ജർമ്മനിലെ വനിതാ നേതാവും രാഷ്ട്രീയ പ്രവർത്തകയുമായ ക്ലാരാ സെറ്റ്കിൻ ആണ് അന്താരാഷ്ട്ര തലത്തിൽ വനിതാ ദിനത്തിന്റെ പ്രാധാന്യം എന്ന ആശയം ആദ്യമായി ലോകത്തിനു മുൻപിൽ കൊണ്ടുവന്നത്. 1910 ഫെബ്രുവരി 28 നു അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ് വനിതാ ദിനം ആചരിച്ചത്.
അവകാശ സമരത്തിന്റെ ഓർമ്മകൾ നൂറ്റാണ്ട് കടന്നപ്പോഴും . സ്ത്രീ സുരക്ഷിതയല്ല ഈ സമൂഹത്തിൽ എന്നതാണ് സത്യം. ദൈനംദിന ജീവിതത്തിൽ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും അതു തന്നെയാണ്. ഏറ്റവും അതിക്രമങ്ങൾ നടക്കുന്ന സമൂഹത്തിൽ നിന്നാണ് നാം വനിതാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിൽ ഓരോ ദിവസവും എത്ര സ്ത്രീകളും കുട്ടികളുമാണ് പീഡിക്കപ്പെടുന്നതും ‘ബലാൽസംഗം ചെയ്യപ്പെടുന്നതും. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പ്രായഭേദമില്ലാതെ പീഡിക്കപ്പെടുന്നു. അവരെ സംരക്ഷിക്കേണ്ടവർ തന്നെ വീടുകളിലും . വിദ്യാലയങ്ങളിലും പ്രായമോ ബന്ധമോ പരിഗണിക്കാതെ ക്രൂരതകൾ കാണിക്കുമ്പോൾ . ആ നിസ്സഹായരുടെ ദയനീയാവസ്ഥ എത്ര ഭീകരമാണ്ന്ന് നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല.
സ്ത്രീകളോടുള്ള ക്രൂരതകൾക്കെതിരെ ഒരു പരിധിവരെ പോരാടി നിൽക്കാൻ അവരുടെ ഉന്നത വിദ്യാഭ്യാസം സഹായിക്കുന്നുണ്ട്. അവരുടെ ചിന്തകളേയും ആത്മവിശ്വാസത്തേയും ഉയർത്തുന്നുണ്ട്. എന്നാൽ സ്ത്രീകൾ രാജ്യത്തിന്റെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ടെങ്കിലും സ്ത്രീ സുരക്ഷയിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ദു:ഖകരമായ അവസ്ഥയാണ്.. സ്വന്തം കുടുംബങ്ങളിൽപ്പോലും സ്ത്രീ സുരക്ഷിതയാണോ ?
സ്വന്തം കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ ആത്മഹത്യയിലും വിവാഹമോചനത്തിലും അഭയം തേടുന്ന സ്ത്രീകൾ സമൂഹത്തിൽ കൂടി കൊണ്ടിരിക്കുകയാണ്. ഇതിനുള്ള പരിഹാരം കണ്ടെത്താൻ വനിതാ ദിനത്തിനു കഴിയുമോ? പ്രണയം നടിച്ചു മോഹന വാഗ്ദനങ്ങളും നൽകി നിഷ്ക്കളങ്കരായ പെൺകുട്ടികളെ അവരുടെ ആവശ്യം കഴിഞ്ഞു കത്തിക്കിരയാക്കുകയും, പെട്രോൾ ഒഴിച്ചുകത്തിക്കുകയും ചെയ്യുന്ന വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും കാണുകയും വായിക്കുകയും ചെയ്യുന്നതാണ്. സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നത് സ്ത്രീകൾ തന്നെയാണ് എന്നു പറയാതിരിക്കാൻ വയ്യാ .
സ്ത്രീകൾ സ്വയം ഒരു കംമ്പോള വസ്തുവാകാതെ ചൂഷണങ്ങൾക്കും അനീതികൾക്കും എതിരെ ശക്തമായി പ്രതികരിക്കാൻ ഓരോ സ്ത്രീക്കും കഴിയണം. അതിനായി സ്ത്രീയും പുരുഷനും ഒപ്പത്തിനൊപ്പം നിൽക്കേണ്ടതുണ്ട്. അമ്മമാർ , പെൺമക്കൾ, കുഞ്ഞുങ്ങൾ, സ്ത്രീകൾ , എല്ലാവരുടെയും സുരക്ഷക്കായി സ്വയം ശക്തിയാർജ്ജിക്കേണ്ട കാലാമാണിത് …. ഇതല്ല വനിതാ ദിനാഘോഷങ്ങൾ മുന്നോട്ടു വയ്ക്കേണ്ടത്. ഇത് ഒരു ചരിത്ര ദിനമാണ്. സ്ത്രീകൾക്ക് നേരെ ഏറ്റവുമധികം അതിക്രമങ്ങൾ നടക്കുന്ന ഒരു സമൂഹത്തിൽ നിന്നാണ് നാം വനിതാ ദിനത്തെ കുറിച്ചു സംസാരിക്കുന്നത്. ലിംഗ സമത്വമെന്നത് വാക്കുകളിൽ അല്ല പ്രവർത്തിയിലാണു വേണ്ടത് എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈദിനമെന്നത് നാം ഇന്നു ജീവിക്കുന്ന സമൂഹത്തെ തുടർ പോരാട്ടത്തിലൂടെ ഉടച്ചുവാർക്കാനായ് ഈവനിതാ ദിനത്തിൽ നമുക്ക് കൈകോർക്കാം …..