ് ഈയുള്ളവൻ തനിയെ.

‘ഉള്ളതു കൊണ്ട് ഓണം പോലെ’ അനിയൻ മൂലയിലായിരുന്നു സഹകാർമ്മികൻ.

വനിതകൾ സ്വമേധയാ വേദിയിലെത്തി തമാശകൾ പറഞ്ഞത് കൗതുകമുണർത്തി. അനിതാ നായർ, സുജ ജോസ്, സിസി അനിയൻ ജോർജ് തുടങ്ങിയവരെ കൂടാതെ ഡോ. ജോസ് കാനാട്ട്, റോയി ചെങ്ങന്നൂർ തുടങ്ങിയവരും പങ്കെടുത്തു.

ഫോമയുടെ തലതൊട്ടപ്പൻ ശശിധരൻ നായർ ചടങ്ങിൽ പങ്കെടുത്തു. പരിപാടി കഴിഞ്ഞ ഉടൻ തന്നെ ഞാൻ മുങ്ങിയതു കൊണ്ട് ദേഹോപദ്രവം ഒന്നും ഏറ്റില്ല.

നോബിൾ എന യുവപ്രതിഭ സംഘടിപ്പിച്ച ‘ഫാമിലി നൈറ്റ്’ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകി.

തികച്ചും അരോപചകമായ, മനുഷ്യൻ്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു ഇനമാണ് സമീപകാലത്തു തുടങ്ങിയ ഇൻട്രോ വീഡിയോസ്. ഓരോരുത്തരും സ്‌റ്റേജിലേക്കു വരുന്നതിന് മുമ്പ്, അവരുട ‘കോണക കാലം’ മുതലുള്ള വീരകൃത്യങ്ങളുടെ ഒരു വിവരണം വീഡിയോ ക്ലിപ്പ്സിന്റെ അകമ്പടിയോടെ, കാതടിപ്പിക്കുന്ന സ്വരത്തിൽ പ്രദർശിപ്പിക്കുന്നു.’ താൻ ഇത്ര വലിയ ഒരു സംഭവമാണോ?’ എന്ന് അവർക്കുപോലും തോന്നിപ്പോകും. ഒന്നോ രണ്ടോ പേരുടെയാണെങ്കിൽ സഹിക്കാം- ഇതതല്ല. സകല പുംഗവൻമാരുടേയും ചരിത്രം കാണിച്ച് നമ്മളെ പീഡിപ്പിക്കും. ഈ പ്രഹസനം ഉദ്ഘാടന വേദിയിലും, സമാപന സമ്മേളനത്തിലുമെല്ലാം ആവർത്തിക്കും.

ഒരു സ്പോൺസറുടെ വീഡിയോയിൽ ‘എന്നോടുള്ള നിൻ സർവ നന്മകൾക്കായ് ഞാൻ എന്തു ചെയ്യേണ്ടു നിനക്ക് യേശുപരാ’ എന്ന ഗാനം ചേർത്തിട്ടുണ്ട്. അതുകേട്ട്, കൺവൻഷൻ പന്തലിലേപ്പോലെ സ്തോത്ര കാഴ്ച എടുക്കുവാനുള്ള പുറപ്പാടാണെന്നാണ് ഞാൻ കരുതിയത്.

ബാങ്ക്വറ്റ് പരിപാടിക്ക് പ്രതീക്ഷ നിലവാരമുണ്ടായില്ല. ഓഡിറ്റോറിയത്തിന്റെ മുൻഭാഗം പൗരപ്രമുഖർക്കു വേണ്ടി വടം കെട്ടി തിരിച്ചിരുന്നു. സാധാരണ ബാങ്ക്വറ്റിൽ കാണാറുള്ളതു പോലെ ടേബിളിൽ ബ്രെഡോ, സാലടോ, മറ്റ് ആപ്പിറ്റൈസറുകളോ ഒന്നുമുണ്ടായിരുന്നില്ല.

സ്റ്റേജിലാണെങ്കിൽ പരിപാടികൾ തർക്കുകയാണ്. അവാർഡുകൾ വാരി വിതറുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഒന്ന് ഒന്നര പരിപാടി ആയിപ്പോയി. അൻപതോളം ആളുകളെക്കൊണ്ട് ഒരു വറോല വലുപ്പത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന സത്യപ്രതിജ്ഞ പ്രത്യേകം പ്രത്യേകം ചൊല്ലിച്ചു. അമേരിക്കൻ പ്രസിഡന്റ്റ് പദവി ഏറ്റെടുക്കുന്ന ഗൗരവത്തിലാണ് ഓരോരുത്തരും നെഞ്ചത്തു കൈ വെച്ചു പ്രതിജ്ഞയെടുത്തത്.

ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഫോമാ ട്രഷറാർ ബിജു തോണിക്കടവിൽ. നൂറിലധികം ആൾക്കാർക്ക് പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു- ആരേയും പിണക്കരുതല്ലോ! തീർച്ചയായും ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തേണ്ട ഒരു ഇനമാണത്.

ഇത്രയും ആയപ്പോഴേക്കും ചിലർ കരഞ്ഞുപോയി. മറ്റു ചിലർ മയങ്ങിത്താഴെ വീണു-വിശന്നിട്ട്.

ഞാൻ സൈഡ് ഡോർ വഴി ഒന്നു പുറത്തിറങ്ങി. അവിടെ ഭക്ഷണ പദാർത്ഥങ്ങൾ നിരത്തിവെച്ചിരിക്കുന്നു. വരുന്നതു വരട്ടെ എന്നു കരുതി ഞാൻ ഒരു കക്ഷണം ചീസ് കേക്ക് എടുത്തു.

‘No Toques nada’ – സ്‌പാനിഷ് ഭാഷയിൽ ഒരു ഗർജ്ജനം. ഞാനൊന്നു പതറി. എങ്കിലും ‘ഭയം വേണ്ടാ’, ജാഗ്രത മതി’ എന്ന കേരള സർക്കാരിൻ്റെ സന്ദേശം എനിക്കു കരുത്തു പകർന്നു.

‘തൊട്ടു പോകരുത്’ എന്നാണ് ആ പറഞ്ഞതിൻ്റെ അർത്ഥം.

‘Me-poor Indian-very hungry’- ഞാൻ എൻ്റെ ദയനീയവസ്ഥ വെളിപ്പെടുത്തി.

അതിനു മറുപടിയായി, കൈ ചൂണ്ടി കരുത്തൻ ‘Sal Mandigo'(പോടാ, തെണ്ടി) എന്നു പറഞ്ഞു.

ഏതായാലും മൂന്നാലു പീസുകളുമായി വീരയോദ്ധാവിനെപ്പോലെ ഞാൻ തിരിച്ചെത്തി.

ഇതാ, നിങ്ങൾ ആകാംക്ഷപൂർവ്വം കാത്തിരുന്ന കലാപരിപാടികൾ തുടങ്ങുകയായി.

അല്പവസ്ത്രധാരിയായ ഒരു പെങ്കൊച്ച്, മാറിടം കുലുക്കികൊണ്ട് ‘ഹമ്മാ-ഹമ്മാ-‘ എന്നൊരു ഗാനം പാടിക്കൊണ്ട് ഓടി നടക്കുകയാണ്-ഏതു ഭാഷയാണ് ആ ലിറിക്സ‌്‌ എന്ന് എനിക്കും എന്റെ അടുത്തിരുന്നവർക്കും മനസ്സിലായില്ല. ഇതിനെയൊക്കെ ഗായിക എന്ന പേരിൽ കൊണ്ടുവന്നവരെ നമിക്കണം.

ഒരു ‘മാണിക്യവീണയോ, അല്ലിയാമ്പൽ കടവിലോ ‘ ഒന്ന് കേൾക്കുവാൻ എന്നിലെ പഴമക്കാരൻ ആഗ്രഹിച്ചു പോയി.

എന്നാൽ ടിനിടോം ‌സ്റ്റേജിലെത്തിയപ്പോൾ രംഗമൊന്നു കൊഴുത്തു. അദ്ദേഹത്തിന്റെ ഒരു സ്പാനിഷ് പാട്ടുകേട്ട് ഹോട്ടൽ ജീവനക്കാർ പരിസരം മറന്ന് സ്റ്റേജിൽ കയറി നൃത്തച്ചുവടുകൾ വെച്ചത്, അതുവരെയുള്ള പോരായ്മ‌കളെ ഒരളവുവരെ നികത്തി. വിടവാങ്ങൽ രംഗമാണല്ലോ ഓർമ്മയിലെന്നും നിലനിൽക്കുന്നത്. ടിനിടോമിന് ഒരു ബിഗ് സല്യൂട്ട്!

“‘കഥകളിലങ്ങനെ പലതും പറയും അതുകൊണ്ടാരും പരിഭവമരുതേ!”‘

തികച്ചും ജനാധിപത്യരീതിയിൽ, വലിയ ജനപങ്കാളിത്തത്തോടെ യാതൊരു അലോസരവുമില്ലാതെ, ഒരു വലിയ ഫോമാ കൺവൻഷൻ നടത്തുവാൻ നേതൃത്വം നൽകിയ ഡോ. ജേക്കബ് തോമസിന്റെ തോളിൽ ഒരു നക്ഷത്രം കൂടി!

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments